Current Date

Search
Close this search box.
Search
Close this search box.

പള്ളികള്‍ ഇസ്‌ലാമിന്റെ അവകാശമല്ലാതാകുമ്പോള്‍

വ്യഭിചാരം വ്യക്തിയുടെ അവകാശവും പള്ളികള്‍ ഇസ്‌ലാമിന്റെ അവകാശവുമല്ല എന്ന കോടതി വിധികള്‍ കേട്ട് ചിരിക്കണോ കരയണോ എന്നിടത്താണ് നാം എത്തി നില്ക്കുന്നത്. ഇസ്ലാമില്‍ പള്ളികളുടെ സ്ഥാനം വലുതാണ് എന്നത് ഇസ്ലാം അറിയുന്ന ആരും ഇല്ലെന്നു പറയില്ല. പക്ഷെ അതൊരു ആരാധന സ്ഥലം എന്ന രീതിയില്‍ മാത്രമായി ചുരുങ്ങണമോ എന്നത് ചോദ്യമാണ്. പള്ളികള്‍ ഇസ്ലാമിന്റ അടയാളമാണ്. പള്ളിയിലുള്ള നമസ്‌കാരത്തിന് പ്രത്യേകത തന്നെയുണ്ട്. അതില്ലെങ്കില്‍ മാത്രമാണ് നമസ്‌കാരം പുറത്തു സാധ്യമാകുക. പള്ളിയില്‍ നമസ്‌കരിച്ചാലേ നമസ്‌കാരം ശരിയാകൂ എന്നല്ല, പകരം പള്ളി നില കൊള്ളുന്ന സ്ഥലത്തിന് പോലും ഇസ്ലാം പുണ്യം കാണുന്നു. അത് കൊണ്ടാണ് പുറത്തു പറ്റുന്ന പലതും പള്ളിയില്‍ പറ്റാത്തതും.

ബാബരി മസ്ജിദ് വിഷയത്തെ കേവലം ഒരു കെട്ടിട വിഷയമായാണ് നമ്മുടെ കോടതികള്‍ കാണുന്നത് എന്നതാണ് മനസ്സിലാവുന്ന കാര്യം. ബാബരി മസ്ജിദ് ഇന്ത്യയിലെ ജനാധിപത്യ മതേതരത്വവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ് അതിന്റെ ആത്മാവ്. ഡോ. ഇസ്മായില്‍ ഫാറൂഖി എന്ന വ്യക്തി 1993ല്‍ ബാബരി മസ്ജിദിന് സമീപം 67.703 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന സാധുതയെ ചോദ്യം ചെയ്ത് ഒരു ഹര്‍ജി ഫയല്‍ ചെയ്തു. അന്നത്തെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മുസ്ലിംകള്‍ക്ക് നമസ്‌കരിക്കാന്‍ പള്ളി നിര്‍ബന്ധമില്ല എന്നൊരു വിധി പറഞ്ഞു. കേസില്‍ കക്ഷി ചേര്‍ന്ന സുന്നി വഖ്ഫ് ബോര്‍ഡ് പ്രസ്തുത വിധിയുടെ മത പരമായ മാനം പുനഃപരിശോധിക്കണം എന്ന പേരില്‍ പ്രസ്തുത കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ടു. ആ ആവശ്യമാണ് ഇപ്പോള്‍ നിരാകരിക്കപ്പെട്ടത്.

മതേതര ഭാരതത്തില്‍ ഒരു വിഭാഗത്തിന് അവര്‍ സ്വാതന്ത്ര്യത്തിനു മുമ്പ് കൈവശം വെച്ചിരുന്ന ആരാധാനാലയം ഹിന്ദു തീവ്രവാദികള്‍ പൊളിച്ചു എന്നതാണ് കേസെന്നു ലോകത്തിനറിയാം. പള്ളി പൊളിക്കുക, അമ്പലം പൊളിക്കുക എന്നത് മത വിദ്വേഷം, വര്‍ഗീയത എന്നിവയുടെ കീഴില്‍ വരും. ഇവിടെ ചിലര്‍ വരുത്താന്‍ ശ്രമിക്കുന്നത് പള്ളികള്‍ ഇസ്ലാമില്‍ ഒരു കെട്ടിടം മാത്രമാണ്. അതിനു ഒരു കെട്ടിടം പൊളിച്ചു കളഞ്ഞ ഗൗരവമേ നല്‍കേണ്ടൂ എന്നാണ്. ‘ഭൂമി മുഴുവന്‍ പള്ളിയാക്കി’ എന്നത് സാധാ ഭൂമിയും പള്ളിയും സമമാണ് എന്ന അര്‍ത്ഥത്തിലല്ല, പള്ളിയില്‍ നമസ്‌കരിക്കേണ്ട നമസ്‌കാരം പള്ളിയില്ല എന്ന കാരണത്താല്‍ നടക്കാതെ പോകരുത്. അങ്ങിനെ വന്നാല്‍ ഭൂമി മുഴുവന്‍ നമസ്‌കരിക്കാന്‍ കഴിയുന്നതാണ് എന്നതാണ് ഈ പ്രവാചക വചനത്തിന്റെ അര്‍ത്ഥം. അത് പറഞ്ഞ പ്രവാചകന്‍ തന്നെയാണ് പള്ളിയുടെ പ്രാധാന്യവും പഠിപ്പിച്ചത്. പ്രവാചകന്‍ മദീനയില്‍ ചെന്ന് ആദ്യം ചെയ്തത് പള്ളി നിര്‍മാണമായിരുന്നു എന്നത് തന്നെ പള്ളികള്‍ക്കു ഇസ്ലാമിലുള്ള സ്ഥാനം കണക്കാക്കി തരുന്നു.

പള്ളി ഇല്ലെങ്കിലും ഇസ്ലാമിന് കുഴപ്പമില്ല എന്ന വിധി കൊണ്ട് ഭാവിയിലും ഇത്തരം വിഷയങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കും. ഒരു സമൂഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ഇത്തരം വിധികള്‍ നമ്മെ ഭയപ്പെടുത്തുന്നു. ബാബരി മസ്ജിദ് ഒരു കെട്ടിടം പൊളിച്ച കാര്യമല്ല. ഒരു വിഭാഗത്തിന്റെ ആരാധനാലയം പൊളിച്ച കാര്യമാണ്. റോഡിനും മറ്റും വേണ്ടി പള്ളികള്‍ പൊളിക്കുന്നു എന്നതാണ് മറുവാദം. അങ്ങിനെ വന്നാല്‍ അതിനു പകരം സൗകര്യം കാണും. മാത്രമല്ല ആ നിലപാടും ബാബരി മസ്ജിദ് വിഷയത്തില്‍ ബാധകമല്ല. ഒരു വിഭാഗം കൈവശം വെച്ച ആരാധനാലയം ശക്തിയും അധികാരവും ഉപയോഗിച്ച് പൊളിച്ചു കളയുക എന്ന ദുരന്തമാണ് ഇവിടെ സംഭവിച്ചത്. ആരാധനാലയം അടിസ്ഥാന വിഷയമല്ലാതിരിക്കുകയും വ്യഭിചാരം വ്യക്തി സ്വാതത്രവുമാകുന്ന നീതിയെ നാം ഭയപ്പെടണം

Related Articles