Current Date

Search
Close this search box.
Search
Close this search box.

ദജ്ജാല്‍ വന്നാല്‍ അത് ടി വിയില്‍ ഫ്ലാഷ് ന്യൂസ്‌ ആയി വരാനും സാധ്യത കുറവാണ്

ലുഖ്മാന്‍ അധ്യായത്തിന്റെ അവസാന വരികളിലൂടെ യാദ്രിഛികമായി കടന്നു പോയി. “ ആ അന്ത്യനിമിഷം സംബന്ധിച്ച ജ്ഞാനം അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. അവനത്രെ മഴ പെയ്യിക്കുന്നത്. ഗര്‍ഭാശയങ്ങളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതെന്തെന്നും അവന്‍ അറിയുന്നു. നാളെ താന്‍ എന്താണ് സമ്പാദിക്കാനിരിക്കുന്നതെന്ന് ഒരു ജീവിയും അറിയുന്നില്ല. ഏതു മണ്ണിലാണ് താന്‍ മരിക്കുകയെന്നും ഒരാളും അറിയുന്നില്ല. അല്ലാഹു മാത്രമാകുന്നു ഒക്കെയും അറിയുന്നവനും തികഞ്ഞ ധാരണയുള്ളവനും” ഈ വചനത്തിന്റെ വിശദീകരണത്തില്‍ ഇങ്ങിനെ വായിക്കാം “ …. നാളെ നിങ്ങള്‍ക്കുതന്നെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നുപോലും നിങ്ങള്‍ക്കറിഞ്ഞുകൂടാ. ഒരാകസ്മിക സംഭവം നിങ്ങളുടെ ഭാഗധേയം കീഴ്‌മേല്‍ മറിച്ചുകൂടെന്നില്ല. അതിന് ഒരുനിമിഷം മുമ്പുവരെ നിങ്ങളതേക്കുറിച്ച് അജ്ഞരാണ്. നിങ്ങളുടെ ഈ ജീവിതം എവിടെ എങ്ങനെ പര്യവസാനിക്കുമെന്നതിനെക്കുറിച്ചും നിങ്ങള്‍ തികഞ്ഞ അജ്ഞരാണ്. ഈ വിവരങ്ങളെല്ലാം അല്ലാഹു സ്വസന്നിധിയില്‍ സൂക്ഷിച്ചിരിക്കുന്നു. അവയില്‍ ഒരു വിവരവും നിങ്ങള്‍ക്ക് തന്നിട്ടില്ല. അതില്‍ ഓരോ കാര്യവും അറിയുകയാണെങ്കില്‍ നിങ്ങള്‍ക്ക് തക്കസമയത്ത് ഒരുങ്ങിയിരിക്കാമായിരുന്നു. പക്ഷേ, ഇക്കാര്യങ്ങളിലെല്ലാം അല്ലാഹുവിന്റെ വിധിയിലും നിശ്ചയത്തിലും ഭരമേല്‍പിക്കുകയല്ലാതെ മനുഷ്യന്ന് ഗത്യന്തരമില്ല. അപ്രകാരംതന്നെ ലോകാവസാനത്തെക്കുറിച്ചും അല്ലാഹുവിന്റെ തീരുമാനത്തില്‍ വിശ്വസിക്കുകയേ വഴിയുള്ളൂ. അത്തരം ജ്ഞാനം ആര്‍ക്കും നല്‍കപ്പെട്ടിട്ടില്ല; നല്‍കപ്പെടാവതുമല്ല……”

Also read: ലോക്ക്‌ഡൗണിൽ കഴിയുന്നവരോട് ഫലസ്തീനികൾക്ക്‌ പറയാനുള്ളത്

പുതിയ സാഹര്യങ്ങള്‍ക്ക് എത്ര മാത്രം അനുയോജ്യമായ വചനമായി വായന അനുഭവപ്പെട്ടു. കുറച്ചു ദിവസം മുമ്പ് വരെ ലോകം ഇപ്പോഴെത്ത അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല. നാളെയെ കുറിച്ച് മനുഷ്യന് അനുമാനങ്ങള്‍ മാത്രമാണ്. യഥാര്‍ത്ഥ ജ്ഞാനം ഒരിക്കലും സാധ്യമല്ല. ഇന്ന് ലോകം ഒരേ ബിന്ദുവിലേക്ക് ചുരുങ്ങിയിരിക്കുന്നു. അതും നാം ഇന്നലെ ചിന്തിച്ച കാര്യമല്ല. അല്ലാഹുവിന്റെ ജ്ഞാനത്തെ മറികടക്കാന്‍ ഒരിക്കലും മനുഷ്യന് സാധ്യമല്ല.

പട്ടണങ്ങളും പള്ളികളും പള്ളിക്കൂടങ്ങളും ആളൊഴിഞ്ഞ അവസ്ഥയിലായി. അന്ത്യദിനത്തിന്റെ വരവായാണ് പലരും ഇതിനെ കാണുന്നത്. പലരും എന്നെ വിളിച്ചു അത് ചോദിച്ചിരുന്നു. അന്ത്യ ദിനം ഒരു സത്യമാണ് അതെന്നു വരും എന്നത് അല്ലാഹുവിനു മാത്രമറിയുന്ന കാര്യവും. ഇസ്ലാമിക വിശ്വാസ പ്രകാരം “ അല്ലാഹു അല്ലാതെ മറ്റാര്‍ക്കും അറിയില്ല “ എന്ന് പറഞ്ഞ കാര്യങ്ങളില്‍ പെട്ടതാണ് അന്ത്യ ദിനം. അതൊരിക്കല്‍ വരും എന്നല്ലാതെ എന്ന് വരും എന്നത് പ്രവാചകന് പോലും അജ്ഞാതം. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണു പലര്‍ക്കും താല്പര്യം.

അന്ത്യ ദിനത്തിന്റെ അടയാളങ്ങള്‍ പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഇല്ലാത്ത ഹദീസുകളാണ്. ഖുര്‍ആന്‍ അദ്ധ്യായം മുഹമ്മദില്‍ ഇങ്ങിനെ കാണാം “ ഇനി ഈ ജനം പുനരുത്ഥാന നിമിഷംതന്നെ കാത്തിരിക്കുകയാണോ, അത് ആകസ്മികമായി അവരില്‍ വന്നെത്താന്‍? അതിന്റെ ലക്ഷണങ്ങള്‍ വന്നുകഴിഞ്ഞിരിക്കുന്നു. അതുതന്നെ വന്നുകഴിഞ്ഞാല്‍ പിന്നെ ഉപദേശം സ്വീകരിക്കാന്‍ അവര്‍ക്കവസരം കിട്ടുന്നതെങ്ങനെ? അതിനാല്‍, പ്രവാചകന്‍ നന്നായി അറിഞ്ഞുകൊള്ളുക: അല്ലാഹു അല്ലാതെ ആരും ഇബാദത്തിനര്‍ഹനല്ല. നിന്റെ തെറ്റുകള്‍ക്ക് മാപ്പ് തേടുക1 വിശ്വാസികളായ സ്ത്രീപുരുഷന്മാര്‍ക്കുവേണ്ടിയും. അല്ലാഹു നിങ്ങളുടെ പ്രയത്‌നങ്ങള്‍ അറിയുന്നു; നിങ്ങളുടെ പാര്‍പ്പിടത്തെക്കുറിച്ചും അറിയുന്നു.”

Also read: വീഡിയോ കോണ്‍ഫറന്‍സിന് ‘ഗൂഗ്ള്‍ ഡുവോ’ ആപ്പ്

ഈ വചനം ഇങ്ങിനെ വ്യാഖ്യാനിക്കപ്പെടുന്നു . “ അന്ത്യനാളിന്റെ ലക്ഷണങ്ങള്‍ എന്നതുകൊണ്ടുദ്ദേശ്യം അന്ത്യനാള്‍ അടുത്തുകഴിഞ്ഞിരിക്കുന്നു എന്നു വെളിപ്പെടുത്തുന്ന അടയാളങ്ങളാകുന്നു. അതില്‍ ഒരു സുപ്രധാന ലക്ഷണം അന്ത്യപ്രവാചകന്റെ ആഗമനമാണ്. അദ്ദേഹത്തിനുശേഷം പിന്നെ അന്ത്യനാളിനിടക്ക് പ്രവാചകന്മാരാരും ആഗതരാവുകയില്ല: ഒരിക്കല്‍ നബി (സ) തന്റെ ചൂണ്ടാണിവിരലും നടുവിരലും നിവര്‍ത്തിക്കാണിച്ചുകൊണ്ടരുളി: (എന്റെ നിയോഗവും അന്ത്യനാളും ഈ വിരലുകള്‍പോലെയാകുന്നു). ആ രണ്ടു വിരലുകള്‍ക്കിടയില്‍ മറ്റൊരു വിരലില്ലാത്തതുപോലെ അദ്ദേഹത്തിന്റെയും അന്ത്യനാളിന്റെയും ഇടക്ക് മറ്റൊരു പ്രവാചകന്‍ നിയോഗിക്കപ്പെടാനില്ല എന്നര്‍ഥം.” അത് കൊണ്ട് തന്നെ ഇബാദത്ത് അല്ലാഹുവിനു അര്‍പ്പിച്ചു കൊണ്ട് വേണം അടിമ ജീവിക്കാന്‍. പ്രവാചകന്‍റെ ആഗമനം സംഭവിച്ചു എന്നത് തന്നെയാണ് അന്ത്യ ദിനത്തിന്റെ ആദ്യ അടയാളം എന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു. ഇനി എപ്പോള്‍ വേണമെങ്കിലും അത് സംഭവിക്കാം.

പിന്നെയും ഈ വിഷയകമായി പലതും ഹദീസുകളില്‍ നമുക്ക് വായിക്കാം. അത് വരുന്നതും വരാതിരിക്കുന്നതും അന്ത്യ ദിനത്തിന് തടസ്സമല്ല. അതിന്റെ സമയം അല്ലാഹു തീരുമാനിച്ചു വെച്ചിട്ടുണ്ട്. അതതിന്റെ സമയത്ത് നടക്കും. നമ്മുടെ ഒരു പ്രവര്‍ത്തനവും ഖിയാമത്ത് ദിനം മാറ്റി വെപ്പിക്കപ്പെടാന്‍ കാരണമാണ് എന്ന് പഠിപ്പിക്കപ്പെട്ടിട്ടില്ല. അതെ സമയം അതിനു വേണ്ട സമയത്തെ കുറിച്ച് ഖുര്‍ആന്‍ ഇങ്ങിനെ പറയുന്നു “ ആകാശഭൂമികളില്‍ മറഞ്ഞുകിടക്കുന്ന യാഥാര്‍ഥ്യങ്ങളുടെ ജ്ഞാനം അല്ലാഹുവിനുമാത്രമുള്ളതാകുന്നു. പുനരുത്ഥാനം നിലവില്‍വരുത്തുന്നതിന് ഏറെ സമയമൊന്നും ആവശ്യമില്ല. കണ്ണടച്ചുമിഴിക്കുന്ന സമയമേ വേണ്ടൂ. അല്ല, അതിനെക്കാള്‍ തുച്ഛം മതി. അല്ലാഹു എന്തും ചെയ്യാന്‍ കഴിവുള്ളവനാകുന്നു എന്നതത്രെ യാഥാര്‍ഥ്യം” ( ALNAHAL 77)

ഖിയാമത്ത് (അന്ത്യദിനം) പടിപടിയായി ദീര്‍ഘകാലംകൊണ്ട് സംഭവിക്കുന്നതല്ല. അത് വരുന്നതിനുമുമ്പ് അതിന്റെ ആഗമനം ദൂരെനിന്ന് കണ്ട് നേരിടാന്‍ തയ്യാറെടുക്കാനും നിങ്ങള്‍ക്ക് സാധ്യമല്ല. അത് ഒരു ദിവസം പൊടുന്നനെ ഞൊടിയിടക്കുള്ളില്‍ അല്ല, അതിനെക്കാള്‍ വേഗത്തിലായിരിക്കും സംഭവിച്ചേക്കുക. അതിനാല്‍, അതെപ്പറ്റി വല്ലതും ചിന്തിക്കുന്നുവെങ്കില്‍ കാര്യഗൗരവത്തോടുകൂടി ചിന്തിച്ചുകൊള്ളുക. പ്രവര്‍ത്തനമാര്‍ഗത്തെക്കുറിച്ച് വല്ല തീരുമാനവും എടുക്കണമെങ്കില്‍ വേഗത്തില്‍ എടുത്തുകൊള്ളുക. ഖിയാമത്ത് ഇനിയും വളരെ അകലെയാണ്; അത് വന്നുതുടങ്ങുമ്പോള്‍ അല്ലാഹുവോട് നല്ല നിലയില്‍ വര്‍ത്തിക്കാം എന്നു കരുതി ആരും കുത്തിയിരിക്കേണ്ടതില്ല.

അടിസ്ഥാന വിഷയങ്ങളെ കുറിച്ച് സമുദായത്തിന്റെ ജ്ഞാനം അധികവും അബദ്ധ ജടിലമാണ്. ജുമാ നമസ്കാരം ഇല്ലാതായാല്‍ ദജ്ജാല്‍ ചങ്ങല പൊട്ടിക്കും എന്നൊരു വിശ്വാസവും അധിക പേരും വെച്ച് പുലര്‍ത്തുന്നു. ദജ്ജാല്‍ വരിക എന്നത് അവസാന നാളിന്റെ അടയാളമായി പറയുന്നുണ്ട്. ദാജ്ജാളിനോളം വലിയ പരീക്ഷണം ഭൂമിയില്‍ വരാനില്ല എന്നും പ്രവാചകന്‍ പറഞ്ഞതായിട്ടുണ്ട്. ദജ്ജാലിനെ കുറിച്ചും ഒരു പാട് ഹദീസുകള്‍ വന്നിട്ടുണ്ട് അതില്‍ അധികവും ഇപ്പറഞ്ഞത്‌ പോലെ തീര്‍ത്തും കെട്ടിച്ചമച്ചതാണ്. അന്ത്യ ദിനം എന്ന് സംഭവിക്കും എന്നത് നമുക്ക് അറിയില്ല. ദജ്ജാല്‍ വന്നാല്‍ അത് ടി വി യില്‍ ഫ്ലാഷ് ന്യൂസ്‌ ആയി വരാനും സാധ്യത കുറവാണ്. പ്രവാചകന്‍ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനം പരീക്ഷണമാണ്. അതിനെ മാറി കടക്കാന്‍ വിശ്വാസികള്‍ക്ക് മാത്രമേ സാധിക്കൂ. നമ്മുടെ മുന്നില്‍ പരീക്ഷണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്നു. അതിനെ എങ്ങിനെ മറികടക്കാം എന്നതാണ് നമ്മുടെ മുന്നിലെ വിഷയം. അന്ത്യ ദിനത്തിന്റെ അടയാളങ്ങള്‍ക്ക് വേണ്ടി നാം കാത്തു നില്‍ക്കരുത്. എപ്പോള്‍ വന്നാലും സ്വീകരിക്കാന്‍ നാം സന്നദ്ധരാകുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്നത്‌.

Related Articles