നിരവധി പേർക്ക് ഇസ്ലാമിൻറെ ചൈതന്യം പകർന്ന് നൽകുകയും അവരെ ദീനിലേക്ക് അടുപ്പിക്കുകയും സ്വാധീനിക്കുകയും പരിവർത്തിപ്പിക്കുകയും ചെയ്ത മഹാനായിരന്നു ഏതാനും ദശകങ്ങൾക്ക് മുമ്പ് നമ്മോട് വിടപറഞ്ഞ മർഹും വി.കെ.ഇസ്സുദ്ദീൻ മൗലവി. വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യംകൊടുക്കുകയും കേരളത്തിലെ പല പ്രദേശങ്ങളിലായി 800 ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ച പരിഷ്കർത്താവ് കൂടിയായിരുന്നു അദ്ദേഹം. പണ്ഡിതൻ, പ്രാസംഗികൻ എന്നീ വിശേഷണങ്ങൾ കൂടാതെ, ജനമനസ്സുകളെ ആഴത്തിൽ സ്വധീനിച്ച വ്യക്തിത്വത്തിൻറെ ഉടമ കൂടിയായിരുന്നു മൗലവി.
കേരളത്തിലെ നിരവധി പ്രദേശങ്ങളിൽ ഇസ്ലാമിക പ്രവർത്തനവുമായി ഇസ്സുദ്ദീൻ മൗലവി ബന്ധപ്പെട്ടിരുന്നുവെങ്കിലും അതിൽ ഏറ്റവും പ്രമുഖവും നിരന്തരമായ സാമിപ്യം പുലർത്തിയിരുന്നതുമായ പ്രദേശം കാസർകോട് ജില്ലയിലെ ചെംനാട് പഞ്ചായത്തിലുള്ള പരവനടുക്കമായിരുന്നു എന്നത് അവിടുത്തുകാർക്ക് എക്കാലത്തും അഭിമാനമുളവാക്കുന്ന കാര്യമാണ്. ആ അഭിമാനം ജാതി മതഭേദമന്യേ അദ്ദേഹത്തിൻറെ ജീവിത കാലത്ത് തന്നെ അവർ ഉയർത്തി പിടിക്കുകയും ചെയ്തിരുന്നു.
അക്കാലത്ത് പരവനടുക്കത്ത് കടകളൊക്ക ഓലകൊണ്ട് മേഞ്ഞ മേൽതട്ടാണ് ഉണ്ടായിരുന്നത്. മൗലവി സ്ഥാപിച്ച ആലിയ അറബികോളേജിൻറെ ഓരം ചേർന്ന കൃഷ്ണൻറെ ഹോട്ടൽ നിർമ്മിച്ചിരുന്നതും അതിൽ നിന്ന് ഒട്ടും വിത്യസ്തമായിരുന്നില്ല. സ്കൂൾ പഠനകാലത്ത് ഞങ്ങളൊക്കെ ഉച്ച ഭക്ഷണം കഴിച്ചിരുന്നത് കൃഷ്ണേട്ടൻറെ ഹോട്ടലിൽ നിന്നായിരുന്നു. 20 പൈസക്ക് ലഭിച്ചിരുന്ന കടല പുഴുങ്ങിയതും കളർ സോഡയുമായിരുന്നു അവിടുത്തെ ഇഷ്ട ഭോജ്യം. ഉച്ചക്ക് ബെല്ലടിക്കുമ്പോൾ ഹോട്ടലിലേക്ക് ഒരു ഓട്ടം.
കാഷ്യർ ഇരിക്കുന്നതിൻറെ തൊട്ട് മുകളിലായി തൊപ്പിവെച്ച, തോളിൽ മുണ്ടിട്ടുള്ള ഒരു ഫോട്ടൊ ശ്രദ്ധയിൽപ്പെട്ടു. ഹൈന്ദവ സഹോദരൻറെ ഹോട്ടലിൽ ഒരു മൗലവിയുടെ ഫോട്ടൊ കണ്ടതിലുള്ള കൗതുകത്താൽ കൃഷ്ണേട്ടനോട് ഞാൻ ചോദിച്ചു: ചുമരിലെ ഫോട്ടോയിൽ കാണുന്ന മൗലവിയും നിങ്ങളും തമ്മിലുള്ള ബന്ധം? സൗമ്യനായ അദ്ദേഹത്തൻറെ മറുപടി: ഇത് നമ്മുടെ സ്വന്തം മൗലവിയല്ലേ എന്നായിരുന്നു. സഹോദര സമുദായക്കാരനായ ഒരാളിൽപോലും ഇസ്സുദ്ദീൻ മൗലവി സൃഷ്ടിച്ച മതിപ്പ് അന്ന് എനിക്ക് ആശ്ചര്യകരമായിരുന്നില്ലെങ്കിലും ഇന്ന് ഓർക്കമ്പോൾ അൽഭുതമുളവാക്കുന്നു.
