Your Voice

ഇറാന്‍-യു.എസ് സംഘര്‍ഷം: ആവര്‍ത്തിക്കപ്പെടുന്ന നുണകള്‍

‘ഇറാഖില്‍ മാരക ശേഷിയുള്ള ആയുധങ്ങള്‍ ഉണ്ടെന്ന് ഞങ്ങള്‍ നുണ പറഞ്ഞതാണ്, ഇറാഖുമായി നടത്തിയ യുദ്ധത്തെക്കാള്‍ വളരെ അപകടം പിടിച്ച ഒന്നാകും ഇറാനുമായുള്ള യുദ്ധം’ ഇത് പറഞ്ഞത് പുറമെ നിന്നുള്ള ആളല്ല. അടുത്ത തവണ ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സിന്റെ വാക്കുകളാണ്. ‘ഇല്ലാത്ത നുണ പറഞ്ഞാണ് നാം ഇറാഖിലും അതിനു മുമ്പ് വിയറ്റ്‌നാമിലും ഇടപെട്ടത്. അതിന്റെ ദുരന്തം ഇപ്പോഴും തീര്‍ന്നിട്ടില്ല.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനുമായുള്ള യുദ്ധം ഒരു അത്യാവശ്യമാണ് എന്ന രീതിയില്‍ ട്രംപ് ഭരണകൂടം ഒരു ഭാഗത്ത് ഉറച്ചു നില്‍ക്കുന്നു. അതെ സമയം പഴയ കാല വിഡ്ഢിത്തങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന രീതിയില്‍ ഡെമോക്രാറ്റുകളും രംഗത്തുണ്ട്. ഇറാനെ തകര്‍ക്കണം എന്നത് പണ്ട് മുതലേ ട്രംപിന്റെ നയമാണ് എന്നാണ് അവര്‍ വാദിക്കുന്നതും. ഫോറിന്‍ അഫേഴ്‌സ് കമ്മിറ്റിയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി മൈക്കല്‍ മക്കോള്‍ പറയുന്നത് ‘ഇറാന്‍ ബാഗ്ദാദിലെ ഞങ്ങളുടെ എംബസിക്കു സമീപം റോക്കറ്റ് ആക്രമണം, പേര്‍ഷ്യന്‍ ഗള്‍ഫിലെ ഞങ്ങളുടെ കപ്പലുകളെ ആക്രമിക്കാന്‍ ശ്രമിച്ചു, സൗദി അറേബ്യയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നു എന്നീ ആരോപണങ്ങളാണ്. എന്നാല്‍ ഇതൊന്നും കൃത്യമായ വിവരങ്ങളല്ല എന്നതാണ് ഡെമോക്രാറ്റുകള്‍ ഉന്നയിക്കുന്നതും. ഇറാന്‍ ഭരണകൂടവുമായി ഒബാമ ഭരണകൂടം ഉണ്ടാക്കിയ കരാര്‍ ട്രംപ് ഭരണകൂടം അനാവശ്യമായി നിര്‍ത്തലാക്കി എന്നതാണ് ഡെമോക്രാറ്റിക് വാദം. ഇറാനെ ആക്രമിക്കാന്‍ മാത്രം ശക്തമായ ഒരു തെളിവും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് അവരുടെ നിലപാട്.

ഗള്‍ഫ് മേഖലയില്‍ മറ്റൊരു യുദ്ധം ലോകത്തിനു താങ്ങാന്‍ കഴിയില്ല എന്നതാണ് ഡെമോക്രാറ്റിക് നിലപാട്. യുദ്ധം കൊണ്ട് തീര്‍ക്കാന്‍ കഴിയുന്നതല്ല ഇന്ന് ലോകത്തുള്ള അധിക വിഷയങ്ങളും. ട്രംപ് ഭരണകൂടം സമാധാനത്തിനല്ല പകരം കുഴപ്പത്തിനാണ് ആക്കം കൂട്ടുന്നത്. ഇറാന്‍-ഇറാഖ് യുദ്ധം മുതലാണ് പശ്ചിമേഷ്യയില്‍ അസ്വസ്ഥത ആരംഭിച്ചത്. യുദ്ധത്തില്‍ അമേരിക്കയും സഖ്യ കക്ഷികളും ഇറാഖിന്റെ ഭാഗത്തായിരുന്നു.

എട്ടു വര്‍ഷത്തോളം നീണ്ടു നിന്ന യുദ്ധത്തില്‍ 20 ലക്ഷത്തോളം ജനങ്ങള്‍ കൊല്ലപ്പെട്ടു എന്നതിനേക്കാള്‍ രണ്ട് രാജ്യങ്ങളിലെയും സാമ്പത്തിക അവസ്ഥ കൂടി തകര്‍ന്നു. ഇറാഖിന്റെ കുവൈത്ത് ആക്രമണം, യുദ്ധങ്ങള്‍, സദ്ദാമിന്റെ കൊല വരെ നാം കണ്ടതാണ്. വന്‍ ശക്തികളുടെ കടന്നു കയറ്റം മേഖലയെ കൂടുതല്‍ ദുരിതപൂര്‍ണമാക്കി. അതിനുമപ്പുറം മേഖലയിലെ രാജ്യങ്ങള്‍ തന്നെ വലിയ ശത്രുക്കളായി. അവര്‍ക്കിടയില്‍ ആയുധ കച്ചവടം എന്നത് മാത്രമായി പലപ്പോഴും സാമ്രാജ്യത്വ ശക്തികളുടെ നിലപാട് ചുരുങ്ങി.

തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് തന്നെ തന്റെ ഇസ്ലാം വിരുദ്ധത ട്രംപ് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലിനെ കണ്ണടച്ച് ന്യായീകരിക്കുന്ന കാര്യത്തില്‍ അദ്ദേഹം എല്ലാ പഴയ പ്രസിഡന്റ്മാരെയും കവച്ചു വെക്കുന്നു. ഇറാന്‍ അണ്വായുധം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. ആ പേരില്‍ ശക്തമായ സാമ്പത്തിക ഉപരോധം അവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു. അതിനിടയില്‍ മറ്റൊരു യുദ്ധത്തിന് കൂടി അവര്‍ കോപ്പ് കൂട്ടുന്നത് മേഖലയെ കൂടുതല്‍ പ്രക്ഷുബ്ധമാക്കും.

മേഖലയിലെ അസ്വസ്ഥതക്കു പിന്നില്‍ ഇറാന് പങ്കുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. സിറിയ,യമന്‍ സംഘര്‍ഷങ്ങള്‍ ഇറാന്‍ വിചാരിച്ചാല്‍ പെട്ടെന്ന് തീര്‍ക്കാന്‍ കഴിയും. മേഖലയില്‍ തങ്ങളുടെ രാഷ്ട്രീയ മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും അതിന്റെ പിന്നിലുണ്ട് എന്നാണ് നിരീക്ഷണ മതം. ആണവായുധം എന്നതിനേക്കാള്‍ ഇറാന്റെ ഈ രാഷ്ട്രീയ തീരുമാനമാണ് അറബ് രാജ്യങ്ങളെ അമേരിക്കയുടെ പിന്നില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇറാഖ്,സിറിയ ഇറാന്‍ എന്നീ ഷിയാ അച്ചുതണ്ട് ഭാവിയില്‍ സുന്നീ മേഖലകളെ ഇല്ലാതാക്കും എന്ന ഭയവും അമേരിക്ക അവരില്‍ ചെലുത്തുന്നു എന്ന വായനയും നിരീക്ഷകര്‍ നടത്തുന്നു.

ഇറാനും രണ്ടും ഉറപ്പിച്ച മട്ടിലാണ് പ്രതികരിക്കുന്നത്. പണ്ട് ഇറാഖില്‍ സദ്ദാം ഹുസ്സൈന്‍ നടത്തിയ മേനി പറച്ചിലായി ലോകം അതിനെ കാണുന്നില്ല. സാമ്പത്തിക ഞെരുക്കത്തിലും ശക്തമായ പ്രതികാരം തീര്‍ക്കാന്‍ ഇറാന് കഴിയും എന്നതാണ് പൊതു വിലയിരുത്തല്‍. തിരിച്ചടി പേടിക്കാനില്ല എന്നതാണ് അമേരിക്കയുടെ ധൈര്യം. വടക്കന്‍ കൊറിയയുമായി കൊമ്പ് കോര്‍ത്തപ്പോള്‍ അമേരിക്കയും കൊറിയയുടെ മിസൈല്‍ പരിധിയില്‍ വരുമെന്ന തിരിച്ചറിവാണ് ട്രംപിനെ പിന്തിരിപ്പിച്ചത്.

അതെ സമയം മേഖലയിലെ മറ്റു രാജ്യങ്ങളുടെ ചിലവില്‍ യുദ്ധം ചെയ്യാം എന്നതാണ് ഗള്‍ഫില്‍ അമേരിക്ക നേരിടുന്ന അനുകൂല ഘടകവും. ഇറാന്‍ യുദ്ധം അമേരിക്കന്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ തിളച്ചു മറിയുകയാണ്. അതെ സമയം പശ്ചിമേഷ്യയില്‍ അതിന്റെ ഒരു അലയൊലിയും കാണുന്നില്ല എന്നതാണ് രസകരം. ‘ഇറാന്‍ മോശമാണ്, അവരുടെ കയ്യില്‍ പല മോശം കാര്യങ്ങളുമുണ്ട്’ റിപ്പബ്ലിക്കന്‍ പ്രതിനിധി സെനറ്റില്‍ ഇത് പ്രഖ്യാപിച്ചപ്പോള്‍ ‘മോശമാണ് എന്ന് പറയാന്‍ എളുപ്പമാണ് അത് തെളിയിക്കാന്‍ അത്ര എളുപ്പമല്ല’ എന്നായിരുന്നു ഡെമോക്രാറ്റിക് പ്രതികരണം. ഒബാമ ഭരണകൂടം പുതുതായി കാര്യമായ പ്രശ്നമൊന്നും സൃഷ്ടിച്ചില്ല എന്ന് മാത്രമല്ല ഉണ്ടായിരുന്ന പലതും ഉണക്കാന്‍ ശ്രമിച്ചു. ഉണങ്ങിയ മുറിവുകള്‍ കൂടുതല്‍ വൃണമാക്കുക എന്നതാണ് ട്രംപ് ഭരണ കൂടം ചെയ്യാന്‍ ശ്രമിക്കുന്നത്.

Facebook Comments
Related Articles
Close
Close