Your Voice

സാമ്പത്തിക ബാധ്യതയാകുന്ന അനാചാരങ്ങള്‍

”ഉപ്പയുടെ ആവശ്യമാണ് അടുത്ത വ്യാഴാഴ്ച ഇക്ക വരണം’ ഒരു അകന്ന ബന്ധുവിന്റെ ഫോണ്‍ വന്നതായിരുന്നു. ‘ഉപ്പ കഴിഞ്ഞ ആഴ്ച മരിച്ചതാണല്ലോ. പിന്നെ എന്താവശ്യം’ എന്നായി എന്റെ ചോദ്യം.
ഉപ്പയുടെ അടിയന്തിരവും വന്നു കൂടിയ ബന്ധുക്കളെ പറഞ്ഞയക്കാനുള്ള കാരണവും എന്നാണു അന്വേഷത്തില്‍ നിന്നും മനസ്സിലായത്.
മറ്റൊരു ബന്ധു മരിച്ചപ്പോള്‍ മയ്യിത്ത് എടുക്കുന്ന സമയത്തു എത്താന്‍ കഴിഞ്ഞില്ല. വൈകീട്ട് ചെന്ന് നോക്കുമ്പോള്‍ വീട്ടില്‍ ആകെ ബഹളമാണ്. അന്വേഷണത്തില്‍ ‘ ദിക്ര്‍’ ആണെന്ന് പറഞ്ഞു.

മലയാളിയുടെ ജനനത്തിനും മരണത്തിനും വിലകൂടുകയാണ്. ജനനം വകയില്‍ ആശുപത്രികള്‍ ഒരു വലിയ തുക കയ്യിലാക്കും. മരണം വഴി പൗരോഹിത്യവും എന്നതാണ് നാട്ടിലെ അവസ്ഥ. എന്റെ ചെറുപ്പത്തില്‍ ഇന്ന് കാണുന്ന ഒരു കഥയും നാമാരും കണ്ടില്ല. പ്രവാചകന്റെ കാലത്തും അത്തരം ഒന്നും നാം കണ്ടില്ല. പ്രവാചകന്‍ മരണപ്പെട്ടതും ഖബറടക്കിയതും ചരിത്രമാണ്. പ്രവാചക മരണത്തിന്റെ ശേഷം ഇന്ന് കാണുന്ന പലതും നടന്നതായി നാം കാണുന്നില്ല. പുണ്യം നേടാന്‍ കാരണമായ എന്തും സഹാബത് പ്രവാചകനില്‍ നിന്നും വേണ്ടെന്നു വെക്കില്ല എന്നുറപ്പാണ്.

‘ഉമ്മയുടെ മരണ ശേഷം ബന്ധുക്കളെ ഒഴിവാക്കാന്‍ ഏകദേശം ഒന്നര ലക്ഷം രൂപ ചിലവായി’ എന്നാണു ഒരു കൂട്ടുകാരന്‍ പറഞ്ഞത്. മരണ വീട്ടില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം ഇസ്ലാം അനുവദിക്കുന്നു. ആ സമയത്തു അവിടെ പോയി ബന്ധുക്കളെ ആശ്വസിപ്പിക്കണം എന്നതാണ് പ്രവാചകന്‍ പഠിപ്പിച്ച രീതി. അതില്‍ എന്ത് പറയണം എന്ന് കൃത്യമായ വാക്കൊന്നും പ്രവാചകന്‍ പഠിപ്പിച്ചില്ല. എങ്കിലും ചെറിയ വാക്കുകള്‍ പറഞു അവിടെ നിന്നും പോരണം എന്നാണു ഇസ്ലാം ആഗ്രഹിക്കുന്നത്. മരണപ്പെട്ട വ്യക്തിയുടെ പേരില്‍ കൂടിയിരിക്കല്‍ അത്ര നല്ല കാര്യമായി പണ്ഡിതരും കാണുന്നില്ല. നമ്മുടെ നാട്ടില്‍ എല്ലാം പരിധി വിട്ട പോക്കാണ്. മഗ്രിബ് നമസ്‌കാരം മുതല്‍ ഇശാ നമസ്‌കാരം വരെ ഒരു ബഹളമായ അവസ്ഥയാണ്. മരണ വീട്ടില്‍ ദിക്ര്‍ മാമാങ്കം എന്നത് പ്രവാചകനില്‍ നിന്നും വന്ന ആചാരമല്ല എന്നുറപ്പാണ്.

ആശുപത്രിയില്‍ തന്നെ കഷ്ടപ്പെട്ടാണ് അലി ബാപ്പയുടെ ബില്‍ അടച്ചത്. ബാപ്പയുടെ മരണ ശേഷം അതിലും കൂടുതല്‍ പൈസ അലി പിന്നെയും കടം വാങ്ങേണ്ടി വന്നു എന്നതാണ് നാട്ടിലെ അവസ്ഥകള്‍. ഇസ്ലാമില്‍ ചിലവുള്ള ഒരു കര്‍മവുമില്ല. സകാത്ത്,ഹജ്ജ് പോലുള്ള ആരാധന കാര്യങ്ങള്‍ പോലും പണക്കാരന്റെ വിഷയമാണ്. എന്നിട്ടും മതം ചിലവേറിയതാകുന്നു എന്നത് നാം കാണാതിരുന്നു കൂടാ. സുന്നത്തുകളുടെ കണക്കില്‍ പുതിയ രീതികളും മതത്തില്‍ കടന്നു വരുന്നു എന്നത് കാണാതിരിന്നിട്ടു കാര്യമില്ല. പൗരോഹിത്യത്തിന്റെ പിടി സമൂഹത്തില്‍ വര്‍ധിക്കുമ്പോഴാണ് പുതിയ ആചാരങ്ങള്‍ പിറവിയെടുക്കുക. പണ്ഡിതര്‍ വിശ്വാസികള്‍ക്ക് ദൈവീക നിയമങ്ങള്‍ വിശദീകരിച്ചു കൊടുക്കുന്നു. പുരോഹിതന്‍ ദൈവത്തിന്റെ പേരില്‍ വിശ്വാസികളെ ചൂഷണം ചെയ്യുന്നു. ഒരു സമൂഹത്തില്‍ പണ്ഡിതര്‍ക്ക് സ്ഥാനം ഉണ്ടായാല്‍ ആ സമൂഹം നല്ല രീതിയിലൂടെ മുന്നോട്ടു പോകും. അതെ സമയം അവിടെ പുരോഹിതന് മേല്‍ക്കൈ വന്നാല്‍ ആ സമൂഹത്തിന്റെ ശാപം അന്ന് തുടങ്ങും. അത് കൊണ്ടാണ് ജനങ്ങളുടെ ധനം അന്യായമായി ഭക്ഷിക്കുന്നവര്‍ എന്ന് അവരെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞതും.

പുതിയ ആചാരങ്ങളും രീതികളും ദീനില്‍ കടന്നു വന്നാല്‍ അത് ബാധിക്കുന്നത് പാവങ്ങളെയാണ്. ഈ ആചാരങ്ങളെയും വിശ്വാസങ്ങളെയും തുടരാന്‍ സമ്പത്തും ആവശ്യമാണ് എന്നത് തന്നെ കാരണം. മരണപ്പെട്ട വ്യക്തിയുടെ പേരിലുള്ള കടം പെട്ടെന്നു വീട്ടണം എന്നതാണ് ഇസ്ലാം പഠിപ്പിച്ചത്, അതെ സമയം മരണപ്പെട്ട ബന്ധുവിന്റെ പേരില്‍ വീണ്ടും കടക്കാരനാവുന്ന അവസ്ഥയാണ് ഇപ്പോള്‍ നടന്നു വരുന്നതും.
ഉപ്പയുടെ ആവശ്യം എന്നത് മറ്റു ചിലരുടെ ആവശ്യം എന്ന് വായിക്കാനാണ് എനിക്ക് താല്‍പര്യം. മരണപ്പെട്ട പിതാവിന് വേണ്ടി എന്തെല്ലാം ചെയ്യണം എന്ന പ്രവാചക വചനത്തില്‍ ഇന്ന് കണ്ടു വരുന്ന അധികം മാമൂലുകളും നാം കണ്ടില്ല എന്ന് കൂടി ചേര്‍ത്ത് പറയണം.

Facebook Comments
Related Articles
Show More

Check Also

Close
Close
Close