Your Voice

ഇടതുസര്‍ക്കാരും മദ്യവര്‍ജനവും

വര്‍ജിക്കുക എന്ന മലയാള പദത്തിന് അര്‍ഥം പറയുന്നത് ‘ഉപേക്ഷിക്കുക, കളയുക, കേടുവരുത്തുക’ എന്നൊക്കെയാണ്. വര്‍ധിപ്പിക്കുക എന്ന അര്‍ഥം ഞാന്‍ ഒരു നിഘണ്ടുവിലും കണ്ടില്ല. ഇടതുപക്ഷ മുന്നണിയുടെ നിലപാട് മദ്യ നിരോധനമല്ല പകരം മദ്യ വര്‍ജ്ജനമാണ് എന്നവര്‍ പറയും. കഴിഞ്ഞ രണ്ടു വര്‍ഷമായി അവര്‍ വര്‍ജ്ജിച്ചു കൊണ്ടിരിക്കുന്നു.

ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനു ശേഷം സംസ്ഥാനത്ത് 86 പുതിയ ബാറുകള്‍ തുറന്നു എന്നാണ് വിവരം. ദേശീയ പാതയില്‍ മദ്യ ഷാപ്പ് പാടില്ല എന്ന സുപ്രീം കോടതി വിധി വന്നപ്പോള്‍ അവര്‍ റോഡിന്റെ പേര് മാറ്റി ബാറുകളെ സംരക്ഷിച്ച വിവരം നമുക്കറിയാം. മുന്‍ സര്‍ക്കാര്‍ നിയമ പ്രകാരം പൂട്ടിയ അധികം ബാറുകളും ഇന്ന് തുറന്നിരിക്കുന്നു. അരിക്കും പച്ചക്കറിക്കും നാം പുറം സംസ്ഥാനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതിനേക്കാള്‍ പെട്ടെന്ന് മദ്യം സ്വന്തം സംസ്ഥാനത്തു തന്നെ ഉല്‍പ്പാദിപ്പിക്കണം എന്ന സര്‍ക്കാരിന്റെ ശുഷ്‌കാന്തി അഭിനന്ദനീയമര്‍ഹിക്കുന്നു. എട്ടു ശതമാനം മദ്യവും 40 ശതമാനം ബിയറും കേരളത്തിന്റെ പുറത്തു നിന്നും വരുന്നു എന്നത് വലിയ സങ്കടമുള്ള കാര്യമാണ്.

കേരളക്കാര്‍ അരിയേക്കാള്‍ കൂടുതല്‍ പൈസ മദ്യത്തിന് വേണ്ടി ചിലവഴിക്കുന്നു എന്നാണ് വാര്‍ത്ത. കോഴിക്കോട് നിന്നും തിരിച്ചു പോകുമ്പോള്‍ വൈകുന്നേരം പലയിടങ്ങളിലും നീണ്ടു പോകുന്ന വരികള്‍ ഒരു സ്ഥിരം കാഴ്ചയാണ്. ഒരു തിന്മയും നിരോധനം കൊണ്ട് അവസാനിക്കില്ല എന്നുറപ്പാണ്. അതെ സമയം അതിന്റെ ലഭ്യത ഇഷ്ടം പോലെയായാല്‍ അതിന്റെ വ്യാപ്തി വര്‍ധിക്കും എന്നുറപ്പാണ്. അടുത്തിടെ നമുക്കു കാണാന്‍ കഴിഞ്ഞത് കോടതിയും സര്‍ക്കാരുകളും സമൂഹം തിന്മയായി കണക്കാക്കുന്ന എല്ലാം നന്മയാക്കി മാറ്റി എന്നതാണ്. തെറ്റ് എന്നൊന്ന് നമ്മുടെ സാമൂഹിക രംഗത്തു ഇല്ലാതെ പോകുന്നു.

മദ്യവര്‍ജനം എന്നതിലേക്ക് ചൂണ്ടുന്ന ഒന്നും സര്‍ക്കാര്‍ പക്ഷത്തു നിന്നും ഉണ്ടായതായി നമുക്കറിയില്ല. അതെ സമയം ‘പുന:നയം’ എന്നത് ലക്ഷ്യം വെച്ച് പലതും ചെയ്തതായി നമുക്കറിയാം. പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ സാമൂഹിക സംഘടനകളും ഉന്നയിച്ച അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല എന്നതാണ് ഈ പിന്‍വാങ്ങലിന്റെ പിന്നിലെ ഉദ്ദേശം. മദ്യത്തെ എതിര്‍ക്കുക എന്നത് രണ്ടു കൂട്ടരുടെയും നിലപാടല്ല. വിഷയത്തില്‍ ഉന്നയിക്കപ്പെട്ട അഴിമതിയും സ്വജനപക്ഷപാതവും പിന്‍വലിപ്പിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിപ്പിച്ചു എന്ന് പറയലാണ് നല്ലത്.

എന്തിനേക്കാളൂം സുലഭമായി മദ്യവും മയക്കു മരുന്നും ലഭ്യമാകുന്ന നാടാണ് ഇന്ന് നമ്മുടെ സംസ്ഥാനം. സ്‌കൂള്‍ കുട്ടികള്‍ വരെ ഇവ രണ്ടിനും അടിമപ്പെടുന്നു. ലക്കും ലഗാനുമില്ലാതെ ഭരണകൂടവും മദ്യ ലോബികളും നാട്ടില്‍ മദ്യം ഒഴുക്കുന്നു. ഉത്തരവാദിത്ത ബോധമുള്ള സമൂഹം എന്ന നിലയില്‍ നാം മുന്നോട്ടു വന്നില്ലെങ്കില്‍ ഇത്തരം തിന്മകളുടെ ഭവിഷ്യത്ത് നാം അനുഭവിച്ചേ തീരൂ.

Facebook Comments
Related Articles
Show More
Close
Close