Your Voice

ഇറാനിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍

തീവ്രവാദികള്‍ മിതവാദികള്‍ എന്നത് രണ്ടു ചിന്താ ധാരകളുടെ പേരാണ്. കാര്യങ്ങളെ വിട്ടുവീഴ്ചയില്ലാത്ത രീതിയില്‍ കൈകാര്യം ചെയ്യുക എന്നതാണ് തീവ്രവാദം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതും. ഇറാനില്‍ നിന്നും ഇപ്പോള്‍ കേള്‍ക്കുന്നത് വിദേശകാര്യമന്ത്രി ജാവേദ് സാരിഫ് രാജിവെക്കാന്‍ ശ്രമിച്ചു എന്നതാണ്. പക്ഷെ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചില്ല. മിതവാദി എന്ന നിലയിലാണ് സാരിഫ് അറിയപ്പെടുന്നത്. രണ്ടാമത്തെ ഉപരോധത്തില്‍ ഒറ്റപ്പെട്ടുപോയ ഇറാന്‍ പടിഞ്ഞാറിനോടും മുസ്‌ലിം രാജ്യങ്ങളോടും കൂടുതല്‍ അടുക്കണം എന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അടുത്ത ദിവസം ആത്മീയ നേതാവ് ഖാംനഈ സിറിയന്‍ പ്രസിഡന്റിനെ കണ്ടപ്പോള്‍ വിദേശകാര്യ മന്ത്രിയെ കൂട്ടിയിരുന്നില്ല. പെട്ടെന്നുള്ള രാജി തീരുമാനത്തിന് അതാണ് കാരണമെന്ന് പറയപ്പെടുന്നു. ആത്മീയ നേതാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും (ഐ ആര്‍ ജി സി) മിതവാദികളും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചു വരുന്നു. വിദേശ കാര്യവും തദ്ദേശ കാര്യങ്ങളും തീരുമാനിക്കുന്നതില്‍ മിതവാദികള്‍ക്കു ഒരു പങ്കുമില്ല എന്നാണു നിരീക്ഷകര്‍ പറയുന്നത്.

മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്ന അസ്വസ്ഥതകളില്‍ ഇറാന്റെ പങ്കു വലുതാണ് എന്ന് മനസ്സിലാക്കപ്പെടുന്നു. യെമന്‍-സിറിയ വിഷയങ്ങള്‍ അവസാനിക്കാതെ നീണ്ടു പോകുന്നത് രണ്ടിടത്തും ഇറാന്‍ നേരിട്ട് ഇടപെടുന്നു എന്നത് കൊണ്ട് തന്നെയാണ്. അതിനിടയില്‍ പുതിയ ഉപരോധവുമായി അമേരിക്കന്‍ പ്രസിഡന്റ് രംഗത്തു വന്നപ്പോള്‍ സ്വതവേ ദുര്‍ബലമായ സാമ്പത്തിക രംഗം കൂടുതല്‍ വഷളായി. ഇറാനെ ഒറ്റപ്പെടുത്തി മധ്യേഷ്യയില്‍ രൂപം കൊള്ളുന്ന മുന്നണികള്‍ കുറച്ചൊന്നുമല്ല അവരെ വിഷമിപ്പിക്കുന്നതും.

കഴിഞ ദിവസം സിറിയയിലെ ഇറാന്റെ സൈനിക സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ഇസ്രയേലി ആക്രമണത്തിന് ഇറാന്‍ എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ചും ആശങ്കയുണ്ട്. ഈ വിഷയത്തില്‍ ഇരുപക്ഷവും തമ്മില്‍ ധാരണ പിശകുണ്ട് എന്നും പറയപ്പെടുന്നു. ഇറാന്‍ നിര്‍ബന്ധമായും പ്രതികരിക്കണം എന്നതാണ് തീവ്ര നിലപാടുകാര്‍ പറയുന്നത്. അതെ സമയം അത്തരം ഒരു നീക്കം ഇറാന് കിട്ടുന്ന പടിഞ്ഞാറിന്റെ പിന്തുണ ഇല്ലാതാക്കും എന്നതാണ് രാജി വെച്ച വിദേശകാര്യ മന്ത്രിയുടെ നിലപാടും.

റെവല്യൂഷണറി ഗാര്‍ഡിന്റെ സ്വാധീനം കുറക്കുക എന്ന ഉദ്ദേശത്തോടെ മിതവാദിയായ റൂഹാനി ഒരു ബില്‍ കൊണ്ട് വന്നിരുന്നു. പക്ഷെ ആ ബില്ലിന് ഗാര്‍ഡിയന്‍ കൌണ്‍സിലില്‍ നിന്നും ഭരണാനുമതി ലഭിച്ചില്ല. റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ഇടപെടല്‍ കൂടുതല്‍ സുതാര്യമാകണം എന്നതാണ് റൂഹാനി ആവശ്യപ്പെടുന്നതും. ആത്മീയ നേതാവ് തന്നെ നേതൃത്വം നല്‍കുന്ന ഒരു സംരംഭത്തെ പിടിച്ചു നിര്‍ത്താന്‍ മിത വാദികള്‍ക്ക് പെട്ടെന്ന് കഴിയില്ല എന്ന് തന്നെയാണ് നിരീക്ഷകര്‍ മനസ്സിലാക്കുന്നതും.

‘താങ്കളുടെ രാജി സ്വീകരിക്കുന്നത് രാജ്യത്തിന്റെ ഗുണത്തിനു എതിരായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, അതിനാല്‍ ഞാന്‍ അത് നിരസിക്കുന്നു’, രാജി നിരസിച്ചു റൂഹാനി വിദേശ കാര്യമന്ത്രിക്കു നല്‍കിയ മറുപടി ഇങ്ങിനെയാണ്. ശക്തനായ ഒരു സഹായിയെ മാറ്റി നിര്‍ത്തി റൂഹാനിക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല എന്നതാണ് വാസ്തവം. ചുറ്റുപാടുകളില്‍ നിന്നും രാജ്യത്തിന്റെ അകത്തു നിന്നും ഉയര്‍ന്നു വരുന്ന എതിര്‍പ്പുകളെ എങ്ങിനെ അതിജീവിക്കാം എന്നിടത്താണ് ഇറാന്റെ രാഷ്ട്രീയ ഭാവി എന്ന് നിരീക്ഷകര്‍ കരുതുന്നു.

Facebook Comments
Show More

Related Articles

Check Also

Close
Close
Close