Current Date

Search
Close this search box.
Search
Close this search box.

ഖിലാഫത്ത് പ്രസ്ഥാനവും ആസാദും

മലക്കുകൾ സ്വർഗത്തിൽ നിന്നിറങ്ങി വന്ന് ഖുതുബ് മിനാറിൽ നിന്നും ” ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകിയിരിക്കുന്നു ” എന്ന് പ്രഖ്യാപിച്ചാലും ഇവിടത്തെ ഹിന്ദുവും മുസ്ലിമും ഐക്യപ്പെടുന്നതു വരെ ഞാനത് അംഗീകരിക്കില്ല എന്ന് പ്രഖ്യാപിച്ച ഒരു നേതാവ് ഇന്ത്യൻ ജനതക്കുണ്ടായിരുന്നു.

ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ ആ നേതാവായിരുന്നു മൗലാനാ ആസാദ് എന്ന മൗലാനാ അബുൽകലാം മുഹ്‌യിദ്ദീൻ അഹ്മദ് ആസാദ് . സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ആസാദ് .ഭാരത സർക്കാർ അദ്ദേഹത്തെ മരണാനന്തരം 1992 ൽ ഭാരത രത്ന നൽകി ആദരിച്ചിട്ടുണ്ട്.

ഒന്നാം ലോകമഹായുദ്ധത്തിൽ (1914 ജൂലൈ 28 – 1918 നവം 11)തുർക്കി ബ്രിട്ടനെതിരെ ജർമ്മനിക്കൊപ്പം നിന്നത് ഇന്ത്യൻ മുസ്ലിംകളുടെ പൊതുബോധത്തിനെതിരായിരുന്നു.

ഇന്ത്യയിലെ മുസ്‌ലിംകളാവട്ടെ പ്രസ്തുത യുദ്ധത്തിൽ ബ്രിട്ടീഷുകാരെ പിന്തുണച്ച് പ്രധാനമന്ത്രി ലോയ്ഡ് ജോർജിനോട് കൂറ് പ്രഖ്യാപിച്ചിരുന്നു. തുർക്കി രാജാക്കന്മാരോടുള്ള വിദ്വേഷം ബസ്രയിലേക്കും ജിദ്ദയിലേക്കും സൈന്യത്തെ നിയോഗിക്കാൻ വരെ ബ്രിട്ടനെ ഉദ്യുക്തരാക്കി. ആഗോള മുസ്ലിം നിലനില്പിന്റെ പ്രതീകമായ തുർക്കി – ഉസ്മാനീ ഖിലാഫത്തിനോടുള്ള മുസ്ലിം മനസ്സിലെ ബ്രിട്ടീഷ് വിരുദ്ധത ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ തുടക്കത്തിനും തുടർന്നുള്ള നിസ്സഹകരണ സമരത്തിനും ഇന്ധനമായി എന്നാണ് ആസാദിന്റെ നിരീക്ഷണം. അഥവാ ഖിലാഫത്ത് പ്രസ്ഥാനമെന്ന ചിന്തയാണ് പിന്നീട് നിസ്സഹകരണ സമരമായി ഇന്ത്യൻ ജനത ഏറ്റെടുത്തുത്. ഖിലാഫത്ത് എന്നതും തർകേ മുവാലാത്ത് എന്നതും ഒന്നുതന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് മൗലാനാ അബുൽ കലാം ആസാദിൻറെ പുസ്തകം ‘ഇന്ത്യാ വിൻസ് ഫ്രീഡം’. ”ഖിലാഫത്ത് സമരം അക്രമത്തിലേക്ക് തിരിഞ്ഞതുകൊണ്ട് നിസ്സഹകരണ പ്രസ്ഥാനം പരാജയപ്പെട്ടു”, ”നിസ്സഹകരണ പ്രസ്ഥാനത്തിെൻറ നേതാക്കളെ മലബാറിലേക്ക് കടത്താത്തതിനാൽ ലഹള നിയന്ത്രിക്കാനായില്ല” -തുടങ്ങിയ പരമ്പരാഗത കോൺഗ്രസ് ന്യായീകരണങ്ങളേക്കാൾ ചരിത്രപരമായ ആഖ്യാനം ആസാദിന്റേതാണ്. ഖിലാഫത്ത് – നിസ്സഹകരണ പ്രസ്ഥാനങ്ങൾ എന്നാണ് പൊതുവെ പരാമർശിക്കാറുള്ളത്. രണ്ടും വേറിട്ട പ്രസ്ഥാനങ്ങളായിരുന്നു എന്നാണ് നാം പാഠപുസ്തകങ്ങളിൽ പഠിച്ചത്. രണ്ടും പരസ്പരം പൂരകങ്ങളോ ഒന്ന് മറ്റൊന്നിന്റെ പൂർത്തീകരണമോ എന്ന ചിന്തയാണ് ആസാദ് ചരിത്രകുതുകികൾക്ക് നല്കുന്നത്.

