Current Date

Search
Close this search box.
Search
Close this search box.

അലിയും ഉമാമയും തമ്മിലുള്ള വിവാഹം

അലി(റ), ഫാത്തിമ ബീവിയുടെ മരണശേഷം വിവാഹം കഴിച്ചിട്ടില്ല എന്ന ഒരു കമന്റിന് റിപ്ലൈ ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഉമാമ(റ) വിനെ ഓർമവന്നത്.

പ്രവാചകന്റെ കൊച്ചുമോളായിരുന്നു ഉമാമ ബിന്‍ത് അബുല്‍ആസ്വ്(റ) പ്രവാചകന്റെ മൂത്ത മകൾ സൈനബ് (റ) ന്റെ പുത്രി.
പ്രവാചകത്വത്തിന് മുൻപ് മുഹമ്മദ്-ഖദീജ ദമ്പതികളുടെ ആദ്യ സന്താനമായി ജനിച്ച സൈനബിന്റെ ആദ്യനാളിലെ ജീവിതവും വിവാഹവുമൊക്കെ സന്തോഷഭരിതമായിരുന്നു. സൈനബിന്റെയും അബുല്‍ആസ്വിന്റെയും പ്രണയവും ജീവിതവും അതിശയിപ്പിക്കുന്നതാണ്.

പക്ഷെ, മുഹമ്മദിന്റ പ്രവാചകത്വം തുടർന്ന് മക്കയിലെ പീഡനങ്ങൾ, മാതാവ് ഖദീജ ബീവിയുടെ മരണം. മുസ്ലിങ്ങളുടെ മദീനയിലേക്കുള്ള ഹിജ്‌റ ഇതൊക്കെ ആ ജീവിതം മാറ്റി മറിച്ചു. മകൾ ഇസ്ലാം സ്വീകരിച്ചിട്ടും അബുല്‍ആസ്വിന്റെ സൽസ്വഭാവത്തിലും മതേതര മൂല്യങ്ങളിലും വിശ്വാസമുള്ളത് കൊണ്ടാവും സൈനബിനെ മക്കയിൽ തന്നെ നിൽക്കാൻ പ്രവാചകൻ സമ്മതിച്ചത്. സൈനബും അബുല്‍ആസ്വ് ഉം തമ്മിലുള്ള പ്രണയത്തിന്റെ റേഞ്ച് വേറെയായിരുന്നു. അവർക്ക് പിരിയാൻ വയ്യായിരുന്നു. ഇസ്ലാം സ്വീകരിച്ചില്ലെന്ന് മാത്രമല്ല മക്കക്കാർക്ക് വേണ്ടി ബദർ യുദ്ധത്തിൽ പ്രവാചകനെതിരെ യുദ്ധം ചെയ്ത ആളാണ് അബുല്‍ആസ്വ് എന്ന് കൂടി അറിയുക.

യുദ്ധത്തിൽ പരാജയപ്പെട്ട് ബന്ദിയായി മദീനയിൽ എത്തിയ അബുല്‍ആസ്വിന്റെ മോചനത്തിനായി സൈനബ് കൊടുത്തയച്ചത് വിവാഹവേളയില്‍ ഉമ്മ ഖദീജ ബീവി സമ്മാനിച്ച മാലയാണ്. അത് തിരിച്ചറിഞ്ഞ മുത്തുനബി “സമ്മിലൂനി”യുടെ ഓർമ്മയിൽ വിതുമ്പി പോയി. ആ ദുഃഖം മനസ്സിലാക്കിയ സ്വഹാബികൾ മോചനദ്രവ്യം ഒന്നുമില്ലാതെ അബുല്‍ആസ്വിനെ മോചിപ്പിക്കാൻ തയ്യാറായി. പക്ഷെ മടങ്ങുമ്പോൾ തിരുനബി ഒരഭ്യര്‍ഥന നടത്തി. ”മകളെ മദീനയിലേക്ക് അയച്ചുതരണം.” മാന്യനായ അബുല്‍ആസ്വ് അത് സമ്മതിക്കുകയും ചെയ്തു. എന്തൊരു മനുഷ്യരാണല്ലേ. വിവിധ മതമോ ആദർശമോ ആയിരുന്നെങ്കിലും അവർ മാന്യമായാണ് സംവദിച്ചത്, ഇടപെട്ടത്. യുദ്ധം ചെയ്തത് പോലും. ഈ ചരിത്രത്തിൽ തത്വ ദീക്ഷയില്ലാതെ പരസ്പരം അടികൂടുന്ന മുസ്ലിം സമുദായത്തിനും ആധുനിക മനുഷ്യർക്കും ഒക്കെ ദൃഷ്ടാന്തങ്ങളുണ്ട്.

