Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് തന്നെ

ലോകത്ത് വിശിഷ്യാ പാശ്ചാത്യൻ രാജ്യങ്ങളിൽ ഗൗരവതരമായ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന വിഷയമാണ് ഇസ്‌ലാമിക് എകണോമിക്സ്. ലോകത്ത് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതിൽ പിന്നെ പലിശരഹിതമായ ഇസ്‌ലാമിന്റെ സാമ്പത്തിക വ്യവസ്ഥയെയും ബാങ്കിങ്ങിനെയും സംബന്ധിച്ച നിരവധി അന്വേഷണങ്ങളും പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.

എണ്ണത്തിൽ കുറവാണെങ്കിലും മലയാളികൾക്കിടയിലും ചില ചിന്തകർ ഇവ്വിഷയകമായ ആഴത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട നാമമാണ് ഡോ. പി ഇബ്രാഹീം. (എന്റെ മൂത്തുമ്മയുടെ സഹോദരൻ).

1987ൽ കേരളാ സർവകലാശാലയിൽനിന്ന് Impact of Technological change in the Fishing Industries of Kerala എന്ന വിഷയത്തിൽ പിഎച്ഡി നേടിയ ഇബ്‌റാഹീം സാഹിബ്‌ ധനശാസ്ത്രത്തിലെ Fisheries Economics, Islamic Economics, Migration Economics എന്നിവയിൽ സവിശേഷ പഠനം നടത്തിയിട്ടുമുണ്ട്. ‘ധനശാസ്ത്രം ഇസ്‌ലാമിക വീക്ഷണത്തിൽ’ ഉൾപ്പെടെ ഏതാനും കൃതികളും വിവിധ ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. 1985ൽ ഇറ്റാലിയൻ ഫെലോഷിപ്പ് ലഭിച്ച അദ്ദേഹത്തിന് സാമ്പത്തിക വിഷയത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ധാരാളം സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അവസരമുണ്ടായിട്ടുണ്ട്.

കേരളാ യൂണിവേഴ്‌സിറ്റിയുടെ ധനശാസ്ത്ര വിഭാഗത്തിൽ ലക്‌ചററായും പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ മാഹി സെന്ററിൽ ധനശാസ്ത്ര വിഭാഗം തലവനായും ദീർഘകാലം സേവനം ചെയ്തിട്ടുണ്ട് ഇബ്‌റാഹീം സാഹിബ്‌. കുറച്ചുകാലം ശാന്തപുരം അൽജാമിഅയിൽ (ഫാക്കൽറ്റി ഓഫ് ഇസ്‌ലാമിക് ഏകണോമിക്സ്) ഡീൻ ആയിരുന്നു.

ഇബ്‌റാഹീം സാഹിബിന്റെ ഇംഗ്ലീഷിലുള്ള ഏറ്റവും പുതിയ രചനയാണ്‌ ‘Lectures on Islamic Economics’. ഇന്ന് ഉച്ചക്ക് ഗ്രന്ഥകാരന്റെ വൈലത്തൂരിലുള്ള വീട്ടിൽവെച്ച് നടന്ന ലളിതമായ ചടങ്ങിൽ റിട്ടയേർഡ് രജിസ്ട്രാർ ശ്രീ. ശ്രീധരനാണ് പുസ്തകം പ്രകാശനം ചെയ്തത്. ഡോ. ശൈഖ് മുഹമ്മദ്‌ ഏറ്റുവാങ്ങി. ചടങ്ങിൽ പ്രൊഫ. പി കോയ അധ്യക്ഷനായിരുന്നു.

ലോകം പ്രാധാന്യപൂർവം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയം എന്നതും പഠനകാലത്തെയും കേരളാ യൂണിവേഴ്‌സിറ്റിയിലെയും ശാന്തപുരം അൽജാമിഅയിലെയും അധ്യാപന ജീവിതത്തിനിടയിലെയും ചില അന്വേഷണങ്ങളും അനുഭവങ്ങളുമാണ് ഇങ്ങനെയൊരു പുസ്തക രചനക്ക് പ്രേരണയായതെന്ന് ഗ്രന്ഥത്തെ പരിചയപ്പെടുത്തി സംസാരിക്കവേ ഗ്രന്ഥകാരൻ പറഞ്ഞു.

ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രകൃതവും പ്രാധാന്യവും, അതിന്റെ മെത്തഡോളജി, മുൻകാല ഇസ്‌ലാമിക പണ്ഡിതരുടെ സംഭാവനകൾ, ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിലെ വിതരണ നീതി, വികസന കാഴ്ചപ്പാട്, സകാത്തിന്റെ പങ്ക്, ജനസംഖ്യാ വർദ്ധനവും സാമ്പത്തിക വളർച്ചയും ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിൽ, സ്റ്റേറ്റും മാർക്കറ്റും ഇസ്‌ലാമിക വീക്ഷണത്തിൽ തുടങ്ങിയവയാണ് പുസ്തകത്തിന്റെ മുഖ്യ ഉള്ളടക്കം.

ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് ആണ് പ്രസാധകർ. 157 പേജുള്ള പുസ്തകത്തിന്റെ മുഖവില ഇരുന്നൂറ് രൂപയാണ്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles