Current Date

Search
Close this search box.
Search
Close this search box.

അലക്സാണ്ട്രിയയിലെ ലൈബ്രറി നശിപ്പിച്ചതാര്?

2021 മെയ് 10ന്റെ സമകാലിക മലയാളത്തിൽ അലക്സാണ്ട്രിയയിലെ ലൈബ്രറി കത്തിച്ചു വെന്ന ആരോപണം മഹാനായ ഖലീഫ ഉമറിന്റെ പേരിൽ ഡോ ജെ.പ്രഭാഷ് ഉന്നയിച്ചത് വസ്തുനിഷ്ഠമല്ല. മാന്യ ലേഖകന്റെയും വായനക്കാരുടെയും അറിവിലേക്കായി ചില വിവരങ്ങൾ താഴെ കുറിക്കുകയാണ്. തെറ്റിദ്ധാരണകൾ നീക്കാൻ അത് സഹായകമാകുമെന്ന് കരുതുന്നു.ഇതേ ആരോപണം ആനന്ദ് തന്റെ വിരുന്നുകാരനും വേട്ടക്കാരനും എന്ന കൃതിയിൽ ഉന്നയിച്ചിട്ടുണ്ട്, പ്രസ്തുത ആരോപണത്തിനു മറുപടിയായി കൊണ്ട് 2003-ൽ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയ കൃതിയിൽ ഈ ആരോപണത്തെ വിശദമായി നിരൂപണം ചെയ്യുകയും വസ്തുനിഷ്ഠമായി മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.ചിന്താശീലരായ പുതുതലമുറക്കുകൂട്ടി വായിക്കാനും സത്യസന്ധമായ വിശകലനം നടത്തുവാനും പ്രസ്തുത കൃതിയിലെ ചില ഉദ്ധരണികള്‍ നിരത്തുകയാണ്.

ചരിത്രകാരൻ കൂടിയായ ജവഹർലാൽ നെഹ്റു എഴുതുന്നു : ” അറബികൾ അലക്സാണ്ട്രിയയിലെ പേരെടുത്ത ഗ്രന്ഥശാല ചുട്ടെരിച്ചു എന്നൊരു കഥയുണ്ട്. എന്നാൽ അത് വ്യാജമാണെന്നാണ് ഇന്നത്തെ അറിവ്. ഇങ്ങനെയൊരു നീചവൃത്തി അവർ ഒരിക്കലും ചെയ്തിരിക്കാൻ വഴിയില്ല. അത്രക്ക് ഗ്രന്ഥപ്രണയികളായിരുന്നു അവർ. കോൺസ്റ്റാന്റിനോപ്പിളിലെ തീയോഡോഷ്യസ് ചക്രവർത്തിയായിരിക്കാം ഈ അവിവേകത്തിന്റെ കർത്താവ്. അതിന് എത്രയോ മുമ്പ് ജൂലിയസ് സീസറുടെ കാലത്തുതന്നെ ഒരു ഉപരോധത്തിനിടയിൽ ഈ ഗ്രന്ഥശാലയുടെ ഒരു ഭാഗം നശിച്ചു കഴിഞ്ഞിരുന്നു. പുരാതനഗ്രീക്ക് ദൈവങ്ങളെയും തത്ത്വചിന്തകളെയും സംബന്ധിച്ചുള്ള വിഗ്രഹാരാധനാപരമായ പ്രാചീന ഗ്രന്ഥങ്ങൾ തീയോഡോഷ്യസിന് പഥ്യമായിരുന്നില്ല. അത്രയ്ക്ക് മതഭ്രാന്തനായിരുന്നു അയാൾ. തന്റെ കുളിമുറിയിൽ വെള്ളം ചൂടുപിടിപ്പിക്കാനാണത്രെ അയാൾ ഈ പുസ്തകങ്ങൾ ഉപയോഗിച്ചിരുന്നത്.”(Ref: Glimpses of world History, -pg:149) എന്നാൽ മുഹമ്മദീയ പ്രവാചകത്വത്തിന് വളരെ മുമ്പുതന്നെ, എ.ഡി. നാലാം നൂറ്റാണ്ടിൽ, അലക്സാൻഡ്രിയൻ ലൈബ്രറി നശിപ്പിക്കപ്പെട്ടുവെന്ന് എൻസൈക്ലോപീഡിയാ ബ്രിട്ടാനിക്ക രേഖപ്പെടുത്തുന്നു. (Ency. Britannica, vol 1 pg:227) മറ്റൊരു ഭാഗത്ത് അതേ എൻസൈക്ലോപീഡിയ തന്നെ എഴുതുന്നുത്,പ്രധാന മ്യൂസിയവും ലൈബ്രറിയും മൂന്നാം നൂറ്റാണ്ടിലെ യുദ്ധത്തിൽ തന്നെ നശിപ്പിക്കപ്പെട്ടുവെന്നും അവശേഷിച്ചത് ക്രിസ്ത്യാനികളാൽ എ.ഡി 391-ൽ കത്തിക്കപ്പെടുവെന്നുമാണ്. എന്നാൽ, അതേ വിജ്ഞാനകോശത്തിന്റെ മൂന്നാമത്തെ വാള്യത്തിൽ ‘സെൻസർഷിപ്പ് ‘ എന്ന ലേഖനത്തിൽ സംഭവത്തെ മുസ്ലിം കാലഘട്ടവുമായി ബന്ധപ്പെടുത്തുന്നത് കാണാം!

ഈ വിഷയകമായി എസ്. രാധാകൃഷ്ണൻ എഴുതുന്നത്, ക്രിസ്ത്യൻ ചക്രവർത്തി തീയോഡോഷ്യസ് എ.ഡി 389-ൽ പ്രസ്തുത ലൈബ്രറി നശിപ്പിച്ചുവെന്നാണ്. (East and West in Religion -pg:63) അതിന്റെ ഒരു ഭാഗം ലൂയിസ് സീസറുടെ ഉപരോധത്തിൽ തകർന്നതായും അദ്ദേഹം എഴുതിയിട്ടുണ്ട്.

അറബികളുടെ ചരിത്രമെഴുതിയ ഓറിയന്റലിസ്റ്റ് പണ്ഡിതൻ ഫിലിപ്പ് കെ. ഫിറ്റി ഉമറുമായി ബന്ധപ്പെടുത്തിയുള്ള കഥയെപ്പറ്റി പറയുന്നത്, ‘ നല്ല കഥയും ചീത്തയായ ചരിത്രവും ‘ എന്നാണ്. അദ്ദേഹം തുടരുന്നു: “മഹത്തായ ടോളമിയൻ ലൈബ്രറി ജൂലിയസ് സീസറാൽ ബി.സി 48-ൽ തന്നെ തീവെച്ചു നശിപ്പിക്കപ്പെട്ടു. അവശേഷിച്ചത് തീയോഡോഷ്യസ് ചക്രവർത്തിയുടെ ഉത്തരവിനാൽ നശിപ്പിക്കപ്പെട്ടു. അറബ് അധിനിവേശകാലത്ത് അലക്സാൻഡ്രയിയിൽ സുപ്രധാനമായ ഒരു ലൈബ്രറിയും അവശേഷിച്ചിരുന്നില്ല. സമകാലീനരായ ഒരെഴുത്തുകാരനും ഇത്തരമൊരു ആരോപണം ഉമറിനോ അംറിനോ എതിരായി ഉന്നയിച്ചിരുന്നില്ല.” (History of the Arabs, pg:166)

ഈ കഥയുടെ ആദ്യകാല സൂചനകളിൽ നിന്ന് ഒരു മുസ്ലിം ശാസ്ത്രജ്ഞനായ അബ്ദുല്ലത്വിഫി(1162-1231)ൽ കാണാം. അയാൾ എന്തിന് ഇങ്ങനെ എഴുതി എന്ന് നമുക്ക് അറിയില്ല.’ ഈ കഥ പലവുരു കോപ്പിയടിക്കപ്പെടുകയും പിന്നീടുള്ള എഴുത്തുകാരാൽ കൂടുതൽ ശക്തിപ്പെടുകയും ചെയ്തു’- ഹിറ്റി തുടരുന്നു. കഥ കൂടുതൽ മിഴിവർജിക്കുന്നത് കിഴക്കൻ സിറിയയിലെ ക്രൈസ്തവവത്കൃത ജൂതനായ ബാർ ഹെബ്രയിസ് (1226-1286) എന്ന ഗ്രന്ഥകാരനിലൂടെയാണ്.’ ‘അബ്ദുൽഫറാജ് ‘ എന്ന തൂലികാനാമത്തിലാണ് അയാൾ ചരിത്രം എഴുതിയിരുന്നത്.

