Current Date

Search
Close this search box.
Search
Close this search box.

ജനുവരി 26, തലസ്ഥാന നഗരി തുല്യതയില്ലാത്ത സമരത്തിന്

ഇന്ത്യയുടെ ചരിത്രത്തിൽ തുല്യതയില്ലാത്ത സമരത്തിന് തലസ്ഥാന നഗരി സാക്ഷ്യം വഹിക്കാൻ പോകുകയാണ്. ഭരണകൂടം എല്ലാ അടവും പയറ്റി. കണ്ണുരുട്ടി നോക്കി. സമര പോരാളികൾക്കിടയിൽ കലഹങ്ങളുണ്ടാക്കാൻ ശ്രമിച്ചു. ഭിന്നിപ്പിന്റെ വിത്തുപാകി സമരം പൊളിക്കാൻ വല്ലാതെ പണിപ്പെട്ടു. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റമുണ്ടെന്നാരോപിച്ചു. ഭീകരവാദികൾ സമരത്തെ ഹൈജാക്ക് ചെയ്യുന്നുവെന്ന് പറഞ്ഞു നോക്കി. സുപ്രീം കോടതിയെ കൊണ്ട് മധ്യസ്ഥൻമാരെ വെച്ചു പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഡൽഹി പോലീസിനെ വെച്ച് സമരം അതിർത്തിക്ക് പുറത്തേക്ക് മാറ്റാൻ കിണഞ്ഞു ശ്രമിച്ചു നോക്കി. പക്ഷേ, പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും വീണുപോകാൻ ഒരുക്കമല്ലാത്ത സമരക്കാർ എല്ലാം മറികടന്ന് സമരത്തിന്റെ പുതു ചരിതം തീർക്കാൻ സജ്ജരായി, റിപ്പബ്ലിക് ദിനത്തെ ചരിത്രത്തിൽ അടയാളപ്പെടുത്താൻ കാത്തിരിക്കുകയാണ്.

ദൽഹിയിലെ മരം കോച്ചുന്ന, ശരീരം തണുത്തുറഞ്ഞു പോകുന്ന അതികഠിനമായ കൊടും തണുപ്പിനെ വകവെക്കാതെ, മരണത്തെ മുഖാമുഖം കണ്ടിട്ടും ഈ പോരാളികൾ മുന്നേറുകയാണ്. സമരത്തെ സർഗാത്മകമായി ആവിഷ്കരിക്കുകയാണ്. നന്മക്ക് വേണ്ടി മുറവിളി കൂട്ടുന്നവർക്ക് പ്രതീക്ഷ പകരുകയാണ്. ഭരണകൂട ഭീകരതക്കെതിരെ പോരാടുന്നവർക്ക് പ്രചോദനമാകുകയാണ്.

റിപ്പബ്ലിക് ദിനത്തിൽ സർക്കാർ മിഷണറികൾ ഉപയോഗിച്ച് നടക്കുന്ന റിപ്പബ്ലിക് പരേഡിനെ നിഷ്പ്രഭമാക്കി രണ്ട് ലക്ഷം ട്രാക്റ്ററുകൾ അണിനിരക്കുന്ന, അതിലേറെ ലക്ഷം സമര പോരാളികൾ മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കുന്ന ഒരു മഹാ പരേഡ് ദൽഹിയുടെ തെരുവീഥികളെ പ്രകമ്പനം കൊള്ളിക്കാൻ മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.

കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധമായ നിയമ നിർമാണങ്ങൾക്കെതിരെയുള്ള ഈ പോരാട്ടത്തിൽ മനസ്സുകൊണ്ടെങ്കിലും അണിചേരാൻ നിങ്ങളുണ്ടോ എന്ന ചോദ്യമാണ് മാസങ്ങൾ നീണ്ടു നിന്ന ഈ മഹാ സമരത്തിൽ അണിനിരക്കുന്ന പോരാളികൾ നമ്മോട് ചോദിക്കുന്നത്. ജനാധിപത്യ ഇന്ത്യ ചോദിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നടപടികൾക്കെതിരെ നടക്കുന്ന ഈ ചരിത്ര പോരാട്ടത്തോട് ഐക്യപ്പെടുക എന്നതും ഒരു പോരാട്ടം തന്നെയാണ്.

Related Articles