ഖുൽഅ് ത്വലാഖു പോലെ ഏക പക്ഷീയമായ അവകാശമല്ല, ദാമ്പത്യം തുടരാൻ താൽപര്യമില്ലാതെ വരുമ്പോൾ താനുമായുള്ള വിവാഹബന്ധം വേർപെടുത്തി തരണമെന്ന് ഭാര്യയുടെ ആവശ്യം പരിഗണിച്ച് ഭർത്താവ് സ്വന്തം നിലക്ക് ദാമ്പത്യം വേർപെടുത്തിക്കൊടുക്കുന്നതിനാണ് ഖുൽഅ് എന്നു പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ താൻ കൊടുത്ത മഹ്റ് തിരിച്ചു വാങ്ങിക്കാൻ ഭർത്താവിന് അവകാശമുണ്ടായിരിക്കും. ത്വലാഖിലൂടെ വേർപെടുത്തുമ്പോൾ മഹ്റ് സ്ത്രീയുടെ അവകാശമായിരിക്കും.
ഏതെങ്കിലും ഭർത്താവ് ഭാര്യയുടെ ഖുൽഅ് ചെയ്തു തരണമെന്ന ആവശ്യം നിരസിച്ചാൽ വിവാഹ ബന്ധം വേർപെടുകയില്ല, അവൾ ഭാര്യയായി തുടരും. ഭർത്താവ് മരിച്ചാൽ അവൾക്കും, അവളാണ് മരിക്കുന്നതെങ്കിൽ ഭർത്താവിനും അനന്തരാവകാശത്തിന് അർഹതയുണ്ടായിരിക്കും. അനന്തരാവകാശം നഷ്ടപ്പെടില്ല എന്നർഥം.
ഇതിലെ ഏറ്റവും വലിയ അപകടം ഏതെങ്കിലും ഒരു ഭാര്യ സ്വന്തം നിലക്ക് ഖുൽഅ് ചെയ്തു എന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുയും, ഭർത്താവ് അത് നിരസിക്കുകയും തുടർന്ന് ഭാര്യ മറ്റൊരു വിവാഹം ചെയ്യുകയും ചെയ്താൽ ആ വിവാഹം ഇസ്ലാമിക ദൃഷ്ട്യാ ബാത്വിലായിരിക്കും. എന്നു മാത്രമല്ല പുതിയ ബന്ധം അവിഹിത ബന്ധമായും, അവർ തമ്മിലുള്ള ലൈംഗിക സംസർഗം വ്യഭിചാരമായും പരിഗണിക്കപ്പെടും. സ്വഭാവിക ഫലമെന്നോണം അവർക്ക് പരലോകത്ത് വ്യഭിചാരത്തിന്റെ ശിക്ഷ ലഭിക്കുകയും ചെയ്യും. ഇതാണ് ഇസ്ലാമിക ശരീഅത്ത് അനുശാസിക്കുന്നത്.
ചുരുക്കത്തിൽ ഖുൽഅ് പ്രാബല്ല്യത്തിൽ വരണമെങ്കിൽ ഭർത്താവ് അംഗീരിക്കുക തന്നെ വേണമെന്നർഥം.
അപ്പോൾ ന്യായമായ കാരണങ്ങളാൽ ഭാര്യ ഖുൽഅ് ആവശ്യപ്പെട്ടിട്ടും ഭർത്താവ് അത് വിസമ്മതിച്ചാൽ ആ സ്ത്രീയുടെ മുമ്പിൽ എന്താണ് വഴി എന്ന ചോദ്യം ഉയർന്നു വരും. അവൾക്ക് കോടതിയെ സമീപിക്കാം എന്നാണുത്തരം. അങ്ങനെ സ്ത്രീയുടെ പക്ഷത്താണ് ന്യായം എന്ന് കോടതിക്ക് ബോധ്യപ്പെടുന്ന മുറക്ക് ശരീഅ കോടതിക്ക് ആ ദാമ്പത്യം വേർപെടുത്താൻ അധികാരമുണ്ട്. എന്നാൽ ഇവിടെയുള്ള കോടതികൾ വിധി പ്രസ്താവിച്ചു കഴിഞ്ഞാൽ ശറഅ് പ്രകാരം ആ വിധി സാധുവാകാൻ യോഗ്യനായ മഹല്ല് ഖാളിയോ, പണ്ഡിതന്മാരോ അത് അംഗീകരിക്കണം. അല്ലാതുള്ള മാർഗേണ ദാമ്പത്യം വേർപെടുത്താൻ പുരുഷനെപ്പോലെ സ്ത്രീക്ക് ഇസ്ലാമിക ശരീഅത്തിൽ പഴുതില്ല. ഇനിയാർക്കും അങ്ങനെയൊരു വകുപ്പ് ഇസ്ലാമിൽ കൂട്ടിച്ചേർക്കാനും വകുപ്പില്ല. ഇതാണ് ഈ വിഷയത്തിലെ ഇസ്ലാമിക നിലപാട്.
നമ്മുടെ നാട്ടിലെ കോടതി വ്യവഹാരങ്ങൾ സാമ്പത്തിക ചെലവുള്ളതും, കാല വിളംബം വരുത്തുന്നതുമാണ് എന്നത് ഗൗരവത്തിൽ മുഖവിലക്കെടുക്കേണ്ട ഒരു പ്രശ്നം തന്നെയാണ്. അതിന് ഇത്തരം മുസ്‌ലിം സമുദായത്തിന്റെ മതകീയ മാനമുള്ള വിഷയങ്ങളിൽ തീർപ്പ് കൽപ്പിക്കാനുള്ള നിയമ പരിരക്ഷ യോഗ്യനായ മഹല്ലു ഖാദിക്കോ, പണ്ഡിത സമിതിക്കോ നൽകാൻ സുപ്രീം കോടതി കനിഞ്ഞാൽ അതായിരിക്കും ഏറ്റവും വലിയ സംഭവം. അതിന് സമുദായ നേതൃത്വം ഇക്കാര്യം ഗൗരവപൂർവം ചർച്ച ചെയ്ത് അടിയന്തരമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു.
📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj