Current Date

Search
Close this search box.
Search
Close this search box.

പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി: പ്രകടനപത്രികയിലെ വാഗ്ദാനം മുഖ്യമന്ത്രി നടപ്പിലാക്കണം

താങ്കളുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഈ സന്ദര്‍ഭത്തില്‍ ഇടതുപക്ഷ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഒരു വാഗ്ദാനം താങ്കളുടെ ഓര്‍മ്മയിലേക്ക് കൊണ്ടുവരാനാണ് ഈ എഴുത്ത്. മലബാറിലെ ആറ് ജില്ലകള്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വിദ്യാഭ്യാസ മേഖലയില്‍ അഭിമുഖീകരിക്കുന്ന മുഖ്യപ്രതിസന്ധികളില്‍ ഒന്നാണ് ഹയര്‍സെക്കന്‍ഡറി സീറ്റ് പ്രതിസന്ധി. ഓരോ വര്‍ഷവും പ്ലസ് വണ്‍ അഡ്മിഷന്‍ പ്രക്രിയ ആരംഭിക്കുമ്പോഴെല്ലാം ഈ വിഷയം ഉയര്‍ന്നുവരുന്നത് താങ്കള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ.

താങ്കള്‍ മുഖ്യമന്ത്രിയായ 2016 – 21 ഭരണകാലയളവിലും മലബാര്‍ ജില്ലകളില്‍ ഈ സീറ്റ് പ്രതിസന്ധി പരിഹരിക്കാനാവശ്യപ്പെട്ടുളള വിവിധ സമരങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറിയിരുന്നു. നിയമസഭയില്‍ പ്രതിപക്ഷ നേതാവും ചില എം.എല്‍.എ.മാരും ഈ പ്രശ്‌നങ്ങള്‍ താങ്കളുടെയടക്കം ശ്രദ്ധയില്‍ പലതവണ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഇതിന്റെയൊക്കെ തുടര്‍ച്ചയായാണല്ലോ ഇടതുമുന്നണി 2021 ലെ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ മലബാറിലെ വിദ്യാഭ്യാസ പ്രശ്‌നം പഠിച്ചശേഷം പരിഹരിക്കുമെന്ന് എഴുതിച്ചേര്‍ത്തത്.

ഇങ്ങനെ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ വിഷയം പഠിക്കുവാന്‍ വേണ്ടി താങ്കളുടെ സര്‍ക്കാര്‍ നിശ്ചയിച്ചതാണല്ലോ പ്രൊഫ. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷനായ അഞ്ചംഗ കമ്മറ്റിയെ. അവരിപ്പോള്‍ മലബാറിലെ ഹയര്‍സെക്കന്ററി പ്രശ്‌നം പഠിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ താങ്കളുടെ സര്‍ക്കാരടക്കം ചെയ്തുകൊണ്ടിരിക്കുന്ന 30 ശതമാനം വരെയുള്ള മാര്‍ജിന്‍ സീറ്റ് വര്‍ദ്ധനവ് അശാസ്ത്രീയമാണെന്നും അതിനി ആവര്‍ത്തിക്കരുത് എന്നും കമ്മിറ്റി പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.

മലബാര്‍ ജില്ലകളില്‍ ആവശ്യമായ പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കലും ഹയര്‍സെക്കന്‍ഡറി ഇല്ലാത്ത ഹൈസ്‌കൂളുകളെ ഹയര്‍ സെക്കന്‍ഡറി ആയി അപ്‌ഗ്രേഡ് ചെയ്യലും മാത്രമാണ് പ്രശ്‌നപരിഹാരമെന്ന് അവര്‍ കണ്ടെത്തിയിരിക്കുന്നു. തെക്കന്‍ ജില്ലകളില്‍ കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന നൂറിനടുത്ത ബാച്ചുകള്‍ മലബാര്‍ ജില്ലകളിലേക്ക് പുനക്രമീകരിച്ച് നല്‍കാമെന്ന നിര്‍ദ്ദേശവും കമ്മറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്.

മലബാര്‍ ഈ വിഷയത്തില്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴമറിയാന്‍ ഈ വര്‍ഷത്തെ സീറ്റ് ലഭ്യതയുടെ കണക്ക് താങ്കളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ.

പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള 6 ജില്ലകളിലായി ഈ വര്‍ഷം SSLC വിജയിച്ചത് 2,25,702 വിദ്യാര്‍ഥികളാണ്. സര്‍ക്കാര്‍ – എയ്ഡഡ് മേഖലകളിലായി ഈ ജില്ലകളിലുള്ള പ്ലസ് വണ്‍ സീറ്റുകള്‍ 1,44,500 മാത്രം. അപ്പോള്‍ 81,202 പേര്‍ക്ക് നിലവില്‍ ഇവിടെ +1 സീറ്റില്ല. ആറ് ജില്ലകളിലായി VHSE സീറ്റുകളുള്ളത് 9,625, ഐ.ടി.ഐ സീറ്റുകള്‍ 11,350, പോളിടെക്‌നിക് 4175, ഇതൊക്കെ ചേര്‍ത്താലും 1,69,650 ഉപരിപഠന സാധ്യതകളെ മലബാറില്‍ ഉള്ളൂ. അപ്പോഴും 56,052 കുട്ടികള്‍ക്ക് ഉപരിപഠന സാധ്യത പൊതുമേഖലയില്‍ ലഭ്യമല്ല.

ഒരു ജനത പതിറ്റാണ്ടുകളായി അനുഭവിക്കുന്ന സാമൂഹ്യ അനീതിക്ക് അറുതി വരുത്താന്‍ കൂടി പ്രൊഫ. കാര്‍ത്തികേയന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ ഈ അധ്യായന വര്‍ഷത്തെ അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ നടപ്പാക്കേണ്ടതുണ്ട്. അതിലേക്ക് താങ്കളുടെയും മന്ത്രിസഭയുടെയും സജീവ ശ്രദ്ധ ക്ഷണിക്കുകയാണ്.

സാമൂഹിക അനീതിക്കെതിരെ എന്നും സമരസജ്ജരായ ചരിത്രമുള്ള ഒരു ജനതയാണ് മലബാര്‍ എന്ന് താങ്കള്‍ക്ക് അറിയാമല്ലോ. അത്തരം തീക്ഷണമായ സമരങ്ങളിലേക്ക് ഈ ജനതയെയും അവരെ പ്രതിനിധീകരിക്കുന്ന ജനപക്ഷ കൂട്ടായ്മകളെയും തള്ളി വിടാതെ, വരും ദിവസങ്ങളില്‍ ഉചിതമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് എഴുത്ത് ചുരുക്കുന്നു.

എന്ന്,
റസാഖ് പാലേരി (വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്)

Related Articles