Current Date

Search
Close this search box.
Search
Close this search box.

ഇനി വേണ്ടത് ശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കേണ്ട ഇസ്ലാമിക കലാലയങ്ങൾ

ഏതൊരു മേഖലയും ലോകത്തിന്റെ നിലവിലുള്ള ഗതിയെ സസ്സൂക്ഷമം വിലയിരുത്തിയാണ് മുന്നോട്ട് പോകുന്നത്. വിദ്യാഭ്യാസ രംഗത്തു പോലും പ്രസ്തുത (Trend) ഗതി / ചായ്‌വിനെ മുൻനിർത്തിയാണ് പാഠ്യ പദ്ധതികൾ പോലും രൂപപ്പെടുത്തുന്നത്. ലോക ഇസ്ലാമിക കലാലയങ്ങൾ പോലും തങ്ങളുടെ പരമ്പരാഗത ചിന്താ ധാരകളെ നിലവിലെ പുതിയ പ്രവണതകളോട് ചേർത്ത് വായിക്കാൻ തുടങ്ങി എന്നത് വസ്തുതയാണ്.

ഇന്ന് മുസ്ലിം സമുദായം മത വിദ്യാഭ്യാസത്തിലൂന്നിയ ഭൗതിക വിദ്യാഭ്യാസ മേഖലയിൽ ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ നിന്ന് ഉപരി പഠനാർത്ഥം ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ചേക്കേറുന്നതിൽ ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികൾ ആവുന്നു എന്നത് ഏറെ ശുഭപ്രതീക്ഷ നൽകുന്ന സംഗതികളാണ്.

ഖുർആനിനെ കാലികമായി വായിക്കാൻ പഠിപ്പിക്കുന്ന ഇസ്ലാമിക കലാലയങ്ങൾ ഖുർആനിലെ ശാസ്ത്ര വിഷയങ്ങളിൽ വേണ്ടത്ര പ്രോത്സാഹനം വിദ്യാർത്ഥികൾക്ക് നൽകുന്നില്ലന്നത് സത്യമാണ്. കേരളത്തിലെ ഇസ്ലാമിക കലാലയങ്ങൾ പൊതുവെയും ഭാഷാ, സാഹിത്യം, തത്വജ്ഞാനം, ദൈവശാസ്ത്രം തുടങ്ങിയ മേഖലകളിൽ പുതു തലമുറ ഇസ്ലാമിക പണ്ഡിതരെ വാർത്തെടുക്കുന്നതിൽ നല്ലൊരളവോളം വിജയിച്ചു എന്നതിൽ തർക്കമില്ല. എന്നാൽ ശാസ്ത്ര വിഷയങ്ങളിൽ ഖുർആനിക അടിത്തറയിൽ വ്യക്തമായ ദിശാബോധം നൽകുന്ന ഫാക്കൽറ്റികൾ ഉയർന്നു വരുന്നില്ല എന്നത് ദു:ഖകരമാണ്. ഒരു വ്യക്തി ഇസ്ലാമിക പണ്ഡിതൻ (Islamic Scholar) എന്ന പദവയിൽ നിന്ന് (Islamic Scientist) ശാസ്ത്രജ്ഞൻ എന്ന തലത്തിലേക്ക് കൂടി വളരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

ശാസ്ത്രം (Science) എന്ന ലോകത്തെ തന്നെ നിയന്ത്രിക്കുന്ന വിജ്ഞാനശാഖയെ വ്യവസ്ഥാപിതമായി ഉപയോഗിച്ച് ലോകത്ത് വലിയ സംഭാവനകൾ നൽകിയവരാണ് മുസ്ലിംകൾ. ഇരുണ്ട യുഗത്തിൽ നിന്ന് യൂറോപ്പ് ഒരു ഫീനിഷ് പക്ഷിയെപ്പോലെ ഉയർന്നു വന്നതിൽ ഇസ്ലാമിക വൈജ്ഞാനിയങ്ങളുടെ പങ്ക് യൂറോപ്പ് പോലും അംഗീകരിക്കുന്ന വസ്തുതയാണ്. ഇബ്നു സീന (Avilcenna) ഇബ്നു റുഷ്ദ് (Avirros) Al-Zahrawi തുടങ്ങിയ പ്രമുഖർ ഭാഷയിലും തത്ത്വചിന്തയിലും കഴിവു തെളിയിച്ചവരായിരുന്നുവെങ്കിലും ശാസ്ത്ര രംഗത്തുള്ള അവരുടെ കണ്ടെത്തലുകളായിരുന്നു പാശ്ചാത്യ ലോകത്ത് പോലും അവരെ പ്രശസ്തരാക്കിയത്.

Also read: മതങ്ങളും സമാധാനവും: അസഹിഷ്ണുതയുടെ കാലത്തെ കൊളോണിയലാനന്തര പഠനങ്ങളെപ്പറ്റി

ഭാഷയും ശാസ്ത്രവും

ഭാഷയിൽ കേവലം ഭാഷ പരിജ്ഞാനിയോ പണ്ഡിതനോ ആവുന്നതിനേക്കാൾ പ്രസ്തുത ഭാഷയിലൂടെ ലോകത്തെപ്പോലും വിസ്മയിപ്പിക്കുന്ന ശാസ്ത്ര-സാങ്കേതിക കണ്ടെത്തലുകളും നടത്താൻ പരിശ്രമിച്ചവരായിരുന്നു അക്കാലത്തെ ഭാഷാ പണ്ഡിറ്റുകളധികവും. അക്കാലത്തെ ശാസ്ത്ര കണ്ടെത്തലുകളുടെ ഭാഷയായി പാശ്ചാത്യ ലോകം പോലും അംഗീകരിച്ച ഭാഷയാണ് അറബി. ഇബ്നു സീനയുടെ ലോക പ്രശസ്ത ഗ്രന്ഥം القانون في الطب (The Canon of Medicine) 14 വാള്യങ്ങളിലായി പാശ്ചാത്യ ലോകത്തെ വ്യത്യസ്ത ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഇന്ന് യൂറോപ്പിലെ തന്നെ യൂണിവേഴ്സിറ്റികളിലെ പ്രധാന വൈദ്യശാസ്ത്ര ഗ്രന്ഥമായി പ്രസ്തുത ഗ്രന്ഥം പരിഗണിക്കപ്പെടുന്നു. ഫ്രാൻസിലെ മോണ്ട് പെല്ലിയർ, ബെൽജിയത്തിലെ ലൂവൻ സിറ്റിയിലെ മെഡിക്കൽ സ്ക്കൂൾ എന്നിവിടങ്ങളിൽ പ്രസ്തുത ഗ്രന്ഥം ഇന്നും പഠിപ്പിക്കപ്പെടുന്നു. ലോകത്ത് സർജറിയുടെ പിതാവായി അറിയപ്പെടുന്ന Abul casis എന്ന് പാശ്ചാത്യർ വിളിക്കുന്ന Zahrawi യുടെ സേവനങ്ങൾ വൈദ്യമേഖലയിൽ വിപ്ലവങ്ങൾ സ്രിഷ്ടിച്ചു. ഇങ്ങനെ വ്യത്യസ്ത ശാസ്ത്ര ശാഖകളിൽ മികച്ച കണ്ടെത്തലുകൾ നടത്തിയ മുസ്ലിം ശാസ്ത്ര ഗവേഷകരെ എണ്ണിതിട്ടപ്പെടുത്തുക പ്രയാസമാണ്.

Also read: പലിശ വ്യത്യസ്ത സ്വഭാവത്തിലോ?-2

ഇസ്ലാമിക ശാസ്ത്ര ശാഖകളിൽ ഇന്ന് യൂറോപ്യൻ ഓറിയന്റലിസ്റ്റുകൾ തയ്യാറാക്കിയ ‘ഇസ്ലാമി’നെ ആധികാരിക പ്രമാണമായി വെച്ച് കൊണ്ട് മുന്നോട്ട് പോകുന്ന പ്രവണതകൾക്ക് മാറ്റം വരേണ്ടതായിരിക്കുന്നു.ആധുനിക ശാസ്ത്ര രംഗത്ത് ഗവേഷണാത്മകമായ (Scientific Research) മുന്നേറ്റങ്ങൾ ഉയർന്ന് വരണം. ജീവ ശാസ്ത്രം, രസതന്ത്രം, വൈദ്യം, ഭൂമി ശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഗവേഷണത്തിന് വേണ്ടിയുള്ള അടിസ്ഥാന സംവിധാനങ്ങൾ ഉയർന്നു വരണം. അത്യാധുനിക ലബോറട്ടറികളുടെ സഹായത്തോടെ ഇസ്ലാമിക കലാലയങ്ങളിൽ كلية العلوم ( The Faculty of Science) ഫാക്കൽറ്റികൾ വരേണ്ടത് അത്യാവശ്യമാണ്.
ശാസ്ത്ര സാങ്കേതിക മേഖലയിൽ യൂറോപ്പ് ഇന്ന് കയ്യാളുന്ന അപ്രമാദിത്യം ഇസ്ലാമിക വൈജ്ഞാനിക സിദ്ധാന്തങ്ങളിൽ കെട്ടിപ്പടുത്തപ്പെട്ടതാണ് എന്ന ചരിത്ര വസ്തുതയിൽ കേവലം നിർവൃതി കൊണ്ടാൽ മാത്രം മതിയാവുകയില്ല മറിച്ച് ഇസ്ലാമിക അടിത്തറയിൽ നിന്ന് കൊണ്ട് ശാസ്ത്ര വിഷയങ്ങളെ സമീപിക്കാൻ പ്രാപ്തരാക്കുന്ന പാഠ്യപദ്ധതികളും രൂപരേഖകളും തയ്യാറാക്കപ്പെടേണ്ടത് അനിവാര്യതയായി ഇസ്ലാമിക കലാലയങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ലോകത്ത് ശാസ്ത്ര ഗവേഷണത്തിനുള്ള നോബൽ പുരസ്കാര കുത്തക പാശ്ചാത്യരിൽ നിന്ന് മുസ്ലിംകൾ നേടിയെടുക്കുന്ന നല്ല നാളെയെക്കുറിച്ച ആത്മവിശ്വാസം പകർന്നു നൽകാൻ കഴിയുന്ന പഠനാന്തരീക്ഷം നമ്മുടെ ഇസ്ലാമിക കലാലയങ്ങളിൽ നിലനിർത്താൻ അക്കാദമിക രംഗത്തുള്ളവർ ബാധ്യസ്ഥരാണ്.

Related Articles