Current Date

Search
Close this search box.
Search
Close this search box.

അഴിമതി നമുക്ക് രാഷ്ട്രീയം മാത്രമാണ്

എതിരാളികളെ ഭയപ്പെടുത്തി ശരിപ്പെടുത്തുക എന്നത് മോഡി സർക്കാരിന്റെ നിലപാടായി അംഗീകരിക്കപ്പെട്ടതാണ്. അന്നന്ന് ഭരിക്കുന്ന പാർട്ടികൾ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുക എന്നത് സാധാരണ സംഭവമാണ്. സി ബി ഐ യെ കൂട്ടിലടച്ച തത്ത എന്ന് വിശേഷിപ്പിച്ചത് നമ്മുടെ കോടതി തന്നെയാണ്. കോൺഗ്രസ്സ് അവരുടെ കാലത്തും ബി ജെ പി ഇപ്പോഴും അത് തുടരുന്നു എന്നതിൽ ഒരു പുതുമയുമില്ല.

ബനാസീർ ഭൂട്ടോ പാകിസ്ഥാൻ പ്രധാനമന്ത്രിയായ കാലത്തു ഭർത്താവ് സർദാരി അറിയപ്പെട്ടിരുന്നത് Mr Ten Percentage എന്നായിരുന്നു. ആ രീതിയിലായിരുന്നു ചിദംബരത്തിന്റെ അധികാര കാലത്തു മകൻ കാർത്തി അറിയപ്പെട്ടിരുന്നത് എന്നാണു പൊതു വർത്തമാനം. രണ്ടാം യു പി എ സർക്കാരിന്റെ കാലത്തെ പരിധി വിട്ട അഴിമതി കഥകളാണ് ഒരർത്ഥത്തിൽ കോൺഗ്രസിന് ഭരണം നഷ്ടമാകാൻ തന്നെ കാരണം. ചിദംബരം അത്ര ക്ളീൻ ചീട്ടുള്ള പൊതു പ്രവർത്തകനാണ് എന്ന് പറയാൻ കഴിയില്ല എന്നാണ് അറിയാൻ കഴിയുന്നത്.

2007 -ൽ ചിദംബരത്തിന്റെ മകന്റെ പേരിലുള്ള INX മീഡിയ എന്ന കമ്പനി സ്വീകരിച്ച ചില വിദേശ നിക്ഷേപങ്ങളിൽ അഴിമതിയും നിയമലംഘനവും കള്ളപ്പണം വെളുപ്പിക്കലും ഒക്കെ നടന്നിട്ടുണ്ട് എന്ന ആരോപണത്തിന്മേലാണ് ഇപ്പോൾ സിബിഐ രംഗത്തു വന്നിട്ടുള്ളതു. കോടതികൾ ഈ കേസിനെ ഗൗരവമായി കാണുന്നു എന്നതും സി ബി യ്ക്ക് ഗുണകരമായി തീർന്നു.

ജാമ്യം നിഷേധിക്കവേ ഹൈക്കോടതി ചിദംബരത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച വാക്കുകൾ ഒട്ടും ആശാവഹമല്ല. ‘കിംഗ് പിൻ’, ‘മുഖ്യ ഗൂഢാലോചനക്കാരൻ’ എന്നൊക്കെയുള്ള പദങ്ങളാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാൻ കോടതി ഉപയോഗിച്ചത്. പത്തുവർഷക്കാലത്തെ യുപിഎ സർക്കാരുകളുടെ ഭരണകാലത്തെ ആഭ്യന്തര ധനകാര്യവകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ഉഗ്രപ്രതാപിയായ ഒരു മന്ത്രിയായിരുന്നു ചിദംബരം. അധികാരം പലപ്പോഴും മകനിലേക്കു ചുരുങ്ങിയിരുന്നു എന്നൊക്കെ അന്ന് തന്നെ പരാതികൾ ധാരാളം. കേസിൽ കാർത്തി ചിദമ്പരം ഇപ്പോൾ ജാമ്യത്തിലാണ്. നേരിട്ട് ഇടപെട്ടില്ലെങ്കിലും മന്ത്രിയായ അച്ഛന്റെ തണലിലാണ് ഈ കാലികളൊക്കെ നടന്നത് എന്നതാണ് കണ്ടെത്തൽ.

ഒരു രാഷ്ട്രീയ നാടകത്തിനപ്പുറം ഈ കേസുകൾ മുന്നോട്ട് പോകില്ല എന്നുറപ്പാണ്. കോർപറേറ്റുകളെ വിഷമിപ്പിക്കുന്ന ഒന്നും ഒരു സർക്കാരും ചെയ്യാൻ ഇടയില്ല. കാരണം അവരുടെ തന്നെ നിലനിൽപ്പ് കോർപറേറ്റുകളെ അടിസ്ഥാനമാക്കിയാണ്. കമ്പനിക്കു വിദേശ പണം സ്വീകരിക്കാൻ സഹായം ചെയ്തു കൊടുത്തെന്നും അതിന്റെ പേരിൽ മകൻ കാർത്തി ധനം സമ്പാദിച്ചു എന്നൊക്കെയാണ് കേസിന്റെ ആധാരം. ഇതൊരു അഴിമതിയല്ല എന്ന് കോൺഗ്രസ്സ് കരുതുന്നു, അത് കൊണ്ട് തന്നെ തങ്ങളുടെ നേതാവിന് വേണ്ട സഹായങ്ങൾ അവർ ചെയ്തു കൊടുക്കുന്നു. അഴിമതിയോടു മൃദുല സമീപനം സ്വീകരിച്ചതിന്റെ പേരിൽ പാർട്ടി നേരിടേണ്ടി വന്ന ദുരിതം ഇപ്പോഴും അവസാനിച്ചിട്ടില്ല എന്ന് കൂടി ചേർത്ത് വായിക്കണം

തന്നെ അറസ്റ്റു ചെയ്തതിന് പകരമായി മറ്റൊരു അറസ്റ്റ് എന്നതിലപ്പുറം മറ്റൊരു രാഷ്ട്രീയവും ഈ കേസിനും ഉണ്ടാകില്ല . ഒരു പ്രതികാരം തീർക്കൽ എന്നത് മാത്രമായി ഈ അറസ്റ്റും ബഹളവും തീർന്നു പോകാനാണ് സാധ്യത. തല്ക്കാലം അറസ്റ്റിനു കോടതിയുടെ നിലപാടും സഹായകമായിട്ടുണ്ട്. അടുത്ത ദിവസം റിട്ടയർ ചെയ്യുന്ന ജഡ്ജിയാണ് നേരത്തെ പറഞ്ഞ രീതിയിലുള്ള കണ്ടെത്തലുകൾ നടത്തിയത് എന്നും കോൺഗ്രസ്സ് ആരോപണം ഉന്നയിക്കുന്നു. സുപ്രീം കോടതി കേസ് അടുത്ത ദിവസത്തേക്ക് മാറ്റി വെച്ചതും തല്ക്കാലം ഒരു അറസ്റ് എന്ന അമിത്ഷായുടെ ആഗ്രഹം പൂർത്തീകരിച്ചു എന്ന് വേണം പറയാൻ. നേർക്ക് നേരെ ആരോപണം ഉന്നയിക്കപ്പെട്ട മകൻ കാർത്തിക്ക് ജാമ്യം ലഭ്യമാണെങ്കിൽ അത് എന്തായാലും ചിദമ്പരത്തിനും ലഭിക്കും എന്നുറപ്പാണ്. റിട്ടയർ ജീവിതത്തിൽ കിട്ടാൻ ഇടയുള്ള സൗകര്യങ്ങൾ കൂടി പലപ്പോഴും നമ്മുടെ വിധികളിൽ നിഴലിക്കുന്നില്ലേ എന്ന ചോദ്യവും ഈ കാലത്തു പ്രസക്തമാണ്.

അതെ സമയം മറ്റൊന്ന് കൂടി ചേർത്ത് പറയണം. സംവിധാനങ്ങളെ ഉപയോഗിച്ച് എതിരാളികളെ വരച്ച വരയിൽ നിർത്തിക്കുക എന്നത് ഫാസിസത്തിന്റെ സ്വഭാവമാണ്. ഭരണപക്ഷത്തിന് സഭയിൽ ഒരു വെല്ലുവിളിയാണ് ചിദമ്പരം. അതിനു തടയിടുക എന്നത് കൂടി ഒരുപക്ഷെ ഈ നീക്കത്തിന് പിന്നിൽ കാണാം. മോഡി കാലത്തു ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത് ജനാധിപത്യമാണ്. ജനാധിപത്യത്തിൽ ശക്തിക്ക് സ്ഥാനമില്ല. പണത്തിനും. അവിടെ സ്ഥാനം അഭിപ്രായത്തിനാണ്. അഭിപ്രായങ്ങൾ ഇല്ലാതാക്കുക എന്നതാണ് ഇപ്പോഴത്തെ രീതി. കശ്മീർ പോലുള്ള വിഷയങ്ങളിൽ അഭിപ്രായങ്ങൾ അപ്രസക്തമാക്കിയാണ് സർക്കാർ മുന്നോട്ടു പോയതും.

റാഫേൽ അഴിമതി നമ്മുടെ മുന്നിൽ നിവർന്നു കിടക്കുകയാണ്. പക്ഷെ അതിന്നു ചർച്ച പോലുമല്ല. രാജ്യം കണ്ട അഴിമതി കഥകളിലൂടെ അവസാനം എന്തെന്ന് നമുക്കറിയില്ല. സർക്കാരിലേക്ക് വന്നു ചേരേണ്ട പണം വ്യക്തികളിലേക്കു വളഞ്ഞ വഴിയിൽ എത്തുന്നു എന്നത് നിസാര കാര്യമല്ല. അതിനെ തടയാൻ നമ്മുടെ സംവിധാനം പോരാ. തിരഞ്ഞെടുപ്പ് കാലത്തും എതിരാളികളെ ഇല്ലാതാക്കാനും എന്നതിനപ്പുറം അഴിമതി കേസുകൾക്ക് മറ്റൊരു സ്ഥാനവും നമ്മുടെ സമൂഹത്തിലില്ല എന്നത് കൊണ്ട് തന്നെ ഇത്തരം നാടകങ്ങൾ നാം ഇനിയും കാണേണ്ടി വരും.

Related Articles