Current Date

Search
Close this search box.
Search
Close this search box.

ആഷ് ലി ആരോപിക്കുന്ന കേരള ജമാഅത്തിന്റെ ‘കുടുക്ക്’

ആഷ് ലിയുടെ അടുത്ത സഞ്ചാര പഥം കേരളത്തിലേ ജമാഅത്തെ ഇസ്‌ലാമിയിലേക്കാണ്. ആഷ് ലി സ്വയം തന്നെ ജമാഅത്തിനെ കുറിച്ച് ഉണ്ടാക്കി വെച്ച മിഥ്യാ ബോധവുമായി കേരളത്തിലെ ജമാഅത്തിനെ അദ്ദേഹത്തിന്ന് ചേരും പടി ചേർക്കാൻ സാധിക്കുന്നില്ല. കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിക്കോ ജമാഅത്ത് പ്രവർത്തകർക്കോ ഒരിക്കലും തോന്നിയിട്ടില്ലാത്ത ഒരു ജൽപനം നടത്തിയാണ് ആഷ് ലി അപ്പോൾ രക്ഷാ മാർഗം തേടുന്നത്. അദ്ദേഹം പറയുകയാണ്:

“കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി മൗലാന മൗദൂദിയെയും കൊണ്ട് കുടുങ്ങിയ ഒരു സംഘടന ആണെന്നാണ് എനിക്ക് കുറച്ചു കാലമായി തോന്നാറുള്ളത്. “ഇസ്‌ലാമികരാഷ്ട്രസംസ്ഥാപനം” കേരളത്തിലെ ജമാഅത്തെ ഇസ്ളാമിക്കാർക്കു ഒരു അജണ്ട പോലും ആയി തോന്നിയിട്ടില്ല. മൗലാന മൗദൂദി പറഞ്ഞ എല്ലാത്തിനും എതിരാണ് അവർ. മതേതരജനാധിപത്യത്തെ 1977 ൽ അംഗീകരിച്ചതും മതേതര സംവിധാനത്തിലെ സർക്കാർ ജോലിയും വിദ്യാഭ്യാസവും തെരഞ്ഞെടുപ്പിന് നിൽക്കുന്ന രാഷ്ട്രീയപാർട്ടി തന്നെ ഉണ്ടാക്കിയതും. മതരാഷ്ട്രവാദത്തെയും മൗദൂദിസത്തെയും പ്രയോഗത്തിൽ മുഴുവനായും തള്ളിക്കളഞ്ഞ ഇവർക്കെന്താണ് മൗലാനാ മൗദൂദിയെകൂടി തള്ളിപ്പറയാൻ ഇത്ര ബുദ്ധിമുട്ടു എന്ന് എനിക്ക് മനസ്സിലാവാറില്ല.”

കേരളത്തിലെയും ഇന്ത്യയിലെയും ജമാഅത്തെ ഇസ്‌ലാമി മാത്രമല്ല, ആഗോള തലത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ ഇസ്ലാമിക പ്രസ്ഥാനങ്ങളും മൗദൂദിയെ ഒരു മഹാ പണ്ഡിതനും, ചിന്തകനും നവോത്ഥാന നായകനുമായിട്ടാണ് കാണുന്നതും ആദരിക്കുന്നതും. ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം അതിന്റെ സ്ഥാപക നേതാവ് കൂടിയാണ്. അതോടൊപ്പം തന്നെ, ജമാഅത് അതിന്റെ പാർട്ടി തല പരിപാടികളും, നയ നിലപാടുകളും തീരുമാനിക്കുന്നത് അതിന്റെ ഉത്ഭവ കാലം മുതൽ ഇതുവരെയും കൂട്ടു ചിന്തയിലൂടെയാണ്. മത-രാഷ്ട്രീയ ഭേദമന്യേ മറ്റേതൊരു പാർട്ടിയെക്കാളും താഴെ തട്ടുമുതൽ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിൽ വരെ ഉൾപ്പാർട്ടി ജനാധിപത്യം നില നിൽക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയും അതിന്റെ എല്ലാ പോഷക സംഘടനകളും. മൗദൂദി ജീവിച്ചിരുന്ന കാലത്തും പാർട്ടിയുടെ നയ നിലപാട് സ്വീകരിക്കുന്നിടത്ത് അദ്ദേഹത്തിന്റെ അഭിപ്രായം മറ്റെല്ലാവരുടെയും അഭിപ്രായത്തിന്ന് തുല്യമായി മാത്രമേ കണക്കാക്കപ്പെട്ടിട്ടുള്ളൂ. ഇതേപോലെ, കർമ ശാസ്ത്ര വിഷയങ്ങളിലും ഇൽമുൽ കലാമിലും അദ്ദേഹത്തിനുള്ള വീക്ഷണം പ്രസ്ഥാനത്തിനോ പ്രവർത്തകർക്കോ ബാധക മായിരുന്നില്ല. പർദ്ദയുടെയും സംഗീതത്തിന്റെയും അത് പോലെ ചില ആരാധനാ കർമങ്ങളുടെയും വിഷയത്തിലെ മൗദൂദിയുടെ നിലപാട് പ്രസ്ഥാനത്തിന്റെതാവാതിരുന്നതും അത് കൊണ്ട് തന്നെയാണ്. ആ വിഷയത്തിലൊന്നും ഏതെങ്കിലും നാട്ടിലെ ജമാഅത്തെ ഇസ്ലാമിക്ക് എന്തെങ്കിലും കുടുക്ക് ഇതുവരെയും അനുഭവപ്പെട്ടിട്ടില്ല. ഇത്തരം വിഷയങ്ങളിലെല്ലാം ജമാഅത് പ്രവർത്തകരിലും വ്യത്യസ്ത വീക്ഷാഗതിക്കാരെ കാണുന്നതും അതുകൊണ്ട് തന്നെ. ഇതൊക്കെ ഭിന്ന വീക്ഷണഗതിക്കാരോടു വളരെ സഹിഷ്ണുതയോടെയും ആദരവോടെയും പെരുമാറുവാൻ ജമാഅത് പ്രവർത്തകരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

