Current Date

Search
Close this search box.
Search
Close this search box.

ഫാസിസത്തെ തുരത്തല്‍ ഇസ്ലാമിക ബാധ്യതയായി മാറിയപ്പോള്‍

പരമാവധി ഭൂമിയിലെ കാര്യങ്ങള്‍ ഒഴിവാക്കിയാണ് മതങ്ങള്‍ സംസാരിച്ചിരുന്നത്. മതപരത എന്നത് മറ്റൊരു ലോകമായി മതങ്ങള്‍ കണ്ടിരുന്നു. നാട്ടില്‍ തിരഞ്ഞെടുപ്പ് വരുന്നതും പോകുന്നതും അവരുടെ വിഷയമായിരുന്നില്ല. മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കുന്നു എന്നായിരുന്നു അവര്‍ മറ്റു പലരെയും ആക്ഷേപിച്ചിരുന്നത്. പക്ഷെ ഇന്ന് നാം കേള്‍ക്കുന്നത് രാഷ്ട്രീയം പറയുന്ന മതത്തെയാണ്. വോട്ടു ചെയ്യുക എന്നത് തീര്‍ത്തും ഭൗതിക കാര്യമാണ്. ഉംറയും ഹജ്ജും മത വിഷയങ്ങളും. ഹജ്ജും ഉംറയും മാറ്റിവെക്കാന്‍ തിരഞ്ഞെടുപ്പ് ഒരു കാരണമായി നാം പറഞ്ഞു കേട്ടിട്ടില്ല. പൊതു രാഷ്ട്രീയത്തിന്റെ സ്വഭാവം മാറിയപ്പോള്‍ വോട്ടിനാണ് ആരാധനയെക്കാള്‍ വലിയ പ്രാധാന്യം എന്ന് നാം തിരിച്ചറിയുന്നു.

ഒരു കാലം വരെ രാഷ്ട്രീയം കേവലം ഭൗതിക വിഷയം മാത്രമായിരുന്നു. രാഷ്ട്രീയവും മതത്തിന്റെ ഭാഗമാണ് എന്ന് പറയുന്നത് വലിയ അപരാധമായി കരുതപ്പെട്ടിരുന്നു. അതിന്റെ പേരില്‍ തന്നെ ചിലരെ ചിലര്‍ ആക്ഷേപിച്ചിരുന്നു. കാലം മാറിയപ്പോള്‍ കാര്യങ്ങളുടെ ഒഴുക്ക് മാറിമറിഞ്ഞു. കാലത്തിനനുസരിച്ചു മതത്തിന്റെ മുന്‍ഗണനാ ക്രമം മാറുക എന്നത് സ്വാഭാവികം മാത്രം. ഇന്നത്തെ വിഷയം മറ്റൊന്നാണ്. അതായത് ഇന്ത്യ നിലനില്‍ക്കണമോ വേണ്ടയോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ആദ്യം നല്‍കേണ്ടത്. അത് കൊണ്ട് തന്നെ ആ ഉത്തരം നല്‍കലാണ് ഉംറയെക്കാള്‍ പ്രതിഫലം എന്ന് പറയാനുള്ള കരുത്ത് നമ്മുടെ പണ്ഡിതന്മാര്‍ക്ക് ലഭിക്കുന്നത് തിരിച്ചറിവില്‍ നിന്നാണ്.

ശബരിമല വിധിയിലൂടെ നമ്മുടെ പൊതു മണ്ഡലത്തില്‍ മോശമായ പലതും പല രീതിയില്‍ ചര്‍ച്ച ചെയ്തു. സ്വതവേ സമാധാനം നിലനിനിന്നിരുന്ന കേരള മണ്ണില്‍ ഒരു പരിധിവരെ സംഘട്ടനം ഉണ്ടാക്കാന്‍ അത് വഴി സംഘ പരിവാറിന് കഴിഞ്ഞു. അതെ സമയത്ത് ഫാസിസമാണ് മുഖ്യ ശത്രു എന്ന കാര്യത്തില്‍ മുസ്ലിം സംഘടനകള്‍ ഏറെക്കുറെ ഒന്നിച്ചിരിക്കുന്നു. അതൊരു നല്ല സൂചനയാണ്. കൊതുകിന്റെ രക്തത്തെ കുറിച്ച് സംശയം ചോദിച്ച വ്യക്തിയോട് ഇമാം ഹുസൈന്റെ രക്തമാണ് മുഖ്യ വിഷയം എന്ന് പറയാന്‍ പറയാന്‍ അന്ന് ആളുണ്ടായിരുന്നു. താനാണ് ‘റബ്ബ്’ എന്ന് പറഞ്ഞ ഫറോവയോട് ‘ഇനി മുതല്‍ ബനൂ ഇസ്രായില്‍ സമുദായത്തെ പീഡിപ്പിക്കരുത്’ എന്ന് പറയാനാണ് മൂസ പ്രവാചകന്‍ ആദ്യം ശ്രമിച്ചത്. പീഡിപ്പിക്കപ്പെട്ട സമുദായത്തെ രക്ഷപ്പെടുത്തുക എന്നതിലാണ് പ്രവാചകന്‍ ശ്രദ്ധ ഊന്നിയത്. അത് തന്നെയാണ് നമ്മുടെ വിഷയവും, ഇപ്പോള്‍ മുന്നില്‍ ഒന്ന് മാത്രം, അത് നിലയില്ലാതെ മുന്നേറുന്ന ഫാസിസമാണ്. അതിനെ തുരത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കല്‍ ഇസ്ലാമിക ബാധ്യതയായി മനസ്സിലാക്കുന്നു എന്നിടത്താണ് മതത്തിലെ രാഷ്ട്രീയം വ്യക്തമാകുന്നത്.

ബനൂ ഇസ്രായില്‍ സമൂഹത്തെ കുറിച്ച് പറഞ്ഞപ്പോള്‍ മൂന്നു വിഭാഗത്തെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞു. ഒന്ന് തെറ്റ് ചെയ്തവര്‍, രണ്ടു തെറ്റിനോട് നിസ്സംഗത പുലര്‍ത്തിയവര്‍ മൂന്ന് അതിനെ എതിര്‍ത്തവര്‍. ആദ്യ രണ്ടു വിഭാഗവും ദൈവിക ശിക്ഷക്ക് കാരണമായി. ഫാസിസം എല്ലാ അതിര്‍ത്തികളും ഭേദിച്ച് മുന്നേറുമ്പോള്‍ അതിനെ തടയുക എന്നതാണ് ഒന്നാമത്തെ കടമ. ആ കടമ നിര്‍വഹണം മതപരമായ അടിസ്ഥാനമുള്ളതാണ് എന്ന് മനസ്സിലായി എന്നതാണ് ഈ തിരഞ്ഞെടുപ്പ് നല്‍കുന്ന ശുഭ സൂചന.

Related Articles