Current Date

Search
Close this search box.
Search
Close this search box.

കെ.എം. രിയാലു സാഹിബ്: മാതൃകായോഗ്യനായ പ്രബോധകൻ

ആദരണീയനായ കെ.എം. രിയാലു സാഹിബ് (മുഹമ്മദ് രിയാദ് മൂസ) അല്ലാഹുവിലേക്ക് യാത്രയായി. സംഭവ ബഹുലമായിരുന്നു, ആ ജീവിതം. ഇസ്ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ടും അല്ലാതെയും നിരവധി സേവന മേഖലകളിൽ വ്യാപരിച്ചിട്ടുള്ള അദ്ദേഹം, അറിയപ്പെടുന്നത് മികച്ച ഒരു പ്രബോധകനായാണ്. കേരള മുസ്ലിംകൾക്കിടയിൽ ഇസ്ലാമിക പ്രബോധനത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിലും പ്രസ്തുത ദൗത്യം പ്രായോഗികമായി നിർവഹിച്ച് മാതൃക കാണിക്കുന്നതിലും അദ്ദേഹം മുമ്പിൽനിന്നു. അക്കാര്യം മുസ്ലിം പൊതുധാരയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. തുടക്കത്തിൽ കുറച്ച് കാലം കേരള ഇസ്ലാമിക് മിഷൻ്റെ പ്രസിഡൻ്റായും അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി.

എൺപതുകളുടെ ആദ്യ പാദം മുതൽ സുദീർഘമായ മൂന്ന് പതിറ്റാണ്ടിലധികം കാലം അദ്ദേഹത്തെ അടുത്തറിയാനും സംവദിക്കാനും ഒപ്പം യാത്രചെയ്യാനും അവസരമുണ്ടായിട്ടുണ്ട്. 1984 ഫെബ്രുവരിയിൽ നടന്ന ശാന്തന്തപുരം ഇസ്ലാമിയ കോളേജ് രജത ജൂബിലി ആഘോഷത്തിൻ്റെ വളണ്ടിയർ ക്യാപ്റ്റൻ എന്ന നിലയിലാണ് ആദ്യം അദ്ദേഹം ശ്രദ്ധയിൽ വരുന്നത്. സമ്മേളനത്തിൻ്റെ സമാപന ഘട്ടത്തിൽ വളണ്ടിയർമാർക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് പതിഞ്ഞ സ്വരത്തിൽ അദ്ദേഹം നടത്തിയ ദീർഘമായ അനൗൺസ്മെൻ്റ് ഇപ്പോഴും കാതുകളിൽ വന്നലക്കുന്നു.

Also read: രോഗമാണദ്ദേഹത്തെ ധനികനാക്കിയത്

1992-ൽ കോഴിക്കോട് ദഅവ കോളേജിലെ പ്രഥമ ബാച്ച് വിദ്യാർത്ഥികളായ ഞങ്ങളുടെ കോഴ്സിൻ്റെ ഭാഗമായുള്ള പഠനയാത്രക്ക് നേതൃത്വംനൽകാൻ നിശ്ചയിക്കപ്പെട്ടത് രിയാലു സാഹിബാണ്. തമിഴ്നാട്ടിലെ തേനി, മധുര, തിരുനെൽവേലി, രാമനാഥപുരം, വെല്ലൂർ തുടങ്ങിയ ജില്ലകളിലെ പുതു മുസ്ലിം ഗ്രാമങ്ങളിലൂടെ ഒരാഴ്ച നീണ്ടുനിന്ന ആ യാത്ര
ജീവിതത്തിലെ അവസ്മരണീയമായ അനുഭവങ്ങളിൽ ഒന്നാണ്. ആ യാത്രയിലെ ചില രംഗങ്ങൾ പ്രത്യേക പരാമർശമർഹിക്കുന്നു.

എൺപതുകളുടെ മധ്യത്തിൽ മീനാക്ഷിപുരം ഗ്രാമത്തിലെ ദളിത് സഹോദരങ്ങൾ കൂട്ടത്തോടെ ഇസ്ലാം ആശ്ളേശിച്ചതാണ് സംഭവങ്ങളുടെ പശ്ചാത്തലം. മേൽജാതി ഹിന്ദുക്കളിൽ നിന്ന് നിരന്തരം നേരിട്ട ക്രൂരമായ ജാതി പീഡനങ്ങളാണ്, അന്ന് അവരെ ഇസ്ലാം സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. അവരുടെ പുനരധിവാസവും പ്രാഥമിക ദീനീ ശിക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രിയാലു സാഹിബും ഇടപെടലുകൾ നടത്തിയിരുന്നു. ദഅവ വിദ്യാർഥികൾ എന്ന നിലയിൽ ഞങ്ങൾക്ക് പ്രായോഗിക പരിജ്ഞാനം ലഭ്യമാക്കുക എന്നതായിരുന്നു, അവിടേക്ക് യാത്ര സംഘടിപ്പിച്ചതിൻ്റെ ഉദ്ദേശ്യം.

ഉൾപ്രദേശങ്ങളിലുള്ള പുതു മുസ്ലിംകൾ കൂട്ടമായാണ് താമസിച്ചിരുന്നത്. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും വ്യത്യസ്ത രീതികളാണ് കാണാൻ കഴിഞ്ഞത്. അതുവരെ ഇസ്ലാം സ്വീകരിച്ചവർ എല്ലാവരും, തങ്ങൾ നിർമിച്ച പുതിയ കേന്ദ്രത്തിൽ ഒരുമിച്ചുകൂടും. പലയിടത്തും അവ ഓലമേഞ്ഞ പുരകളാണ്. തലൈവർ (ഗ്രാമ മുഖ്യൻ) അതുവരെയുള്ള വിവരങ്ങൾ പറഞ്ഞു കേൾപ്പിക്കും. രിയാലു സാഹിബ് അതെല്ലാം രേഖപ്പെടുത്തും. പുതുവിശ്വാസികളുടെ വാസസ്ഥലങ്ങളിലെത്തി വിവരങ്ങൾ അന്വേഷിക്കുകയും പ്രശ്നങ്ങൾ അടുത്തറിയാൻ ശ്രമിക്കുകയും ചെയ്തത് ജീവിതത്തിൽ മുമ്പൊരിക്കലും നേടാൻ കഴിയാത്ത അനുഭവങ്ങളാണ് ഞങ്ങൾക്ക് സമ്മാനിച്ചത്. ഞങ്ങളുമായി യാത്ര പുറപ്പെടുന്നതിനു മുമ്പ് അദ്ദേഹം അവിടങ്ങളിൽ പലവട്ടം പോയിരുന്നുവെന്ന് കാര്യങ്ങൾ അന്വേഷിച്ചറിയുന്നത് കണ്ടപ്പോൾ മനസ്സിലായി.

Also read: പരലോകബോധം ജീവിതത്തിൻ്റെ അടിത്തറയാക്കണം

ഗ്രാമങ്ങൾ സന്ദർശിക്കുന്നതിനിടെ ഉണ്ടായ അത്യന്തം ആവേശകരവും വൈകാരികവുമായ ഒരു അനുഭവം ഓർമയിൽ വരുന്നത് ഇപ്രകാരമാണ്: ആളുകൾ കൂടിനിൽക്കുന്ന ഒരു കവലയിൽ എത്തിയപ്പോൾ, അവിടെ കണ്ട ഒരു ഉയർന്ന സ്ഥലത്ത് കയറിനിന്ന്
രിയാലു സാഹിബ്, ഇസ്ലാമിനെ സംബന്ധിച്ച് ശുദ്ധ തമിഴ് ഭാഷയിൽ സംസാരിക്കാൻ തുടങ്ങി; പ്രദേശ വാസികൾ അത് സാകൂതം ശ്രദ്ധിക്കുന്നു. അദ്ദേഹം അവരോട് പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെ: “നിങ്ങളെല്ലാവരും അല്ലാഹുവിൻറെ സന്ദേശം ഗൗരവത്തിൽ മനസ്സിലാക്കണം”.
ഇസ്ലാമിനെക്കുറിച്ച്, അതറിയാത്തവരുടെ മുമ്പിൽ നിർഭയം സംസാരിക്കുന്നതും അവർ അത് ശ്രദ്ധയോടെ കേൾക്കുന്നതും നേരിൽക്കണ്ട ഞങ്ങളിൽ ആ കൂടിക്കാഴ്ച ഉളവാക്കിയ ആവേശം ചെറുതല്ല.