ജമാഅത്തിന്റെ ലക്ഷ്യം മൗദൂദിയുടെ കാലം തൊട്ടേ ‘ഇഖാമത്തുദ്ധീൻ’ ആണ്. ആദ്യം ‘ഹുകൂമത്തെ ഇലാഹി’ എന്ന സംജ്ഞയായിരുന്നു.  ലക്ഷ്യത്തെ ദ്യോതിപ്പിക്കുവാൻ അതായിരുന്നു പ്രയോഗിച്ചിരുന്നത്. പിന്നെ, മൗദൂദിയുടെ കാലത്ത് തന്നെ ഖുർആനിക സംജ്ഞയോട് യോജിക്കുന്നതാകുവാനും, ആദ്യം പറഞ്ഞതിനെ ഉൾകൊള്ളുന്നതും എന്നാൽ അതിനേക്കാൾ അർത്ഥ വൈപുല്യമുള്ളതും, തെറ്റിദ്ധാരണ ഒഴിവാക്കുന്നതുമായ സംജ്ഞയായി ‘ഇഖാമതുദ്ധീൻ’ സ്വീകരിച്ചു. കൂടുതൽ നല്ലതെന്നു ബോധ്യപ്പെടുന്നത് സ്വീകരിക്കാൻ പഴയത് ഉപേക്ഷിക്കുന്നതിന്ന് ഒരു മടിയുമില്ലാത്ത പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്നത് കൂടിയാണ് ഇത്തരം മാറ്റങ്ങൾ സൂചിപ്പിക്കുന്നത്. ആ ലക്ഷ്യത്തിന്ന് ജമാഅത് നൽകുന്ന വിവക്ഷയും വിശദീകരണവും അതിന്റെ ഭരണ ഘടനയിൽ ഉണ്ട്. ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണ ഘടനയാവട്ടെ ഏറ്റവും ചെറിയ വിലക്ക് അങ്ങാടിയിൽ പ്രിന്റ് രൂപത്തിൽ ലഭ്യവുമാണ്. സൈബർ ലോകത്ത് സോഫ്റ്റ്‌ കോപിയും ആർക്കും ലഭിക്കും. ചുരുക്കത്തിൽ കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യവും അന്നും ഇന്നും വിശുദ്ധ ഖുർആൻ പറഞ്ഞ ‘ഇഖാമത്തുദീൻ’ തന്നെ. അതിനെ ദയവ് വിചാരിച്ചു ആഷ്ലി ‘ഇസ്ലാമിക ഭരണ സ്ഥാപനത്തി’ലേക്ക് ചുരുക്കികെട്ടരുത്.

