Current Date

Search
Close this search box.
Search
Close this search box.

ഇസ് ലാം – നാസ്തിക സംവാദത്തിൻ്റെ ബാക്കിപത്രം

സംവാദം തർക്കമോ വാദപ്രതിവാദമോ അല്ലെന്ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലെ മൂന്നു മണിക്കൂർ നേരം ബോധ്യപ്പെടുത്തി. ടി. മുഹമ്മദും സി.രവിചന്ദ്രനും അത്യന്തം ഗുണകാംക്ഷയോടെ ബോധ്യങ്ങൾ തമ്മിലുള്ള വിനിമയമാണ് നടത്തിയത്. നിറഞ്ഞു കവിഞ്ഞ സദസ്സും തികഞ്ഞ ജാഗ്രതയോടെ ജ്ഞാന പ്രകാശങ്ങളെ നെഞ്ചോടു ചേർത്തു. ജനാധിപത്യത്തിൻ്റെ അനന്തസാധ്യത തുറന്നു തന്ന ഇത്തരം വേദികൾ ഇനിയും ഉണ്ടാവേണ്ടതുണ്ട്.

“മൃഗങ്ങൾ നൈസർഗിക വാസനകളിൽ ജീവിതം ക്രമപ്പെടുത്തിയിരിക്കുന്നു. എന്നാൽ ധർമാധർമങ്ങൾ വ്യവച്ഛേദിച്ചറിഞ്ഞില്ലെങ്കിൽ മനുഷ്യ ജീവിതം അസാധ്യമാകും. അതു കൊണ്ട് മനുഷ്യാരംഭം മുതൽ തന്നെ പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും വഴി ദൈവം മനുഷ്യന് ധാർമിക മൂല്യങ്ങൾ നൽകിയിരിക്കുന്നു. പ്രവാചക ശൃംഖലയിലെ അന്തിമനാണ് മുഹമ്മദ് (സ) ”
ഈ മുഖവുരയോടെയാണ് ഇസ് ലാമിൻ്റെ പ്രതിനിധി ടി.മുഹമ്മദ് വേളം തൻ്റെ ഭാഷണം ആരംഭിച്ചത്. തുടർന്ന് അവയുടെ വിശദാംശങ്ങളും ഒപ്പം നാസ്തികത/ നവനാസ്തികത ലോകത്തിനു നൽകിയ, നൽകിക്കൊണ്ടിരിക്കുന്ന മൂല്യ നിരാസങ്ങളുടെ ഊഷരതയും ടി.എം പങ്കുവെച്ചു.

രവി ചന്ദ്രൻ തൻ്റെ ഊഴത്തിൽ മൂല്യങ്ങൾ അംഗീകരിച്ചു കൊണ്ടു തന്നെ, മൂല്യങ്ങളുടെ ദൈവികതയെ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ദൈവപ്രീതി/ പരലോക വിജയം തുടങ്ങിയ “പ്രലോഭനങ്ങളും” മനുഷ്യൻ ദൈവത്തിൻ്റെ അടിമയും ദൈവം മനുഷ്യൻ്റെ ഉടമയുമാണെന്ന വീക്ഷണവും കാലോചിതമല്ലെന്നായി അദ്ദേഹം.

എന്നാൽ ആർക്കും എങ്ങനെയും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിന് അടിവരയിട്ടു കൊണ്ടാണ് ടി.എം തൻ്റെ രണ്ടാം ഊഴം ആരംഭിച്ചത്.
ദൈവത്തിൻ്റെ സൃഷ്ടിയും ദൈവദാസനും/ദാസിയും എന്നതും മനുഷ്യനെ മറ്റെല്ലാ വിധ കൃത്രിമ അടിമത്തങ്ങളിൽ നിന്നും മോചിപ്പിച്ച് ഉദാത്തമായ സ്ഥാനത്തേക്കും യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്കും ഉയർത്തുകയാണ്. ഒപ്പം ഏതു പ്രവർത്തനത്തിനും പ്രചോദനം ആവശ്യമാണെന്ന് സാം ഹാരിസ് ഉൾപ്പെടെയുള്ളവരുടെ ഉദ്ധരണികളുയർത്തി ടി.മുഹമ്മദ് സ്ഥാപിച്ചു. ഖുർആൻ സമർപ്പിക്കുന്ന അത്തരം ആത്മീയ / ഭൗതിക പ്രചോദനങ്ങളിൽ സുപ്രധാനമാണ് പരലോകവും സ്വർഗ / നരകങ്ങളും.