സൈനബ്(റ) ഉം മക്കളും മദീനയിലും അബുല്‍ആസ്വ് മക്കയിലുമായി. അവരുടെ വിരഹം വിവരണാതീതമായിരുന്നു. അബുല്‍ആസ്വിനോടുള്ള മുഗ്ദാനുരാഗം സൂക്ഷിക്കെതന്നെ അല്ലാഹുവിന്റെ പ്രവാചകനോട് യുദ്ധം ചെയ്തയാളിന്റെ കൂടെ മക്കയിൽ ജീവിക്കുന്നത് സൈനബിന് പ്രയാസമായിരുന്നു.

മക്കയോടുള്ള കൂറ് കാത്ത് സൂക്ഷിച്ച അബുല്‍ആസ്വ്, ഇസ്ലാമിനോടുള്ള പ്രണയത്തോടൊപ്പം അബുൽ ആസ്വിന് വേണ്ടിയുള്ള പ്രാർത്ഥനയുമായി മദീനയിൽ കാത്തിരുന്ന സൈനബ്(റ). അതിനൊക്കെ തണലായിരുന്ന പ്രവാചകന്റെ സ്നേഹപാശം. വർഷങ്ങൾ കഴിഞ്ഞു മക്കാ വിജയത്തിന് തൊട്ടു മുൻപാണ് അബുല്‍ആസ്വ് മദീനയിലെത്തി ഇസ്ലാം സ്വീകരിക്കുന്നതും വീണ്ടും സൈനബിനോടൊപ്പം ചേരുന്നതുമൊക്കെ. ആദർശവും, പ്രണയവും ഒക്കെ ഇഴപിരിച്ചിടുക്കേണ്ട ഒരു പാട് മനോഹര മുഹൂർത്തങ്ങൾ നിറഞ്ഞതായിരുന്നു അവരുടെ പുനർസമാഗമം.

അതിനു ശേഷമാണ് ഉമാമയുടെ ജനനം. പ്രസവാനന്തരം അധികകാലം കഴിയും മുൻപ് സൈനബ്(റ) അല്ലാഹുവിലേക്ക് മടങ്ങി. മുപ്പതാം വയസ്സിൽ തന്നെ! മദീനയിലേക്ക് വരുന്ന വേളയിൽ ശത്രുക്കൾ അവരെ ഒട്ടകപ്പുറത്ത് നിന്ന് തള്ളി താഴെയിട്ടപ്പോൾ സംഭവിച്ച പരിക്ക് അവരെ വല്ലാതെ ശല്യം ചെയ്തിരുന്നു. അബുൽ അബുല്‍ആസ്വ്ഉം മക്കളും സൈനബിന്റെ പ്രണയമില്ലാതെ അനാഥരായി. പ്രവാചകന്റെ തണലിലാണ് അവർ ആശ്വാസം കണ്ടെത്തിയത്. കുഞ്ഞായിരുന്ന ഉമാമയെ കുളിപ്പിക്കാനും കളിപ്പിക്കാനും ഒക്കെ തിരുനബി നടത്തിയ വിശേഷങ്ങൾ ഹദീസുകളിൽ കാണാം.
ഒരിക്കല്‍ നജ്ജാശി രാജാവ് വിലപിടിപ്പുള്ള ഒരു മാല നബി(സ്വ)ക്ക് സമ്മാനമായി കൊടുത്തയച്ചു. നബി(സ്വ) ഇത് എന്റെ കുടുംബത്തില്‍ ഞാനേറെ ഇഷ്ടപ്പെടുന്നയാള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പലരും, വിശേഷിച്ച് ആഇശ(റ) അത് തങ്ങള്‍ക്കാവുമെന്ന് ഉറപ്പിച്ചു. എന്നാല്‍ തിരുനബി പേരമകള്‍ ഉമാമയെ അടുത്ത് വിളിച്ച് അത് അവളുടെ കഴുത്തിലണിയിക്കുകയാണ് ചെയ്തത്.

ഫാത്തിമ ബീവിയുടെ മരണശേഷം അലി(റ) ഉമാമയെയും വിവാഹം കഴിച്ചിട്ടുണ്ട്. തിരുനബിയുടെ കരളിന്റെ കഷ്ണമായ മകൾ ഫാത്തിമയെയും, മകളുടെ മകൾ ഉമാമയെയും അലി സ്വന്തമാക്കി. അത്തരം വിവാഹങ്ങൾ, കുടുംബബന്ധങ്ങൾ ചേർക്കലുമൊക്കെ ആ കാലഘട്ടത്തിന്റെ കണ്ണിൽ കൂടി വായിക്കാനും, അറിയാനും പറ്റാത്തതുകൊണ്ടാണല്ലോ എന്നോ നടന്ന വിവാഹങ്ങൾക്ക് ചുറ്റും ആട്ടുകല്ലുകൾ പോലെ കറങ്ങി ചിലർ ജീവിതം തീർക്കുന്നത്.

Related Articles