മതേതര ജനാധിപത്യത്തോടുള്ള സമീപനത്തിൽ 1977 മുതൽ ജമാഅത്തിന്ന് താത്വിക തലത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടില്ല. അതിനോടുള്ള താത്വികമായ സമീപനം അന്നും ഇന്നും എന്നും ഒന്ന് തന്നെ. മനുഷ്യ പ്രകൃതിയോട് ഏറ്റവും യോജിച്ചു നിൽക്കുന്ന ദൈവ പ്രോക്ത മൂല്യ സംഹിതയുടെ അടിസ്ഥാനത്തിലുള്ള പ്രാതിനിധ്യ-പങ്കാളിത്ത ജനായാത്തമാണ് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി പ്രാഘോഷിക്കുന്നത്. ആ അർത്ഥത്തിൽ, ജനായത്ത വ്യവസ്ഥയുടെ ഗുണപരമായ നവീകരണവും പരിഷ്കരണവുമാണ് ജമാഅത് ആവശ്യപ്പെടുന്നത്. തലയെണ്ണിനോക്കി കൊണ്ടു കൂടുതലും കുറവും നോക്കൽ മാത്രമാണ് ശരി തെറ്റുകളുടെ മാനദണ്ഡമെന്ന് സാമാന്യ ബുദ്ധിയുള്ള ആരും സമ്മതിച്ചു കൊടുക്കുകയില്ല. വിശുദ്ധ ഖുർആൻ അസന്നിഗ്ദമായി ഇത് പറയുന്നുമുണ്ട്. “നന്മയും തിന്മയും സമമാകുകയില്ല. തിന്മയുടെ ആധിക്യം നിന്നെ അത്ഭുതപ്പെടുത്തിയാലും ” (വി. ഖു. 5:100). ഒരു ഗുണപരമായ മാറ്റത്തിന്ന് നിലകൊള്ളുമ്പോഴും അതിന്ന് വേണ്ടി സമാധാനപരമായി പ്രവർത്തിക്കുമ്പോഴും തന്നെ, നിലവിലുള്ള രാഷ്ട്രീയ ക്രമങ്ങളിൽ ജമാഅത്തെ ഇസ്ലാമിക്ക് ഇസ്‌ലാമികമായ കൃത്യമായ മുൻഗണനാക്രമവും ഉണ്ട്. ആ അടിസ്ഥാനത്തിൽ, മറ്റേതൊരു രാഷ്ട്രീയ ക്രമത്തേക്കാളും നല്ലത് ജനാധിപത്യ മതേതര വ്യവസ്ഥയാണെന്നും, ഇസ്‌ലാമിന്റെ നീതി, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്നത് അതാണെന്നും ജമാഅത്തെ ഇസ്ലാമി മനസ്സിലാക്കുന്നു. അതിനോട് എങ്ങനെയാണ് ഇസ്‌ലാമികമായി അനുവർത്തിക്കേണ്ടതെന്ന് ചിന്തിക്കുകയും തദനുസാരമുള്ള സമീപനങ്ങൾ മാറി മാറി വരുന്ന സാഹചര്യങ്ങൾക്കനുസരിച്ചു കാലാ കാലങ്ങളിൽ കൂട്ടു ചിന്തയിലൂടെ ആവിഷ്കരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. 1977 ലെ പ്രത്യേക സാഹചര്യത്തിൽ ഉണ്ടായത് ഇത് പോലുള്ള ഒരു നയം മാറ്റം മാത്രമായിരുന്നു. അതിന്ന് ശേഷവും നയങ്ങൾ പല രൂപത്തിൽ മാറിയിട്ടുണ്ട്.സാഹചര്യം മാറുന്നതിന്ന് അനുസരിച്ചു ഇനിയും മാറിക്കൊണ്ടിരിക്കുകയും ചെയ്യും. സമത്വം, സാഹോദര്യം, സാമൂഹ്യ നീതി, പരിസ്ഥിതി സൗഹൃദ വികസനം, പങ്കാളിത്ത-പ്രാതിനിധ്യ ജനായത്തം, തുടങ്ങിയ എല്ലാവർക്കും അംഗീകരിക്കാവുന്ന പൊതു തത്വങ്ങളുടെയും താല്പര്യങ്ങളുടെയും തലത്തിൽ നിന്നു കൊണ്ട് നിരവധി സംഘടനകൾ മത ജാതി വിഭാഗീയതകൾക്കതീതമായി സമ്മേളനം ചേർന്നു അഖിലേന്ത്യാ തലത്തിൽ gentle men അഗ്രിമെന്റിന്റെയും മാന്യമായ സഖ്യ ത്തിന്റെയും അടിസ്ഥാനത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്കു രൂപം കൊടുത്തപ്പോൾ അതിൽ പകൽ വെളിച്ചത്തിൽ ജമാഅത്തെ ഇസ്ലാമിയും സജീവമായി പങ്കാളിത്തം വഹിച്ചിട്ടുണ്ട്.

ഇസ്ലാം ഒരു സമഗ്രവും സമ്പൂർണവുമായ ജീവിത പദ്ധതിയെന്ന് പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിന്ന് ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മേഖലയായ തൊഴിലിനെ സംബന്ധിച്ചും ഒരു സമീപനം ഉണ്ടായിരിക്കുമല്ലോ? പ്രത്യേകിച്ചും, നാളെ പരലോകത്ത് സമ്പാദ്യത്തെ കുറിച്ച രണ്ടു ചോദ്യങ്ങളിൽ രണ്ടാമത്തെ ചോദ്യമായ ‘എങ്ങനെ വിനിയോഗിച്ചു’ എന്നതിന്ന് മുമ്പേ ‘എങ്ങനെ സാമ്പാദിച്ചു’ എന്നതാ യിരിക്കുമെന്ന് പ്രവാചകൻ പഠിപ്പിക്കുകയും ചെയ്തിരിക്കെ. സർക്കാർ ജോലിയല്ല ജമാഅത് പാടില്ലയെന്ന് പറഞ്ഞത്. സർക്കാർ ജോലിയായത് കൊണ്ടു മാത്രം ഇസ്ലാം നിഷിദ്ധമാക്കിയ ഒരു ജോലി മുസ്ലിമിന്ന് അനുവദനീയമാകില്ല എന്നാണ് ജമാഅത് പറഞ്ഞത്. സർക്കാർ ജോലിയാണോ അല്ലേ എന്നതല്ല ഇസ്ലാമിക ദൃഷ്ട്യാ തൊഴിലിലെ അനുവദനീയതയും അനനുവദനീയതയും തീരുമാനിക്കുന്ന മാനദണ്ഡം. ലഹരി പാനീയങ്ങളുടെ വില്പന സർക്കാർ വിലാസത്തിൽ നടക്കുന്നത് കൊണ്ടു മാത്രം ഒരു മുസ്ലിമിന്ന് അത് അനുവദനീയമാകില്ലല്ലോ? നാളെ ടൂറിസം വികസനത്തിന്റെ ഭാഗമായി വിവാഹേതര മാർഗത്തിലൂടെയുള്ള സെക്സ് സർക്കാർ അനുവദനീയമാക്കുകയും എന്നിട്ട് സർക്കാർ വിലാസത്തിൽ പഞ്ച നക്ഷത്ര വേശ്യാലയങ്ങൾ നടത്തുകയും ചെയ്‌താൽ, അതിൽ കസ്റ്റമർ സർവീസിൽ ഒരു മുസ്ലിമിന്ന് സർക്കാർ ഉദ്യോഗസ്ഥനായി പ്രവർത്തിക്കാൻ പറ്റുമോ? ഇത് സംബന്ധമായി ഇന്നും ജമാഅത്തിന്നുള്ളത് കൃത്യവും വ്യക്തവുമായ സമീപനം തന്നെയാണ്. ആഷ്ലിയുടെ ഈ വിഷയത്തിലെ ജമാഅത്തുമായി ബന്ധപ്പെട്ട നിരീക്ഷണം , ആടെന്തറിഞ്ഞു അങ്ങാടി വാണിഭം എന്നത് പോലെയിരിക്കുന്നു. അഞ്ജനമെന്നാൽ എന്തെന്ന് അറിയാം മഞ്ഞൾ പോലെ വെളുത്തിട്ട് എന്ന് പറയുന്നത് പോലെയാണ് ആഷ്ലി ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിക്കു മൗദൂദി ഉൾപ്പടെ ഒരു പണ്ഡിതനെയും ചിന്തകനെയും തള്ളി പറയേണ്ട ആവശ്യമുണ്ടാകില്ല. ജമാഅത്തിനോട് വിയോജിക്കുന്നതോ, ജമാഅത് വിയോജിക്കുന്നതോ ആയ പണ്ഡിതരെയും ചിന്തകരെയും ആദരിക്കുന്ന സ്വഭാവമാണ് ജമാഅത് അതിന്റെ പ്രവർത്തകരിൽ പോലും കൾട്ടിവേറ്റ് ചെയ്യുന്നത്. (തുടരും)

Related Articles