Current Date

Search
Close this search box.
Search
Close this search box.

സർവമത സത്യവാദത്തിൻ്റെ മുനയൊടിക്കുന്ന ഗ്രന്ഥം

“ഇന്നദ്ദീന ഇന്തല്ലാഹിൽ ഇസ് ലാം” (നിശ്ചയം !അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ് ലാം മാത്രമാണ് ” ) എന്ന് ഖണ്ഡിതമായി പ്രഖ്യാപിച്ച വിശുദ്ധ ഖുർആനിൻ്റെ അനുയായികൾ എന്നവകാശപ്പെടുന്ന ചിലർ തന്നെ, വിഭിന്ന വിചിത്ര വഴികളിലൂടെ സഞ്ചരിക്കുന്ന (ബഹുദൈവത്വം, ത്രിത്വം…) എല്ലാ മതങ്ങളും ഒന്നാണ് എന്ന “സർവമത സത്യവാദ” ത്തിൻ്റെ “നഴ്സറി ന്യായങ്ങൾ” ഉയർത്തുന്നതിൽ അത്ഭുതമില്ല. കാരണം മനുഷ്യാരംഭം മുതൽ, ദൈവദൂതന്മാർ സന്മാർഗവുമായി വന്നതുമുതൽ തന്നെ ഇത്തരം വിതണ്ഡ വാദങ്ങളും രംഗത്തുവന്നിട്ടുണ്ട് (വിശുദ്ധ ഖുർആനിൽ അല്ലാഹുവും ഇബ് ലീസും തമ്മിൽ നടന്ന “സംവാദങ്ങൾ” ചിന്തിക്കുന്നവർക്ക് ഒരു ചൂണ്ടുപലക! )

കേരളത്തിലും ഈ വാദം പുതിയതല്ല. ചേകനൂർ മൗലവിയുടെ പഴയ വീഞ്ഞാണ് പുതിയ കുപ്പിയിൽ വരുന്നത്.

സർവമത സത്യവാദത്തിനെതിരെ എത്രയോ സൂക്തങ്ങൾ ഉദ്ധരിക്കാൻ പറ്റുമെന്നല്ല, ഖുർആനിൻ്റെ ഒഴുക്കു തന്നെ പൂർവ്വ വേദങ്ങളും പ്രവാചകന്മാരുമൊക്കെ കാലഹരണപ്പെട്ടിരിക്കുന്നു, ഖുർആനും അന്ത്യപ്രവാചകൻ മുഹമ്മദ് (സ) യും മാത്രമാണ് ഇനിമേൽ പിന്തുടരപ്പെടേണ്ട അന്തിമ സത്യം എന്ന വസ്തുത സ്ഥാപിക്കലത്രെ. ഒരൊറ്റ സൂക്തം മാത്രം ഉദ്ധരിക്കാം:

“പൂർവ്വപ്രവാചകന്മാരിൽ നിന്ന് അല്ലാഹു ഇപ്രകാരം പ്രതിജ്ഞ വാങ്ങിയത് ഓർക്കുവിൻ: ഞാൻ നിങ്ങൾക്കരുളിയ വേദവും ജ്ഞാനവുമുണ്ടല്ലോ, പിന്നീട് നിങ്ങളുടെ കൂടെയുള്ളതിനെ സാക്ഷാത്കരിക്കുന്ന ഒരു ദൈവദൂതൻ വന്നാൽ തീർച്ചയായും നിങ്ങളദ്ദേഹത്തെ വിശ്വസിക്കേണ്ടതും പിന്തുണക്കേണ്ടതുമാകുന്നു. അപ്പോൾ അവൻ ആരാഞ്ഞിരുന്നു: നിങ്ങൾ ഇത് സമ്മതിക്കുകയും എന്നോട് ചെയ്ത പ്രതിജ്ഞയുടെ ഉത്തരവാദിത്വ ഭാരം ഏറ്റെടുക്കുകയും ചെയ്തുവോ? അവർ പറഞ്ഞു: ഞങ്ങൾ സമ്മതിച്ചിരിക്കുന്നു. അല്ലാഹു ആവശ്യപ്പെട്ടു: എങ്കിൽ സാക്ഷ്യം വഹിക്കുവിൻ. നിങ്ങളോടൊപ്പം സാക്ഷിയായി ഞാനുമുണ്ട് ” ( ആലു ഇംറാൻ: 81)

സമുദായം ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന ഒട്ടേറെ ഫിത് നകൾക്കിടയിൽ “കിടന്നോട്ടെ സർവമത സത്യവാദവും!” എന്ന് ധരിക്കുന്നതിൽ പ്രശ്നമുണ്ട്. കാരണം ധാർമികതയും മത ചിട്ടയും അസഹനീയമായ വിലക്കുകളായി തെറ്റിദ്ധരിച്ച പുതു തലമുറയിൽ ഇത്തരം വാദങ്ങൾക്ക് പെട്ടെന്നു തന്നെ വേരോട്ടം ലഭിക്കുന്നു!

വക്ര ബുദ്ധിയോടെ വിശുദ്ധ ഖുർആനിൽ പ്രവേശിക്കുന്ന ആരെയും ഖുർആൻ തന്നെ വഴി തെറ്റിക്കുമെന്ന് അല്ലാഹു ഉറപ്പിച്ചു പറഞ്ഞതാണല്ലോ! ആകാശ മേലാപ്പിൽ നിന്ന് വിമോചനത്തിൻ്റെ മഴത്തുള്ളികളായി, മഞ്ഞു തുള്ളികളായി ഖുർആൻ അവതരിക്കുന്ന ഘട്ടത്തിൽ, സ്വഹാബത്ത് (റ) പ്രവാചകനു ചുറ്റും നിന്ന് മനസ്സിലും ശരീരത്തിലും അവ ഏറ്റുവാങ്ങി വിജയത്തിൻ്റെ ഔന്നത്യം പൂകുമ്പോഴും അതേ പ്രവാചകൻ്റടുത്ത് നിന്നിട്ടും മാനത്തു നിന്നു വന്ന അതേ പ്രകാശ പ്രചുരിമ സ്വന്തം ശരീരത്തിൽ വർഷിച്ചിട്ടും അതിൽ നിന്ന് ഒരു തുളളി പോലും അകതാരിലേക്ക് കടത്താൻ സൗഭാഗ്യം സിദ്ധിക്കാതെ പോയ ഒരു വിഭാഗം മനുഷ്യർ അക്കാലത്തു തന്നെ ഉണ്ടായിരുന്നു! (കരുണാമയനും നീതിമാനുമായ അല്ലാഹുവിനോട് എത്രമേൽ വലുതായിരിക്കും ഇവർ കാട്ടിയ ധിക്കാരം!! )

എന്തായാലും ഖുർആൻ ഈ അഹങ്കാരികളെ കുറിച്ചവതരിപ്പിച്ച വാങ്മയ ചിത്രം ഇന്നത്തെ നേതാവിനു പോലും ചേരുന്ന കൃത്യമായ തൊപ്പിയാണെന്ന് പുതിയ അവതാരത്തെ പരിചയമുള്ള ആർക്കും ബോധ്യപ്പെടും!

അല്ലാഹു പറയുന്നു: “അവരെക്കണ്ടാൽ അവരുടെ ശരീരങ്ങൾ ഗംഭീരമെന്ന് താങ്കൾക്കു തോന്നും! സംസാരിച്ചാലോ അവരുടെ വായ്ത്താരി കേട്ടിരുന്നു പോകും! (വാസ്തവത്തിലോ) അവർ ചാരി വെച്ച (ഉപയോഗ ശൂന്യമായ) മരത്തടികൾ മാത്രമാകുന്നു! ഉയരുന്ന ഒച്ചകളേതും തങ്ങൾക്കെതിരെയാണെന്ന് അവർ കരുതുന്നു. അവരാണ് തികഞ്ഞ ശത്രുക്കൾ. അവരെ സൂക്ഷിച്ചു കൊള്ളുക. അവരിൽ അല്ലാഹുവിൻ്റെ ശാപമുണ്ട്. എങ്ങനെയാണ വർ വഴിതെറ്റിക്കപ്പെടുന്നത്?” (സൂറ: മുനാഫി ഖൂൻ: വാക്യം: 4)

ഹൃദയ ബന്ധമില്ലാതെ കണ്ഠ ക്ഷോഭം നടത്തുന്ന ഈ “സംസാരവൈഭവ” ക്കാർ കാലാകാലങ്ങളിൽ അവതരിക്കും എന്നതി ൻ്റെ നേർസാക്ഷ്യമത്രെ ഇപ്പോൾ പ്രത്യക്ഷപ്പെട്ട സി.എച്ച് മുസ്തഫ എന്ന വ്യക്തി!

“അകം പൊരുളും മോക്ഷ സിദ്ധാന്തവും ഒരു പോസ്റ്റുമോർട്ടം” എന്ന സുബൈർ കൗസരി ചെറുവാടിയുടെ ഗ്രന്ഥം (പ്രസാധനം: അൽ ഫിറാസ് ബുക്സ്.തൊടുപുഴ) സി.എച്ച് മുസ്തഫയുടെ “ഖുർആൻ അകം പൊരുൾ ഒരു മാനവിക വായന”, ഇസ് ലാമിലെ മോക്ഷ സിദ്ധാന്തം” എന്നീ കൃതികൾക്കുള്ള പ്രമാണബദ്ധിതവും യുക്തി പൂർണവുമായ മറുപടിയാണ്.

ഖുർആനിൻ്റെ അവതരണ പശ്ചാത്തലം (സബബുന്നുസൂൽ) പോലും വിലയിരുത്താതെ വളയില്ലാ ചാട്ടത്തിൻ്റെ അക്ഷര വായന നടത്തി സ്വന്തം കൃതിക്ക് “അകം പൊരുൾ” എന്ന് പേരിടാൻ കാട്ടിയ മുസ്തഫയുടെ തൊലിക്കട്ടി സമ്മതിക്കേണ്ടതുതന്നെ! എന്നാൽ വിശുദ്ധ ഖുർആൻ സൂക്തങ്ങളുടെ അക്ഷര വായനക്കപ്പുറമുള്ള സാക്ഷാൽ അകം പൊരുൾ എന്താണെന്ന് സുബൈർ കൗസരി മുസ്തഫയെ പഠിപ്പിക്കുന്നു എന്നതാണ് ഈ കൃതിയുടെ മുഖ്യ സവിശേഷത !

Related Articles