Current Date

Search
Close this search box.
Search
Close this search box.

ഉപഭോഗ സംസ്കാരവും സംസ്കാര ഉപഭോഗവും

ഉപയോഗിച്ച് നശിപ്പിക്കുക എന്നർഥം വരുന്ന ഇസ്തിഹ് ലാക്ക് എന്ന പദമാണ് ഉപഭോഗം എന്ന അർഥത്തിൽ അറബിയിൽ ഉപയോഗിക്കുന്നത്. അഥവാ ഉപഭോക്താവിന്റെ നന്മയല്ല; പ്രത്യുത തന്റെ പ്രൊഡക്ടിന്റെ മൂവിങ് മാത്രമാണ് നിർമാതാവിന്റെ ഉദ്ദേശമെന്ന് സ്വന്തം തൊടിയിൽ മുരിങ്ങയില പോലും വെച്ചു പിടിപ്പിക്കാത്ത ഞാനും നിങ്ങളുമറിയണം. പ്രകൃതി സൗജന്യമായി തരുന്ന വസ്തുക്കൾ അലർജിയുണ്ടാക്കുന്ന വിധം നമ്മുടെ ജീവിതശൈലിയും ഉപഭോഗ സംസ്കാരവും മാറിക്കഴിഞ്ഞുവെന്നതാണ് യാഥാർഥ്യം.

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി 1986-ൽ മാത്രമാണ് ഇന്ത്യയിൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയ നിയമമാണ് ഇന്ത്യൻ ഉപഭോക്തൃ സംരക്ഷണ നിയമം. ഈ നിയമത്തെപ്പോലെ ലളിതമായ ഒരു നിയമ സംഹിത ഇന്നോളം ഇന്ത്യയിൽ വേറെ ഉണ്ടായിട്ടില്ല. വേറെ രാജ്യങ്ങളിൽ അങ്ങനെയൊന്നുണ്ടോ എന്നും കുറിപ്പുകാരന് ധാരണയില്ല. പക്ഷേ ആ നിയമം ഉപഭോഗം നടത്തുന്നതിനുള്ള വിദ്യാഭ്യാസം / ബോധവത്കരണം പോലും ശരാശരി ഇന്ത്യക്കാരന് ലഭ്യമല്ലാതെ പോയി.

ആഗോളടിസ്ഥാനത്തിൽ തന്നെ ഉപഭോഗ സംസ്‌ക്കാരവും പരിസ്ഥിതി നാശവും മാനവകുലത്തിനു ഭീഷണിയായിരിക്കുകയാണെന്നും വ്യക്തി സംസ്‌ക്കരണത്തിലൂന്നിയ ജീവിത വീക്ഷണം രൂപപ്പെട്ട്‌ വന്നെങ്കിൽ മാത്രമെ ഈ സാമൂഹ്യ വിപത്തിനെ അതിജീവിക്കൻ സാധിക്കൂ എന്നുമുള്ള ബോധവത്കരണമാണ് ഇന്നിന്റെ അനിവാര്യത.

എന്തിനെയും ആര്‍ത്തിയോടേ സമീപിക്കുകയും ഉപയോഗിച്ച് സ്വന്തം നാശം വിളിച്ചു വരുത്തുകയും ചെയ്യുന്ന അവസ്ഥയിലാണ് ഉപഭോഗസംസ്ക്കാരം ജനിക്കുന്നതെന്നും, വിപണിയുടെ ഹിപ്നോട്ടൈസ്‌ഡ് വലയത്തില്‍ നിന്നും അവനവനെ തിരിച്ചറിഞ്ഞ് കൊണ്ട് വ്യക്തിപരമായ പ്രയത്നങ്ങളിലൂടെ സാമൂഹിക മാറ്റങ്ങള്‍ക്ക് മുന്നിട്ടിറങ്ങുകയുമാണ് വേണ്ടത് എന്നും ഓരോ ഗുണഭോക്താവും ഉണർന്നേ തീരൂ.

Also read: ഈ നിഴൽ യുദ്ധം എന്തിനു വേണ്ടിയാണ്?

ഉപഭോഗാസക്തി കുടുംബങ്ങളിലും സമൂഹത്തിലും നിലനിന്നിരുന്ന സൗഹൃദത്തിന്റെ തുരുത്തുകളെ ഇല്ലാതാക്കിയിരിക്കുന്നുവെന്നും ആഗോളവൽകരണത്തെ തുടർന്നുണ്ടായ സാമൂഹിക മാറ്റവും ഗൾഫ്‌ കുടിയേറ്റവവുമാണ്‌ ഉപഭോഗ സംസ്കാരത്തിന് ആക്കം കൂട്ടുന്നതെന്നും നാം അറിഞ്ഞിട്ടുണ്ട്. ആവശ്യം , അത്യാവശ്യം , അനാവശ്യം എന്നിവ പരിഗണിക്കാതെയുള്ള ഷോപ്പിങ്, ചവറ്റുകൊട്ടയിലേക്കുള്ള വസ്തുവഹകളാണ് വണ്ടിയിലാക്കി വീട്ടിൽ കൊണ്ടുപോവുന്നതെന്ന് ബില്ലടക്കുന്നയാളെങ്കിലും ഓർക്കുന്നത് നന്ന്. അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത്‌ ഒരുതരം മാനസിക രോഗമാണ്‌.

പണത്തിന്റെ മാനേജ്‌മെന്റിനു യാതൊരു അടിസ്ഥാനവുമില്ലാതെ ഒരാൾ കണ്ണിൽ കണ്ട സാധനങ്ങളെല്ലാം വാങ്ങുകയും, അതിന്റെ ഉപയോഗത്തെക്കുറിച്ചോ, ആവശ്യത്തെക്കുറിച്ചോ വേണ്ടത്ര ബോധവാനല്ലാതെയിരിക്കുന്നതുമാണ്‌ “ഒനിയോമാനിയ ” എന്ന അസുഖത്തിന്റെ ലക്ഷണം. ആഡംബര ജീവിതത്തോടുള്ള അഭിനിവേശം ഗൾഫുകാരുടെ കുടുംബങ്ങളിലെ പോലെ മറ്റു വീടകങ്ങളിലേക്കും പകർച്ചവ്യാധി പോലെ വ്യാപിക്കുകയാണ്‌. പ്രതികൂല സാഹചര്യങ്ങളിൽ അത്യാവശ്യങ്ങൾ പോലും ത്യജിച്ചു ജീവിക്കേണ്ടിവരുന്ന പ്രവാസികൾ തന്റെ കുടുംബത്തിന്‌ സുഖ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു. എന്നാൽ, ഈ സൗകര്യങ്ങൾ നിരന്തരം അനുഭവിക്കുന്ന കുടുംബക്കാർക്കാകട്ടെ, സ്നേഹം എന്നാൽ പണം എന്ന മനോഭാവമാണ്‌ പലപ്പോഴും. ഈ പണം കായ്‌ക്കുന്ന മരം നിലം പൊത്തുന്നതായി തോന്നുന്നത്‌ കൊണ്ടാണ്‌, പ്രവാസികൾ തിരിച്ചുവരുന്നു എന്ന്‌ കേൾക്കുമ്പോൾ നാട്ടിൽ ഭൂകമ്പമുണ്ടാകുന്നത്‌. ആർക്കോ വേണ്ടി സ്വയം ഉരുകിത്തീരുന്ന മെഴുകുതിരി ജീവിതങ്ങൾ .
മുൻകാല ഗൾഫുകാരെ അനുകരിച്ച്‌ ജീവിക്കാനുള്ള അഭിനിവേശത്തെ മറികടക്കുകയും അത്യാവശ്യങ്ങൾ നോക്കി ചെലവഴിക്കുകയും വഴി സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുയാണ് നാം -പ്രവാസികളും അല്ലാത്തവരും – ആദ്യം ചെയ്യേണ്ടത്‌.

പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണമാണ്‌ കേരളം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു വെല്ലുവിളി. മാറിയ ജീവിത സംസ്‌ക്കാരത്തിന്റെ ഫലമായി നാൽപ്പതിലധികം  നദികള്‍ ഉണ്ടായിട്ടും കേരളം ഫെബ്രുവരി മുതൽ തന്നെ വരള്‍ച്ച നേരിടുന്നുവെങ്കില്‍ അതൊരു മുന്നറിയിപ്പാണ്. റിയൽ എസ്റ്റേറ്റ്‌ മാഫിയകളും മണൽ മാഫിയകളും പിടി മുറുക്കിയതോടെ ജലസംഭരണികളായ കുന്നുകളിലേക്ക്‌ ജെ.സി.ബി. കൈകൾ ആഴ്ന്നിറങ്ങി. മഴവെള്ളം സംഭരിച്ച്‌ മണ്ണിലേക്കിറക്കുന്ന വയലുകൾ ആ മണ്ണ്‌ കൊണ്ട്‌ നികത്തപ്പെട്ടു. ഷോപ്പിങ്ങ്‌ കഴിഞ്ഞ്‌ കൈ നിറയെ പ്ളാസ്റ്റിക്‌ സഞ്ചിയുമായി വരുന്ന നാം അവയെല്ലാം തൊടിയിലേക്കെറിഞ്ഞു. പ്ലാസ്റ്റിക് നിരോധന നിയമത്തിന് ശേഷവും മണ്ണിന്‌ മീതെ പുതപ്പിട്ട പ്ളാസ്റ്റിക്കുകൾ വെള്ളം താഴ്ന്നിറങ്ങുന്നത്‌ തടഞ്ഞു കൊണ്ടിരിക്കുന്നു. ഇറവെള്ളം നിറഞ്ഞ്‌ താഴ്ന്നിരുന്ന മുറ്റങ്ങളിൽ ബഹുവർണ്ണ ടൈലുകൾ പതിച്ചിട്ട് തൊടിയിലെ തെങ്ങിൽ നാളികേരമില്ലെന്ന് പരിഭവിക്കുന്നു.

പാരമ്പര്യ രീതികളിൽനിന്ന്‌ വ്യതിചലിച്ച്‌ പാശ്ചാത്യ ജീവിത രീതികളിലേക്കും മോഹങ്ങളിലേക്കും നീങ്ങിത്തുടങ്ങിയപ്പോൾ, നാൽപ്പത്തിനാല്‌ നദികൾ കനിഞ്ഞരുളിയിട്ടും നാം കുടിവെള്ളത്തിനായി നേട്ടോട്ടമോടുകയാണ്‌. മിനറൽ വാട്ടർ സെർവീസ്കാർ ഓരോ പഞ്ചായത്തിലും പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നു.ഇനിയും തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ സമീപ ഭാവിയിൽ കേരളം മരുഭൂമിയായി മാറും എന്ന്‌ ഈ രംഗത്തെ വിദഗ്ദർ മുന്നറിപ്പ്‌ നൽകുന്നുണ്ട്‌. നാട് ഇതിനകം അനുഭവിച്ച രണ്ടു പ്രളയങ്ങളും നമ്മുടെ കയ്യിലിരുപ്പു കൊണ്ട് തന്നെ ഉണ്ടായതാണെന്നെങ്കിലും നാം സമ്മതിച്ചേ പറ്റൂ.

എന്തിന്‌ ഭക്ഷണം കഴിക്കുന്നു എന്ന ചോദ്യത്തിന്‌ വിശപ്പകറ്റാൻ എന്ന്‌ മറുപടി പറഞ്ഞിരുന്ന കാലം നമുക്കുണ്ടായിരുന്നു. എന്നാലിന്ന് ഭക്ഷണം ഒരു എന്റർടെയ്ൻമെന്റായി രൂപാന്തരപ്പെട്ടു. അറബ്- യൂറോപ്യൻ – ചൈനീസ് – മുഗളായി റെസ്റ്റോറന്റുകൾ മുട്ടിന് മുട്ടിന് കൂണുകൾ പോലെ മുളച്ചു വന്ന് കൊണ്ടിരിക്കുന്നു. ഒരുവശത്ത്‌ ഒരു നേരത്തെ ഭക്ഷണത്തിന്‌ പോലും വകയില്ലാതെ ജീവിതത്തോട്‌ മല്ലിടുന്ന പാവങ്ങൾ. മറുവശത്ത്‌ തീറ്റയും കുടിയും ഉത്സവമാക്കി മാറ്റുന്ന ഭക്ഷണ പ്രദർശനങ്ങൾ. നമ്മുടെ വിവാഹ പാർട്ടികളും സൽക്കാര മാമാങ്കങ്ങളും ധാർമികതയുടെ എല്ലാ അതിരും വേലിയും തകർക്കുന്ന ഭക്ഷണ എക്സിബിഷനുകളാവുകയാണ്‌. ബിരിയാണി നോവലുകൾ / നാടകങ്ങൾ രചിക്കപ്പെടുന്ന പരിസരം ഇതാണ്.ഉപഭോഗ സംസ്‌ക്കാരത്തിന്റെയും അശാസ്ത്രീയമായ നഗരവത്കരണത്തിന്റെയും ഫലമായി മാലിന്യങ്ങൾ കുന്ന്‌ കൂടുന്നു.. ഇത്‌ ആരോഗ്യമുള്ള ഒരു സമൂഹസൃഷ്ടിക്ക്‌ ഭീഷണിയായി തീർന്നിരിക്കുകയാണ്‌. ലഭ്യമായ വിഭവങ്ങളുടെ അമിതോപഭോഗമാണ് ഇതിനെല്ലാം നിമിത്തമാവുന്നതെന്ന് സാരം.

Also read: എല്ലാ കണ്ണുകളും തുറന്നു വെച്ച് വേണം ജീവിക്കാൻ

“നിങ്ങള്‍ വസ്ത്രം ധരിക്കുക, തിന്നുകയും കുടിക്കുകയും ചെയ്യുക ദുര്‍വ്യയം ചെയ്യരുത്.”
( 7:31) എന്ന് ഖുർആൻ കല്പിക്കുന്നത് നമ്മോടോരോരുത്തരോടുമാണ്.ജീവിക്കാനാവശ്യമായ ഭക്ഷണം, നഗ്നത മറക്കാന്‍ വസ്ത്രം, താമസിക്കാന്‍ വീട് (റോഠി, കപഡാ , മകാൻ )എന്നിവ മനുഷ്യന്‍റെ മിനിമം അവകാശങ്ങളാണ്. ഇവയല്ലാതെ ആദമിന്‍റെ സന്തതികള്‍ക്ക് അവകാശമില്ലെന്ന് നബി(സ)യും പഠിപ്പിക്കുന്നു. പക്ഷേ ഈ മൂന്നും പരിധി ലംഘിക്കാത്ത വിധമാവണം. ദുര്‍വ്യയം പാടില്ല എന്നർഥം.” തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചിന്‍റെ സഹോദരന്മാരാകുന്നു”വെന്ന് ഖുര്‍ആന്‍ (17:27) ,തുടങ്ങിയ ശക്തമായ നിർദ്ദേശങ്ങൾ ഷോപ്പിങ് വേളയിൽ മാത്രമല്ല എന്ത് ഉപഭോഗ വേളയിലും നമ്മുടെ ശ്രദ്ധയിലുണ്ടാവണം. അല്ലെങ്കിൽ വിശ്വാസികൾ എന്ന നിലക്കുള്ള നമ്മുടെ സംസ്കാരത്തെ തന്നെയാണ് നാം ഉപഭോഗിച്ച് തീർക്കുന്നതെന്നെങ്കിലും നാം മനസ്സിലാക്കണം.

(മാർച്ച് 15 – ലോക ഉപഭോക്തൃ ദിനം )

Related Articles