മഹത്തായ ആലിയ വിദ്യാഭ്യാസ സമുച്ചയം പരവനടുക്കത്ത് സ്ഥാപിക്കാൻ പാതയൊരുക്കിയത് ചെംനാടുകാരായിരുന്നു. ആലിയ ആദ്യമായി തുടക്കം കുറിച്ചത് ചെംനാട് മഹല്ലു പള്ളിയിലായിരുന്നുവെന്ന് പൂർവ്വികർ പറഞ്ഞത് ഓർക്കുന്നു. മൗലവിയുടെ സ്വാധീനഫലമായി അക്കാലത്തെ ചെംനാടുകാരിൽ പലരും ആലിയയിൽ പഠിച്ചവരായിരുന്നു. ചെംനാട് മഹല്ല് പള്ളിയിൽ മൗലവിക്ക് പ്രത്യേകമായ സ്ഥാനവും ആദരവും ഉണ്ടായിരുന്നു. നമസ്കാരത്തിന് മൗലവി അവിടെയുണ്ടെങ്കിൽ, ഇമാമത്ത് അദ്ദേഹത്തെ ഏൽപിക്കലും ജുമുഅക്ക് ഖുതുബ നിർവ്വഹിക്കാൻ അവസരം നൽകലും ആ മഹാനുഭാവനോടുള്ള ആദരവിൻറെ ഭാഗമായിരുന്നു.
പ്രവാചകൻ മുഹമ്മദ് നബി (സ) യെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും സന്ദർശിക്കുക
ഞങ്ങളുടെ കുടുംബവുമായി മൗലവിക്ക് പ്രത്യേക ബന്ധമുണ്ടായിരുന്നു. പല വിഷയങ്ങളും പിതാവ് മൗലവിയുമായി ആലോചിച്ചായിരുന്നു തീരുമാനമെടുത്തിരുന്നത്. ആ ആലോചനയുടെ ഫലമായിരുന്നു ശാന്തപുരത്ത് പഠിക്കാനുള്ള മഹത്തായ സൗഭാഗ്യം ലഭിച്ചത്. 1975 ജൂൺ മാസത്തിലെ ആദ്യ ദിനങ്ങളിൽ ഒരു ദിവസം മൗലവി ഞങ്ങളുടെ വീട്ടിൽ വന്നു ദീർഘമായ പ്രസംഗം നിർവ്വഹിച്ചതിൻറെ നേരിയ ഓർമ്മ കാതുകളിലുണ്ട്. ശാന്തപുരത്ത് ചേർക്കുന്നതിൻറെ ഗ്രൗണ്ടൊരുക്കലായിരുന്നു ആ പ്രഭാഷണമെന്ന് പിന്നീടാണ് മനസ്സിലായത്.
പുലർച്ചെ ഏഴ് മണിക്ക് പുറപ്പെട്ട്, ഉച്ചക്ക് രണ്ട് മണിയോടെ കോഴിക്കോട് എത്തിച്ചേരുന്ന മദ്രാസ് മെയിലിലായിരുന്നു മൗലവിയോടൊപ്പമുള്ള കന്നി യാത്ര. പുക തുപ്പിപായുന്ന മദ്രാസ് മെയിൽ. 6.20 രൂപയായിരുന്നു ടിക്കറ്റ് ചാർജ്ജ്. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് മനുഷ്യൻ ചവിട്ടികൊണ്ട്പോവുന്ന സൈകിൾ റിക്ഷയിൽ പാളയം ബസ്സ്റ്റാൻറിലേക്ക്. റോഡിലെ കയറ്റത്തിൽ വണ്ടി വലിച്ച്പോവുന്ന സൈകിൾ റിക്ഷക്കാരന്റെ ദീർഘനിശ്വാസം മൗലവിയുടെ കരളലിയിപ്പിച്ചു.
വാഹനത്തിൽ നിന്ന് ഇറങ്ങി ഇയാളെ നമുക്ക് സഹായിച്ചാലൊ എന്ന മൗലവിയുടെ വാക്ക് മനസ്സിൽ ഇപ്പോഴും പ്രതിധ്വനിക്കുന്നു. ഞങ്ങളുടെ ബാഗുകൾ സൈകിൾ റിക്ഷയിൽവെച്ച് മൗലവിയും റിക്ഷക്കാരനും ഈയുള്ളവനും റിക്ഷയെ കയറ്റംതീരുന്നത് വരെ തള്ളികൊണ്ടിരുന്നു. ഉച്ചയൂണിനും നമസ്കാരത്തിനും ശേഷം പാളയം ബസ് സ്റ്റാൻരിൽ നിന്നും മലപ്പുറം ബസിൽ കയറി. അന്ന് വൈകുന്നേരത്തോടെ പടിഞ്ഞാറ്റുംമുറിയിലുള്ള മൗലവിയുടെ വീടിലത്തെി. വീട്ടുകാരുടെ ഹൃദ്യമായ സ്വീകരണം. എല്ലാം ഓർക്കുമ്പോൾ മൗലവിയുടെ ആദ്രതയും സൗമ്യഭാവവും കാരുണ്യവും മനസ്സിൽ തരളിതമായി നിലകൊള്ളുന്നു. ഏതൊരു ഇസ്ലാമിക പ്രവർത്തകനും മാതൃകയാണ് കാലം കണ്ട ആ മഹാൻ. അല്ലാഹു അവരെല്ലാം അനുഗ്രഹിക്കുമാറാകട്ടെ.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp