Your Voice

അതൊരു ചരിത്ര നിയോഗം കൂടിയാണ്

നികുതി ബഹിഷ്‌കരിക്കാന്‍ ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലത്തിനും പതിറ്റാണ്ടുകള്‍ മുമ്പ് ഒരു കേരളീയ ഗ്രാമത്തില്‍ നികുതിനിഷേധ സമരം നടത്തി എന്നതാണ് ഉമര്‍ ഖാസിയുടെ പ്രസക്തി. ടിപ്പുവിന്റെ തിരോധാനത്തോടെ മലബാര്‍ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി. കടന്നു കയറ്റക്കാരായ വെള്ളക്കാരെ നികുതി നിഷേധ പ്രസ്ഥാനം വഴിയാണ് ഉമര്‍ ഖാസി നേരിട്ടത്. ഖാസി പകര്‍ന്നു നല്‍കിയ സമരാവേശം ജനം ഏറ്റെടുത്തു. അതിന്റെ പേരില്‍ അധികാരികളില്‍ നിന്നും അദ്ദേഹം ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലാണ് ഖാസി ജീവിച്ചത്. തന്റെ അധ്യാപകനായ മമ്പുറം അലവി തങ്ങളില്‍ നിന്നാണ് അദ്ദേഹത്തിന് പോരാട്ട വീര്യം പകര്‍ന്നു കിട്ടിയത്.

അതിനും മുമ്പ് പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ എത്തിയിരുന്നു. വാസ്‌ഗോഡഗാമയുടെ കീഴില്‍ കേരള തീരത്തെത്തിയ പറങ്കികള്‍ നടത്തിയ ക്രൂരതകള്‍ നാം വായിച്ചറിഞ്ഞതാണ്. പൊന്നാനിയിലെ മഖ്ദൂം ഒന്നാമനും രണ്ടാമനും അതിനെതിരെ നടത്തിയ ചെറുത്തുനില്‍പ്പുകള്‍ പ്രസിദ്ധമാണ്. മഖ്ദൂം രണ്ടാമന്‍ രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്‍ അതിന്റെ ഒന്നാം തരം തെളിവാണ്. മത പണ്ഡിതര്‍ തന്നെ അക്രമത്തിനും അനീതിക്കുമെതിരെ രംഗത്തിറങ്ങിയ ചരിത്രമാണ് നമുക്ക് പറയാനുള്ളത്. അത് കൊണ്ട് തന്നെയാണ് ഈ അനീതിയുടെ കാലത്ത് മുന്‍ഗാമികള്‍ ഓര്‍മ്മിക്കപ്പെടുന്നത്.

കേരളത്തില്‍ വൈദേശിക ആധിപത്യത്തെ തടഞ്ഞു നിര്‍ത്തിയതില്‍ മുസ്ലിം പണ്ഡിതര്‍ നല്‍കിയ സംഭാവന വലുതാണ്. സമൂഹത്തെ മൊത്തമായി അവര്‍ നയിച്ചിരുന്നു. പറങ്കികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിനെ ഇസ്ലാമിക ജിഹാദായി അവര്‍ വരച്ചു കാട്ടി. കൈരളിയുടെ ആദ്യത്തെ എഴുതപ്പെട്ട ചരിത്ര പുസ്തകത്തിന് മഖ്ദൂം രണ്ടാമന്‍ നല്‍കിയ പേര് തന്നെ ‘യോദ്ധാക്കള്‍ക്കുള്ള സമ്മാനം’ എന്ന് അര്‍ഥം വരുന്ന ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്നായിരുന്നു. മുസ്ലിംകളുടെ ദേശസ്‌നേഹം അത് കൊണ്ട് തന്നെ ചോദ്യം ചെയ്യാന്‍ ആരെയും നാം അനുവദിക്കില്ല. വെള്ളക്കാര്‍ക്കെതിരെ സമരം ചെയ്തു എന്നതാണ് ചിലരെ നാട് കടത്താന് കാരണം.

ചരിത്രം പലപ്പോഴും ചാരം മൂടിപ്പോകും. അല്ലെങ്കില്‍ അതിനെ മറച്ചു വെക്കാന്‍ പലരും ശ്രമിക്കും. മുസ്ലിംകളെ നാട് കടത്താന്‍ സംഘ്പരിവാര്‍ കുതന്ത്രം പയറ്റുന്ന കാലത്തു ചാരം മൂടിപ്പോയ ചരിത്രം നാം പുറത്തുകൊണ്ട് വരണം. ജന്മഭൂമിക്കു വേണ്ടി ജീവന്‍ നല്‍കാന്‍ തയ്യാറായ ഒരു തലമുറയെ കുറിച്ചാണ് ഇന്ത്യന്‍ മുസ്ലിമിന് പറയാനുള്ളത്. ഉമര്‍ ഖാസിയും മമ്പുറം തങ്ങന്മാരും പൊന്നാനിയിലെ മഖ്ദൂം കുടുംബവും അവിടെയാണ് കടന്നു വരേണ്ടത്. ഒരിക്കല്‍ പോലും അവര്‍ ഭരണ കൂടങ്ങളോട് മാപ്പിന് വേണ്ടി അപേക്ഷിച്ചില്ല. തങ്ങളുടെ നിലപാടില്‍ അവര്‍ എന്നും ഉറച്ചു നിന്ന് പൊരുതുകയാണുണ്ടായത്.

ഇന്ത്യന്‍ മുസ്ലിമിന്റെ പൗരത്വത്തിന്റെ അടിരേഖ ചോദിക്കുന്ന കാലത്ത് ഈ ചരിത്രങ്ങള്‍ നാം വീണ്ടും വായിക്കണം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ശേഷവും സംഘപരിവാര്‍ നിലപാടുകള്‍ നാം കണ്ടതാണ്. കള്ളന്‍ പോലീസിനോട് തെളിവ് ചോദിക്കുന്ന കാലമാണ്. ആ കാലത്തെ നാം മറികടക്കണം. അതൊരു ചരിത്ര നിയോഗം കൂടിയാണ്.

Author
AS
Facebook Comments
Show More
Close
Close