Current Date

Search
Close this search box.
Search
Close this search box.

ചരിത്രബോധമുള്ള ഒരു പത്ര പ്രവര്‍ത്തകന്റെ വിയോഗം

കെ.പി കുഞ്ഞിമൂസ സാഹിബിന്റെ വിയോഗത്തോടെ ഒട്ടേറെ പഴയ കാല വിവരങ്ങളുടെ കലവറയെന്ന് വിശേഷിപ്പിക്കാവുന്ന, കേരള മുസ്‌ലിം ചരിത്രത്തിന്റെ വിശിഷ്യാ ഉത്തര മലബാറിന്റെ ചരിത്രത്തിന്റെ സാക്ഷിയും സൂക്ഷിപ്പുകാരനുമായ ഒരു വ്യക്തിത്വമാണ് നമുക്കില്ലാതായത്. അര നൂറ്റാണ്ട് കാലം പത്ര പ്രവര്‍ത്തന രംഗത്തും സാമൂഹ്യ സാംസ്‌കാരിക രംഗത്തും സജീവമായി നിലകൊണ്ട നല്ലൊരു സഹൃദയനായിരുന്നു കെ.പി. എം.എസ്.എഫ് ലൂടെ വളരുകയും പിന്നീട് വളരെയേറെ വര്‍ഷങ്ങള്‍ എം.എസ്.എഫ് ന്റെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി നിലകൊള്ളുകയും ചെയ്ത കെ.പി, സംസ്ഥാന മുസ്‌ലിം ലീഗിന്റെ ഉന്നതങ്ങളില്‍ നല്ല സ്വാധീനമുള്ള വ്യക്തിയായിരുന്നു. പക്ഷേ ഭരണ രംഗത്തെ അധികാരങ്ങള്‍ക്കോ സ്ഥാന മാനങ്ങള്‍ക്കോ വേണ്ടി ആരോടും കെഞ്ചാന്‍ ഒട്ടും തയ്യാറായിരുന്നില്ല. ആരെയും കൂസാതെ അപ്രിയ സത്യങ്ങള്‍ പറയുമായിരുന്നു. അതുകൊണ്ട് മുസ്‌ലിം ലീഗില്‍ അര്‍ഹിക്കുന്ന പരിഗണന അദ്ദേഹത്തിന് ലഭിച്ചില്ലെന്ന് പലരും പറയുന്നതില്‍ ഇത്തിരി കാര്യമുണ്ട്. പുന്നോല്‍, തലശ്ശേരി,മാഹി എന്നീ പ്രദേശങ്ങളുമായും അവിടുത്തെ ചരിത്രവുമായും തനിക്കുള്ള ബന്ധം അദ്ദേഹം ശ്രദ്ധാപൂര്‍വം കാത്തു സൂക്ഷിച്ചു. എന്നാല്‍ അര നൂറ്റാണ്ട് കാലമായി കോഴിക്കോട്ടുകാരനായും അദ്ദേഹം നിറഞ്ഞു നിന്നു.

ലാഭനഷ്ടം നോക്കാതെ നിലപാട് സ്വീകരിച്ചതിന്റെ തെളിവാണ് കെ.പി യുടെ ഒരു ദശകത്തിലേറെക്കാലമുള്ള ”ലീഗ് ടൈംസ്” ജീവിതം. ലീഗ് ടൈംസിന്റെ ചരിത്രം ഒരു ചെറുത്തു നില്‍പ്പിന്റെ ചരിത്രം കൂടിയായിരുന്നല്ലോ? അടിയന്തിരാവസ്ഥക്കെതിരെയും അക്കാലത്ത് നടമാടിയ നിര്‍ബന്ധ വന്ധ്യംകരണമുള്‍പ്പെടെയുളള അത്യാചാരങ്ങള്‍ക്കെതിരെയും ലീഗ് ടൈംസ് അടരാടിയതിന് പിന്നില്‍ കെ.പി ക്കും നല്ല പങ്കുണ്ട്. ജമാഅത്തെ ഇസ്‌ലാമിയെ അടിയന്തിരാവസ്ഥയില്‍ നിരോധിച്ചതിനാല്‍ ജമാഅത്തനുഭാവികളായ പലരും അന്ന് ലീഗ് ടൈംസിന്റെ കോളങ്ങളാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ജമാഅത്തുകാരുടെ ലേഖനങ്ങള്‍ അല്‍പം ഉദാരതയോടെ പ്രസിദ്ധീകരിക്കാന്‍ ലീഗ് ടൈംസ് തയ്യാറായതിന്ന് പിന്നിലും കെ.പി ക്ക്‌ പങ്കുണ്ട്. മൂന്ന്/ നാല് മാസം മുമ്പ് കോഴിക്കോട്‌ നിന്ന് മാഹിയിലേക്ക് ഉച്ചക്ക് പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ലീഗ് ടൈംസിന്റെ പഴയ ലക്കങ്ങളും രേഖകളും മറ്റും തീര്‍ത്തും നഷ്ടപ്പപ്പെട്ടതിലുള്ള കടുത്ത ദു:ഖം അദ്ദേഹം രേഖപ്പെടുത്തുകയുണ്ടായി. ഏതാണ്ട് ഒരു വ്യാഴ വട്ടക്കാലത്തെ മുസ്‌ലിം രാഷ്ട്രീയ- സാമൂഹ്യ ചരിത്രമാണ് അതുവഴി വിനഷ്ടമായത്.
വ്യക്തിപരമായി 1973 മുതല്‍ നാലര പതിറ്റാണ്ടോളം നീണ്ട ബന്ധം ഞങ്ങള്‍ തമ്മിലുണ്ട്. എന്റെ പിതാവ് (മര്‍ഹൂം വി.സി. അഹ്മദ് കുട്ടി- മാഹി) എളാപ്പ (വി.സി. ഉസ്മാന്‍) എന്നിവരുമായും കെ.പി ക്ക് നല്ല ബന്ധമുള്ളതിനാലാവാം ഒരു പ്രത്യേക പരിഗണന എന്നോട് കാണിച്ചിരുന്നു. ചന്ദ്രികയിലും പിന്നീട് ലീഗ് ടൈംസിലും ഈയുളളവന്റെ ലേഖനങ്ങളും കുറിപ്പുകളും ധാരാളമായി വെളിച്ചം കണ്ടതില്‍ കെ.പി നല്‍കിയ പരിഗണനയും പ്രോത്സാഹനവും മധുരിക്കുന്ന ഓര്‍മ തന്നെയാണ്.

