Current Date

Search
Close this search box.
Search
Close this search box.

ഇങ്ങനെയും വിശ്വാസമോ?

പ്രവാചകത്വത്തിന്റെ ആദ്യ കാലത്ത് ഇറങ്ങിയ അധ്യായമാണ് സൂറ: അൽ അഅ്റാഫ്. അതിൽ വചനം ഇങ്ങിനെ വായിക്കാം. “ ഈ ജനം നീചകൃത്യം ചെയ്താൽ പറയുന്നു: ‘ഞങ്ങളുടെ പൂർവികന്മാരെ ഞങ്ങൾ ഇങ്ങനെയാണ് കണ്ടിട്ടുള്ളത്. ഇവ്വിധം പ്രവർത്തിക്കാൻ അല്ലാഹുതന്നെ ഞങ്ങളോടു കൽപിച്ചിട്ടുമുണ്ട്.’ അവരോടു പറയുക: ‘അല്ലാഹു ഒരിക്കലും നീചകൃത്യങ്ങൾ കൽപിക്കുന്നില്ല. അല്ലാഹുവിങ്കൽനിന്നുള്ളതാണെന്ന് നിങ്ങൾക്ക് അറിവില്ലാത്ത കാര്യങ്ങൾ അല്ലാഹുവിന്റെ പേരിൽ പറയുന്നുവോ?’

അതിനെ ഇങ്ങിനെ വിശദീകരിക്കാം. അന്ന് കാലത്ത് അറബികൾ കഅബ പ്രദിക്ഷണം ചെയ്തിരുന്നത് നഗനരായികൊണ്ടായിരുന്നു. അതിനു അവർ പറഞ്ഞ കാരണം അതൊരു ദൈവശാസനയും മതചടങ്ങുമാണ് എന്നായിരുന്നു. തങ്ങളുടെ ചില ആരാധനാകർമങ്ങളിൽ നഗ്‌നരാകുന്നത് വിശുദ്ധ മതാചാരമാണെന്ന് അറബികൾ ധരിച്ചിരുന്നുവെങ്കിലും, നഗ്നത സ്വയം ലജ്ജാകരമാണെന്ന വസ്തുത അവർതന്നെയും സമ്മതിച്ചിരുന്നു. സംസ്‌കാരമുള്ള ഒരു സദസ്സിലോ ബസാറിലോ കൂട്ടുകുടുംബങ്ങൾക്കിടയിലോ വെച്ച് നഗ്നനാകുന്നത് മാന്യനും കുലീനനുമായ ഒരറബി ഇഷ്ടപ്പെട്ടിരുന്നില്ല. നഗ്നത അശ്ലീലവും ലജ്ജാകരവുമാണെന്ന് മനസ്സിലാക്കിയിട്ടും ആരാധനാവേളയിൽ അറബികൾ അതൊരു മതചടങ്ങായി ആചരിച്ചുവന്നിരുന്നത് തങ്ങളുടെ മതം ദൈവദത്തമാണെന്നും തന്മൂലം ഈ ആചാരം ദൈവനിർദിഷ്ടമാണെന്നും ധരിച്ചതുകൊണ്ടായിരുന്നു. ഇതിനെ ഖണ്ഡിച്ച് ഖുർആൻ സമർഥിക്കുകയാണ്: നിങ്ങൾതന്നെ നീചമെന്നും അശ്ലീലമെന്നും കരുതി വെറുക്കുന്ന ഒരു കൃത്യം ദൈവനിർദിഷ്ടമെന്നു സങ്കൽപിക്കാൻ എങ്ങനെ കഴിയും? ദൈവം ഒരിക്കലും നീചകൃത്യം കൽപിക്കുക സാധ്യമല്ല.

കലിയുഗം ഒരു മത വിശ്വാസത്തിന്റെ ഭാഗമാണ്. അതിൽ നിന്നും മോചനം നേടി തങ്ങളുടെ മക്കൾ സത്യയുഗതിലേക്ക് കടക്കും എന്ന വിശ്വാസമാണ് തങ്ങളുടെ യുവതികളായ രണ്ടു പെണ്മക്കളെ തലക്കടിച്ചു കൊല്ലാൻ ആന്ധ്രയിലെ മാതാപിതാക്കളെ പ്രേരിപ്പിച്ചത്. കൊല്ലപ്പെട്ട മക്കൾ അടുത്ത പ്രഭാതത്തിൽ ഉയർത്തെഴുനേൽക്കുമെന്നു വിദ്യാസമ്പന്നരായ ആ മാതാപിതാക്കൾ വിശ്വസിച്ചു. അതായത് ഈ കൊലയുടെ കാരണം മക്കളോടുള്ള വിദ്വേഷമല്ല മക്കളോടുള്ള സ്നേഹം മാത്രമാണ്. തന്റെ അടിമകൾക്ക് ബുദ്ധിമുട്ടുള്ള ഒന്നും കല്പ്പിക്കുന്നവനല്ല ദൈവം എന്ന വിശ്വാസമാണ് ആദ്യം വേണ്ടത്.

ഒരു മതവിശ്വാസത്തെയും അന്ധവിശ്വാസം എന്ന് വിളിക്കാൻ കഴിയില്ല. മതം തന്നെ ഒരു വിശ്വാസമാണ്. ഒരു മതക്കാരന് മറ്റു മതക്കാരുടെ വിശ്വാസം തെറ്റായി തോന്നുക സാധാരണം മാത്രം. തന്റെ വിശ്വാസമാണു ശരി എന്ന് പറയാൻ ഓരോ മത വിശ്വാസിക്കും അവകാശമുണ്ട്‌. മറ്റുള്ളവരുടെ തെറ്റുകൾ മാന്യമായി ചൂണ്ടിക്കാണിക്കാനും അവകാശമുണ്ട്‌. മിക്കവാറും മതങ്ങളുടെ അടിസ്ഥാനം ദൈവമാണ്. ദൈവത്തെ എങ്ങിനെ മനസ്സിലാക്കുന്നു എന്നിടത്തു നിന്ന് വേണം വിശ്വാസം ആരംഭിക്കാൻ. ഈ ലോകത്തിനു ഒരു ഏകനായ സൃഷ്ടാവുണ്ട് എന്ന കാര്യത്തിൽ എല്ലാ മതങ്ങളും ഒന്നിക്കുന്നു. ആ ശക്തിക്ക് തങ്ങളുടെ ജീവിതത്തിൽ എന്ത് സ്ഥാനമുണ്ട് എന്നിടത്താണ് അഭിപ്രായ വ്യത്യാസം വരുന്നത്. മനുഷ്യൻ യതാർത്ഥ ദൈവത്തെ കൈവെടിയുമ്പോൾ അയാളിലെ വിശ്വാസം പല ദൈവങ്ങളിലെക്കും വ്യാപിക്കും. അതാണ്‌ ആന്ധ്രയിലും സംഭവിച്ചത്.

അതെ സമയം വിദ്യാഭ്യാസം കൊണ്ട് വ്യക്തിക്കും സമൂഹത്തിനും എന്ത് നേട്ടം എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്‌. ഇവിടെ വികലമായ വിശ്വാസത്തിന്റെ ഉടമകളായ മാതാപിതാക്കൾ വിദ്യാസമ്പന്നരാണ്. കൊല്ലപ്പെട്ട മക്കൾ തിരിച്ചുവരും എന്ന വിശ്വാസം എത്രമാത്രം വികലമാണ്. പൂജാരി അത് പറയുമ്പോൾ അങ്ങിനെ ലോകത്താരും തിരിച്ചു വന്നിട്ടില്ല എന്ന് മനസ്സിലാക്കാനുള്ള വിവേകം നൽകുന്ന വിശ്വാസമല്ല അവരുടേത് എന്ന് മനസ്സിലാക്കാം.

എല്ലാ മത വിശ്വാസവും യുക്തിവാദികളെ സംബന്ധിച്ചിടത്തോളം അന്ധവിശ്വാസമാണ്. പക്ഷെ എല്ലാ മതങ്ങളും അവർക്ക് ഒരേപോലെയല്ല. കേരളത്തിലെ അറിയപ്പെട്ട യുക്തിവാദി നേതാവ് വിഷയത്തിൽ പ്രതികരണം അറിയിച്ചിട്ടുണ്ട്. കൊലയാളികളുടെ മതത്തിൽ അദ്ദേഹം കാര്യമായി ഊന്നിക്കണ്ടില്ല. പകരം വിദ്യാഭ്യാസത്തിൽ ഒതുക്കി. മുസ്ലിം നാമധാരികളും ഇങ്ങിനെയുള്ള ക്രൂരത ചെയ്തിരിക്കാം. അതിനു അവരുടെ കാരണം അവർ വിശ്വസിക്കുന്ന ദൈവമല്ല. അവർ കൂടുതൽ വിശ്വസിക്കുന്ന ആൾ ദൈവമാണ്. അപ്പോൾ യുക്തിവാദി വിമർശനം പോയി നിൽക്കുക പ്രവാചകനിലായിരിക്കും. അല്ലെങ്കിൽ ഇസ്ലാമിന്റെ അടിസ്ഥാനത്തിൽ തന്നെ അവർ കാരണം കണ്ടെത്തും. ഇസ്ലാമോഫോബിയ ഇന്നൊരു സാർവ്വദേശീയ വിഷയമാണ്‌. അതിൽ ഇസ്ലാമിനെതിരെ ,മതമുള്ളവനും ഇല്ലാത്തവനും യോജിക്കും.

മനുഷ്യരെ ഇരു ലോകത്തും രക്ഷിക്കുക എന്നതാണ് യഥാർത്ഥ ദൈവവും മതവും പറയുന്നത്. മരിക്കേണ്ടി വരികയാണെങ്കിൽ പോലും അത് സമൂഹത്തിനു വേണ്ടിയാകും. യുദ്ധം ഇസ്ലാം പ്രോത്സാഹനം നൽകുന്ന ഒന്നല്ല. പക്ഷേ അതിനു ഒരു കാരണം വേണം. നിലവിലുള്ള പ്രയാസം നീക്കുക എന്നതാണ് യുദ്ധത്തിന്റെ പോലും ഇസ്ലാം. തന്റെ സുഖത്തിനു വേണ്ടി മറ്റൊരു ജീവനെ ഇല്ലാതാക്കുക എന്നത് പിശാചിന്റെ വേലയാണ്. മനുഷ്യ ജീവനെ ആദരിക്കുക എന്നതാണ് യഥാർത്ഥ ദൈവവും മതവും ആവശ്യപ്പെടുന്നത്. തങ്ങൾ എന്ത് കൊണ്ട് നഗ്നരായി വിശുദ്ധ ഗേഹത്തെ പ്രദിക്ഷണം വെക്കുന്നു എന്നതിന് ബഹുദൈവാരാധകരായ അറബികൾ കുറ്റം ചാർത്തിയത് ദൈവത്തിലായിരുന്നു. തങ്ങളുടെ മക്കളെ എന്തിനു കൊന്നു എന്നതിന് പ്രൊഫസർക്കും ഭാര്യക്കും പറയാനുള്ള കാരണവും മറ്റൊന്നല്ല. ശേഷം ഖുർആൻ വചനം ഇങ്ങിനെ തുടരുന്നു. “പ്രവാചകൻ, അവരോടു പറയുക: ‘എന്റെ റബ്ബ് നീതിയും ന്യായവും അനുശാസിച്ചിരിക്കുന്നു.”

Related Articles