Current Date

Search
Close this search box.
Search
Close this search box.

വിജയൻ മാഷ് – സി.പി.എം – ഫാഷിസം

മലയാളിക്ക് ഒരേയൊരു “വിജയൻ മാഷ് ” മാത്രമേയുള്ളൂ! കേരളീയന് സൗന്ദര്യാത്മക പ്രതികരണം പഠിപ്പിച്ച ചിന്താധീരതയുടെ ഹിമാലയം! മാർക്സും ഫ്രോയ്ഡും മുതലാളിത്തവും കവിതാശകലങ്ങളും കടന്നു വരുന്ന മാഷിൻ്റെ പ്രഭാഷണങ്ങൾക്കൊപ്പം കേരളം ഒഴുകിയ നാളുകൾ..!
ഓരോ ഒക്ടോബറും മലയാളിയെ നവീകരിക്കാനുള്ളതാണ്!

സ്വന്തം പാർട്ടിയിൽ രൂപപ്പെട്ടുവന്ന “മുതലാളിത്ത ലോബി”യെയും ഒപ്പം ഇടതുപക്ഷത്തിൻ്റെ വലതുപക്ഷ ചായ്വിനെയും നിരന്തരം ചോദ്യം ചെയ്തുകൊണ്ടാണ് മാഷ് തൻ്റെ നിലപാടുതറ വികസിപ്പിച്ചത്.

“എം.എൻ വിജയൻ്റെ ഡയറി”യിൽ താൻ ഉൾപ്പെടുന്ന പ്രസ്ഥാനത്തിന് വന്നു ഭവിച്ച അപഭ്രംശങ്ങളെ പറ്റി അദ്ദേഹം എഴുതിയത് ഇങ്ങനെ:
“വിപ്ലവം വിദൂരസ്ഥമായ ഒരു സ്വപ്നമായിരിക്കുന്നു. ആകാശം അതിൻ്റെ നീലിമയിൽ സ്വാസ്ഥ്യം കണ്ടെത്തിക്കഴിഞ്ഞു. ചക്രവാളത്തിലിപ്പോൾ മേഘ ഗർജനങ്ങളില്ല. ഇക്കിളികളുടെ ആസക്തമായ ചിരികൾ വിപ്ലവത്തിൻ്റെ വിളറിയ മിന്നൽ തലപ്പുകളായി നിങ്ങൾക്കു വേണമെങ്കിൽ ദർശിക്കാം. വിപ്ലവകാരികളുടെ രാഷ്ട്രീയ ഭൂമിക ചെറുപ്പക്കാരിടുന്ന കോട്ടൺ ബനിയനുകളിലെ ചെഗുവേര പ്രിൻറുകൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു!”

പണം നിങ്ങളുടെ ബുദ്ധിയെയും ഹൃദയത്തെയും ഒരു പോലെ മെരുക്കുകയും നിങ്ങളുടെ തലയിലെ രാഷ്ട്രീയത്തെ അത് തൂത്തു മാറ്റുകയും ചെയ്യും എന്നും മാഷ് ദീർഘദർശനം ചെയ്തിട്ടുണ്ട്. വിപ്ലവം ക്രമപ്രവൃദ്ധമായി സായാഹ്ന / ഞായറാഴ്ച / കോഫീ ഹൗസ് വിപ്ലവമായി ജീർണിച്ചതിനെ കുറിച്ചും മാഷ് ഉത്കണ്ഠപ്പെട്ടിട്ടുണ്ട്.

ഹിന്ദുത്വ ഫാഷിസത്തെക്കുറിച്ച മാഷിൻ്റെ കാഴ്ചപ്പാട് സുചിന്തിതവും ആഴത്തിലുള്ളതുമായിരുന്നു:
“ശത്രു എപ്പോഴും കറുത്തവനാണ്. തൊഴിലാളിയാണ്. മുസൽമാനാണ് എന്ന് പറയുക നമ്മുടെ പാപങ്ങൾ നമ്മുടെ ശത്രുവിൻ്റെ പേരിൽ ആരോപിക്കുന്ന സൂത്രമാണ്” (ഫാഷിസത്തിൻ്റെ മന:ശാസ്ത്രം)

മുതലാളിത്തത്തിൻ്റെ ഉത്പന്നമാണ് ഫാഷിസം എന്ന് വർഷങ്ങൾക്കു മുമ്പുതന്നെ വിജയൻ മാഷ് വിലയിരുത്തിയിട്ടുണ്ട്:
“ആഗോള മൂലധനത്തിൻ്റെ നുഴഞ്ഞുകയറ്റത്തെ തടയണം. ജനങ്ങളുടെ മുമ്പിൽ കയറി നിന്ന് സുഖകരമായ മുദ്രാവാക്യങ്ങൾ മുഴക്കി ജനങ്ങളെ മുതലാളിത്തത്തിൻ്റെ കടലിൽ മുക്കിക്കൊല്ലുന്ന ഫാഷിസ്റ്റു തന്ത്രങ്ങൾ നാം അറിയണം” ( ഫാഷിസ്റ്റ് തന്ത്രങ്ങൾക്കെതിരെ കലാസാഹിത്യ പ്രവർത്തനം)

“തൊഴിലാളികൾ എന്തുകൊണ്ട് ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും പിറകെ പോയി?” എന്നൊരു പ്രത്യയശാസ്ത്ര ചോദ്യമുയർത്താറുണ്ട് മാഷ്.
അതിനുള്ള കൃത്യമായ ഉത്തരം “ഫാഷിസവും പത്രങ്ങളും” എന്ന പ്രഭാഷണത്തിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: “യൂറോപ്പിൽ ഫാഷിസം ഒരു ഇടതു പക്ഷ പ്രസ്ഥാനത്തിൻ്റെ അപചയത്തിൽ നിന്നുണ്ടായതാണ് ”

യൂറോപ്യൻ ഫാഷിസത്തെ മുട്ടുകുത്തിക്കുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടിയും സോവ്യറ്റ് യൂനിയനും വഹിച്ച പങ്കിനെ ചെറുതാക്കുകയല്ല ഇവിടെ മാഷ്. പ്രത്യുത ഇടതുപക്ഷത്തിൻ്റെ ചുവടൊന്നു പിഴച്ചാൽ ഫാഷിസം ആട്ടിൻതോലണിഞ്ഞ് കടന്നു വരും എന്ന മുന്നറിയിപ്പ് നൽകുകയാണ്.

മലയാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി രോഗങ്ങൾ അവഗണിച്ച് എൺപതുകളിൽ തന്നെ ഫാഷിസത്തിനെതിരെ കേരളത്തിലങ്ങോളമിങ്ങോളം ഓടിനടന്ന് പ്രഭാഷണങ്ങൾ നടത്തിയ മാഷ്, ഇന്ത്യയിൽ പത്തി വിടർത്തുന്ന ഹിന്ദുത്വ ഫാഷിസത്തെ നേരിടാൻ ഇന്ത്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനം അജണ്ടകളെ പുനർ വായിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. പു.ക.സ അധ്യക്ഷ സ്ഥാനത്തു നിന്നുള്ള മാഷിൻ്റെ പടിയിറക്കത്തിൽപ്പോലും ഫാഷിസം പ്രധാന ഘടകമായിരുന്നു.

എന്നാൽ ഇന്ത്യയിൽ വളർന്നു വരുന്നത് ഫാഷിസമാണെന്ന് സമ്മതിക്കാൻ തന്നെ പാർട്ടി അറച്ചു!

അവസാന കാലത്ത് ഇ.എം.എസ് ഇത് തിരിച്ചറിയുകയും സംഘ് പരിവാർ ഇന്ത്യയിൽ വളർത്തുന്നത് ഫാഷിസമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സീതാറാം യെച്ചൂരിയെപ്പോലുള്ള ഒരു വിഭാഗം നേതാക്കളും ഈ വസ്തുത ഉൾക്കൊണ്ടവരാണ്. അപ്പോഴും ചിലർ, വിശിഷ്യ കേരള നേതൃത്വം ശഠിച്ചു നിന്നു! അതുവഴി ഔദ്യോഗിക നിലപാടുകളിൽ പാർട്ടി സംഘ് പരിവാറിലെ ഫാഷിസത്തിനു നേരെ അന്ധത നടിച്ചു! സ്വാഭാവികമെന്നോണം അധികാര ലഹരിയുടെ വലതുപക്ഷ ജീർണതയും കാവിസ്നേഹവും ഒരു വിഭാഗം നേതാക്കളിലും പ്രവർത്തകരിലും അരിച്ചിറങ്ങി! ജീവനു തുല്യം പാർട്ടിയെ സ്നേഹിച്ചവർ മൗനികളാവുകയും സ്തുതിപാഠക ദൂഷിത വലയം കൊഴുക്കുകയുമായിരുന്നു ഇതിൻ്റെയൊക്കെ ആകത്തുക! ഇത് ജനകീയാടിത്തറക്ക് വിള്ളൽ വീഴ്ത്തി. ഒപ്പം കൈയിലുള്ള സ്റ്റേറ്റുകൾ തന്നെ “കൊഴി ഞ്ഞുവീഴാ”നും കാരണമാക്കി!

ഫാഷിസത്തിനെതിരെ ന്യൂനപക്ഷ / ദലിത് / ഇടതുപക്ഷ കൂട്ടായ്മ ഉണ്ടാകാത്തതിനെ പറ്റി മാഷ് അസ്വസ്ഥനായിരുന്നു (ജയിക്കുന്ന ഫാഷിസത്തെ ജനം ഏറ്റുവാങ്ങുന്നു. അഭിമുഖം) പല പാർട്ടി നേതാക്കളെയും പോലെ മാഷ് മതങ്ങളെ തള്ളിപ്പറഞ്ഞിരുന്നില്ല! “മതത്തെ മതാന്ധരിൽ നിന്ന് മോചിപ്പിക്കണം” എന്നതായിരുന്നു മാഷിൻ്റെ ആശയം.

ധീരതയാണ് വിജയൻ മാഷിൻ്റെ വ്യക്തിമുദ്ര. “ശത്രുവില്ലാതെ മരിച്ചവൻ ജീവിച്ചിട്ടില്ല” എന്നും “പൊരുതുന്നവന് ഒരു സൗന്ദര്യമുണ്ട്. അത് ബീച്ചിലെ സൗന്ദര്യമോ പാർക്കിലെ സൗന്ദര്യമോ അല്ല” എന്നും പറയാൻ ( മരുഭൂമികൾ പൂക്കുമ്പോൾ ) എല്ലാവർക്കും കഴിയില്ല..!

വിജയൻ മാഷിൻ്റെ ആർജ്ജവം പാർട്ടി തന്നെ പകർന്നു നൽകിയതാണ്. പാർട്ടി ആ കൊടുങ്കാറ്റ് തിരിച്ചു പിടിക്കും എന്നു തന്നെയാണ് ഇപ്പോഴും അൽപ്പമെങ്കിലും ഫാഷിസ്റ്റ് ഭീകരത തിരിച്ചറിയുന്നവരുടെ, ഇടതുപക്ഷത്തിൻ്റെ പ്രസക്തി ബോധ്യമുള്ളവരുടെ പ്രതീക്ഷ!

ഭിന്നസ്വരങ്ങളെ ഫാഷിസ്റ്റ് വിരുദ്ധ, മനുഷ്യപക്ഷ ചേരിയിൽ അണിനിരത്തണമെന്നത് ഇന്നിൻ്റെ ആവശ്യമാണ്. മാഷിൻ്റെ “ചിതയിലെ വെളിച്ചം” ( ചിന്തയിലെ വെളിച്ചം) അക്കാര്യം തെര്യപ്പെടുത്തുന്നുമുണ്ട്.

ശിഷ്ടം: “കമ്യൂണിസ്റ്റുകാർക്കുള്ള ഏറ്റവും വലുതും അപകടകരവുമായ തെറ്റുകളിൽ ഒന്ന് വിപ്ലവകാരികളെക്കൊണ്ടു മാത്രം ഒരു വിപ്ലവം പൂർത്തിയാക്കാമെന്ന ധാരണയാണ് ” ( ലെനിൻ)

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles