Current Date

Search
Close this search box.
Search
Close this search box.

എല്ലാം അറിയുക

‘നിങ്ങളറിയാത്ത പലതും ഞാനറിയുന്നു’. ഒട്ടേറെ ദൈവദൂതന്മാർ അവരുടെ സമൂഹത്തോട് പറഞ്ഞിട്ടുള്ള ഒരു വചനമാണിത്. നമ്മെ സംബന്ധിച്ചെടത്തോളം ഇതൊരു പൊങ്ങച്ചത്തിന്റെയോ അഹങ്കാരത്തിന്റെയോ വാചകമാണ്. എന്നാൽ ദൈവദൂതന്മാർ ഇത് പറയുമ്പോൾ അത് യാദാർഥ്യം മാത്രം.  “ഗാഡമായ ചിന്തയിലൂടെ അഥവാ ഓർത്തെടുക്കലിലൂടെ മനസ്സ് സൃഷ്ടിക്കുന്ന വിശദീകരണമാണ് അറിവ്” എന്നാണ് നോം ചോസ്കി പറയുന്നത്. ഒരു കാര്യം കണ്ടാൽ, കേട്ടാൽ, അനുഭവിച്ചാൽ മനസ്സ് അതേക്കുറിച്ച് നിരന്തരം ആകുലമാവും. ഒരു ഉത്തരം കണ്ടെത്തുന്നത് വരെ ആ മസ്തിഷ്കപ്രവർത്തനം നീണ്ടുപോവും. ഒടുവിൽ എന്തൊക്കെയോ ചില ധാരണകളും ബോധ്യങ്ങളും മനസ്സ് നിർമിച്ചെടുക്കുന്നു.ഇതാണ് ലളിതളായി പറഞ്ഞാൽ അറിവ്.

അറിവിനേക്കാൾ കൂടുതൽ മനുഷ്യനിലുള്ളത് അറിവില്ലായ്മയാണ്. ” വിശാലമായ കടൽത്തീരത്ത് കക്ക വാരിക്കളിക്കുന്ന കൊച്ചുകുട്ടിയാണ് ഞാൻ” എന്ന ഐസക് ന്യൂട്ടന്റെ വാക്കുകൾ മനുഷ്യന്റെ അറിവില്ലായ്മയിലേക്ക് വിരൽചൂണ്ടുന്നു. അറിവില്ലായ്മ ഒരു സമുദ്രമാണെങ്കിൽ അതിനിടയിലെ ഒരു ദ്വീപ് മാത്രമാണ് നമ്മുടെ അറിവ്. ” നമ്മുടെ അറിവില്ലായ്മ അനന്തമാണ്. “പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തി കൊണ്ടുള്ള ഓരോ കാൽ വെയ്പിലും ഉത്തരമില്ലാത്ത നിരവധി പ്രശ്നങ്ങൾ ഉയർന്നു വരുന്നുണ്ട് എന്ന് മാത്രമല്ല, സുരക്ഷിതവും ഉറപ്പേറിയതുമായ ഒരു സ്ഥാനത്താണ് നാം എന്ന വിശ്വാസം തകരുകയും ചിതറിപ്പോവുന്ന, ഒഴുകി നടക്കുന്ന ഒരവസ്ഥയിലാണ് എല്ലാം എന്നും നാം അറിയുന്നു” എന്ന് ബ്രിട്ടീഷ് ഫിലോസഫറായ കാൾ പോപ്പർ പറയുന്നു. അറിവ് കുറവാണ്, അറിവില്ലായ്മയാണ് കൂടുതൽ എന്ന് പറയുമ്പോഴും ‘എല്ലാം അറിയുക’ എന്ന ഒരു ആശയം നിലനിൽക്കുന്നുണ്ട്. എങ്ങനെയാണ് ആ ആശയത്തിന് മൂർത്തരൂപം പ്രാപിക്കുക എന്നൊരു ആശങ്ക നമ്മിൽ ഉയർന്ന് വരുന്നുണ്ട്.

Also read: ഐക്യസര്‍ക്കാരും വെസ്റ്റ്ബാങ്ക് കൈയേറ്റവും

ഈ ആശങ്ക മുണ്ഡകോപനിഷത്തിൽ ശൗനകൻ ചോദ്യമായി ഉന്നയിച്ചിട്ടുണ്ട്. “എന്തറിഞ്ഞാലാണ് എല്ലാം അറിയുക” എന്ന ഉത്തരം പറയാൻ പ്രയാസകരമായ ഒരു ചോദ്യം. ഈ ചോദ്യത്തിന് അംഗിരസ്സ് നൽകുന്ന മറുപടി: പരവിദ്യ(ഉയർന്ന അറിവ്), അപരവിദ്യ(താഴ്ന്ന അറിവ്) എന്നിങ്ങനെയുള്ള രണ്ട് തരം അറിവുകളിൽ പരവിദ്യ കൊണ്ടാണ് എല്ലാം അറിയാൻ സാധിക്കുക. ഈ പരവിദ്യ എന്ന വാക്കിന് വേദപണ്ഡിതന്മാർ നൽകുന്ന വ്യാഖ്യാനം ബ്രഹ്മത്തെക്കുറിച്ചുള്ള അറിവ് എന്നാണ്.

