Your Voice

സംഘ് ചാനലിന്റെ മുസ്‌ലിം വിദ്വേഷ അജണ്ടകള്‍

വാസുവിനു ഭാര്യയെ ഒഴിവാക്കണമെന്നുണ്ട്. അവള്‍ക്ക് മറ്റാരൊക്കെയായി ബന്ധമുണ്ട് എന്ന് സ്ഥാപിക്കാനായി പിന്നെ വാസുവിന്റെ ശ്രമം. അത് പിന്നെ ഒരു അസുഖമായി മാറി. ആരൊക്കെയോ തന്റെ ഭാര്യയുടെ അടുത്ത് വരുന്നു എന്നായി വാസുവിന്റെ ചിന്ത. അങ്ങിനെയാണ് ഒരിക്കല്‍ പുലര്‍ കാലത്ത് വാസുവിന്റെ വീട്ടില്‍ നിന്നും ‘ഓടി വരിന്‍ കള്ളനെ പിടിച്ചേ’ എന്നൊരു ശബ്ദം കേട്ടത്. ആളുകള്‍ ഓടിക്കൂടി. അപ്പോഴാണു മനസ്സിലായത് കള്ളന്‍ എന്ന് പറഞ്ഞു വാസു കെട്ടിപ്പിടിച്ചിരിക്കുന്നത് ഒരു വാഴയെയാണെന്ന്.

കേരളത്തിലെ സംഘ പരിവാറിനും ഇപ്പോള്‍ വാസുവിന്റെ അസുഖമാണ്. മുസ്‌ലിംകളോട് അത്രമാത്രം വിദ്വേഷമാണ് അവരുടെ മനസ്സ് നിറയെ. ഒരു മുസ്ലിം സംഘടനയും ഹിന്ദു സമൂഹത്തോട് ഒരു വെറുപ്പോ വിദ്വേഷമോ കാണിക്കുന്നില്ല എന്നുറപ്പാണ്. അവരുടെ വെറുപ്പ് വര്‍ഗീയ വാദികളോടാണ്. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സംഘപരിവാറിനോട്. അതെസമയം സംഘപരിവാറിന്റെ വിദ്വേഷവും വെറുപ്പും മുസ്ലിം സമൂഹത്തോട് ഒന്നാകെയാണ്. അതാണ് ഇപ്പോള്‍ വര്‍ക്കല സംഭവവും ചൂണ്ടി കാണിക്കുന്നത്. കേരളത്തിലെ പ്രമുഖനായ ഒരു നടന്‍ പങ്കെടുത്ത പരിപാടിയില്‍ നടന്ന ആഘോഷങ്ങളെയാണ് സംഘപരിവാര്‍ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഉപയോഗിച്ചത്. കോളേജ് ഒരു മുസ്ലിം മാനേജ്‌മെന്റ് ആകുന്നു എന്നതില്‍ അപ്പുറം മറ്റൊരു കാരണവും അവര്‍ കണ്ടു കാണില്ല. അവിടെ പഠിക്കുന്നവരെല്ലാം മുസ്ലിംകളാവും എന്നും അവര്‍ ധരിച്ചു കാണും. പ്രസ്തുത പരിപാടിയില്‍ പങ്കെടുത്ത അതിഥിയെ കുറിച്ച് പോലും അവര്‍ അന്വേഷിച്ചു കാണില്ല.

ഏതു വിഭാഗം സ്‌കൂള്‍ കോളജ് നടത്തിയാലും അവിടെ ആ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ മാത്രമല്ല പഠിക്കാറുള്ളത്. ഐ എസ് എന്നതിനു ഇസ്ലാമുമായി ഒരു ബന്ധവുമില്ല എന്ന് മുസ്ലിം ലോകം മൊത്തം പറഞ്ഞു വെച്ചതാണ്. പോലീസ് കണക്കു പ്രകാരം കേരളത്തില്‍ നിന്നും ഇതുവരെ ഐ എസില്‍ പോയി എന്ന് പറയപ്പെടുന്നത് ഇരുപതില്‍ താഴെയാണ്. എന്നാല്‍ അതിനൊന്നും വ്യക്തമായ തെളിവുകളുമില്ല. അതെ സമയം ഈ കോളേജില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുത്തത് നൂറില്‍ കൂടുതല്‍ കുട്ടികള്‍ ആണ്. അങ്ങിനെ വന്നാല്‍ ഒരു സ്ഥാപനത്തില്‍ തന്നെ ഇത്രയധികം ഐ എസ് ഭീകരര്‍. അങ്ങിനെ വന്നാല്‍ കേരളം എന്നോ ഐ എസ് കേന്ദ്രമാകണം. അതിനു മുമ്പോ ശേഷമോ ഇങ്ങിനെ ഒരാരോപണം ഈ സ്ഥാപനത്തില്‍ നിന്ന് എന്ന് മാത്രമല്ല ജില്ലയില്‍ നിന്ന് തന്നെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. തലസ്ഥാന നഗരിക്കടുത്ത് ഇത്രമാത്രം ഭീകരര്‍ ജീവിച്ചിരുന്നിട്ടും അത് മനസ്സിലാക്കാന്‍ നമ്മുടെ ഇന്റലിജന്‍സു വിഭാഗത്തിനോ എന്‍.ഐ.എക്കോ കഴിഞ്ഞില്ല. പിന്നെ എന്തിനാണ് ഇവരെയൊക്കെ ശമ്പളം കൊടുത്തു പോറ്റുന്നു എന്നെ നമുക്ക് ചോദിക്കാനുള്ളൂ.

ഒരു വിശ്വാസത്തെ അത്ര വെറുപ്പോടെയാണ് സംഘ പരിവാര്‍ കാണുന്നത്. അവരെ ഇല്ലാതാക്കാന്‍ അവര്‍ എല്ലാ ശ്രമവും നടത്തുന്നു. അതിന്റെ ആദ്യ പടിയാണ് ഇത്തരം മാനസിക യുദ്ധങ്ങള്‍. കേരളത്തിനു പുറത്ത് ഈ യുദ്ധം അവര്‍ നന്നായി പയറ്റിയിട്ടുണ്ട്. അങ്ങിനെയാണ് മുസഫര്‍ നഗറുകള്‍ രൂപപ്പെട്ടത്. യൂറോപ്പില്‍ ഇസ്ലാമോഫോബിയ രൂപം കൊണ്ടത് അങ്ങിനെയാണ്. കേരളത്തില്‍ അവര്‍ പലവിധത്തില്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. മതേതര സമൂഹത്തിന്റെ ജാഗ്രതയാണ് അതിനെ തട്ടി മാറ്റുന്നത്. അതെ സമയം ഇത്തരം ശുദ്ര ജീവികള്‍ പുറത്തു വിടുന്ന വാര്‍ത്തകളെ സംഘടന പക്ഷപാതിത്വം കാരണം കെട്ടിപ്പുണരുന്ന പലരും മുസ്ലിം സമൂഹത്തില്‍ തന്നെയുണ്ട്. സലഫി ഭീകരതയും ഐ എസ് ഭീകരതയും അവരുടെ ഇഷ്ടവാര്‍ത്തകള്‍ ആവുന്നത് അങ്ങിനെയാണ്. ചുരുക്കത്തില്‍ മുസ്ലിംകള്‍ക്കിടയിലെ അനൈക്യമാണ് ശത്രുവിന്റെ സമ്പാദ്യം. മുത്വലാഖ് ബില്ലില്‍ നിന്നും സമുദായ പാര്‍ട്ടിയുടെ പ്രതിനിധി വിട്ടു നിന്നത് പോലും അവര്‍ ചൂഷണം ചെയ്യാന്‍ ശ്രമിച്ചു എന്നതും നാം നേരില്‍ അറിഞ്ഞ സത്യമാണ്.

നുണകള്‍ ആവര്‍ത്തിച്ചു കൊണ്ട് വന്നിട്ടും പൊളിഞ്ഞു പോകുന്നതിന്റെ വിഷമത്തിലാണ് സംഘപരിവാര്‍. അവര്‍ വെറുതെയിരിക്കുമെന്നു കരുതുന്നത് തെറ്റാണ്. വിഷം നിറച്ച സഞ്ചിയുമായി അവര്‍ മാളത്തില്‍ പതുങ്ങിയിരിക്കുകയാണ്. അടുത്ത ഇരയെയും കാത്ത്. അതിനിടെ ഇത്തരം വ്യാജ വാര്‍ത്തകള്‍ പുറത്തു വിടുന്ന സ്ഥാപനങ്ങളെ ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ തയാറാകണം. അപ്പുറത്ത് സംഘ പരിവാറാകുമ്പോള്‍ ഇപ്പുറത്ത് മയം വരിക എന്നത് ഒരു പുതിയ ഇടതു രീതിയാണ്. വാസു ഇപ്പോഴും നിലവിളിക്കാറുണ്ട്. ആരും അത് കേട്ടത് വകവെക്കില്ല എന്ന് മാത്രം.

Facebook Comments
Show More

Related Articles

Close
Close