മുസ്‌ലിം ലീഗ് പിളര്‍ന്നപ്പോള്‍ അഖിലേന്ത്യാ മുസ്‌ലിം ലീഗില്‍ കഷ്ട നഷ്ടങ്ങള്‍ സഹിച്ച് ഉറച്ചു നിന്ന കെ.പി. ഇടക്കാലത്ത് (1975 ല്‍) ആവനാഴി എന്ന പേരില്‍ ഒരു വാരികയും പുറത്തിറക്കിയിരുന്നു. ആദ്യ കാലത്ത് സി.കെ.പി. ചെറിയ മമ്മുക്കേയി സാഹിബ് കെ.പി. യെ പോലുളളവരെ കണ്ടെത്തി വളര്‍ത്തി ഉയര്‍ത്തിക്കൊണ്ടു വരാന്‍ കാണിച്ച പ്രത്യേക താല്‍പര്യം കെ.പി. നല്ലൊരു പത്ര പ്രവര്‍ത്തകനായി വളരാന്‍ നിമിത്തമായ കാരണങ്ങളിലൊന്നാണ്. ചന്ദ്രിക ചീഫ് സബ് എഡിറ്ററായിരുന്ന കെ.പി.സി.കെ അലി സാഹിബ് (ന്യൂമാഹി) സഹ പത്രാധിപകരായിരുന്ന എം. ആലിക്കുഞ്ഞി സാഹിബ്, മുന്‍ മന്ത്രി പി.എം. അബൂബക്കര്‍ സാഹിബ്, മുസ്‌ലിം യൂത്ത് ലീഗിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്ന കെ.കെ. മുഹമ്മദ് (പെരിങ്ങാടി) തുടങ്ങി പലരെ പറ്റിയും ഇയ്യിടെയുളള സംസാരത്തില്‍ കുറേയേറെ സംസാരിക്കുകയുണ്ടായി. ഇങ്ങനെയുള്ളവരുമായുള്ള സമ്പര്‍ക്ക സഹവാസം വഴി ഒരുപാട് വിവരങ്ങള്‍ കെ.പി. സ്വായത്തമാക്കിയിട്ടുണ്ടായിരുന്നു. ഒരുപാട് സംഗതികള്‍ ഇനിയും കുത്തിക്കുറിക്കാനുണ്ടെന്ന് പറയുകയും ചെയ്തു. ഒട്ടേറെ സുവനീറുകള്‍ എഡിറ്റ് ചെയ്തു കൊടുക്കാറുള്ള കെ.പി. യുടെ പക്കല്‍ സുവനീറുകളുടെ ശേഖരം തന്നെയുണ്ടെന്നാണറിവ്. കൂടാതെ മൈത്രി ബുക്‌സിലും കുറെ കാര്യങ്ങളുടെ ശേഖരം കാണും. ഇതൊക്കെ അവലംബിച്ച് പരമാവധി വസ്തുനിഷ്ഠമായ ഒരു ചരിത്രം ക്രോഡീകരിക്കുമെങ്കില്‍ അത് കെ.പി. ഇതേ വരെ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഒരളവോളമുള്ള പൂരണമായിരിക്കും.

ജഗന്നിയന്താവായ അല്ലാഹു പരേതന്ന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുകയും അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷകരമാക്കിത്തീര്‍ക്കുകയും ചെയ്യുമാറാവട്ടെ. ആമീന്‍

Related Articles