”ഇന്ത്യാ വിൻസ് ഫ്രീഡം” എന്ന പ്രസിദ്ധ പുസ്തകം, അതിെൻറ പേര് സൂചിപ്പിക്കുന്നതു പോലെ സ്വാതന്ത്ര്യ ലബ്ധിയോട് അടുപ്പിച്ച് നടന്ന കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. ദേശീയ പ്രസ്ഥാനത്തിെൻറ മൊത്തം ചരിത്രമല്ല. 1935ന് ശേഷം 48 വരെയുള്ള കാര്യങ്ങളുടെ മുന്നോടിയായി ആദ്യ അദ്ധ്യായം 1920ലെ ഉപരിസൂചിത പ്രതിസന്ധികളേയും അക്രമരഹിത നിസഹകരണ സമരത്തിന്റെ കാര്യങ്ങൾ വിവരിക്കാനായി നീക്കിവെച്ചിരിക്കുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിനായുള്ള ആലോചനകൾ നിസ്സഹകരണ സമരത്തിലെത്തിയതെങ്ങനെ എന്ന വിവരണം നന്നായി നല്കുന്നുണ്ട് മൗലാനാ . 1912 ജൂണിൽ ‘അൽ-ഹിലാൽ’ എന്ന വാരാന്ത പത്രം പ്രസിദ്ധീകരിച്ചു കൊണ്ടാണ് മൗലാനാ രാഷ്ട്രീയ പൊതുമണ്ഡലത്തിലേക്ക് കടന്നു വരുന്നത്. അക്കാലത്ത് മുസ്​ലിം നേതൃത്വം അലീഗഢ് കക്ഷിക്കാരുടെ കൈയിലായിരുന്നു എന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. സർ സയ്യിദ് അഹമ്മദ് ഖാൻറെ സിദ്ധാന്തമാണ് അന്നത്തെ മുസ്ലിം അഭ്യസ്ഥവിദ്ധ്യർ പിന്തുടർന്നിരുന്നത്. സർക്കാരുമായി ഏറ്റുമുട്ടലിനു നിൽക്കാതെ മുസ്​ലിംകൾ വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുത്ത് വിദ്യാഭ്യാസ പുരോഗതിയിൽ സുപ്രധാന പങ്കാളികളാവണമെന്നായിരുന്നു അന്ന് ഖാൻ ഫാനിന്റെ വാദം. ഇതിനെതിരെയാണ് ആസാദിന്റെ ‘അൽ-ഹിലാൽ’ നിലകൊണ്ടത്. മുസ്​ലിംകൾ സർക്കാർ വിരുദ്ധ സമരത്തിൽ ഇറങ്ങണമെന്ന വാദം സ്വാഭാവികമായും ബ്രിട്ടീഷ് അധികൃതരെ ചൊടിപ്പിച്ചു. പല തവണ പിഴയടപ്പിച്ച് അവർ ആ പത്രം പൂട്ടിച്ചു. 1915ൽ പ്രസ്സ് തന്നെ പിടിച്ചെടുത്തു. പത്രത്തിൻറെ ലൈസൻസും റദ്ദാക്കി. അഞ്ചുമാസം മാസം കഴിഞ്ഞപ്പോൾ ‘അൽ-ബലാഗ് ‘ എന്ന പത്രം തുടങ്ങിക്കൊണ്ടാണ് മൗലാനാ പ്രതികരിച്ചത്. ഈ സമയത്തൊക്കെയും അദ്ദേഹം കൽക്കട്ടയിലായിരുന്നു. 1916 ഏപ്രിൽ 16ന് അവിടെ നിന്ന് അദ്ദേഹത്തെ പുറത്താക്കി. പഞ്ചാബ്, ഡൽഹി, യു.പി, ബോംബെ പ്രവശ്യകളിലേക്ക് കടക്കുന്നത് അവിടങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങൾ തീർത്തും വിലക്കി. ആകെ നിൽക്കാൻ പറ്റുന്നത് അവിഭക്ത ബീഹാറിൽ മാത്രം. അങ്ങനെ മൗലാന റാഞ്ചിയിലെത്തി. അവിടെ തടങ്കലിലായി. 1919 ഡിസംബർ 31 വരെ ജയിലായിരുന്നു. 1920 ജനുവരി ഒന്നിനാണ് പുറത്തുവരുന്നത്. മൗലാനാ റാഞ്ചിയിൽ തടവിൽ കഴിയുമ്പോൾ ഗാന്ധിജി അവിടെയെത്തുന്നുണ്ട്. ചമ്പാരൻ ജില്ലയിലെ നീലം കൃഷിക്കാരെ കാണാനുള്ള യാത്രക്കിടയിലാണത്. ജയിലിൽ കഴിയുന്ന മൗലാനയെ കാണാൻ ഗാന്ധിജി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അധികൃതർ അനുമതി നൽകിയില്ല. അവർ തമ്മിൽ ആദ്യമായി കാണുന്നത് 1920 ജനുവരിയിൽ മൗലാനാ ഡൽഹി സന്ദർശിച്ചപ്പോഴാണ്. തുർക്കി ഖിലാഫത്തിൻറെ ഭാവിയും അതിനോട് ബ്രിട്ടൻറെ സമീപനവുമാണ് അക്കാലത്തെ പ്രധാന ചർച്ചാവിഷയം.

മക്കയും മദീനയുമടക്കം ലോകമുസ്​ലിംകളുടെ പുണ്യസ്ഥലങ്ങളെല്ലാം അന്ന് തുർക്കി ഖിലാഫത്തിനു കീഴിലായിരുന്നു. തുർക്കി ഭരിക്കുന്ന ഉസ്മാനിയാ ഭരണകൂടമാണെങ്കിൽ ലോകയുദ്ധത്തിൽ ബ്രിട്ടൻറെ എതിർപക്ഷത്ത് ജർമനിയുടെ കൂടെയായിരുന്നുവെന്ന് നാം ആമുഖത്തിൽ സൂചിപ്പിച്ചു. തുർക്കിയെ പരാജയപ്പെടുത്തി അതിനു കീഴിലെ ഭൂപ്രദേശങ്ങൾ പങ്കിട്ടെടുക്കാനാണ് ബ്രിട്ടൻറേയും സഖ്യകക്ഷികളുടേയും നീക്കമെന്ന് ആഗോള മുസ്​ലിംകൾ മനസ്സിലാക്കി. പുണ്യഗേഹങ്ങൾ ശത്രുക്കളുടെ കീഴിലാകുമെന്ന് മുസ്​ലിംകൾ ഭയന്നു. ഇന്ത്യൻ മുസ്​ലിംകളേയും ആ ഭയം ഗ്രസിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യൻ മുസ്​ലിംകൾക്കുള്ള ആശങ്ക അറിയിക്കാൻ വൈസ്രോയിയുടെ അടുത്തേക്ക് നിവേദക സംഘത്തെ അയക്കണമെന്ന ഒരു നിർദ്ദേശം ഈ ഘട്ടത്തിൽ ഉയർന്നുവന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ചർച്ചയിൽ ഗാന്ധിജി പങ്കെടുത്ത കാര്യം മൗലാനാ വിവരിക്കുന്നുണ്ട്. ഗാന്ധിജി മുസ്​ലിംകളോട് പൂർണമായ അനുതാപം പ്രകടിപ്പിക്കുകയും നിവേദകസംഘം എന്ന നിർദ്ദേശത്തിൽ താൽപ്പര്യം കാണിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ മുസ്​ലിംകളോട് ചേർന്ന് പ്രവർത്തിക്കാൻ തയാറാണെന്നും ഗാന്ധിജി പ്രഖ്യാപിച്ചു. 1920 ജനുവരി 20 ന് ഇക്കാര്യത്തിന്നായി ദൽഹിയിൽ ഒരു യോഗം ചേർന്നു. ഖിലാഫത്തു പ്രശ്നത്തിൽ ഇന്ത്യൻ മുസ്​ലിംകളുടെ നിലപാടിനെ ഗാന്ധിക്ക് പുറമെ ലോകമാന്യ തിലകനും മറ്റു കോൺഗ്രസ് നേതാക്കളും അന്ന് പിന്തുണച്ചിരുന്നു. പ്രതിനിധി സംഘം വൈസ്രോയിയെ കണ്ടു. അവരെ ലണ്ടനിലേക്ക് അയക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കാം എന്നായിരുന്നു വൈസ്രോയിയുടെ മറുപടി. ബ്രിട്ടീഷ് ഗവൺമെൻറിനു മുന്നിൽ നേരിട്ട് പ്രശ്നം അവതരിപ്പിക്കുന്നതാണ് നല്ലത്. തനിക്ക് ഒന്നും ചെയ്യാനാകില്ല എന്നും വൈസ്രോയി ചെംസ്ഫോഡ് പ്രഭു ആ സംഘത്തോട് അറിയിച്ചു. നിവേദനത്തിൽ ഒപ്പുവെച്ചിരുന്നുവെങ്കിലും അത് സമർപ്പിക്കാൻ പോയ സംഘത്തിൽ താൻ ചേർന്നില്ല എന്നാണ് മൗലാനാ പറഞ്ഞത്. കാര്യങ്ങൾ നിവേദനങ്ങൾക്കും നിവേദക സംഘങ്ങൾക്കുമെല്ലാം അപ്പുറമെത്തി എന്നായിരുന്നു മൗലാനയുടെ നിരീക്ഷണം. അടുത്ത നീക്കം എന്ത് എന്ന ചോദ്യം ഉയർന്നുവന്നു. അതാലോചിക്കാൻ ഒരു യോഗം ചേർന്നു. മൗലാനാ മുഹമ്മദലി, ഷൗക്കത്തലി, ഹക്കീം അജ്മൽ ഖാൻ, ലക്നൗവിലെ ഫ്രങ്കിമഹലിൻറെ തലവനായ മൗലവി അബ്ദുൽ ബാരി എന്നിവരൊക്കെ പങ്കെടുത്തിരുന്നു. മൗലാനാ ആസാദുമുണ്ടായിരുന്നു കൂടെ. പ്രതിനിധി സംഘങ്ങളുടേയും നിവേദനങ്ങളുടേയുമെല്ലാം കാലം കഴിഞ്ഞതായി ഗാന്ധിജി ആ യോഗത്തിൽ പറഞ്ഞു. നിസ്സഹകരണം എന്ന ആശയവും അതിനുള്ള പരിപാടികളും ഗാന്ധിജി യോഗത്തിൽ അവതരിപ്പിച്ചു. “സർക്കാറിനു നൽകി വരുന്ന എല്ലാവിധ പിന്തുണയും നാം നിർബന്ധമായും പിൻവലിച്ചിരിക്കണം. എങ്കിലേ സർക്കാർ ആവശ്യങ്ങൾ പരിഗണിക്കൂ” – എന്നായിരുന്നു ഗാന്ധിജിയുടെ വാദം. സർക്കാർ നൽകിയ പദവികളും സ്ഥാനമാനങ്ങളും തിരിച്ചുകൊടുക്കുക, കോടതികളും വിദ്യഭ്യാസ സ്ഥാപനങ്ങളും ബഹിഷ്ക്കരിക്കുക, സർക്കാർ ജോലിയിലുള്ള ഇന്ത്യക്കാർ രാജിവെക്കുക, പുതുതായി രൂപീകരിക്കുന്ന നിയമനിർമാണ കൗൺസിലുകളിൽ ഒരു വിധത്തിലും പങ്കുപറ്റാതിരിക്കുക -എന്നീ നിർദ്ദേശങ്ങളും ഗാന്ധിജി മുന്നോട്ടുവെച്ചു. ഇതിനോട് പലതരത്തിലാണ് മറ്റുള്ളവർ പ്രതികരിച്ചത് എന്ന് മൗലാനാ വിവരിക്കുന്നുണ്ട്. പരിപാടിയെ കുറിച്ച് ആലോചിക്കാൻ തനിക്ക് കുറച്ച് സമയം വേണം എന്നതായിരുന്നു ഹക്കീം അജ്മൽ ഖാൻറെ നിലപാട്. താൻ സ്വയം അംഗീകരിക്കുന്നതുവരെ മറ്റുള്ളവരോട് പരിപാടി നിർദ്ദേശിക്കാൻ അജ്മൽ ഖാൻ ഇഷ്ടപ്പെട്ടില്ല. ഗാന്ധിജിയുടെ നിർദ്ദേശങ്ങൾ ചില മൗലിക പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട് എന്നാണ് മൗലവി അബ്ദുൽ ബാരി പറഞ്ഞത്. അതിനാൽ ഇഅ്തികാഫിൽ ഇരുന്ന് ഇസ്തിഖാറത്ത് നമസ്കരിച്ച് ദൈവീക മാർഗനിർദ്ദേശം തേടണം. അതിനു ശേഷമേ മറുപടി പറയാനാകൂ എന്ന് മൗലവി വ്യക്തമാക്കി. മൗലവിയുടെ തീരുമാനം വരുന്നതുവരെ തങ്ങൾ കാത്തു നിൽക്കും എന്നായിരുന്നു മൗലാനാ മുഹമ്മദലിയും സഹോദരൻ ഷൗക്കത്തലിയും പറഞ്ഞത്. ഗാന്ധിജി തൻറെ നേരെ തിരിഞ്ഞപ്പോൾ ഒരു നിമിഷത്തെ വൈമനസ്യം പോലുമില്ലാതെ താൻ ആ പരിപാടി പൂർണമായി അംഗീകരിച്ചുവെന്ന് മൗലാനാ ആസാദ് പറയുന്നു. ”ജനങ്ങൾക്ക് യഥാർത്ഥത്തിൽ തുർക്കിയെ സഹായിക്കണം എന്നുണ്ടെങ്കിൽ ഗാന്ധിജി വരച്ചുകാട്ടിയ പദ്ധതി അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ല” എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതേ ആശയം തൻറെ മനസ്സിൽ നേരത്തേ തന്നെ ഉണ്ടായിരുന്നുവെന്നും അതേക്കുറിച്ച് ‘അൽ ബലാഗ്’ൽ എഴുതിയിരുന്നുവെന്നും മൗലാന ഓർക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ടോൾസ്റ്റോയ് ഇതേ പരിപാടി മുന്നോട്ടുവെച്ചിരുന്നുവെന്നാണ് മൗലാന ഓർത്തെടുക്കുന്നത്. 1901ൽ അരാജകവാദികൾ ഇറ്റലിയിലെ രാജാവിനെ ആക്രമിച്ചപ്പോഴാണത്. അന്ന് ടോൾസ്റ്റോയി അരാജകവാദികൾക്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. ”അക്രമം ധാർമ്മികമായി തെറ്റും രാഷ്ട്രീയമായി തുച്ഛം ഗുണം മാത്രം ചെയ്യുന്നതുമാണ്” എന്നായിരുന്നു അതിലെ സന്ദേശം. ഗാന്ധിജി നിസ്സഹകരണം എന്ന ആശയം മുന്നോട്ടുവെച്ചപ്പോൾ ആസാദ് അത് അംഗീകരിക്കുകയായിരുന്നു.

ഏതാനും ആഴ്ചകൾ കഴിഞ്ഞ് മീറത്തിൽ ഒരു ഖിലാഫത്ത് സമ്മേനം വിളിച്ചുകൂട്ടി. അവിടെയാണ് ഗാന്ധിജി നിസ്സഹരണസമരത്തിനു വേണ്ടി ആദ്യമായി പൊതുവേദിയിയിൽ പ്രസംഗിച്ചത്. ഗാന്ധിജി പ്രസംഗിച്ചു കഴിഞ്ഞയുടൻ മൗലാനാ ആസാദും പ്രസംഗിച്ചു. ഗാന്ധിജിക്ക് മൗലാന നിരുപാധിക പിന്തുണ നൽകി. 1920 സെപ്തംബറിൽ കോൺഗ്രസിൻറെ ഒരു പ്രത്യേക സമ്മേളനം കൽക്കത്തയിൽ ചേർന്നു. ഗാന്ധിജി തയാറാക്കിയ കർമ്മ പരിപാടികൾ പരിഗണിക്കുന്നതിന് വേണ്ടിയായായിരുന്നു ആ യോഗം. സ്വരാജ് നേടിയെടുക്കണമെങ്കിലും ഖിലാഫത്ത് പ്രശ്നം തൃപ്തികരമായി പരിഹരിക്കണമെങ്കിലും നിസ്സഹകരണ പരിപാടി അത്യാവശ്യമാണെന്ന് ഗാന്ധിജി യോഗത്തിൽ പറഞ്ഞു. അധ്യക്ഷനായിരുന്ന ലാലാ ലജ്പത് റായിയും സീനിയർ നേതാവായ സി.ആർ ദാസും ഗാന്ധിജിയോട് പ്രസ്തുത വിഷയത്തിൽ അന്ന് യോജിച്ചിരുന്നില്ല. ബ്രിട്ടീഷ് സർക്കാറിനോട് പൊരുതാനുള്ള ഏറ്റവും നല്ല ആയുധം ബ്രിട്ടീഷ് സാധനങ്ങൾ ബഹിഷ്ക്കരിക്കുക മാത്രമാണ് എന്ന് ബിപിൻ ചന്ദ്ര പാൽ ശക്തമായി വാദിച്ചു. ഗാന്ധിജിയുടെ പരിപാടികളിൽ മറ്റൊന്നിലും അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നില്ല. ആ നേതാക്കളൊക്കെ എതിർത്തെങ്കിലും നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാനുള്ള പ്രമേയം മഹാ ഭൂരിപക്ഷത്തോടെ പാസായി. തുടർന്നുള്ള മാസങ്ങളിൽ ഗാന്ധിജി രാജ്യത്തെ നിസ്സഹകരണ സമരത്തിന് ഒരുങ്ങുന്നതിനു വേണ്ടിയുള്ള നിരന്തര യാത്രയിലായിരുന്നു. “ഞാൻ ഏറെ സമയവും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു. മൗലാനാ മുഹമ്മദലിയും ഷൗക്കത്തലിയുമായിരുന്നു ഞങ്ങളുടെ കൂടെയുണ്ടായിരുന്നത്” – മൗലാനാ ആസാദ് ഗ്രന്ഥത്തിൽ ഓർക്കുന്നു.

1920 സിസംബറിൽ കോൺഗ്രസ്സിൻറെ വാർഷിക സമ്മേളനം നാഗ്പൂരിൽ ചേർന്നു. ജിന്ന എന്നന്നേക്കുമായി കോൺഗ്രസ്സിനോട് വിട പറഞ്ഞ് ഇറങ്ങിപ്പോയ സമ്മേളനമാണത്. ഈ സമയമായപ്പോഴേക്ക് രാജ്യത്തെ രാഷ്ട്രീയ മനോനിലക്ക് മാറ്റം വന്നിരുന്നു. സി.ആർ ദാസ് പരസ്യമായി നിസ്സഹകരണ സമരത്തെ തുണച്ചു. ലാലാ ലജ്പത് റായി ആദ്യമൊന്ന് എതിർത്തു നിന്നു. പക്ഷേ പഞ്ചാബിലെ പ്രതിനിധികൾ പരിപാടി അംഗീകരിക്കുകയാണ് എന്ന് കണ്ടപ്പോൾ ലജ്പത് റായിയും ഗാന്ധിജിയുടെ പക്ഷത്തു ചേർന്നു. രാജ്യവ്യാപകമായിത്തന്നെ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു കൊണ്ടാണ് സർക്കാർ ഇതിനോട് പ്രതികരിച്ചത്. – ഇത്രയും ചരിത്രവസ്തുതകൾ നിരത്തിക്കൊണ്ടാണ് മൗലാനാ അബുൽ കലാം ആസാദ് ഖിലാഫത്തും നിസ്സഹകരണ സമരവും തമ്മിൽ വേർപിരിക്കാനാവില്ല എന്ന് കാണിച്ചു തരുന്നത്. ആദ്യ ബാച്ചിൽ തന്നെ ആസാദ് അറസ്റ്റിലാവുകയുണ്ടായി. കൽക്കത്തയിലെ ആലിപ്പൂർ ജയിലിലായിരുന്നു തടവ്. 1923 ജനുവരി ഒന്നിനാണ് തുടർന്ന് പുറത്തുവരുന്നത്. തുടർന്ന് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം രാഷ്ട്രീയ നേതാവും എഴുത്തുകാരനും വിദ്യഭ്യാസ വിചക്ഷണനുമായ പ്രൊഫ. ഹുമയൂൺ കബീറിൻറെ നിർബന്ധത്തിനു വഴങ്ങി മൗലാനാ ഈ പുസ്തകം എഴുതി. സ്വാതന്ത്ര്യം നേടിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എഴുതിയാൽ പലരുടേയും നിലപാടുകൾ വിമർശിക്കേണ്ടിവരും , അതിനാൽ എഴുതുന്നില്ല എന്നായിരുന്നു മൗലാനയുടെ ആദ്യ നിലപാട്. ഹുമയൂൺ കബീർ നിരന്തരം നിർബന്ധിച്ചു. ഒടുവിൽ മൗലാന ഉർദുവിൽ എഴുതിത്തുടങ്ങി. ചിലപ്പോഴൊക്കെ സംസാരിച്ചു. ഹുമയൂൺ കബീർ അതെല്ലാം ഇംഗ്ലീഷിലാക്കി. 1957 സെപ്തംബറിൽ പുസ്തകം പൂർത്തിയായി. പക്ഷേ പലയിടത്തു നിന്നായി 30 പേജുകൾ ഒഴിവാക്കണമെന്ന് മൗലാനാ നിർദ്ദേശിച്ചു. ഒരു നേതാവിൻറെ വ്യക്തിപരമായ പ്രതിഛായ പ്രതിഫലിക്കുന്ന പരാമർശങ്ങളായിരുന്നു അവ. പുസ്തകത്തിൻറെ പൂർണ രൂപത്തിലുള്ള ഒരോ പ്രതികൾ കൽക്കത്തയിലെ നാഷനൽ ലൈബ്രററിയിലും ഡൽഹിയിലെ നാഷനൽ ആർക്കേവ്സിലും സൂക്ഷിക്കാനായി ഏൽപ്പിച്ചു. ഒഴിവാക്കിയ ഭാഗങ്ങൾ 30 വർഷങ്ങൾക്ക് ശേഷം പ്രസിദ്ധീകരിച്ചാൽ മതിയെന്ന് മൗലാന നിർദ്ദേശം നൽകി. 1958 ൽ തൻറെ എഴുപതാം പിറന്നാളിന് (11 നവംബർ) ന് പുസ്തകം പ്രകാശനം ചെയ്യണം എന്നായിരുന്നു മൗലാനാ ആഗ്രഹിച്ചിരുന്നത്. പക്ഷേ, അതിനു മുമ്പ് 22 ഫെബ്രുവരി 1958 ന് അദ്ദേഹം നിര്യാതനായി.

കഴിഞ്ഞ നൂറ്റാണ്ടിലെ ഇരുപതുകളിൽ അദ്ദേഹത്തിന്റെ ഖിലാഫത്ത് ചിന്തകൾ കേരളത്തിൽ പോലും അനുരണനങ്ങൾ ഉണ്ടാക്കിയിരുന്നു.മുഹമ്മദ് അബ്ദുർ റഹ്മാൻ സാഹിബ് മൗലാനാ അബ്ദുൽ കലാം ആസാദിന്റെ ഖിലാഫത്ത് ആൻഡ് ജസീറത്തുൽ അറബ് എന്ന ഗ്രന്ഥം വായിച്ചതാണ് ദേശീയ പ്രസ്ഥാനത്തോടടുക്കാൻ ആഭിമുഖ്യം വളരാനിടയാക്കിയത്. ഹുകൂമതെ ഇലാഹിയുടേയും ഖിലാഫത്തിന്റേയും സമഗ്രമായ പഠനങ്ങൾ ആദ്യമായി നടത്തിയത് ആസാദായിരുന്നു. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു വ്യവസ്ഥയുടെ ഭാഗമാണവ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ആസാദിന്റെ കത്തുകളുടെ ഒരു ശേഖരമായ ഗ്രന്ഥമാണ് ഗുബാറെ ഖാത്വിർ .ഈ കത്തുകളെല്ലാം അലിഗർ ജില്ലയിലെ നവാബ് സദ്ർ യാർ ജങ് മൗലാനാ ഹബീബുറഹ്മാൻ ഖാൻ ശർവാനി ഭികാംപൂരിനെ അംഭിസംബോധന ചെയ്ത് എഴുതിയവയായിരുന്നു ഗുബാർ. 1942 നും 1945 നും ഇടയിൽ അഹമ്മദ്‌നഗർ ജയിലിലാവുമ്പോഴാണ് ഈ കത്തുകൾ എഴുതിയത്. മൗലാനയുടെ ജീവിതത്തിന്റെ വലിയൊരു ഭാഗവും ജയിലുകളിൽ .
ചെലവഴിച്ചിട്ടുണ്ടെങ്കിലും അഹ്മദ്നഗറിലെ ഈ ജയിലനുഭവം മുമ്പത്തേക്കാൾ കഠിനമായിരുന്നു, കാരണം ആരെയും കണ്ടുമുട്ടാനോ കത്തിടപാടുകൾ നടത്താനോ വാച്ചർമാരദ്ദേഹത്തെ അനുവദിച്ചിരുന്നില്ല . ഹൃദയത്തിലെ മൂടിക്കെട്ടലുകളിൽ നിന്ന് രക്ഷപ്പെടാൻ ഒരു മാർഗം കണ്ടെത്തി അദ്ദേഹം കത്തുകൾ എഴുതി സംരക്ഷിക്കാൻ തുടങ്ങി. മൗലാനാ തന്നെ ഈ അക്ഷരങ്ങൾക്ക് ഗുബാറെ ഖാത്വിർ എന്ന് പേരിട്ടു. ജനകീയ ഖിലാഫത്തിന്റെ സാധ്യതയും സാധുതയും അദ്ദേഹം അതിൽ അക്കമിട്ട് വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ചിന്തകളുടെ സാരാംശമായാണ് ഗുബാർ മനസ്സിലാക്കപ്പെടുന്നത്. തദ്കിറ , തർജുമാനുൽ ഖുർആൻ എന്നിവയുടെ ജനകീയ സെക്കുലർ വായനയായാണ് പ്രസ്തുത ഗ്രന്ഥം വിലയിരുത്തപ്പെടുന്നത്.

റഫറൻസ് :
മലബാർ സമരം പുസ്തകങ്ങളിലൂടെ : PT നാസർ,
ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു ,
വിക്കിപ്പീഡിയ

Related Articles