കടുത്ത ഇസ്ലാം വിമർശകനും ‘നാഗരികതകളുടെ പോരാട്ട’ ത്തിന്റെ വക്താവുമായ പ്രൊഫ. ബർണാഡ് ലൂയിസ് പോലും ഈ കഥയെ ശക്തമായി നിഷേധിക്കുന്നുണ്ട്. ( The Arabs in history, pg:54) സ്വതന്ത്രചിന്തയുടെയും യുക്തിവാദത്തിന്റെയും ചരിത്രമെഴുതിയ ജോൺ റോബർട്സൺ, അലക്സാൻഡ്രിയൻ ലൈബ്രറി ഉമർ തകർത്തുവെന്നത് കള്ളക്കഥയായി തള്ളിക്കളയുന്നുണ്ട്. ( A short history of free thought, pg:253)

പ്രസിദ്ധ ചരിത്രകാരൻ ഡി.പി സിംഗാൾ ഈ കഥയെ ഐതിഹ്യമായി വിലയിരുത്തുന്നു. ( India and world civilization, pg:136) അദ്ദേഹത്തിന്റെ വിശകലനം ഇങ്ങനെ തുടരുന്നു : ‘അപരിചിതനായ ഒരു വ്യക്തിയിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരമാണ് ഈ കഥ ആരംഭിക്കുന്നത് തന്നെ. അബ്ദുൽ ഫറാജ് ഇത് എഴുതുന്നത് 500 വർഷങ്ങൾക്ക് ശേഷമാണ്. മുസ്ലിം ചിന്തയുടെ ധർമ്മശാസ്ത്രങ്ങൾക്ക് തികച്ചും അന്യമായ ഒന്നായി ഉമറിന്റെ ഉദ്ധൃതവാചകത്തെ കാണാം. ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും മതഗ്രന്ഥങ്ങളും ശാസ്ത്ര പഠനങ്ങളും ഗ്രീക്ക് തത്വചിന്ത കൃതികളും നശിപ്പിക്കരുതെന്ന് വിശ്വാസികൾ തെര്യപ്പെടുത്തുപ്പെട്ടിരുന്നു. ”

തത്ത്വചിന്തകനും ഹ്യൂമനിസ്റ്റുമായിരുന്ന ബർട്രന്റ് റസ്സൽ ഈ വിഷയകമായി അന്വേഷിച്ച് നടത്തുന്ന പ്രസ്താവനയിതാ: “അലക്സാൻഡ്രിയയിലെ ലൈബ്രറി ഖലീഫ തകർത്തുവെന്ന് എല്ലാ ക്രിസ്ത്യാനികളും പഠിപ്പിക്കപ്പെട്ട സത്യത്തിൽ, പ്രസ്തുത ലൈബ്രറി പലവുരു തകർക്കപ്പെടുകയും പുനരുദ്ധരി ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആദ്യത്തെ നാശകാരി ജൂലിയസ് സീസറും ഏറ്റവുമൊടുവിലത്തേത് പ്രവാചകന് മുമ്പുമായിരുന്നു. ആദ്യകാല മുഹമ്മദീയ ക്രിസ്ത്യാനികളിൽ നിന്ന് വ്യത്യസ്തമായി, സഹിഷ്ണുതയുള്ളവരായിരുന്നു അവർ ഭരണത്തെ അംഗീകരിക്കണമെന്ന ചട്ടം വെച്ചിരുന്നുള്ളൂ. മറിച്ച്, ക്രിസ്ത്യനികളാവട്ടെ, ബഹുദൈവാരാധകരോട് മാത്രമല്ല, തമ്മിൽ തമ്മിലും കനത്ത പോരിലായിരുന്നു. മുഹമ്മദീയർ അവരുടെ ഹൃദയവിശാലതയാലാണ് പരക്കെ സ്വാഗതം ചെയ്യപ്പെട്ടത്. ഈ മനോഭാവം തന്നെയാണ് മുഖ്യമായും അവരുടെ പിടിച്ചടക്കലു കളെ സഹായിച്ചതും.” (human society in ethics and politics, pg:218)

ഇതേ താരതമ്യം തന്നെ ഡി.പി. സിംഗാളും നടത്തിയിട്ടുണ്ട്: “അറബികൾ ഗ്രന്ഥങ്ങളോടും വിജ്ഞാനത്തോടും അതീവ താൽപര്യം പുലർത്തുന്നവരായിരുന്നു അവർ ധാരാളം വിഖ്യാതമായ ലൈബ്രറികൾ തങ്ങളുടെ സാമ്രാജ്യത്തിൽ സ്ഥാപിച്ചു. അവ വൈജ്ഞാനികകേന്ദ്രങ്ങളെന്ന നിലയിൽ പുകൾപെറ്റതായിരുന്നു. ആദ്യത്തെ കുരിശുയുദ്ധവേളയിൽ യൂറോപ്യൻ അധിനിവേശക്കാരാണ് ഇതിൽ പലതും നശിപ്പിച്ചത്. ആദ്യകാല ക്രിസ്തീയ മതഭക്തർ കൊളംബസിന് മുമ്പുള്ള അമേരിക്ക, ഉത്തരാഫ്രിക്ക എന്നിവിടങ്ങളിലുള്ള ലൈബ്രറികൾ, ആർക്കീവുകൾ, കലാസ്തുപങ്ങൾ എന്നിവ നശിപ്പിച്ചു. കോൺസ്റ്റാന്റിനോപ്പിളിലെ ചക്രവർത്തിയായ തിയോഡോഷ്യസ് ആണ് അലക്സാണ്ട്രിയ ലൈബ്രറി തകർത്തത്. ഒരു ഭക്തനായ ക്രിസ്ത്യാനിയെന്ന നിലയിൽ ഗ്രീക്ക്-ഏഷ്യൻ ബഹുദൈവാരാ ധകകൃതികളോട് അദ്ദേഹം പൊരുത്തപ്പെട്ടിരുന്നില്ല.”

ഉമറുമായി ബന്ധപ്പെടുത്തിയ സംഭവത്തിന് 500 വർഷക്കാലത്തിനിടക്ക് ഒരു ക്രിസ്ത്യൻ ചരിത്രകാരനും ഇത് സൂചിപ്പിച്ചിട്ടില്ല. എ.ഡി 933-ൽ അലക്സാണ്ട്രിയായിലെ ആർച്ച് ബിഷപ്പായിരുന്ന യൂട്ടിച്ചിയസ്, അറബികൾ അലക്സാണ്ട്രിയ പിടിച്ചടക്കിയത് വിശദമാക്കിയപ്പോഴും ലൈബ്രറി തകർത്ത ഒരു സംഭവം ഉദ്ധരിക്കുന്നില്ല.

പ്രശസ്ത ശാസ്ത്രസാഹിത്യകാരനും ഗ്രന്ഥകാരനുമായ കോളിൻ വിൽസൻ ക്രിസ്ത്യൻപൗരോഹിത്യത്തിന്മേലാണ് പ്രസ്തുത പാപഭാരം ചുമത്തുന്നത്. അല കാൻഡിയയിലെ ബിഷപ്പിന്റെ നിർദേശാനുസരണം ചക്രവർത്തി തിയോഡോ ഷ്യസ് ആണ് അത് ചെയ്തത്. അവരുടെ മനോഭാവം വിൽസൻ ഉദ്ധരിക്കുന്നു. “വിജ്ഞാനം തിന്മയിലേക്കുള്ള വാതിലാണ്; ജിജ്ഞാസ കൊണ്ടാണല്ലോ സ്വർഗ ത്തിൽനിന്ന് ആദം പുറത്താക്കപ്പെട്ടത്. (The Occult, pg:278)

കോംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിലെ അറബി വിഭാഗം മേധാവിയായിരുന്ന എഡ്വേർഡ് ബ്രൗൺ സംഭവത്തിലേക്ക് വെളിച്ചം വീശി എഴുതിയത്, “ഗിബ്ബൺ എഴുതിയതുപോലെ ഈജിപ്തിലെ മുസ്ലിം ആധിപത്യത്തിന് മൂന്നു നൂറ്റാണ്ട് മുമ്പുതന്നെ ക്രിസ്ത്യൻ മതഭ്രാന്തന്മാരാൽ വിലപ്പെട്ട ലൈബ്രറി തകർക്കപ്പെട്ടു” വെന്നാണ്.( Islamic medicine, pg:18)

ഹ്യൂമനിസ്റ്റ് ചിന്തകനും വിപ്ലവകാരിയുമായിരുന്ന എം.എൻ. റോയി ഈ വിഷത്തെപ്പറ്റി ആഴത്തിൽ പഠിച്ചതിനുശേഷം നടത്തിയ പ്രസ്താവനയിൽ നിന്ന് ചിലത് ചുവടെ: “കയ്റോയിലുണ്ടായിരുന്ന ലൈബ്രറിയിൽ ഒരു ലക്ഷവും കൊർദോവയിൽ ആറു ലക്ഷവും വാള്യങ്ങളുണ്ടായിരുന്നു. ഈ വസ്തുത തന്നെ ഇസ്ലാമിന്റെ ഉദയം മതഭ്രാന്തിന്റേതാണെന്നും അലക്സാൻഡിയൻ തകർത്തത് മുസ്ലിംകളാണെന്നുമുള്ള ഐതിഹ്യം തെറ്റാണെന്ന് തെളിയിക്കുന്നു. ഉന്നതവിദ്യാകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ ആഹ്ലാദമനുഭവിച്ച ഒരു ജനത ഏറ്റവും മികച്ച ഒരു ലൈബ്രറിക്ക് തീകൊളുത്തിയെന്ന് വിശ്വസിക്കാവതല്ല. മനുഷ്യരാശിയുടെ നന്മക്കായി സമസ്ത പൗരാണിക വിജ്ഞാനങ്ങളുടെയും സംരക്ഷകരായി അറിയപ്പെടുന്ന ഒരു വിഭാഗത്തിന് അത്തരമൊരു ഹീനകൃത്യം ചെയ്യാനാവില്ല. വൈകാരികത വെടിഞ്ഞുള്ള ശാസ്ത്രീയമായ ചരിത്രപഠനം ഇത്തരം നാടോടിക്കഥകളെയും ഐതിഹ്യങ്ങളെയും തള്ളിക്കളയുന്നു. ഇസ്ലാമിന്റെ ഉദയം ഒരു ദുരന്തമായല്ല,മനുഷ്യരാശിക്കുള്ള അനുഗ്രഹമായാണനുഭവപ്പെട്ടത്. “(The Historical Role of Islam, pg:63-63)…

ഖലീഫ ഉമറും അലക്സാൻഡ്രിയൻ ലൈബ്രറിയുമായി ബന്ധപ്പെടുത്തിയുള്ള കഥ തള്ളിക്കൊണ്ട് ഡോക്ടർ സിംഗാൾ നടത്തിയ പ്രസ്താവന ഇവിടെ ഉദ്ധരണീയാണ് : ” ഒരു നുണ ഇത്ര ശക്തമായും നിരന്തരമായും അചഞ്ചലമായും ഉന്നയിക്കപ്പെട്ടത് ചരിത്രത്തിൽ ഏറെ വിരളമാണ് “.

ചരിത്ര വിദ്യാർഥികൾക്കും സത്യാന്വേഷികൾക്കും ഇത്രയൊക്കെ മതിയെന്ന് കരുതുന്നു. സമകാലിക മലയാളത്തിന് ഭാവുകങ്ങൾ.

( ഉദ്ധരണം :ആനന്ദിന്റെ ഇസ്ലാം വിമർശനം വിരുന്നുകാരനും വേട്ടക്കാരനും–വി. എ മുഹമ്മദ്‌ അശ്‌റഫ്,
ഐപിഎച്ച് പ്രസിദ്ധീകരണം pg:174-179)

Related Articles