Current Date

Search
Close this search box.
Search
Close this search box.

സ്വർഗ്ഗത്തിന് സമാധാനത്തിന്റെ സുഗന്ധമാണ് !

മുസ്ലിങ്ങൾ ഏകദൈവ വിശ്വാസികളാണ്. മുസ്ലിങ്ങൾ മാത്രമല്ല മറ്റു പലരും. പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന ആ ഏക ദൈവത്തെ മുസ്ലിങ്ങൾ അല്ലാഹു എന്ന് പറയാറുള്ളതിനാൽ ആ പദത്തോട് പലർക്കും ഈർഷ്യ ഉണ്ടെന്നത് വേറെ കാര്യം. അല്ലാഹുവിനെ മുസ്ലിം ദൈവമായി മാത്രമായി പരിചയപ്പെടുത്തുന്ന അബദ്ധങ്ങൾ മുസ്ലിങ്ങൾ എന്നവകാശപ്പെടുന്നവരും അല്ലാത്തവരും ഒക്കെ നടത്താറുമുണ്ട്. ദൈവം ഏകമാണെന്ന വിശുദ്ധ ഖുർആൻ വാദത്തെ അംഗീകരിക്കുന്നവരെന്ന നിലയിൽ ആ വാദത്തോട് ചേർന്ന് നിൽക്കുന്നു എന്നല്ലാതെ ദൈവത്തെ ഇന്ന പേര് മാത്രമേ വിളിക്കാൻ പാടുള്ളു എന്ന നിര്ബന്ധബുദ്ധിയൊന്നും മുസ്ലിങ്ങൾക്ക് ഉണ്ടാവേണ്ടതില്ല. ഖുർആൻ അങ്ങിനെയാണ് പഠിപ്പിക്കുന്നത്. അല്ലാഹുവിനെ റഹ്മാൻ എന്നോ റഹീമെന്നോ ഒക്കെ വിളിക്കാമെന്ന്. ഏകമായ, തുടക്കമോ ഒടുക്കമോ ലിംഗഭേധമോ ഇല്ലാത്ത സ്രഷ്ടാവായ തമ്പുരാനെ ആ ഗാംഭീര്യത്തിൽ തിരിച്ചറിയാനോ പരിചയപ്പെടുത്താനോ പറ്റുന്ന എന്ത് പേരിലും! അതുകൊണ്ടു തന്നെ യാഹ്‌വെ എന്നോ ജഗന്നാഥൻ എന്നോ ഒരാൾ ദൈവത്തെ വിളിച്ചാൽ നമ്മുടെ അല്ലാഹുവിനെ അവർ അങ്ങിനെ വിളിക്കുന്നു എന്നേ ഒരു മുസ്ലിം കരുതേണ്ടതുള്ളൂ. പടച്ചവൻ എന്ന് വിളിക്കാമെങ്കിൽ പടച്ചവൾ എന്നും വിളിച്ചുകൂടെ എന്ന് ചിന്തിക്കുന്ന കുട്ടികളുടെ കാലം കൂടിയാണിത്.

എന്തായാലും അല്ലാഹുവിനെ, അല്ലാഹു പരിചയപ്പെടുത്തിയ ഗുണങ്ങളിൽ മുസ്ലിങ്ങൾ വിശ്വസിക്കുന്നതിനാൽ അതിനു കടക വിരുദ്ധമായ കാര്യങ്ങളെ അവർ അംഗീകരിക്കില്ല എന്ന് മാത്രം. “മര്‍യമിന്‍റെ മകന്‍ മസീഹ്‌ തന്നെയാണ്‌ ദൈവം എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു” എന്ന് സൂറത്തുൽ മാഇദയിൽ അല്ലാഹു പറയുന്നത് വിശ്വസിക്കുമ്പോൾ തന്നെ അങ്ങിനെ വിശ്വസിക്കുന്നവരോട് സംവദിച്ചും, കൊടുക്കൽ വാങ്ങൽ നടത്തിയും ജീവിക്കുകയും ചെയ്യുന്നു. ആർകും എന്തും വിശ്വസിക്കാനും അനുവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഭൂമിയിലുണ്ട്. മനുഷ്യന് ഒരുപക്ഷെ അല്ലാഹു നൽകിയ ഏറ്റവും വലിയ കാര്യവും അത് തന്നെ. അതിന്റെ കൂടി നിറവിലാണല്ലോ നമുക്ക് അല്ലാഹുവിനെ ആരാധിക്കാൻ സാധിക്കുന്നത്. അല്ലാഹു മനുഷ്യർക്ക് നൽകിയ ഈ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതിനാൽ പല ദൈവങ്ങളെ ഉണ്ടാക്കുന്നവരോടോ, സ്വയം ദൈവമായി അവരോധിക്കുന്നവരോടോ ഭൂമിയിൽ സഹവസിക്കാൻ മുസ്ലിങ്ങൾക്ക് മടിയൊന്നുമില്ല. പക്ഷെ അതൊക്കെ ശരിയാണെന്ന വാദം ഇല്ലെന്നു മാത്രം. ബഹുസ്വരതയെ അംഗീകരിക്കും എന്ന് പറയുന്നത് എല്ലാം ശരി എന്ന് പറയുന്നതല്ല എല്ലാ വാദങ്ങൾക്കും ഇടയിൽ നിന്ന് കൊണ്ട് നമുക്ക് ശരിയെന്നു തോന്നുന്ന വാദങ്ങൾ നിർഭയമായി പറഞ്ഞു ജീവിക്കുന്നത് കൂടിയാണ്.

“ജനങ്ങളില്‍ സത്യവിശ്വാസികളോട്‌ ഏറ്റവും കടുത്ത ശത്രുതയുള്ളവര്‍ യഹൂദരും, ബഹുദൈവാരാധകരുമാണ്‌ എന്ന്‌ തീര്‍ച്ചയായും നിനക്ക്‌ കാണാം. ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു. എന്ന്‌ പറഞ്ഞവരാണ്‌ ജനങ്ങളില്‍ വെച്ച്‌ സത്യവിശ്വാസികളോട്‌ ഏറ്റവും അടുത്ത സൌഹൃദമുള്ളവര്‍ എന്നും നിനക്ക്‌ കാണാം. അവരില്‍ മതപണ്ഡിതന്‍മാരും സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന്‌ കാരണം.” എന്നും അതേ അധ്യായത്തിൽ കാണാം. വിശ്വാസ അപചയങ്ങളെ നിരൂപണം ചെയ്യുമ്പോൾ തന്നെ ഖുറാനിലുള്ള മറ്റുളള നിരീക്ഷണങ്ങളെയും സ്വാംശീക്കുന്നവരാണല്ലോ വിശ്വാസികൾ. ആദ്യാവസാനം ഖുർആൻ വായിക്കുമ്പോൾ കിട്ടുന്ന തെളിച്ചത്തിന് എന്തൊരു വെളിച്ചം? ആ വെളിച്ചത്തണലിൽ മനുഷ്യരെയും ലോകത്തെയും ഒക്കെ കാണുന്നതിന് വല്ലാത്തൊരു സൗന്ദര്യമാണ്.

ഇത് പോലെ മഴവിൽ ഇസ്‌ലാമെന്ന് പറയുന്നത് ഇസ്ലാമിലെ വിവിധ ചിന്ത ധാരകളെയും, കർമ്മശാസ്ത്ര പദ്ധതികളെയും അംഗീകരിക്കുകയും, അള്ളാഹുവാണ് ഏക ഇലാഹ് എന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ അന്ത്യ പ്രവാചകനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത എല്ലാ മുസ്ലിം ഗ്രൂപ്പുകളെയും സഹോദര്യത്തോടെ പരിഗണിക്കുകയും, സ്നേഹിക്കുകയും ചെയ്യുക എന്നത് കൂടിയാണ്. അതില്ലാതെ ഞങ്ങൾ മാത്രമാണ് ശരിയായ മുസ്ലിങ്ങൾ എന്ന കടും വാദത്തിന്റെ ദുരന്തങ്ങൾ മുസ്ലിം സമുദായം ആവോളം അനുഭവിക്കുന്നുണ്ട്. മുസ്ലിങ്ങൾ ഒരു സമുദായമെന്ന പേരിൽ വേട്ടയാടപ്പെടുന്ന ഇന്ത്യൻ സാഹചര്യത്തിൽ വിഭാഗീയതയുടെ വിളവെടുപ്പ് നടത്തുന്ന നേതാക്കളുടെയും, അനുയായികളുടെയും വീര്യം കുറഞ്ഞു വരുമെന്ന് പ്രത്യാശിക്കാം. ഓരോ റമദാനും ഓരോ പ്രതീക്ഷ കൂടിയാണല്ലോ?

ഓരോരുത്തരും അവർക്ക് ശരിയെന്നു തോന്നുന്ന ചിന്താധാരകളെ മുറുകെ പിടിക്കുമ്പോൾ തന്നെ വിശാലമായ രീതിയിൽ സമുദായത്തെയും അതിനപ്പുറം മനുഷ്യരെ ആകമാനവും ഉൾക്കൊള്ളാനുള്ള ഒരു വിശാലത ഇസ്ലാമിന് ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. അത് ഇസ്ലാമിന് മാത്രമേ ഉള്ളൂ എന്നും. അതിന്റെ ആധാരം നീതി ആണെന്നാണ് വിശുദ്ദ ഖുർആൻ പഠിപ്പിക്കുന്നത്. നീതിയുടെയും നന്മയുടെയും ആധാരത്തിൽ ലോകത്തെ കാണുകയും സഹവർത്തിക്കുകയും ചെയ്യുമ്പോൾ അന്യായങ്ങളോട് പോരടിക്കേണ്ടി വരുന്നത് കൂടിയാണ് ഇസ്ലാം. ഈ ഒരു കാഴ്ചപ്പാട്‌ സമ്മാനിക്കുന്ന സമാധാനത്തിൽ ഭൂമിയിൽ അടിച്ചമർത്തപ്പെടുന്നവരോട് ഐക്യദാർഢ്യപ്പെടുമ്പോൾ സ്വർഗ്ഗവാതിൽ തുറക്കുമെന്നത് കൂടിയാണ് ഇസ്ലാമിന്റെ ദർശനം.

Related Articles