Current Date

Search
Close this search box.
Search
Close this search box.

ചന്ദ്രന്റെ ചിത്രീകരണം വിശുദ്ധ ഖുർആനിൽ

ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ഭൂമിക്കു വെളിയിൽ മനുഷ്യന്റെ പാദസ്പർശമേറ്റ ഏക ഗോളമാണ് ചന്ദ്രൻ. പടച്ച റബ്ബിന്റെ ഒരത്ഭുത പ്രതിഭാസമാണ് ചന്ദ്രന്‍. ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിന് ചന്ദ്രനുള്ള പങ്ക് ചെറുതൊന്നുമല്ല. വ്യത്യസ്തമായ ബൗദ്ധിക സ്വാധീനങ്ങൾ ഇരു ഗ്രഹങ്ങൾക്കും ഉള്ളതായി കാണാം. അതിൽ പ്രധാനപ്പെട്ടതാണ് വേലിയേറ്റവും വേലിയിറക്കവും. മനുഷ്യമനസ്സിന് പൂര്‍ണ്ണമായും കുളിരേകുന്ന കാഴ്ചയാണ് പതിനാലാം രാവിലെ പൂര്‍ണ്ണ ചന്ദ്രന്‍. ഓരോ രാത്രിയും ചന്ദ്രനോടൊത്തുള്ള ജീവിതം മനഷ്യമനസ്സില്‍ അഗാധവും സുന്ദരവും സമ്പന്നവുമായ വിചാരങ്ങള്‍ സൃഷ്ടിക്കും. പൂര്‍ണ്ണമായ ഒരു ‘ചന്ദ്രവട്ട’മെങ്കിലും(ഒരു മാസം) അതിനോടൊത്തു ജീവിക്കുന്ന ഒരു മനുഷ്യന് ഹൃദയത്തില്‍ അത് ചെലുത്തുന്ന സ്വാധീനങ്ങളെ ഭേദിച്ച് രക്ഷപ്പെടാനാവില്ല. നിലാവ് പുതച്ച ആ മൃദുലഗാത്രത്തെ തൊടാന്‍ ആരാണ് കൊതിക്കാത്തത്. പകലില്‍ നമ്മെ വേര്‍പിരിയുന്ന അമ്പിളി രാത്രി പൂര്‍വ്വോപരി സുന്ദരിയായി തിരിച്ചു വരുന്നു. അങ്ങനെ രാത്രിയുടെ രാജ്ഞിയായി അവള്‍ ഏവരിലും പ്രഭ ചൊരിയുന്നു. ചന്ദ്രന്റെ ഈ സുന്ദരമായ പ്രത്യക്ഷപ്പെടല്‍ ഇരുട്ട് തളം കെട്ടുന്ന മനുഷ്യമനസ്സുകളില്‍ പ്രതീക്ഷയുടെ നിലാവ് വാരിവിതറുന്നു. അവന്റെ അധരപുടങ്ങളില്‍ അത് ചുംബിക്കുന്നു. സൗന്ദര്യവും ആസ്വാദനവും ആവിഷ്‌കാരവും സമന്വയിച്ച മനുഷ്യബുദ്ധി ഇത് തിരിച്ചറിയേണ്ടതാണ്.

വിശുദ്ധഖുര്‍ആന്‍ പല സ്ഥലങ്ങളിലായി ചന്ദ്രനെക്കുറിച്ച് പ്രതിപാദിക്കുന്നത് കാണാം. റബ്ബ് എത്ര മനോഹരമായാണ് അത് പരാമര്‍ശിക്കുന്നത്. സുന്ദരവും മോഹനവുമായ ആവിഷ്‌കരമാണത്. ഒരൊറ്റ ഉദാഹരണം നോക്കാം; സൂറത്തു: യാസീന്റെ 39ാം വചനം മനോജ്ഞമായാണത് ചിത്രീകരിക്കുന്നത്.
‎“وَٱلۡقَمَرَ قَدَّرۡنَـٰهُ مَنَازِلَ حَتَّىٰ عَادَ كَٱلۡعُرۡجُونِ ٱلۡقَدِیمِ” ‘ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.’

വിഹായസ്സിനെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഖുര്‍ആന്‍ പറഞ്ഞ ചന്ദ്രന്റെ ഈ വൃദ്ധിക്ഷയങ്ങള്‍ ദര്‍ശിക്കാനാകും. ബാലചന്ദ്രനായി ( ഹിലാല്‍) പിറന്ന് രാത്രിതോറും വലുതായി വലുതായി ഒടുവില്‍ കണ്‍കുളിര്‍മയുള്ള പൂര്‍ണ്ണ ചന്ദ്രനായിത്തീര്‍ന്ന് പിന്നീട് വീണ്ടും ക്ഷയിച്ച് ഏറ്റവുമൊടുവില്‍, ഈത്തപ്പനയുടെ ഉണങ്ങിയ തണ്ടു പോലുള്ള ആ ‘ പഴയ ‘ ബാലചന്ദ്രനായി മാറുന്ന രംഗം മനോഹരമായി വിശുദ്ധ ഖുര്‍ആന്‍ ആവിഷ്‌കരിക്കുകയാണിവിടെ.! ‘പഴയ’ എന്ന പ്രയോഗം ഇവിടെ വളരെ ചിന്തനീയവും ശ്രദ്ധേയവുമാണ്. ചന്ദ്രന്‍ അതിന്റെ ആദ്യരാവുകളിലും അന്ത്യരാവുകളിലും ബാലചന്ദ്രന്‍ ( ഹിലാല്‍) രൂപത്തിലായിരിക്കും. അതവാ, പാതി മുറിഞ്ഞായിരിക്കും. പക്ഷെ ആദ്യരാവുകളില്‍ അതിന്റെ മുഖത്ത് യുവത്വത്തിന്റെ തിളക്കവും പ്രസരിപ്പും കാണാം. അന്ത്യ രാവിലോ; വാര്‍ദ്ധക്യത്തിന്റെ തളര്‍ച്ചയും വാട്ടവും. ‘ഈത്തപ്പനയുടെ പഴയ തണ്ടുപോലെ’ എന്ന വിശുദ്ധഖുര്‍ആന്റെ അത്ഭുതകരമായ ഈ പ്രയോഗം സോദ്ദേശ്യപരവും സാര്‍ത്ഥകവും തന്നെ. നഗ്‌നദൃഷ്ടി കൊണ്ടുള്ള വെറും കാഴ്ചക്ക് തന്നെ ഹൃദയങ്ങളെ ചലിപ്പിക്കാനും ചിന്തയെ ഉത്തേജിപ്പിക്കാനും കഴിയും. ഓരോ ഗ്രഹങ്ങള്‍ക്കും മറ്റേതിനെ മറികടക്കാന്‍ കഴിയില്ല. കടുകിട തെറ്റാത്ത കിറുകൃത്യമായ സഞ്ചാരപഥങ്ങളാണ് ഓരോന്നിനും ദൈവം നിശ്ചയിച്ചു കൊടുത്തിരിക്കുന്നത്. പക്ഷേ ഇതെല്ലാം തന്നെ വളരെ പ്രിയങ്കരമായിട്ടായിരിക്കും വിശുദ്ധ ഖുര്‍ആന്‍ ചിത്രീകരിക്കുന്നത്. മനുഷ്യഭാവനയെ സ്പര്‍ശിക്കും വിധമായിരിക്കും ആവിഷ്‌കരിക്കുന്നത്.

 

( മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി കരുതുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. )

Related Articles