Current Date

Search
Close this search box.
Search
Close this search box.

ജാമിഅ നഗർ: വായിക്കപ്പെടേണ്ട ചരിത്രം

ഇന്ത്യയിലെ പ്രധാന നഗര സമുച്ചയങ്ങളില്‍നിന്ന് പലനിലക്കും വേറിട്ടു നില്‍ക്കുന്നുണ്ട് ദല്‍ഹി. എല്ലാ ജനവിഭാഗങ്ങളുടെയും സംഗമ ഭൂമി എന്ന് ദല്‍ഹിയെ ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെ പ്രത്യേകമായൊരൊറ്റ സംസ്‌കാരം ദല്‍ഹിക്ക്  അവകാശപ്പെടാനില്ല. ആ സാംസ്‌കാരിക വൈജാത്യം ദല്‍ഹിക്ക് സമ്മാനിച്ചതില്‍ ഇന്ത്യയിലെ ആഭ്യന്തര കുടിയേറ്റങ്ങള്‍ക്കുള്ള പങ്ക് ചെറുതൊന്നുമല്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആഭ്യന്തര കുടിയേറ്റം ഏറ്റവും കൂടുതല്‍ നടക്കുന്ന നഗരമാണ് ദല്‍ഹി.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ച പ്രദേശമാണ്‌ ഡൽഹിയിലെ ജാമിഅ നഗറിലുള്ള ശഹീൻ ബാഗ്. ഇവിടെ അല്‍പം ചരിത്രത്തിന്റെ മേമ്പൊടി ഉചിതമാണ്. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഏറ്റവും ശക്തമായ ചെറുത്തു നില്‍പ്പ് നടത്തിയ സമൂഹമാണ് ദല്‍ഹിയിലെ മുസ്‌ലിംകള്‍. കലാപം അടിച്ചമര്‍ത്തിയ ബ്രിട്ടീഷ് പട്ടാളം ആദ്യം ചെയ്തത് ദല്‍ഹിയില്‍ അന്നുണ്ടായിരുന്ന മുസ്‌ലിംകളെ അവിടെ നിന്ന് പുറത്താക്കുകയായിരുന്നു. അതില്‍ വലിയൊരളവോളം അവര്‍ വിജയിക്കുകയും ചെയ്തു. ദല്‍ഹിയില്‍നിന്ന് പുറത്താക്കപ്പെട്ട മുസ്‌ലിംകള്‍ തൊട്ടടുത്ത അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസമുറപ്പിച്ചു. വിഭജനാനന്തരം ധാരാളം മുസ്‌ലിംകള്‍ ദല്‍ഹിയില്‍നിന്ന് പാകിസ്താനിലേക്കും വണ്ടി കയറി. പതിയെ എല്ലാ മത സമൂഹങ്ങളും ദല്‍ഹിയുടെ വിവിധ പ്രദേശങ്ങളിലേക്ക് കുടിയേറി അവ തങ്ങളുടേതാക്കി മാറ്റി.

Also read: സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍: കെട്ടുകഥകളും യാഥാര്‍ത്ഥ്യങ്ങളും

സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ദല്‍ഹിയുടെ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഏടുകള്‍ എഴുതിച്ചേര്‍ത്ത പ്രദേശങ്ങളാണ് ഓഖ്‌ല, ജാമിഅ നഗര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍. ഒരു രാജ്യത്തിന്റെ അകത്തു നടക്കുന്ന ആഭ്യന്തര കുടിയേറ്റങ്ങള്‍ ആ രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമായി പൊതുവില്‍ വ്യാഖ്യാനിക്കാം. കാരണങ്ങള്‍ പലതാവാമെങ്കിലും അതിനിട  വന്ന സാഹചര്യങ്ങളും ഭരണകൂട നിലപാടുകളും പൊതു വികാരത്തെ മുന്‍നിര്‍ത്തിയുള്ളതല്ല എന്നത് വ്യക്തമാണ്. സ്വന്തം നാടും വേണ്ടപ്പെട്ടവരെയും ഉപേക്ഷിച്ചുള്ള ആഭ്യന്തര കുടിയേറ്റങ്ങള്‍ സ്വാതന്ത്ര്യം കിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതിനുള്ള പ്രധാന കാരണം വര്‍ഗീയ കലാപങ്ങളാണ്. അധികാരം നിലനിര്‍ത്താന്‍ ഭരണകൂടം പുറന്തള്ളുന്ന കൊടിയ വിഷമാണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍. രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗം വേറെയില്ല.

1984 ഒക്‌ടോബര്‍ 31-ന്, ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സ്വന്തം അംഗരക്ഷകരായ രണ്ടു സിഖുകാരുടെ കൈകളാല്‍ കൊലചെയ്യപ്പെട്ടപ്പോള്‍ ദല്‍ഹിയിലെ സുല്‍ത്താന്‍പൂരി, മംഗല്‍പൂരി തുടങ്ങിയ പ്രദേശങ്ങളും യമുനാ നദിയോട് ചേര്‍ന്നു  കിടന്നിരുന്ന സിഖ് ഭൂരിപക്ഷ പ്രദേശങ്ങളും കലാപത്തീയാല്‍ വലയം ചെയ്യപ്പെട്ടു. മൂവായിരത്തിലധികം സിഖുകാരാണ് ദല്‍ഹിയില്‍ മാത്രം കൊലചെയ്യപ്പെട്ടത്. തുടര്‍ന്ന് ദല്‍ഹിയിലെ പല പ്രദേശങ്ങളില്‍നിന്നും സിഖ് സമുദായം കുടിയൊഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായി.  1984-ലെ സിഖ്‌വിരുദ്ധ കലാപങ്ങള്‍ക്കു ശേഷമാണ് ജാമിഅ നഗര്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൊന്നായി മാറിയത്.

ദല്‍ഹിയിലേക്കുള്ള മുസ്‌ലിം കുടിയേറ്റങ്ങള്‍ ആദ്യകാലങ്ങളില്‍ സുരക്ഷിതമായ പ്രദേശങ്ങള്‍ തേടിയുള്ള പറിച്ചുനടലായിരുന്നു. 1989-ല്‍ ബിഹാറിലെ ഭാഗല്‍പൂര്‍ ജില്ലയിലുണ്ടായ വര്‍ഗീയ കലാപം ദല്‍ഹിയിലേക്ക് വലിയ തോതിലുള്ള മുസ്‌ലിം കുടിയേറ്റത്തിനു കാരണമായി. അതിനു മുമ്പ് ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ജീവനുംകൊണ്ട് ദല്‍ഹിക്ക് വണ്ടികയറിയ നാനാ ജാതി മതസ്ഥരുടെ പിന്‍തലമുറക്കാരെയും ഇവിടെ കാണാം.

സിഖ് കലാപം ദല്‍ഹിയിലെ മത സമൂഹങ്ങള്‍ക്കിടയില്‍ വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചു. കാലാന്തരത്തില്‍ ദല്‍ഹിയുടെ പല പ്രദേശങ്ങളും ഒരേ മത സമൂഹങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളായി മാറ്റപ്പെട്ടു. ദല്‍ഹിയിലേക്കുള്ള മുസ്‌ലിം കുടിയേറ്റങ്ങളുടെ മറ്റൊരു പ്രധാന കാരണമായിരുന്നു, 1992-ല്‍ ഹിന്ദുത്വ ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തതിനോടനുബന്ധിച്ച് സമീപ പ്രദേശങ്ങളിലും മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചില മേഖലകളിലും നടന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍. തുടര്‍ന്ന്  ജാമിഅ നഗര്‍ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ വലിയ അളവിലുള്ള കുടിയേറ്റ മേഖലയായി മാറി. 2001-ലെ ഗുജറാത്ത് കലാപം, ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെ പൊതുവില്‍ സംശയത്തിന്റെ നിഴലില്‍ കൊണ്ട് വന്ന് നിര്‍ത്തി. അതിന്റെ പ്രതിധ്വനി ദല്‍ഹിയിലും അലയടിച്ചു. ഫ്‌ളാറ്റുകളും മറ്റു താമസ സമുച്ചയങ്ങളും മുസ്‌ലിംകള്‍ക്ക് വില്‍ക്കുന്നതിനും മറ്റു ക്രയവിക്രയങ്ങള്‍ നടത്തുന്നതിനും ഉടമസ്ഥര്‍ വിമുഖത കാണിച്ചു. ക്രമേണ ദല്‍ഹിയിലെ ഓരോ പ്രദേശവും ഓരോരോ വിഭാഗങ്ങള്‍ ഒറ്റക്കൊറ്റക്ക് താമസിക്കുന്ന ഇടങ്ങളായി രൂപാന്തരപ്പെട്ടു. 2008 സെപ്റ്റംബര്‍ 19-ന് ബട്‌ലാ ഹൗസില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ മറയാക്കി ജാമിഅ നഗറിനെ മുസ്‌ലിം ഭീകരരെ സൃഷ്ടിക്കുന്ന ഉല്‍പാദന ശാലയെന്ന് ചാപ്പകുത്താനുള്ള ശ്രമമുണ്ടായി.

ഇന്ന് ജാമിഅ നഗര്‍ ഉള്‍ക്കൊള്ളുന്ന ബട്‌ലാ ഹൗസ്, സാകിര്‍ നഗര്‍, ഗഫാര്‍ മന്‍സില്‍, ശഹീൻ ബാഗ്, ഓഖ്ല വിഹാര്‍, അബുല്‍ ഫസല്‍ എന്‍ക്ലേവ്, നൂര്‍ നഗര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വമ്പിച്ച രീതിയിലുള്ള മാറ്റങ്ങള്‍ക്ക്  വിധേയമായിട്ടുണ്ട്. ദല്‍ഹിയുടെ സമ്പദ് ഘടനയെ താങ്ങിനിര്‍ത്തുന്ന പ്രധാന വാണിജ്യ-വ്യവസായ മേഖലകളിലൊന്നായി അത് മാറിക്കഴിഞ്ഞു. പ്രദേശത്തെ മുസ്‌ലിംകളില്‍ നല്ലൊരു വിഭാഗത്തിന് സാമ്പത്തികമായി അഭിവൃദ്ധിപ്പെടാനും അതു വഴി സാധ്യമായിട്ടുണ്ട്.

മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ തേടിയുള്ള കുടിയേറ്റമായി പതിയെ അത് മാറി. വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റവും സംജാതമായി. 1925-ല്‍ ജാമിഅ നഗറില്‍ സ്ഥാപിക്കപ്പെട്ട കേന്ദ്ര സര്‍വകലാശാലയായ ജാമിഅ മില്ലിയ ഇസ്‌ലാമിയ ഈ മേഖലയുടെ വൈജ്ഞാനിക ചുറ്റുപാടുകളെ ചെറുതായൊന്നുമല്ല സ്വാധീനിച്ചത്. ഇന്ന് കേരളത്തില്‍നിന്നടക്കം പല ഭാഗങ്ങളില്‍നിന്നും ധാരാളം വിദ്യാര്‍ഥികള്‍ വര്‍ഷം തോറും ഈ കലാലയത്തില്‍ എത്തിച്ചേരുന്നു. ജാമിഅ മില്ലിയക്കൊപ്പം പ്രദേശത്ത് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉയര്‍ന്നു വന്നു.

Also read: NRC, CAA : സമരം രാജ്യത്തിന്റെ നന്മക്ക് വേണ്ടിയുള്ളതാണ്

ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക ഉന്നമനത്തിന് ഊന്നല്‍ നല്‍കുന്ന ജമാഅത്തെ ഇസ്‌ലാമി, ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ഓള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ, തബ്‌ലീഗെ ജമാഅത്ത്, ഓള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍, ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് തുടങ്ങി പല മുസ്‌ലിം കൂട്ടായ്മകളുടെയും ആസ്ഥാനങ്ങളും ഓഫീസ് സമുച്ചയങ്ങളും ജാമിഅ നഗറിലാണുള്ളത്.

ഇന്ത്യയില്‍ അധഃസ്ഥിത വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചുവരുന്ന ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ  (വിഷന്‍ 2016-2026) ആസ്ഥാനവും ഓഖ്‌ലയിലെ അബുല്‍ ഫസലിലാണ്. വിദ്യാഭ്യാസം, ആതുരസേവനം, മൈക്രോ ഫിനാന്‍സ്, ദുരന്ത നിവാരണം, കുടിവെള്ളം, അനാഥ സംരക്ഷണം, സ്ത്രീ ശാക്തീകരണം, സാമൂഹിക വികസനം, മാതൃകാ ഗ്രാമം, സ്വയം തൊഴില്‍, ഭവന നിര്‍മാണം തുടങ്ങിയ മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ വിഷന്‍ സമയബന്ധിതമായി നടപ്പാക്കിവരുന്നു. വിഷന്റെ പ്രവര്‍ത്തനങ്ങള്‍ വലിയൊരളവോളം ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, ആതുര സേവനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടായി മാറിയിട്ടുണ്ട്.

Also read: മുറാദ് ഹോഫ്മാൻ; ഇസ്‌ലാമിന്റെ പ്രതിപുരുഷന്‍

ഉത്തര്‍പ്രദേശിലെ ബിജ്‌നൂര്‍, ബുലന്ദ്ശഹ്ര്‍, മുസഫര്‍ നഗര്‍, അഅ്‌സംഗഢ് തുടങ്ങിയ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍നിന്നും കുടിയേറിയവരാണ് ജാമിഅ നഗറിലെ പുതു തലമുറ. ഉത്തര്‍പ്രദേശ് ഗ്രാമങ്ങളിലെ സംഘ്പരിവാര്‍ ഭീകരതയുടെ വ്യാപ്തി അറിഞ്ഞവര്‍, കലാപത്തില്‍ വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ട സ്ത്രീകള്‍, കുട്ടികള്‍, ആരോരും തുണയില്ലാത്ത വൃദ്ധന്മാര്‍ അങ്ങനെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകള്‍ പേറി ജീവിക്കുന്ന ഒരു പിടി മനുഷ്യരെയും കൂടി ചേര്‍ത്തു വെച്ചാലേ ജാമിഅ നഗറിന്റെ ചിത്രം പൂര്‍ത്തിയാവുകയുള്ളൂ.

ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രത്തിൽ ചോര കൊണ്ട് ചരിത്രമെഴുതിയ പ്രധാന പ്രദേശങ്ങളിലൊന്നാണ് ഡൽഹി. ഇന്നിതാ ദേശീയ പൗരത്വ ബില്ലിനെതിരെ അതേ ഡൽഹിയിൽ സ്വാതന്ത്ര സമരത്തെ ഓർമ്മിപ്പിക്കും വിധം കൈകുഞ്ഞുങ്ങളുമായി പ്രതിഷേധങ്ങളുടെ പുതുചരിത്രം രചിക്കുകയാണ് ജാമിഅ നഗർ നിവാസികൾ.

Related Articles