Current Date

Search
Close this search box.
Search
Close this search box.

മഹല്ലുകളെ വെറുതെ വിടുക

കേരളത്തിൽ മഹല്ല് കമ്മിറ്റികൾ പിണറായി കാലത്തുണ്ടായ പ്രതിഭാസമല്ല. അതിനു കുറെ പഴക്കമുണ്ട്. മുസ്ലിം സമുദായത്തിൽ മഹല്ല് കമ്മിറ്റികൾക്ക് വലിയ സ്ഥാനമുണ്ട്. കേരളീയ മുസ്ലിം സമൂഹത്തിൽ നിലവിലുള്ള സംഘടനാ വ്യത്യാസങ്ങൾ അധികം മഹല്ലുകളെയും ബാധിച്ചിട്ടില്ല. എല്ലാ അഭിപ്രായ വ്യത്യാസങ്ങൾക്കുമപ്പുറം കേരളത്തിലെ മഹല്ല് കമ്മിറ്റികൾ സുഖകരമായി മുന്നോട്ടു പോകുന്നു. ഇനി കുഴപ്പം ഉണ്ടെങ്കിൽ അത് രാഷ്ട്രീയക്കാർ സൃഷ്ടിക്കുന്നത് മാത്രമാണ്. പള്ളി കമ്മിറ്റികൾ എന്നതിന്റെ ആദ്യ ഉദ്ദേശ്യം പള്ളിയുടെ പരിപാലനം തന്നെയാണ്. അത് നിർവഹിക്കേണ്ടത് വിശ്വാസികൾ തന്നെയാണ്. ആരാണ് ദൈവിക ഭവനങ്ങൾ പരിപാലിക്കേണ്ടത് എന്നത് മതം കൃത്യമായി പറഞ്ഞതാണ്. അല്ലാഹുവിലും അന്ത്യ ദിനത്തിലും ദൃഢമായി വിശ്വസിക്കുന്ന നമസ്കാരവും സക്കാത്തും കൃത്യമായി അനുഷ്ഠിക്കുന്ന അല്ലാഹുവിനെ അല്ലാതെ മറ്റാരെയും ഭയക്കാത്തവർ എന്നതാണ് അല്ലാഹുവിന്റ ഭവനത്തെ സംരക്ഷിക്കുന്നവർക്കു വേണ്ട ഗുണങ്ങൾ. പള്ളി എന്നും വിശ്വാസികളുടെ ഒരു കേന്ദ്രം കൂടിയാണ്. മഹല്ല് കമ്മിറ്റികൾ ഇന്ന് മഹല്ല് നിവാസികളുടെ ജീവൽ പ്രശ്നങ്ങളിലും ഇടപെടുന്നു. മഹല്ല് തിരഞ്ഞെടുപ്പ് സമയത്തു അധികാരത്തിനു വേണ്ടിയുള്ള കടിപിടി എന്നതിലപ്പുറം കാര്യമായ കുഴപ്പമൊന്നും നാം കേട്ടില്ല. കേരളത്തിലെ ഒരു ഭീകര പ്രവർത്തനത്തിലും മഹല്ലുകൾ ഭാഗമായ ചരിത്രവും നമുക്കറിയില്ല.

മഹല്ല് കമ്മിറ്റികളിൽ ഭീകരർ കയറിക്കൂടുന്നു എന്ന കേരള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സന്തോഷിപ്പിക്കുക സംഘ പരിവാറിനെ മാത്രമാകും. മുസ്ലിം ഇടങ്ങൾ ഭീകരമാണ് എന്ന നിലപാടിലാണ് എന്നും സംഘ് പരിവാർ. അതിനു ചൂട്ടു പിടിക്കുന്ന പണി ഇടതു പക്ഷം ചെയ്യാൻ പാടില്ലാത്തതാണ്. പൗരത്വ നിയമവുമായി ബന്ധപ്പെട്ടു ഒരു പാട് സമരങ്ങൾ കേരളത്തിലും പുറത്തും നടന്നു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരിടത്തും സമരക്കാരുടെ പക്ഷത്തു നിന്നും ഒരു അക്രമവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പൗരത്വ വിഷയത്തിൽ ഇടതു പക്ഷവുമായി സഹകരിച്ചു പ്രവർത്തിച്ച മുസ്ലിം സംഘടനാ നേതാക്കളും പരാതി പറയുന്നുണ്ട്. അവർ ഭീകരരും വർഗീയ വാദികളുമല്ല എന്ന ഉറപ്പിലാണ് സർക്കാർ ഒപ്പം കൂട്ടിയത്. എന്നിട്ടും അവരുടെ പ്രവർത്തകരുടെ പേരിലും പോലീസ് കേസെടുത്തു. ആർ എസ് എസിനെ വിമർശച്ചതിന്റെ പേരിലും കേരളത്തിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട് . അത് പതിവില്ലാത്ത രീതിയാണ്. സമുദായ സൗഹാർദ്ദം തകർക്കുന്നു എന്നതാണ് പോലീസ് ഭാഷ്യം. ആർ എസ് എസ് ഒരു സമുദായ പാർട്ടിയായി ഹിന്ദുക്കൾ പോലും അംഗീകരിക്കുന്നില്ല. ഭൂരിപക്ഷം ഹിന്ദുക്കളും അവർക്കെതിരാണ്. എന്നിട്ടും നമ്മുടെ പൊലീസിന് മനസ്സിലാവാത്തത് മറ്റു പല കാരണം കൊണ്ടാകും.

Also read: ഇബ്‌നുല്‍ ഹൈഥം: ശാസ്ത്ര ലോകത്തിന്റെ വെളിച്ചം

പതിവിലും ഭിന്നമായി പൗരത്വ വിഷയത്തിൽ മഹല്ല് കമ്മിറ്റികൾ സജീവമായി രംഗത്തു വന്നിട്ടുണ്ട്. മാത്രമല്ല മുസ്ലിം സംഘടനകൾക്കിടയിലും പതിവിലും കവിഞ്ഞ ഐക്യം ഈ വിഷയത്തിൽ കാണുക സാധ്യമാണ്. അത് പലരെയും വിളറി പിടിപ്പിച്ചിട്ടുണ്ട്. പൗരത്വ വിഷയം രാഷ്ട്രീയ പാർട്ടികൾ ആദ്യം കാര്യമായി എടുത്തില്ല. സാധാരണ പോലെ പാർലമെന്റിലെ ബഹളം തീർന്നാൽ പിന്നെ എല്ലാം നിശബ്ദമാകും. അതിനു വിപരീതമായി പാർട്ടികളുടെ പിൻബലമില്ലാതെ ഇരകൾ തന്നെ രംഗത്തു വന്നു. തങ്ങൾ പൗരത്വ നിയമത്തെ എതിർക്കുന്നു എന്ന് പറയുമ്പോഴും അതിന്റെ പേരിൽ മുസ്ലിംകൾ ഒന്നിക്കുന്നതിന്റെ രാഷ്ട്രീയം അവർക്കു പെട്ടെന്ന് മനസ്സിലായി. ന്യൂനപക്ഷ വോട്ടുകളുടെ ഫലം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർ ശരിക്കും അറിഞ്ഞിരുന്നു എന്ന് കൂടി പറയണം. മഹല്ലുകളിൽ ചിലർ നുഴഞ്ഞു കയറി കുഴപ്പം സൃഷ്ടിക്കുന്നു എന്ന പ്രയോഗം മഹല്ലുകളെ കുറിച്ച അവരുടെ അജ്ഞത കാണിക്കുന്നു. മഹല്ല് കമ്മിറ്റികളിലേക്കു ആളുകൾ വരിക ആ നാട്ടുകാർ തന്നെ തിരഞ്ഞെടുത്താണ്. അല്ലാതെ മഹല്ല് കമ്മിറ്റികൾ ഭീകര വാദികളെ സംരക്ഷിക്കാനുള്ള ഇടങ്ങളല്ല.

പറഞ്ഞുണ്ടാകുന്ന ഭീതിക്കാണ് ” ഫോബിയ ” എന്ന് പറയുക. മലപ്പുറവും പരിസര പ്രദേശങ്ങളും അങ്ങിനെ ഒരു ഫോബിയയുടെ കീഴിൽ കൊണ്ട് വരുവാൻ സംഘ പരിവാർ ശ്രമിച്ചു കൊണ്ടിരുന്നു. കേരളത്തിൽ അമ്പലങ്ങൾ കേന്ദ്രീകരിച്ചു ആർ എസ് എസ് പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു എന്നത് പകൽ പോലെ വ്യക്തമാണ്. അതെ സമയം മഹല്ല് കമ്മിറ്റികളിൽ കുഴപ്പക്കാർ ഉണ്ട് എന്നത് ഒരു അനുമാനം മാത്രവും . ഇല്ലാത്ത ആരോപണങ്ങളുടെ പേരിൽ ഈ സമുദായം ഒരു പാട് പഴി കേട്ടിട്ടുണ്ട്. ഔദ്യോഗിക സ്ഥാനത്തുള്ളവർ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നടത്തപ്പെടുന്ന ആരോപണങ്ങൾ സമുദായത്തിന്റെ ശത്രുക്കളെ മാത്രം സന്തോഷിപ്പിക്കും. ലവ് ജിഹാദ് മഹല്ല് ജിഹാദിലേക്കു വഴിമാറുന്നത് പലരും കാത്തിരിക്കുന്നു എന്ന് കൂടി ചേർത്ത് പറയണം

Related Articles