Current Date

Search
Close this search box.
Search
Close this search box.

യുകതിവാദ പ്രസ്ഥാനങ്ങള്‍ അസ്തമിച്ചോ ?

”സോഷ്യല്‍ മീഡിയ കൊണ്ട് ഏറ്റവും വലിയ നഷ്ടമുണ്ടായത് മതങ്ങള്‍ക്കാണ്. യുക്തിവാദികള്‍ക്ക് മതങ്ങളുടെ പൊള്ളത്തരം ജനത്തിനു കൃത്യമായി കാണിച്ചു കൊടുക്കാന്‍ സഹായകമായി. ഈ നില തുടര്‍ന്നാല്‍ അടുത്ത നൂറ്റാണ്ടില്‍ ലോകത്ത് മതങ്ങള്‍ ഉണ്ടാകില്ല എന്ന സന്തോഷ വാര്‍ത്ത നാം കേള്‍ക്കും….’

ഒരു സുഹൃത്ത് അയച്ചു തന്നതാണിത്. മതങ്ങള്‍ മനുഷ്യരുടെ ശാപമാണ് എന്ന രീതിയില്‍ പലപ്പോഴും അദ്ദേഹം എന്നോട് സംവദിക്കാറുണ്ട്. അതിനു ഞാന്‍ നല്‍കാറുള്ള മറുപടി ‘വിശ്വാസിയായ ഞാന്‍ ഒരു ശാപമാണോ’ എന്നായിരുന്നു. മത വിശ്വാസം നാള്‍ക്കുനാള്‍ തകരുന്നു. പകരം യുക്തിവാദം കയ്യടക്കുന്നു എന്നൊക്കെ അദ്ദേഹം പറയാറുണ്ട്. കഴിഞ്ഞ പത്തു കൊല്ലമായി മുഖ പുസ്തകത്തില്‍ സജീവമായി നിലനില്‍ക്കുന്ന വ്യക്തി എന്ന നിലയില്‍ അങ്ങോട്ടും ഇങ്ങോട്ടും പോയ പലരെയും കണ്ടിട്ടുണ്ട്. പക്ഷെ നിലവിലുള്ള അവസ്ഥ തകര്‍ക്കാന്‍ മാത്രം ഒരു ഒഴുക്കും നാം കണ്ടില്ല.

അദ്ദേഹം മതം എന്ന് കൂടുതല്‍ ഉദ്ദേശിച്ചത് ഇസ്‌ലാമിനെ കുറിച്ചാകും. ഇസ്‌ലാം എന്നും എതിരാളികളെ കണ്ടു കൊണ്ടാണ് മുന്നോട്ടു പോയത് എന്ന ചരിത്ര ബോധം പോലും പലര്‍ക്കുമില്ല. എല്ലാ പ്രവാചകന്മാരും അവരുടെ സമൂഹത്തില്‍ നിന്നും എതിര്‍പ്പുകള്‍ നേരിട്ടിട്ടുണ്ട്. പ്രവാചകന്മാരുടെ എതിര്‍ ചേരിയില്‍ നിലനിന്നവരെ വിളിച്ച പേരാണ് ‘അവിശ്വാസികള്‍’ എന്നത്. വിശ്വാസത്തെ തകര്‍ത്തു കളയും എന്നത് എന്നും കേട്ട വീരവാദമാണ്. കണക്കു പ്രകാരം ലോകത്ത് വിശ്വാസികള്‍ വര്‍ധിക്കുന്നു. ലോക ജനസംഖ്യയുടെ ഏഴു ശതമാനമാണ് നിരീശ്വര വാദികള്‍ എന്ന് പറയപ്പെടുന്നു. അതില്‍ അടുത്തകാലത്ത് കാര്യമായ മാറ്റം ഉണ്ടായതായി അറിയില്ല.

അതെ സമയം സംവാദങ്ങളിലൂടെ വിശ്വാസത്തിലേക്ക് തിരിച്ചു വന്ന ആളുകള്‍ ധാരാളം. പലപ്പോഴും ഉപരിവിപ്ലവകരമായ രീതിയിലാണ് പലരും മതം ഉപേക്ഷിക്കുന്നത്. അവര്‍ തന്നെ പിന്നീട് തിരിച്ചു വരുന്ന കാഴ്ചയും നാം കാണുന്നു. മതത്തെ എന്നതിനേക്കാള്‍ പ്രവാചകനെ വ്യക്തിപരമായി ഭത്സിക്കുക എന്നതാണ് പുതിയ രീതി. ദൈവം ഉണ്ടോ എന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ അവരും ഉപേക്ഷിച്ച മട്ടാണ്. സത്യവിശ്വാസവും നിഷേധവും തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രമാണ് മതത്തിനു പറയാനുള്ളത്. അത് ലോകാവസാനം വരെ നിലനില്‍ക്കും. വിശ്വാസം തികഞ്ഞ ബോധത്തിന്റെ അടിസ്ഥാനത്തില്‍ വേണം നടക്കാന്‍. അതില്ല എന്നതാണ് പലരെയും വഴിതെറ്റിക്കാന്‍ യുക്തന്മാര്‍ക്കു കഴിയുന്നത്. വിശ്വാസികളുടെ മനസ്സില്‍ താല്‍ക്കാലിക സന്ദേഹങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയുന്നു.

സോഷ്യല്‍ മീഡിയ കൊണ്ട് ഗുണം ലഭിച്ചവരും വിശ്വാസികള്‍ തന്നെയാണ്. പലരുടെയും സംശയങ്ങള്‍ തീര്‍ക്കാനും ഇസ്ലാമിനെ കുറിച്ച ശരിയായ ധാരണ നല്‍കുവാനും അത് കാരണമായിട്ടുണ്ട്. വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള സംവാദം അവസാനിക്കാന്‍ ലോകം അവസാനിക്കണം. ലോകത്തില്‍ ഇപ്പോഴും ബഹുഭൂരിപക്ഷവും ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കുന്നു. കേരളത്തില്‍ തന്നെ യുകതിവാദ പ്രസ്ഥാനങ്ങളുടെ കാലം അറുപതുകളിലായിരുന്നു. പിന്നീട് അതില്‍ നിന്നും ഒരു തിരിച്ചു പോക്കാണ് നാം കണ്ടത്. അത് കൊണ്ട് തന്നെ ഈ വിരട്ടല്‍ കൊണ്ടെന്നും വിശ്വാസികള്‍ പതറില്ല എന്നുറപ്പാണ്. ‘അതവരുടെ ജല്‍പ്പനങ്ങള്‍’ എന്ന ഖുര്‍ആനിക പ്രയോഗം എന്നും പ്രസക്തമാണ്.

Related Articles