Current Date

Search
Close this search box.
Search
Close this search box.

സീലടിക്കാൻ കാത്തിരിക്കുന്നവരോട്

Keep Calm in Heated Debates

ശൈഖ് അബ്ദുൽ ഖാഹിർ ജുർജാനി (400AH/1009CE-474AH/1081CE) ഒരു ശുദ്ധ സുന്നി അശ്അരി അഖീദക്കാരനായിരുന്നു. അദ്ദേഹം മുഅ്തസിലിയായ ജാഹിളി(159AH/776CE- 255AH/869CE) ന്റെ ഗ്രന്ഥങ്ങൾ വായിച്ചതുപോലെ ആരും ലോകത്തവ വായിച്ചിട്ടില്ല എന്നതാണ് വാസ്തവം. ജാഹിളിന്റെ പല ഗ്രന്ഥങ്ങളും പുറം ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടാൻ കാരണം ജുർജാനിയായിരുന്നു എന്ന് പറയുന്നത് അതിശയോക്തിയല്ല. പിന്നീടദ്ദേഹത്തെ ഗുരുതുല്യനായി കണ്ട് അദ്ദേഹത്തിന്റെ മാസ്റ്റർപീസായ തഅ് രീഫാത്തിന്റെയും മറ്റും ബ്രാൻഡ് അംബാസഡർ ആയത് മറ്റൊരു മുതിർന്ന മുഅ്തസിലിയായ ഇമാം സമഖ്ശരി ( 467AH/1074CE-538AH/1143CE) യായിരുന്നു. മുഅ്തസിലകളും അശ്അരികളും തമ്മിലുള്ള ദൈവശാസ്ത്ര വ്യത്യാസങ്ങൾ വൈജ്ഞാനിക മേഖലകളിലെ പരസ്പരമുള്ള ഉപയോഗപ്പെടുത്തലിന് ഒരു തരത്തിലും തടസ്സമായിരുന്നില്ല എന്നർത്ഥം . കാരണം, ആളുകളുടെ സംസ്കാരം എത്രത്തോളം ഉയർന്നതായിരുന്നുവോ അത്രയധികം അവർ പരസ്പരം അംഗീകരിച്ചിരുന്നു.പക്ഷേ അതെല്ലാം നമ്മുടെ കാലത്ത് കാണാക്കാഴ്ചകളാണ്.

നമ്മുടെ വിശ്വാസത്തെ അംഗീകരിക്കാത്തവനെ വഴിപിഴച്ചവനായി പ്രഖ്യാപിക്കാനും അപകീർത്തിപ്പെടുത്താനും കുഫ്ർ ഫത്‌വ പുറപ്പെടുവിക്കാനും നമുക്ക് യാതൊരു പ്രയാസവുമില്ല. ഒരാളെ വഴിപിഴച്ചവനോ അവിശ്വാസിയോ ആയി പ്രഖ്യാപിക്കുന്നത് വല്ല ദീനിയായ നേട്ടമാണോ എന്ന് പോലും നാം ചിന്തിക്കുന്നില്ല. മതപരവും വൈജ്ഞാനികവുമായ പ്രാഥമിക കടമകളെക്കുറിച്ച് ചിന്തിക്കാൻ കഴിയാത്ത വിധത്തിൽ നമ്മുടെ ബുദ്ധിയുടെ ജാലകങ്ങൾ ശരിക്കും അടഞ്ഞ് പോയിരിക്കുന്നു. നമ്മുടെ ചിന്താധാരയിലല്ലാത്ത പണ്ഡിതരെല്ലാം അക്ഷരപൂജകരോ പ്രമാണ നിഷേധികളോ മതവിരുദ്ധരോ ഒക്കെയായി ചാപ്പയടിക്കുന്ന ഈ വിഡ്ഢി മനസ്സും കുറഞ്ഞ ബുദ്ധിയും മുൻഗാമികൾക്കുണ്ടായിരുന്നില്ല എന്നാണ് ചരിത്രത്തിൽ നിന്നും മനസ്സിലാവുന്നത്. നമ്മുടെ ഈ ഇടുങ്ങിയ ചിന്താഗതിയെ ബോധപൂർവ്വം ചങ്ങലക്കിടണം. ഹദീസ് ഗ്രന്ഥങ്ങളിൽ നാം വായിച്ചിട്ടില്ലേ :دعوها فإنها منتنة (വളരെ ചീഞ്ഞളിഞ്ഞ ആ സ്വഭാവം വലിച്ചെറിയൂ ).

ദുർഗന്ധപൂരിതവും വൃത്തികെട്ടതുമായ ആ മാനസിക സാഹചര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുക. മുസ്ലിമിനെ വഴിപിഴച്ചവനെന്നോ അവിശ്വാസിയെന്നോ വിളിക്കുന്നത് മഹാപാപവും വലിയ അപരാധവുമാണെന്ന സുന്നത്തും ശരീഅത്തും നൽകുന്ന പാഠങ്ങൾ നാം ഓർക്കാതെ പോകുന്നത് അതിശയകരമാണ് ! تلك دماء طهر الله منها يدي فلا أحب أن أخضب بها لساني എന്റെ കൈകൾ അശുദ്ധമാവാതെ അല്ലാഹു കാത്ത രക്തമാണിത്, ഇത് കൊണ്ട് എന്റെ നാവിൽ കറപിടിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല എന്ന ഉമറുബ്നു അബ്ദിൽ അസീസി (റ)ന്റെ വിശാലത പ്രബോധകർ പുലർത്തേണ്ടതുണ്ട്.

മുസ്ലീം വിഭാഗങ്ങൾ പരസ്പരം വഴിപിഴച്ചവരെന്ന് വിളിക്കുമ്പോഴും സ്റ്റേജിലും പേജിലും അവയെല്ലാം ആരോപിക്കുമ്പോഴും അവരാരും വിജയിക്കുന്നില്ല, പ്രത്യുത പൊതുജന മധ്യത്തിൽ പരാജയപ്പെടുകയും അപകീർത്തിപ്പെടുകയും ചെയ്യുന്നത് സമുദായമൊന്നടങ്കമാണ് എന്നതാണ് സങ്കടകരം. അവരുടെ ഉള്ളിൽ പരസ്പരം വെറുപ്പ് വളരുന്നു.ശത്രുതയുടെ കമ്പോളത്തിന് ചൂടുപിടിക്കുന്നു. ഒരിക്കലും അണയാത്ത പ്രതികാരാഗ്നി വെറുതെ ആളിക്കത്തുന്നു. ഇസ്ലാമിന്റെ ശത്രുക്കളും ലിബറലുകളും എക്സ് മുസ്ലീങ്ങളും കോളാമ്പി കെട്ടി ഈ മതക്കാരെ കളിയാക്കി ചിരിക്കുകയും തദ്വാരാ നിരവധി മുസ്ലീം യുവാക്കളെ വീണ്ടും എക്സാക്കുകയും ചെയ്യുന്നു. പുതിയ തലമുറ ഒന്നുകിൽ ഇസ്‌ലാം ഉപേക്ഷിക്കുകയോ അല്ലെങ്കിൽ കപട ജീവിതം നയിക്കാൻ നിർബന്ധിതരാകുകയോ ചെയ്യുന്നു. ചുരുങ്ങിയത് ക്ഷമാപണ മനസ്സോടെ ഒതുങ്ങിക്കൂടി തനിക്കായി പണിത ദ്വീപിൽ ഒറ്റപ്പെട്ട് കഴിയുന്നു.

ക്രിസ്താബ്ദം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഇന്ത്യയിലെ പലഭാഗങ്ങളിലും തക്ഫീറിന്റെയും മതപരി ത്യാഗത്തിന്റെയും ലഹളകൾ വരെ ഉണ്ടായിരുന്നു . മുസ്ലീങ്ങൾ ഹിന്ദു രാജാക്കന്മാരുടെയും ബ്രിട്ടീഷ് ഭരണാധികാരികളുടെയും കോടതികളിൽ പോലും മതപരമായ സുന്നി – ശിആ വ്യത്യാസങ്ങൾ തീർത്തു. വിഭാഗീയത ഇല്ലാതാക്കുക എന്നതല്ലായിരുന്നു , പ്രത്യുത ഓരോ വിഭാഗവും എങ്ങനെ വ്യതിരിക്തരാവുന്നു എന്നതായിരുന്നു പല കാര്യങ്ങളിലും അവരുടെ പ്രധാന ലക്ഷ്യം.വേഷത്തിലും ഭാഷയിലും ശൈലിയിലും വരെ സാദൃശ്യപ്പെടാതിരിക്കാൻ ഓരോ ഗ്രൂപ്പും ശ്രമിച്ചു കൊണ്ടിരുന്നു.സമൂഹവും സമുദായവും നേരിടുന്ന വെല്ലുവിളികളെ നേരിടാൻ തക്ഫീറിന്റെയും മതനിഷേധത്തിന്റെയും ചാപ്പയടിക്കുക എന്ന സരളമായ മാർഗം തിരഞ്ഞെടുക്കാതെ അവരെയെല്ലാവരേയും ചേർത്ത് പിടിക്കാനും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പുകമറകൾക്കപ്പുറം പരസ്പരം അടുപ്പിക്കാനാവശ്യമായബോധപൂർവ്വമായ ശ്രമങ്ങൾ ചിലയിടങ്ങളിലെങ്കിലും അന്നുമുതലേ നടക്കുന്നുണ്ട്. അതിനുപയോഗപ്പെടുത്താവുന്ന കുലീനവും ധൈര്യപൂർവ്വവുമായ രണ്ട് രാജപാതകളുണ്ട്.

1- വഴിപിഴച്ച ആശയങ്ങളുടെ ഗൌരവമായ ശാസ്‌ത്രീയ അന്വേഷണവും അവയെ നേരിടാനുള്ള ഒറ്റക്കെട്ടായ പരിശ്രമങ്ങളും ഉമ്മത്തിൽ നിന്നുമുണ്ടാവേണ്ടതുണ്ട്. ശാഹ് വലിയുല്ലാഹിദ്ദഹ് ലവിയുടെയും അല്ലാമ ശിബ്‌ലി നുഅ്മാനിയുടെയും മറ്റും പരിശ്രമങ്ങൾക്ക് പിന്തുടർച്ചയില്ലാതെ പോയി. ഓരോ കൊച്ചു സംഘവും ആളും അർഥവും അധ്വാനവും ചെലവഴിക്കുന്നത് ഒറ്റക്ക് ഒരേ ശത്രുക്കൾക്ക് മറുപടി പറയാനും സംവാദങ്ങൾ സംഘടിപ്പിക്കാനുമാണ് എന്നതാണ് ഏറെ ആശ്ചര്യകരം! .അതിന് പറ്റുന്ന രീതിയിലുള്ള വിഭവ ശേഖരം കണ്ടെത്തി ഐക്യകണ്ഠേനയുള്ള ശ്രമങ്ങളാണ് നടകകേണ്ടത്.

2- വഴിപിഴച്ച എഴുത്തുകാരുടെ പുസ്തകങ്ങൾക്കും ആരോപണങ്ങൾക്കും ഗ്രൂപ്പടിസ്ഥാനത്തിൽ മറുപടി പറയാൻ അധ്വാനം ചെലവഴിക്കുന്നതിന് പകരം ഉയർന്ന നിലവാരമുള്ള ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തി ഉമ്മത്തിന്റെ മൊത്തം പൊതുമുതലായി പ്രസിദ്ധീകരിക്കുകയും എല്ലാവരും കൂടി അതിനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുക. എന്റെ പാർട്ടി/ ഞങ്ങളുടെ പബ്ലിഷർമാർ ആദ്യമെന്ന പൊങ്ങച്ചം മാറ്റി വെക്കുക. പെരുന്നാളിന് പോത്തിനെ അറുക്കുന്നതിന്റെ പകുതി ആവേശമെങ്കിലുപയോഗിച്ച് ഈഗോകളെ ബലികൊടുക്കുക.

പാശ്ചാത്യരുടെ ഒരു പ്രധാന എതിർപ്പ് മുസ്ലീം സ്ത്രീകളുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയ്ക്ക് അവരുടെ മതമാണ് ഉത്തരവാദി എന്ന് ഒരു ഓറിയന്റലിസ്റ്റ് എഴുതി. മുസ്‌ലിംകൾ അവരുടെ ചരിത്രത്തിൽ നിന്ന് വൈജ്ഞാനികമായി മുന്നേറിയ ചില സ്ത്രീകളുടെ പേരുകൾ അവതരിപ്പിച്ചാൽ, ഇസ്‌ലാം സ്ത്രീകളെ അടിച്ചമർത്തിയിട്ടില്ലെന്ന് ഞങ്ങൾ സമ്മതിക്കുമെന്നായിരുന്നു അയാളുടെ വാദം. ലോകം മുഴുവനുമുള്ള വിശ്വാസികൾ ആ ദൗത്യം ഡോ. അക്റം നദ്‌വിയെ ഏല്പിച്ചു. ഇപ്പോൾ ആ എതിർപ്പ് എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടു. വിജ്ഞാനസമ്പാദന വിനിമയങ്ങൾക്ക് വേണ്ടി ജീവിച്ച ആയിരക്കണക്കിന് സ്ത്രീകളുടെ സ്വതന്ത്രമായ വിജ്ഞാനകോശം തന്നെ നല്കി മൊത്തം ഉമ്മത്തിന്റെ കർമം അദ്ദേഹം പൂർത്തിയാക്കി.

ഇത്പോലെ വൈജ്ഞാനിക മേഖലകളിൽ നിന്നുള്ള സ്രോതസ്സുകളെ /റിസോർസുകളെ കണ്ടെത്തി സംഘടനാതീതമായി ചിന്തിച്ച് പരിഹരിക്കാവുന്നതേയുള്ളൂ ഇന്ന് നാം അനുഭവിക്കുന്ന ലിബറൽ / ജബ്റ / സംഘി / കൃസംഘി വിമർശനങ്ങൾ . നമ്മുടെ കാലഘട്ടത്തിൽ നടന്നിട്ടുള്ള മറ്റു ചില ശ്രമങ്ങൾ വേറെയുമുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലെ ഓരോ കാലഘട്ടത്തിലും ഇത്തരം കൂട്ടായ പരിശ്രമം ഉണ്ടായിട്ടുണ്ട്.
ഒരാളുടെ ചിന്തയോ എഴുത്തോ ഫിത്‌നക്ക് / പ്രശ്നത്തിന് കാരണമാകുമെന്ന് കാണുമ്പോൾ, ആ വ്യക്തിയെ മോശക്കാരൻ എന്നോ, വഴിപിഴച്ചവനും അവിശ്വാസിയും എന്നോ വിളിക്കുന്നതിനുപകരം, ശാസ്ത്രീയമായും വൈജ്ഞാനികമായും പ്രമാണങ്ങളുടെ വെളിച്ചത്തിൽ തെറ്റ് വ്യക്തമാക്കുകയാണെങ്കിൽ ആ ഫിത്‌ന സ്വയം മരിക്കുകയോ ദുർബലമാവുകയോ ചെയ്യും.

ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം നിങ്ങൾക്ക് എതിരഭിപ്രായമുണ്ടെങ്കിൽ പ്രതിപക്ഷ ബഹുമാനത്തോടെ ആ വിഷയത്തിൽ നിങ്ങൾ ഒരു മികച്ച പുസ്തകം തയ്യാറാക്കുന്നതാണ് ഏറ്റവും മികച്ച സംവേദന രീതി. അല്ലാതെ സീലടിച്ച് കാഫിറോ മുർതദ്ദോ ആക്കി തെരുവുകളിൽ പ്രസംഗിച്ച് വ്യക്തിയതിക്ഷേപം നടത്തലല്ല. ജോർജ് സൈദാന്റെ പാടിപ്പുളിച്ച ആരോപണങ്ങൾക്ക് ശിബ് ലി നുഅ്മാനി തന്റെ “ഇന്തിഖാദ്” എന്ന ഗ്രന്ഥത്തിലൂടെ നല്കിയ മറുപടി ഒന്ന് വായിച്ചാലറിയാം എത്ര രചനാത്മകമായാണ് ആരോപണങ്ങൾക്ക് പ്രബോധകർ മറുപടിപറയേണ്ടതെന്ന് . പരസ്യമായി ഓറിയന്റലിസ്റ്റ് / മാസോണിസ്റ്റ് വാദം വെച്ച് പുലർത്തിയിരുന്ന ജോർജ് സൈദാനെ ആ ഒറ്റ സീൽ കൊണ്ടു വായടിപ്പിക്കാതെ; വൈജ്ഞാനികമായി സംവദിച്ചത് സൈദാനെയും ശിഷ്യന്മാരെയും മാറ്റിച്ചിന്തിപ്പിച്ചു. അതോടെ ഉയർന്നത് ഇസ്ലാമിന്റെ യശ്ശസ്സ് മാത്രമല്ല സംവാദകരുടെ സംസ്കാരവും കൂടിയായിരുന്നു. ഇതാണ് ഇസ്ലാമിന്റെ സംരക്ഷണ ബാധ്യത ഏറ്റെടുത്ത മഹാ പണ്ഡിതരോട് നമുക്ക് ഉണർത്താനുള്ളതും .

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

???? ലേഖകൻെറ  മറ്റുകുറിപ്പുകൾക്ക് 

Related Articles