ഇസ്ലാമിലേക്ക് പുതുതായി കടന്നുവന്നവർക്ക് ശിക്ഷണം നൽകാനായി സ്ഥാപിക്കപ്പെട്ട വെല്ലൂർ ഇസ്ലാമിക് സെൻ്ററും യാത്രയുടെ ഭാഗമായി അദ്ദേഹത്തോടൊപ്പം ഞങ്ങൾ സന്ദർശിക്കുകയുണ്ടായി. വ്യത്യസ്ത പ്രായക്കാരായ ആളുകളുടെ ഇസ്ലാം അനുഭവങ്ങൾ ഓരോന്നോരോന്നായി അദ്ദേഹം ചോദിച്ചു മനസ്സിലാക്കി ഞങ്ങൾക്ക് വിവരിച്ചുതരികയായിരുന്നു. രാമനാഥപുരത്തെ ജിന്നാ സാഹിബിൻ്റെ വീട്ടിലായിരുന്നു, വികാര തീവ്രമായ മറ്റൊരു രംഗം. ജിന്നാ സാഹിബ്, തൻ്റെ ഇസ്ലാം ആശ്ശേഷ കഥയും ആ മാർഗത്തിൽ നേരിട്ട കൊടിയ പീഡനങ്ങളും തമിഴിൽ വിവരിക്കുന്നു, രിയാലു സാഹിബ് അത് ഞങ്ങൾക്ക് പൂർണമായും ഗ്രഹിക്കാൻ പാകത്തിൽ പരിഭാഷപ്പെടുത്തുന്നു. വിവരണം മുന്നോട്ട് പോകവെ വിവർത്തകൻ വിതുമ്പുന്നു. വാക്കുകൾ കിട്ടാതെ പ്രയാസപ്പെടുന്നു. ആ രംഗം കണ്ണീരോട് കൂടിയല്ലാതെ ഓർക്കാൻ കഴിയില്ല. (പൊലീസ് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന ജിന്നാ സാഹിബ് പിന്നീട് അക്രമികളാൽ കൊല്ലപ്പെട്ടു).

പ്രസ്തുത യാത്രയിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്ലാമിക കലാലയങ്ങളായ ഉമറാബാദ് ജാമിഅഃ ദാറുസ്സലാം, വെല്ലൂരിലെ അൽ ബാഖിയാതുസ്സ്വാലിഹാത് എന്നിവയും ഞങ്ങൾ സന്ദർശിക്കുകയുണ്ടായി. രിയാലു സാഹിബ് ആ സ്ഥാപനങ്ങളുടെ അധികൃതർക്കിടയിൽ വളരെയേറെ ആദരിക്കപ്പെടുന്ന വ്യക്തിത്വമായിട്ടാണ് തദവസരത്തിൽ ഞങ്ങൾക്ക് അനുഭവപ്പെട്ടത്. ഇസ്ലാമിക വിജ്ഞാനകോശത്തിൻ്റെ പണിപ്പുരയുമായും രിയാലു സാഹിബിന് ബന്ധമുണ്ടായിരുന്നു. ജാമിഅഃ ദാറുസ്സലാം, അതിൻ്റെ സ്ഥാപകനായ കാക്കാ ഉമർ, സ്ഥാപനം സ്ഥിതിചെയ്യുന്ന ഉമറാബാദ് പ്രദേശം എന്നിവയെ സംബന്ധിച്ച ലേഖനങ്ങൾ വിജ്ഞാനകോശത്തിന് വേണ്ടി അദ്ദേഹമാണ് തയ്യാറാക്കിയത്.

Also read: കുടുംബ രൂപീകരണത്തില്‍ ശ്രദ്ധിക്കേണ്ടത്

അല്ലാഹുവിൻ്റെ ദീനിലേക്ക് അവൻ്റെ അടിമകളെ ക്ഷണിക്കാൻ ജീവിതാന്ത്യം വരെയും നിരന്തന്തരമായി പരിശ്രമിച്ചയാളാണ് രിയാലു സാഹിബ്. ലോക്ഡൗൺ കാലത്തെ നിയന്ത്രണങ്ങൾക്കിടയിലും, ഇന്ന് കാരപ്പറമ്പ് മസ്ജിദിൽ നടന്ന അദ്ദേഹത്തിൻ്റെ ജനാസ നമസ്കാരത്തിൽ പങ്ക്കൊള്ളാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്.

മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന് 78 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ തമിഴ്‌നാട് കടപ്പയിലുള്ള ഉമര്‍ റിയാലു പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അറിയപ്പെടാത്ത മാധവിക്കുട്ടി, വേദ ധര്‍മ്മം, ഇസ്ലാമിക പ്രബോധനം ആശയവും രീതിയും, പ്രബോധന പ്രവര്‍ത്തനങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ  രചനകളാണ്.

സർവശക്തനായ നാഥൻ, അദ്ദേഹത്തിൻ്റെ പ്രയത്നങ്ങൾ സ്വീകരിക്കുകയും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ..

Related Articles