Your Voice

ഇശ്‌റത് ജഹാന്റെ ഉമ്മ ശമീമ കൗസര്‍ നല്‍കിയ കത്ത്

ആഭ്യന്തര മന്ത്രി അമിത് ഷാ അഴിയെണ്ണിയ കേസാണ് 2004ലെ ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്. ഗുജറാത്ത് കലാപത്തിലെ ഉത്തരവാദിത്തത്തില്‍നിന്ന് നരേന്ദ്ര മോദി തടിയൂരിയതു പോലെ ഇശ്‌റത് ജഹാന്‍ കേസില്‍നിന്ന് അമിത് ഷായും രക്ഷപ്പെട്ടുവെന്നു മാത്രം. പ്രസ്തുത കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഗുജറാത്തിലെ നാല് പോലിസ് ഉദ്യോഗസ്ഥര്‍ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ അഹമ്മദാബാദിലെ പ്രത്യേക സി ബി ഐ കോടതി ജഡ്ജി ആര്‍.കെ ചുദാവാലക്ക് മുമ്പാകെ ഇന്ന് വാദം കേള്‍ക്കല്‍ നടന്നപ്പോൾ ഇശ്‌റത് ജഹാന്റെ ഉമ്മ ശമീമ കൗസര്‍ നല്‍കിയ കത്ത് നീതി ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

കഴിഞ്ഞ 15 വര്‍ഷമായി ഈ കേസിനു പിന്നാലെ ഓടുകയാണെന്നും എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് നിസ്സഹായയായ തനിക്ക് അനന്തമായി നീളുന്ന കോടതി നടപടികളില്‍ ഹാജരാവാന്‍ ഇനി കഴിയില്ലെന്നുമായിരുന്നു നീതി തേടുന്ന ആ മാതാവിന്റെ മൊഴി. “എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കൊടും കൂറ്റവാളികള്‍ കുറ്റവിമുക്തരാക്കപ്പെടുന്ന ഈ സംസ്‌കാരത്തോട് രാജിയാവാന്‍ എനിക്ക് വയ്യ. ഇത്രയും കാലം നീതിക്കുവേണ്ടി പൊരുതിയ ഞാന്‍ ഇപ്പോള്‍ നിസ്സഹായയാണ്, പ്രതീക്ഷ നഷ്ടപ്പെട്ടവളാണ്. കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി കോടതി നടപടികളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു. നിരപരാധിയായ എന്റെ മകളെ നിഷ്ഠൂരമായി കൊന്ന പോലിസുകാര്‍ ഉള്‍പ്പെടെയുള്ള മുഴുവനാളുകളും ജാമ്യത്തിലാണ്. കൊലക്കേസില്‍ വിചാരണ നേരിടുന്ന അവരില്‍ ചിലരെ ഗുജറാത്ത് സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരിച്ചെടുത്തിരിക്കുന്നു”, ശമീമ പറയുന്നു.

ഇക്കാര്യം തനിക്ക് വേണ്ടി ഹാജരാവുന്ന അഭിഭാഷക വൃന്ദ ഗ്രോവറെ അറിയിച്ചതായും ശമീമ വ്യക്തമാക്കിയിട്ടുണ്ട്.”എന്റെ മകള്‍ നിരപരാധിയാണ്. അവളുടെ കൊലപാതകത്തിനു പിന്നില്‍ ഭീകരമായ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. അവളൊരു മുസ്‌ലിം ആയതാണ് കാരണം. മുസ്‌ലിം ആകുമ്പോള്‍ കൊടും ഭീകരയാക്കല്‍ എളുപ്പമാണല്ലോ”, ശമീമ കൗസര്‍ പറയുന്നു.

അധികാരവും സ്വാധീനവുമുള്ളവര്‍ വലിയ കേസുകളില്‍നിന്ന് പോലും കുറ്റവിമുക്തരാക്കപ്പെടുന്ന സാഹചര്യമാണ്. മകള്‍ക്കുവേണ്ടിയുള്ള പോരാട്ടം തുടരുമ്പോള്‍ തന്റെ അനുഭവം അങ്ങനെയാണ്. കുറ്റവാളികളെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നു. എനിക്ക് സി ബി ഐയോട് ഒന്നേ പറയാനുള്ളൂ. കുറ്റവാളികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ദയവായി ശിക്ഷ ഉറപ്പാക്കുക. അത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.

മുംബൈ ഗുരുനാനാക്ക് ഖല്‍സ കോളജിലെ രണ്ടാം വര്‍ഷം ബി.എസ് സി വിദ്യാര്‍ഥിനായിരുന്ന തന്റെ മകളെയും മറ്റു മൂന്നുപേരെയും വെടിവെച്ചുകൊന്ന് അത് ഭീകര വിരുദ്ധ വേട്ടയായി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ശമീമ കൗസര്‍ പറയുന്നു. മുംബൈക്കടുത്ത മുമ്പ്ര ടൗണ്‍ഷിപ്പില്‍ താമസക്കാരിയായിരുന്ന പത്തൊമ്പതുകാരി ഇശ്‌റത് ജഹാന്‍, ജാവീദ് ഗുലാം ശൈഖ് എന്ന പ്രാണേഷ് പിള്ള, അംജദലി അക്ബറലി റാണ, സീഷാന്‍ ജൗഹര്‍ എന്നിവരെയാണ് 2004 ജൂണ്‍ 15ന് രാവിലെ അഹമ്മദാബാദ് നഗരപ്രാന്തത്തില്‍ ഗുജറാത്ത് പോലിസ് പോയന്റ് ബ്ലാക്കില്‍ വെടിവെച്ചുകൊന്നത്.

ലശ്കറെ ത്വയ്യിബ തീവ്രവാദ സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നായിരുന്നുവെന്നും ഗുജറാത്തിലെ ബി ജെ.പി നേതാക്കളെയും മന്ത്രിമാരെയും വധിക്കാനാണ് ഇവര്‍ എത്തിയിരുന്നത് എന്നുമാണ് പോലീസ് പ്രചരിപ്പിച്ചത്. എന്നാല്‍ ഇതൊന്നും തെളിയിക്കാന്‍ പോലീസിനോ ഗുജറാത്ത് ഭരണകൂടത്തിനോ കഴിഞ്ഞിരുന്നില്ല.

ഗുജറാത്തിലെ ഏഴ് പോലീസ് ഓഫീസര്‍മാരാണ് കേസിലെ പ്രതികള്‍. ഇവരില്‍ ഡി ജി വന്‍സാര, എന്‍. കെ അമിന്‍, മുന്‍ ഡി.ജി.പി പി പി പാണ്ഡെ എന്നിവരെ കോടതി നേരത്തെ വിട്ടയച്ചിരുന്നു. സിംഗാള്‍, ബാരട്ട്, പാര്‍മര്‍, അന്‍ജു ചൗധരി എന്നിവരാണ് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2013 ഓഗസ്റ്റിലാണ് ഏഴു പേര്‍ക്കെതിരെയും സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. 2014 ഫെബ്രുവരിയില്‍ നാലു പേര്‍ക്കെതിരെ സപ്ലിമെന്ററി ചാര്‍ജ് ഷീറ്റും ഫയല്‍ ചെയ്യുകയുണ്ടായി.

മകൻ ജാവീദ് ശൈഖിനെ നിഷ്ഠൂരമായി കൊന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കോടതികള്‍ കയറിയിറങ്ങിയ പ്രാണേഷ് പിള്ള എന്ന മലയാളി പിതാവ് ഒടുവില്‍ നീതി ലഭിക്കാതെ ഈ ലോകത്തോട് വിടപറയുകയായിരുന്നു. ഇപ്പോഴിതാ ശമീമ കൗസറും നിരാശയോടെ പിന്മാറുന്നു. പോരാട്ടത്തിന്റെ പ്രതീകമായ ഗുജറാത്തിലെ ധീരവനിത ബില്‍കിസ് ബാനുവിനെപ്പോലെയാവാന്‍ എല്ലാവര്‍ക്കും കഴിയില്ലല്ലോ.

Facebook Comments
Show More

Related Articles

Close
Close