മാക്യവല്ലിയുടെ “ദ പ്രിൻസും” സോഷ്യൽ ഡാർവനിസവും നവനാസ്തികതയുമെല്ലാം ലോകത്തിൻ്റെ മൂല്യബോധത്തെ കീഴ്മേൽ മറിക്കുകയും മനുഷ്യനെ ഉത്തരവാദിത്ത രഹിതനാക്കുകയും സ്ത്രീകളെ വെറും ചരക്കുകളാക്കുകയുമാണ് ചെയ്യുന്നത്. ഒപ്പം പടിഞ്ഞാറൻ വംശീയ തീർപ്പുകളിൽ അഭിരമിക്കുകയും ഇവിടെ സംഘ് ഫാഷിസത്തിൻ്റെ ഓരം ചേർന്നു നടക്കാൻ ശ്രമിക്കുകയും ചെയ്യുന്നു! ടി.എം കൂട്ടിച്ചേർത്തു.

അമ്പരപ്പിച്ച കാര്യം ഇസ് ലാമിനെക്കുറിച്ച് രവിചന്ദ്രനെപ്പോലുള്ള ഒരാൾ പോലും വെച്ചു പുലർത്തുന്ന ദയനീയമായ അജ്ഞതയാണ്. “പ്രവാചകൻ മുഹമ്മദ് ഇസ് ലാമിലെ ദൈവമാണ് ” എന്നു വരെ ഒരു ഘട്ടത്തിൽ പറഞ്ഞു കളഞ്ഞു അദ്ദേഹം!

പ്രവാചക പത്നി ആയിശ(റ)യുടെ വിവാഹപ്രായം, ഇസ് ലാം അടിമത്തം അവസാനിപ്പിച്ച രീതി, ബനു ഖുറൈദ ഗോത്ര പ്രശ്നം, അനന്തരാവകാശത്തിലെ സ്ത്രീ, സ്വർഗത്തിലെ ഹൂർ, ദത്തുപുത്രൻ്റെ പത്നി, തെറ്റിദ്ധരിക്കപ്പെട്ട ഖുർആനിലെ യുദ്ധ സൂക്തങ്ങൾ, ജിസ് യ, ഭീകരത, തുടങ്ങി സയ്യിദ് മൗദൂദി ഖാദിയാനികളോടു ചെയ്ത “ക്രൂരത” വരെയുള്ള ചർവ്വിത ചർവ്വണങ്ങളാണ് രവിചന്ദ്രൻ്റെ ഭാഗത്തു നിന്നും പിന്നീട് ചോദ്യോത്തര വേളയിലും ഉന്നയിക്കപ്പെട്ടത്! അതിനൊക്കെയും ടി.എം കൃത്യവും വ്യക്തവുമായ മറുപടികൾ നൽകി.

കൗതുകകരമെന്നു പറയട്ടെ, യുക്തിവാദികൾക്ക് വർഷങ്ങൾക്കു മുമ്പുതന്നെ ഇത്തരം സന്ദേഹങ്ങൾക്കെല്ലാം വിശദീകരണങ്ങൾ നൽകപ്പെട്ടിട്ടുണ്ട്! (ഉദാ: 1984ൽ ഫസ്റ്റ് എഡിഷൻ ഇറങ്ങിയ ഒ.അബ്ദു റഹ്മാൻ്റെ “യുക്തിവാദികളും ഇസ് ലാമും” എന്ന കൃതി. പ്രസാധനം: ഐ.പി.എച്ച് )

ഇസ് ലാമിനെ ആർക്കും വിമർശനബുദ്ധ്യാ വിലയിരുത്താമെന്നും എന്നാൽ ഇസ് ലാമിൻ്റെ ആദർശ / വ്യക്തി/സാമൂഹിക / സാമ്പത്തിക / രാഷ്ട്രീയ / നാഗരിക നിയമങ്ങളും പ്രവാചക ജീവിതവും ഇസ് ലാം നൂറ്റാണ്ടുകൾ ലോകം ഭരിച്ച ചരിത്രവുമെല്ലാം മുൻവിധികൾ മാറ്റി വെച്ച് വിമർശകരും അല്ലാത്തവരും പഠനവിധേയമാ ക്കേണ്ടതുണ്ടെന്നും അത് ബുദ്ധിപരവും യുക്തിപരവുമായ സത്യസന്ധതയാണെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് ടി.മുഹമ്മദ് അവസാനിപ്പിച്ചത്.
ജനസഞ്ചയം ശാന്തമായി പിരിഞ്ഞു പോകുമ്പോൾ സംവാദകർ രണ്ടു പേരും സ്നേഹം പങ്കിട്ട് ആലിംഗനം ചെയ്യുന്നുണ്ടായിരുന്നു!
എസ്സെൻസ് ഗ്ലോബലിന് ഹൃദയംഗമമായ നന്ദി.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles