Current Date

Search
Close this search box.
Search
Close this search box.

മഅ്ദനി: നീതിന്യായത്തോടു ചെയ്യുന്ന നീതികേട്

Madani.jpg

പശുവിന്റെയും കാളയുടെയും ഇല്ലാത്ത ലവ് ജിഹാദിന്റെയും പേരില്‍ മനുഷ്യരെ തല്ലിക്കൊന്നവര്‍ നാട്ടില്‍ സൈ്വര്യമായി ചുറ്റി നടക്കുന്നു. അവരെ സ്വീകരിക്കാന്‍ നേതാക്കളും അണികളും വരിവരിയായി കാത്തു നില്‍ക്കുന്നു. അവര്‍ക്കു സര്‍ക്കാര്‍ ജോലികള്‍ നല്‍കപ്പെടുന്നു. അത് കൊണ്ടൊന്നും നമ്മുടെ വ്യവസ്ഥക്ക് ഒരു കോട്ടവും സംഭവിച്ചില്ല. വര്‍ഷങ്ങളോളമായി വിചാരണ തടവിന്റെ പേരില്‍ തടവിലാക്കപ്പെട്ട ഒരാള്‍ രോഗിയായ മാതാവിനെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ കോടതി ചുമത്തിയ നിബന്ധനകള്‍ തീര്‍ത്തും അരോചകമാണ്. ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത നിബന്ധനകള്‍.

കുറ്റവാളികള്‍ക്കും മാതാവ് പിതാവ് കുടുംബം കുട്ടികള്‍ എന്നിവ സാധ്യമാണ്. നമ്മുടെ നാട്ടില്‍ ശിക്ഷ വിധിച്ചവര്‍ പോലും കുടുംബത്തെ കാണാന്‍ പുറത്തു വരുന്നു. അതെ സമയം കുറ്റവാളിയാണോ എന്നുറപ്പില്ലാത്ത ഒരാള്‍ക്ക് മരണത്തോട് മല്ലടിക്കുന്ന സ്വന്തം മാതാവിനെ കാണാന്‍ നൂറു നിബന്ധനകളും. ഇത് തികച്ചും ക്രൂരമാണ്. മഅ്ദനി തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം. അതില്‍ ആര്‍ക്കുമില്ല സന്ദേഹം. അതെസമയം ഒരു വിചാരണ തടവുകാരന് ലഭിക്കേണ്ട അവകാശങ്ങള്‍ അദ്ദേഹത്തിന് ലഭിക്കണം എന്നത് കൂടി ചേര്‍ത്ത് പറയണം.

ഒരാളോടും ഒന്നും സംസാരിക്കരുത് എന്ന നിബന്ധന കൊണ്ട് ഉദ്ദേശിക്കുന്നത് ഒരിക്കലും മഅ്ദനി പുറത്തിറങ്ങരുത് എന്നത് തന്നെയാണ്. എട്ടു വര്‍ഷമായി തുടരുന്ന വിചാരണ തടവ് ഇനിയും എത്ര വേണമെങ്കിലും നീട്ടി കൊണ്ട് പോകാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയും. ഒരിക്കലും പുറത്തിറക്കാതെ അദ്ദേഹത്തെ അവസാനിപ്പിക്കാന്‍ ആരൊക്കെയോ ആഗ്രഹിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. നമ്മുടെ നാട്ടില്‍ ഇത്തരം കുറ്റങ്ങള്‍ക്ക് വിചാരണ നേരിടുന്ന എല്ലാവരോടും ഇതേ നിലപാടാണോ ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നത്. അതോ മഅദനിക്ക് മാത്രമോ?. അതെ സമയം നമ്മുടെ മുന്നിലൂടെ പല കുറ്റവാളികളും മാന്യമായി സഞ്ചരിക്കുന്നു. ചിലരുടെ കാര്യത്തില്‍ മാത്രം നിയമം നിയമത്തിന്റെ വഴിക്കും ചിലരെ കണ്ടാല്‍ നിയമം വഴിമാറി പോകുന്നതും ഒരു സ്ഥിരം കാഴ്ചയാണ്.

വ്യക്തികളുടെ മൗലിക അവകാശങ്ങളെ നിരാകരിക്കുന്നതാകരുത് നമ്മുടെ നീതിന്യായ വ്യവസ്ഥകള്‍. രോഗിയായ മാതാവിനെ കാണുക എന്നത് ആരുടേയും അവകാശമാണ്. ആ സമയത്ത് ബന്ധുക്കളും കൂട്ടുകാരും വരിക എന്നതും സാധാരണമാണ്. അവരുമായി കുശലം പറയുക എന്നതും സാധാരണമാണ്. ഇതൊക്കെ തടയുക എന്നത് ഒറ്റവാക്കില്‍ മാനുഷിക അവകാശങ്ങളുടെ ലംഘനമാന്. കേസിനെ ബാധിക്കുന്ന കാര്യങ്ങളില്‍ ഇടപെടരുത് എന്നാണു സാധാരണ ചുമത്തുന്ന നിബന്ധന. മഅ്ദനിയെ ഭയക്കുന്ന പലരും നമ്മുടെ നാട്ടിലുണ്ട്. ഒരിക്കല്‍ അവര്‍ അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിച്ചതാണ്. ഇപ്പോള്‍ അവര്‍ തന്നെ കൊല്ലാകൊല ചെയ്യാനും ശ്രമിക്കുന്നു. നീതി ഒരു സ്വതന്ത്ര നിലപാടാണ്. ഒരാളുടെ നീതിയുമായി മറ്റൊന്നും കൂട്ടി കെട്ടുന്നത് അയാളോട് മാത്രമല്ല നീതിന്യായത്തോടു തന്നെ ചെയ്യുന്ന നീതി കേടാണ്.

Related Articles