ഇനി നമുക്ക് എല്ലാ അറിവും ഉൾക്കൊള്ളുന്ന മഹാസാഗരത്തിലേക്ക് പ്രവേശിക്കാം. “ജ്ഞാനദായകമായ ഖുർആൻ സാക്ഷി” (യാസീൻ:2). ജ്ഞാനം പ്രസരിപ്പിക്കുന്നത് എന്ന അർത്ഥം വരുന്ന ‘ഹകീം’ എന്ന വാക്കാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അഗ്നിപർവതം പൊട്ടിയൊഴുകുന്ന ലാവ പോലെ, മലമുകളിൽ നിന്ന് അണപൊട്ടി വരുന്ന ജലംപോലെ അറിവിന്റെ കുത്തൊഴുക്കിനെ സൂചിപ്പിക്കുന്നു ആ പദം. പരവിദ്യ അഥവാ ബ്രഹ്മജ്ഞാനത്തിന്റെ മുഖ്യ സ്രോതസ്സാണ് നമ്മുടെ കൈയിലുള്ള വിശുദ്ധ ഖുർആൻ . നേരിട്ടുള്ള അറിവിലുപരി അത് ഇന്ദ്രിയങ്ങൾക്കും അപ്പുറമുള്ള ഒരു അനുഭവജ്ഞാനമാണ്. ‘ഞാൻ ഒരു തീ ദർശിച്ചിരിക്കുന്നു’ എന്ന് എന്ന് പറഞ്ഞ മൂസാ നബിയെ നമുക്ക് ഓർക്കാം. ‘ ആനസ്തു’ എന്ന വാക്കാണ് പ്രയോഗിച്ചിരിക്കുന്നത്. ഞാൻ അനുഭവിച്ചറിഞ്ഞു, ആസ്വദിച്ചു എന്നൊക്കെയാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്. കേവലം ഒരു ദർശനമായിരുന്നില്ല അത്. ഇത്തരത്തിൽ നമുക്കും ദൈവത്തെ അനുഭവിച്ചറിയാൻ ഖുർആനിലേക്ക് ഇറങ്ങി ചെല്ലുന്നതിലൂടെ സാധ്യമാവും. ബ്രഹ്മജ്ഞാനത്തിലൂടെ തന്നെ സാധ്യമാവുന്ന അറിവാണ് ഞാൻ ആരാണ് എന്നുള്ള അറിവ്. നോം ചോസ്കിയോട് ഒരാൾ ‘നിങ്ങൾക്ക് എന്തറിയാനാണ് ആഗ്രഹം?’ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ‘ഞാൻ ആരാണെന്ന് അറിയുക’ എന്നായിരുന്നു. അത്തരത്തിൽ ഖുർആനിൽ നിന്ന് സ്വന്തത്തെ കണ്ടെത്തുക എന്നത് കൂടി നമ്മുടെ ദൗത്യമാണ്.

Also read: ലൈലത്തുല്‍ ഖദ്റില്‍ ചെയ്യേണ്ട പത്ത് സുപ്രധാന കാര്യങ്ങള്‍

പ്രയോജനകരവും പ്രയോജനരഹിതവുമായ അറിവുകളുണ്ട്. ഖുർആൻ നൽകുന്നത് പ്രയോജനകരമായ അറിവാണ്. ” തീർച്ചയായും ഈ ഖുർആൻ മനുഷ്യരെ ഏറ്റവും ശരിയായതിലേക്ക് മാർഗദർശനം ചെയ്യുന്നു. അതിൽ വിശ്വസിച്ച് സൽക്കർമ്മങ്ങളാചരിക്കുന്നവർക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് സുവിശേഷവും നൽകുന്നു(ഇസ്റാഅ്: 9). ഏതൊരു ജ്ഞാനാന്വേഷിയും തിരയുന്നത് ശരികളാണ്. പലതരം ശരികൾ അയാളുടെ മുന്നിലൂടെ കടന്ന് പോവും. അവയിൽ ശരിയുടെ വേഷം കെട്ടിയ മിഥ്യകളുമുണ്ടാവും. പക്ഷെ അവക്കൊന്നും ഇത് തന്നെയാണ് ശരി എന്ന് ഉറപ്പ് നൽകാൻ സാധ്യമല്ല. മറ്റൊന്ന് വരുമ്പോൾ അത് തകർന്നടിയുന്നത് കാണാം. എന്നാൽ എക്കാലത്തും ശരിയായി തന്നെ നിലനിൽക്കുന്ന ശരിയിലേക്കാണ് ഖുർആൻ മാർഗദർശനം ചെയ്യുന്നത്. ആ ശരിയെ മനസ്സിലാക്കി അതിനെ പിന്തുടർന്നാൽ കിട്ടുന്ന പ്രതിഫലമാണ് ഈ വേദപുസ്തകം നൽകുന്ന സുവിശേഷം.

ഈ ഖുർആനിൽ നിന്ന് നമുക്ക് നേടിയെടുക്കാം എല്ലാ അറിവുകൾക്കും മീതെയുള്ള അറിവ്. നമുക്ക് അനുഭവിച്ചറിയാം ഏറ്റവും സമീപസ്ഥനായിട്ടും നാം കാണാതെ പോവുന്ന ആ ദൈവത്തെ. നമുക്ക് മനസ്സിലാക്കാം ഈ ഖുർആനിൽ എന്റെ സ്ഥാനം എന്താണെന്ന്.

Related Articles