Current Date

Search
Close this search box.
Search
Close this search box.

അർജന്റീനയിലെ മുസ്‌ലിം വിശേഷങ്ങൾ

വീണ്ടുമൊരു ഫുട്ബോൾ മാമാങ്കത്തിന് തിരശ്ശീല വീഴുമ്പോൾ കാൽപന്തുകളിയിലെ സൗന്ദര്യ വക്താക്കളായ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പതിവുപോലെ വാർത്തകളിൽ ഇടം പിടിക്കുകയാണ്. കൂട്ടത്തിൽ പുതിയ കായിക രാജാക്കന്മാരായി അവരോധിതരായ അർജന്റീനയും ചൂടേറിയ ഒരു തലക്കെട്ട് ആണല്ലോ. പതിറ്റാണ്ടുകളായി കായിക സാമ്രാജ്യത്തിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ താരതമ്യേന വിശാലമായ ഈ തെക്കേ അമേരിക്കൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ 28 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണം ഉള്ള ഈ രാജ്യത്തെ മുസ്‌ലിങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ടോ?. യൂറോപ്പിലെയും അമേരിക്കയിലെയും മുസ്‌ലിം സാന്നിധ്യങ്ങളെക്കുറിച്ചും മുന്നേറ്റങ്ങളെക്കുറിച്ചും ചർച്ച ചെയ്യുമ്പോഴും നാം ഇത്തരം ഒരു വസ്തുത കേട്ടിട്ടുണ്ടാവില്ല. നിലവിൽ തെക്കേ അമേരിക്കയിലെ ഏറ്റവും വേഗത്തിൽ വളരുന്ന മതമാണ് ഇസ്‌ലാം. അസോസിയേഷൻ ഓഫ് റിലീജിയൻ ആർക്കൈവ്സിന്റെ കണക്കനുസരിച്ച് നിലവിൽ അർജന്റീനയിലെ രണ്ട് ശതമാനത്തോളം ആളുകൾ ഇസ്‌ലാം മതവിശ്വാസികളാണ്.

അർജന്റീനിയൻ നിയമ സംഹിതകൾ നൽകുന്ന ശക്തമായ പരിരക്ഷയും മതത്തിന്റെ പേരിൽ നടത്തുന്ന വേർതിരിവുകൾ ശിക്ഷാർഹമാണെന്ന പ്രഖ്യാപനവും പരമ്പരാഗത ക്രിസ്ത്യൻ രാജ്യമായ അർജന്റീനയിൽ ഇസ്‌ലാമിന്റെ നിലനിൽപ്പിന് ഏറെ സഹായകമാണ്. ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിനും പ്രബോധന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും പൂർണ്ണമായ സ്വാതന്ത്ര്യം കൽപ്പിക്കുന്ന നിലപാട് അർജന്റീനയുടെ മതനിരപേക്ഷ കാഴ്ചപ്പാടുകളെ തുറന്നു കാട്ടുകയാണ്.

അർജന്റീനയിലെ ഇസ്‌ലാമിക സമൂഹത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചില നിഗമനങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിൽ ഊർജ്ജിതമായിരുന്ന സ്പാനിഷ് പര്യവേക്ഷകരുടെ ഗോളാന്തര യാത്രകളുടെ തത്ഫലമായിട്ടാണ് അവിടെ ഇസ്‌ലാം വ്യാപിക്കുന്നത് എന്ന വാദമാണ് ഏറെ സ്വാഗതാർഹം. അക്കാലത്ത് ഐബിരിയൻ പെനിൻസുലയിലും വടക്കേ അമേരിക്കയിലും മറ്റു സ്പാനിഷ് അധീനപ്രദേശങ്ങളിലും അധിവസിച്ചിരുന്ന മുസ്ലിംകളെ നാടുകടത്തിനായി സ്പാനിഷ് നാവികർ തങ്ങളുടെ കൂടെ കൂട്ടുമായിരുന്നു. അത്തരം കുടിയേറ്റക്കാർ അർജന്റീനയിൽ പിന്നീട് ഒരു ചെറിയ സമൂഹമായി വളരുകയായിരുന്നു. ഇക്കാലത്ത് സ്പെയിനിൽ നടപ്പിലാക്കപ്പെട്ട ‘സ്പാനിഷ് ഇങ്ക്വസിഷ’ന്റെ ഭാഗമായി ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തിതരാവാൻ സ്പാനിഷ് ഭരണകൂടവും റോമൻ കത്തോലിക്ക സഭയും ചേർന്ന് മുസ്ലിംകൾക്കുമേൽ വലിയ പീഡനം മുറകൾ ഏൽപ്പിച്ചിരുന്നു. ഏകദേശം പതിനാറാം നൂറ്റാണ്ടോടെ ഇസ്‌ലാം മതം ആചരിക്കുന്നത് പൂർണമായി നിർത്തലാക്കുന്നതിൽ സ്പെയിൻ അടങ്ങുന്ന ഐബീരിയൻ പെനിൻസുലയിലെ ഭരണാധികാരികൾ വിജയിക്കുകയുണ്ടായി. എന്നാൽ അന്ന് അതിശക്തരായിരുന്ന ഉസ്മാനിയ സൽത്തനത്തിന്റെ അധിനിവേശത്തെ ഭയന്നിരുന്ന പെനിൻസുലയിലെ ഭരണാധികാരികൾ മുസ്‌ലിംകളെ മറ്റു സ്ഥലങ്ങളിലേക്ക് നാടുകടത്താൻ തീരുമാനിക്കുകയായിരുന്നു. അത്തരത്തിൽ അർജന്റീനയിലും മുസ്‌ലിം സാന്നിധ്യം ചുവടുറപ്പിച്ചു. പത്തൊമ്പതാം നൂറ്റാണ്ടോടുകൂടി വ്യാപകമായ രീതിയിൽ അറബ് കച്ചവടക്കാർ അർജന്റീനയൻ തീരങ്ങളിൽ നങ്കൂരമിട്ടു. ലെബനാൻ,സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരികൾ ആയിരുന്നു അവരിൽ അധികവും. ഇതോടുകൂടി അർജന്റീനയിലെ മുസ്‌ലിം വളർച്ചയ്ക്ക് പുരോഗതി കൈവന്നു.

അർജന്റീനയിൽ ആദ്യത്തെ രണ്ട് പ്രധാന മസ്ജിദികളും നിർമ്മിതമായത് 1980കളോടുകൂടിയാണ്. 1983ല്‍ ഇറാനിയൻ എംബസിയുടെ പിന്തുണയോടെ ബ്യൂണസ് ഐറിസിൽ ശിയാ വിഭാഗത്തിനായി നിർമ്മിച്ച അൽ തൗഹീദാണ് അവയിൽ ആദ്യത്തേത്. പിന്നീട് രണ്ടു വർഷങ്ങൾക്കുശേഷമാണ് അക്കാലത്തെ സൗദി ഭരണാധികാരി കിംഗ് ഫഹദ് ബിനു അബ്ദുൽ അസീസിന്റെ പിന്തുണയോടെ ഇസ്‌ലാമിക വാസ്തു ശില്പ ചാരുതയിൽ ഒരു സുന്നി മസ്ജിദ് നിർമ്മിക്കപ്പെട്ടത്. 1996ൽ തുടക്കം കുറിച്ച് കിംഗ് ഫഹദ് ഇസ്‌ലാമിക് കൾച്ചർ സെന്റർ തെക്കേ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ പള്ളിയായി മാറുകയായിരുന്നു. പ്രസ്തുത സമുച്ചയത്തിൽ രണ്ട് സ്കൂളുകളും ഒരു ലൈബ്രറിയും പാർക്കും ഉൾക്കൊള്ളുന്ന വലിയ പദ്ധതിയാണ് ഒരുക്കപ്പെട്ടത്.

കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിൽ അർജന്റീനയിലെ പ്രധാന നഗരമായ ബ്യൂണസ് ഐറിസ് സാക്ഷ്യം വഹിച്ചത് വലിയ രീതിയിലുള്ള മുസ്‌ലിം കുടിയേറ്റത്തിനായിരുന്നു. എന്നാൽ അതുകൊണ്ടൊന്നും അവിടത്തെ മുസ്ലിം ജനസമൂഹത്തിന്റെ വളർച്ച നിരക്കിൽ കാര്യമായ മുന്നേറ്റം ഇല്ല എന്നതാണ് വസ്തുത. അതിന്റെ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്; പല ഇസ്‌ലാം മത വിശ്വാസികളും മതത്തിന് പുറത്തുനിന്നാണ് തങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്തുന്നത് എന്നതാണ്. അതുകൊണ്ടുതന്നെ അവരുടെ മക്കളെ സംബന്ധിച്ച് തങ്ങളുടെ രക്ഷിതാക്കളിൽ ഒരാൾ മാത്രമേ മുസ്‌ലിം ആയി വരുന്നുള്ളൂ. അതിനാൽ അത്തരം തലമുറയുടെ മാതൃഭാഷ അറബിക് പകരം സ്പാനിഷ് ആണ്, സ്വാഭാവികമായും ഇത്തരം കുട്ടികൾക്ക് സാധാരണ നിലയിൽ ഖുർആൻ പഠിക്കാനോ മറ്റ് ഇസ്ലാമിക വിജ്ഞാനീയങ്ങൾ കരഗതമാക്കാനോ കഴിയാതെ വരികയാണ്. ഇക്കാരണങ്ങളാൽ തന്നെ അർജന്റീനയിൽ രീതികളോടും സംസ്കാരത്തോടും അവർ ആഴത്തിൽ ഇഴകിച്ചേരുകയും ചെയ്യുന്നു. 15 ലക്ഷത്തോളം മുസ്ലീകൾ അർജന്റീനയിൽ ഉണ്ടെങ്കിലും പ്രവർത്തിപഥത്തിൽ മതത്തെ പിന്തുടരുന്നവരുടെ എണ്ണം തുലോം തുച്ഛമാണ്. എങ്കിലും വാരാന്ത ക്ലാസുകളിലൂടെയും മറ്റും ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും പുതിയ തലമുറയിൽ പലരും ശ്രമിക്കുന്നു എന്നത് പ്രതീക്ഷാവഹമാണ്.

2011ൽ നടന്ന നിയമനിർമാണത്തിലൂടെ പൊതു ഇടങ്ങളിൽ മുസ്‌ലിം വനിതകൾക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം ഗവൺമെന്റ് നൽകിയിട്ടുണ്ട്. കൂടാതെ നാഷണൽ ഐഡികളിൽ ഹിജാബ് ധരിച്ച ഫോട്ടോ പതിപ്പിക്കാനുള്ള അവസരവും ഗവൺമെന്റ് വകവെച്ചിട്ടുണ്ട് . ചുരുക്കത്തിൽ പൗരാണികമായ മുസ്ലിം പാരമ്പര്യം അവകാശപ്പെടാനില്ലാത്ത അർജന്റീനൻ മുസ്‌ലിങ്ങൾക്ക് ആ രാജ്യവും ഭരണാധികാരികളും നൽകുന്ന അകമഴിഞ്ഞ പിന്തുണ ഏറെ ആശാവഹമാണ്. പാശ്ചാത്യ മാധ്യമങ്ങൾ മെനഞ്ഞുണ്ടാക്കുന്ന ഇസ്‌ലാമോഫോബിക് വാർത്തകൾക്ക് തെക്കേ അമേരിക്കയിലെ മുസ്‌ലിം മുന്നേറ്റങ്ങൾക്കു മേൽ മങ്ങലേൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് സന്തോഷകരമായ വസ്തുത.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles