Current Date

Search
Close this search box.
Search
Close this search box.

വർത്തമാന കാലത്തെ ഭൂത / ഭാവികളുമായി ചേർത്തു വെക്കുന്ന അത്ഭുതഭാഷ

എക്കാലത്തേയും മികച്ച അധ്യാപനങ്ങളും സാർവകാലികമായ ആശയങ്ങളും കൊണ്ട് മാനുഷിക ബന്ധമുള്ള ഭാഷയാണ് അറബി. മറ്റു വേദഭാഷകൾ കേവലം വേദാക്ഷരങ്ങളിൽ വിരാചിക്കുമ്പോൾ രണ്ടു ഡസനോളം രാജ്യങ്ങളുടെ മാതൃഭാഷയായും ആയിരക്കണക്കിന് പത്ര-മാഗസിനുകളുടെ വിനിമയ ഭാഷയായും നൂറുകണക്കിന് ജനപ്രിയ ചാനലുകളുടെ ഔദ്യോഗിക ഭാഷയുമായി അറബി വികസിച്ചിരിക്കുന്നു. UNO അംഗീകരിച്ച ആറ് ആഗോളഭാഷകളിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം , ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയയുടെ രണ്ടാം സ്ഥാനം നേടിയ ഭാഷയേതെന്നു ന്യൂ ജെനിനോട് ചോദിച്ചാൽ നിസ്സങ്കോചം പറയും അറബിയാണെന്ന് .

സഹസ്രാബ്ദങ്ങൾ പഴക്കമുള്ള അറബ് സംസ്‌കാരത്തെ നനവുള്ള പ്രതലത്തിൽ നില നിർത്തിയ ഏകകമാണവരുടെ ഭാഷ.
അറബ് സമൂഹങ്ങളെ തലമുറതലമുറയായി ദീർഘകാലം ഒരുമിച്ചു നിർത്തിയ കണ്ഠാഭരണമാണത്. ഇസ്‌ലാമിനെയും അതിൽ നിന്ന് ഉരുത്തിരിഞ്ഞ നാഗരികതകളെയും സംസ്‌കാരങ്ങളെയും കെടാതെ നിലനിർത്തിയ വെളിച്ചവുമാണത്. ദശലക്ഷക്കണക്കിനാളുകൾക്കിടയിൽ ആശയസംവേദനം സാധ്യമാക്കുന്ന ആഗോളതലത്തിലെ പ്രധാന ടൂളാണിന്ന് അറബി.

രാഷ്ട്രങ്ങളുടെ രൂപീകരണത്തിലും അവയുടെ അസ്തിത്വത്തെ പലവിധത്തിലുള്ള നഷ്ടത്തിൽ നിന്ന് സംരക്ഷിക്കുന്നതിലും അവയുടെ ഭാഷയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ദേശരാഷ്ട്രങ്ങളുടെ ഐക്യത്തിന്റെ തൂണുകൾ സ്ഥാപിച്ചിരിക്കുന്ന അടിത്തറയാണ് പലപ്പോഴും ഭാഷകൾ . അറബി ഒരു കേവല ഭാഷ മാത്രമല്ല, കോടിക്കണക്കിനു വിശ്വാസികളുടെ മതപരമായ ഭാഷ കൂടിയാണ്. ഇത് വെറും ഖുർആനിന്റെ ഭാഷയും മതാധ്യാപനങ്ങളുടെ മാധ്യമവും മാത്രമല്ല; പ്രത്യുത അവരുടെ ആത്മീയവും മാനസികവുമായ നിരവധി പൈതൃകത്തിന്റെ ഭണ്ഡാരമാണത്.

ഭൂമിയുടെ ചക്രവാളങ്ങളിൽ ചിതറിക്കിടക്കുന്ന വിശ്വാസികൾ, അതിന്റെ ഉത്ഭവത്തിലും വേരുകളിലും സ്ഥേയസ്സ് പുലർത്തുന്നു. സവിശേഷമായ വ്യതിരിക്തകളും അതുല്യമായ സംഭാവനകളും അറബി ഭാഷയെ ഏത് കാലത്തും ജീവത് ഭാഷയാക്കുകയും തിരിച്ചറിവിന്റെ തലത്തിലേക്കുയർത്തുകയും ചെയ്യുന്നു. അങ്ങനെയതിനെ മഹത്തായ സർഗ്ഗാത്മകതയുടെ കൊടുമുടിയിൽ അവരോധിക്കുന്നു.

ഭാഷ ഏതു രാഷ്ട്രത്തിന്റെയും ആത്മാവും സ്വത്വത്തിന്റെ അടയാളപ്പെടുത്തലുമാണ്. (ഉദാ: ഹിന്ദി അതൊരു ഭാഷയുടെ മാത്രം പേരല്ല എന്നു പറയുന്നത് അത് കൊണ്ട് തന്നെയാണ്) സംസ്കാരത്തിന്റെ വിളംബരവും അസ്തിത്വത്തിന്റെ പ്രതീകവുമാണ് ഏതു ഭാഷയും. ഈ അഹംബോധം ഇന്നും എന്നും നിലനിർത്തുന്ന കാര്യത്തിൽ സിറിയയിലേയും ലബ്നാനിലേയും ജോർദാനിലേയും ക്രിസ്ത്യാനിയും ദറൂസിയും ഇറാഖിലെ ശീഇയുമെല്ലാം ഒറ്റക്കെട്ടാണ്. ഈ ഏകത്വമാണ് അറബി ഭാഷയെ സജീവവും ഊർജ്ജസ്വലവുമാക്കി നിലനിർത്തുന്നത്. മനുഷ്യ വിജ്ഞാനത്തിന്റെ വിവിധ മേഖലകളിൽ, കാലത്തിനൊത്ത് സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ അവരെ പ്രാപ്തരാക്കിയത് അറബി ഭാഷയുടെ ഈ ഫ്‌ലെക്സിബിലിറ്റിയാണ്.

അറബി ഭാഷ ഇന്ന് നവോത്ഥാന ഘട്ടത്തിലാണുള്ളത്. ശാസ്ത്ര പദങ്ങളെ അങ്ങനെ തന്നെ ഉൾക്കൊള്ളാനും സ്വയം ഭാഷയിൽ പ്രകാശിപ്പിക്കാനും പ്രതിനിധാനം ചെയ്യാനുമതിന് കഴിയും. (ഉദാ: റേഡിയോ മിദ്യാഉം കമ്പ്യൂട്ടർ ഹാസൂബുമാണ് അറബിയിൽ ) ശാസ്ത്രം, കല, വ്യവസായം, എന്നിവയുമായി ബന്ധപ്പെട്ട ഏത് പദങ്ങളും സ്വാംശീകരിക്കുന്നതിനായി ജനീവയിലെ മജ്ലിസുത്തഅ്രീബ് സർവ്വസജ്ജമാണ്. അനറബി രാജ്യങ്ങളിലെ സർവകലാശാലകൾ പോലും അറബി ഭാഷ വികസിപ്പിക്കുന്നതിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും സാങ്കേതികവിദ്യ ഉപയോഗിച്ച് അവയുടെ അധ്യാപനങ്ങൾ സാധ്യമാക്കുകയും ചെയ്യുന്നു. അറബി പരിഭാഷയും അധ്യാപനവും വളരെ കാര്യക്ഷമമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന എത്രയോ അനറബി കലാശാലകളുണ്ട്.

അറബി ഭാഷയുടെ ഭാവി സമകാലിക ചിന്തയിൽ വലിയ പ്രാധാന്യമുള്ള ഒന്നാണ്. ഇത് ഭാഷാപരവും സാഹിത്യപരവും സാംസ്കാരികവുമായ പ്രശ്നം മാത്രമല്ല, ലോക വേദികളിൽ അറബ് നവോത്ഥാനത്തെ സ്വാധീനിക്കുന്ന ഘടകം തന്നെയാണ്. അറബി ഭാഷയെ മറ്റെല്ലാ ഭാഷകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഇത്തരം സവിശേഷതകളാണ്. വർത്തമാനകാലത്തിന്റെ ഭാഷയാകാൻ ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് , ഇംഗ്ലീഷ് , ചൈനീസ് എന്നീ ആഗോള അഞ്ചു ഭാഷകളുടെ മുകളിൽ അറബിയെ പ്രതിഷ്ഠിക്കുന്ന പ്രധാന ഘടകവുമതു തന്നെ. അറബി ഭാഷയിൽ എഴുതപ്പെട്ട അറബ് / ഇസ്‌ലാമിക പൈതൃകത്തെ അടിസ്ഥാനമാക്കി യൂറോപ്പിലുണ്ടായ നവോത്ഥാനവും ജ്ഞാനോദയവും പിച്ചവെക്കുന്ന കാലത്ത് മധ്യകാലഘട്ടത്തിലെ അന്ധകാരത്തെ അകറ്റുന്ന വിളക്കുകൾ കത്തിച്ചു സജീവമായി നിലനിർത്തിയ നാഗരികതയാണ് അറബി ഭാഷ ബൈതുൽ ഹിക്മയിലൂടെയും മറ്റും സാധിച്ചത്. .

അറബികളെയെല്ലാം ഒന്നിപ്പിച്ചത് അറബി ഭാഷയായിരുന്നു. ഇന്നും അറബ് ലീഗിനെ കവച്ചു വെക്കുന്ന മറ്റൊരു ഭാഷാ കൂട്ടായ്മയും ലോകത്തില്ല. ഭൂമിയുടെ ഒരു ഭാഗത്തെ ഒരേ ഭാഷയിലും ചിന്തകളിലും ബന്ധിപ്പിക്കുന്നതു് അറബിഭാഷയിലെ ദൈവികതയുടെ കരസ്പർശമാണെന്നാണ് വിനീതന്റെ നിരീക്ഷണം.

അറബി ഇന്ത്യയിലെ ആദ്യത്തെ സാംസ്കാരിക വിനിമയങ്ങളുടെ ഭാഷ നമ്മുടെ രാജ്യമായ ഇന്ത്യയുടെ ഭാഷ ഒരിക്കലും അറബി ആയിരുന്നില്ല. ഇന്ത്യയിലെ മുസ്‌ലിംകൾ അറബി ഭാഷയെ ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്നു എന്നതിൽ സംശയമില്ല; എന്നാലും അറേബ്യൻ നാടുകളിൽ നിന്നുള്ള വണിക്കുകൾ, സഞ്ചാരികൾ എന്നിവർ എഴുതപ്പെട്ട ചരിത്രത്തിൽ ഇന്ത്യൻ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മൂർത്തമായ ഇടപെടലുകളും സംഭാവനകളും നല്കിയിട്ടുണ്ട്. ചരിത്രത്തിന്റെ ഏത് കാലഘട്ടത്തിലും ഇന്ത്യയിലെ ഏത് പ്രാദേശിക ഭാഷകളിലും അറബി ഭാഷയുടെ സ്വാധീനം കാണാം. ഉദാഹരണത്തിന് ബാക്കി , കാലി , വകീൽ , അദാലത്, സാബൂൻ തുടങ്ങി ധാരാളം പദാവലികൾ നമ്മുടെ നാട്ടിൽ അറബിയിലേതെന്ന നിലക്കു തന്നെ സുപരിചിതങ്ങളാണ്.

അക്കാലത്ത് അറബി ഭാഷ ഇന്നത്തേക്കാൾ ഉയർന്ന നാഗരികതയുടെ ഭാഷയായിരുന്നതിനാൽ പുതിയ ആശയങ്ങളെയും ആചാരങ്ങളെയും പ്രതിനിധീകരിക്കുന്ന പുത്തൻ വാക്കുകളുടെ പ്രവാഹം അന്യഭാഷകളിലേക്കുണ്ടായി എന്നനുമാനിക്കാം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നൂറ്റാണ്ടുകളോളം നാഗരികതയുടെയും സംസ്കാരത്തിന്റെയും വാക്കുകളുടെ ഉറവിടമായി അറബി ഭാഷ നൂറ്റാണ്ടുകളോളം തുടർന്നു. മുസ്ലിം ജനതയുടെ പരമ്പരാഗത വിജ്ഞാനീയങ്ങളോടൊപ്പം സാഹിത്യ പ്രവർത്തനങ്ങളിലും അറബി ഭാഷയെയും അതിന്റെ സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ പണ്ഡിതന്മാർ വലിയ പരിശ്രമങ്ങളും സംഭാവനകളും നൽകിയിട്ടുണ്ട്. അറബിഭാഷ ഖുർആൻ, സുന്നത്ത്, ഇസ്‌ലാമിക ശാസ്ത്രങ്ങൾ എന്നിവയുടെ ഭാഷ കൂടിയായിരുന്നു . ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടും ഇസ്‌ലാം കൊണ്ടുവന്ന ആശയങ്ങളും ചിന്തകളും പ്രകടിപ്പിക്കാൻ അറബി പദങ്ങൾ തന്നെ പൊതുജനങ്ങൾ ഉപയോഗിച്ചു തുടങ്ങി. (ഉദാഹരണത്തിന് ആപത്ത്, ഫിത്ന ) അങ്ങനെ അറബി ഭാഷ മതേതര ഇന്ത്യയിലെ ബഹുസ്വരതയുടെ അടയാളപ്പെടുത്തലായി മാറി . അറബ്-ഇസ്ലാമിക പൈതൃകം മുഗൾ ഭരണകാലം മുതൽ ഇന്ത്യയിൽ സജീവമായുണ്ടായിരുന്നു.

ലക്ഷക്കണക്കിന് തദ്ദേശീയർ ഇസ്ലാം സ്വീകരിച്ച് ഖുർആനും ഹദീസും പഠിക്കാൻ തുടങ്ങിയ സിന്ധ് മേഖലയിലെ അറബി ഭാഷ, സജീവമായ രീതിയിൽ പ്രകടമാവാൻ തുടങ്ങി. ഇന്ത്യയിൽ ഉറുദു / പേർഷ്യൻ ഭാഷകളുടെ സ്വാധീനം എക്കാലത്തും ഉണ്ടായിട്ടുണ്ട്. പ്രസ്തുത ഭാഷകളുടെ മാതൃസ്ഥാനത്ത് ലിംഗ്വിസ്റ്റുകൾ കാണുന്ന അറബി ഭാഷയിൽ ഗ്രന്ഥങ്ങളെഴുതിയ ഇന്ത്യൻ പണ്ഡിതന്മാരെയാണ് മറ്റ് രംഗങ്ങളിൽ പ്രസിദ്ധരായവരേക്കാൾ ലോകമറിയുന്നത്. മറ്റു ക്ലാസിക് ഭാഷകളിൽ നിന്ന് പരാവർത്തനം നടത്തിയതിനേക്കാൾ അറബിയിൽ നിന്നും ഇന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയവരും അറിയപ്പെടുന്നതും ഇന്ത്യൻ ജനത അറബി ഭാഷയെ സ്നേഹിക്കുന്നതിന്റെ പരിമാണമാണ് വ്യക്തമാക്കുന്നത്.

إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ (الحجر 9) “നിശ്ചയമായും, നാം തന്നെയാണ് പ്രമാണത്തെ അവതരിപ്പിച്ചത്. നാം തന്നെ, അതിനെ സൂക്ഷിക്കുകയും ” ചെയ്യുമെന്ന ദൈവിക പ്രഖ്യാപനത്തിന്റെ പ്രസക്തിയാണ് ഇന്ത്യയിലടക്കമുള്ള ഈ അറബി ഭാഷയോടുള്ള വർദ്ധിച്ചു വരുന്ന അഭിനിവേശത്തിന് കാരണമെന്നാണ് വിശ്വാസികളെന്ന നിലക്ക് നമ്മുടെ നിരീക്ഷണം.

( ഡിസം: 18 അന്താരാഷ്ട്ര അറബിക് ഡേയാണ് )

Related Articles