Current Date

Search
Close this search box.
Search
Close this search box.

ഇന്റർ റിലീജ്യസ്‌ സോളിഡാരിറ്റിയും ഇന്ത്യൻ സാഹചര്യവും

ജനാധിപത്യ സംസ്‌കൃതിയുടെ സർവ മൂല്യങ്ങൾക്കും എതിരായ പദമാണല്ലോ ഫാഷിസം. സർവ ജനങ്ങൾക്കും ഒരുപോലെ ഭീഷണിയാണെന്ന് വാചാലമാകുമ്പോഴും മറുവശത്ത് പലപ്പോഴും ഫാസിസ്റ്റ്‌ വിരുദ്ധ കൂട്ടായ്മകളിലും പ്രതിരോധ പരിപാടികളിൽ പോലും വിവേചനം നിലനിൽക്കുന്ന ഈ കാലത്ത് ഫാസിസത്തിനെതിരായ മുഴുവൻ പ്രതിരോധ പ്രവർത്തനങ്ങളെയും പ്രവർത്തകരെയും ഐക്യപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്.

വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ലിബറേഷൻ തിയോളജിയുടെ ദക്ഷിണാഫ്രിക്കൻ ചാണക്യനായ ഫരീദ് ഇസ്ഹാഖിനെ വായിക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും. ഒരു കാലത്ത് ദക്ഷിണാഫ്രിക്കയെ ശ്വാസം മുട്ടിച്ചിരുന്ന അപ്പാർത്തീഡ് ഭരണകൂട നെറികേടുകൾക്കെതിരെ ദക്ഷിണാഫ്രിക്കയിലെ തന്നെ മുൻനിര ഇസ്‌ലാമിക പണ്ഡിതനായ ഫരീദ് ഇസ്ഹാഖ് ഖുർആൻ ലിബറേഷൻ ആൻഡ് പ്ലൂറലിസം ആൻ ഇസ്‌ലാമിക് പേഴ്‌സ്‌പെക്ടീവ് ഓഫ് ഇന്റർ റിലീജിയസ് സോളിഡാരിറ്റി എഗൈൻസ്റ്റ് ഒപ്രഷൻ എന്ന തന്റെ ഗ്രന്ഥത്തിൽ താത്ത്വികമായി അവതരിപ്പിച്ച ദക്ഷിണാഫ്രിക്കൻ മർദക അപ്പാർത്തീഡ് ഭരണകൂടത്തിനെതിരിൽ മത ദർശനങ്ങളുടെ ഐക്യം (Inter religious solidarity) എന്ന ആശയത്തെ പിന്നീട് പ്രയോഗതലത്തിലും പരീക്ഷിക്കുന്നതായി കാണാം.

അപ്പാർത്തീഡുകളുടെ സകല നിലപാടുകൾക്കും പിന്തുണ നൽകുന്നവരും, മർദിത ജനങ്ങളുടെ വിമോചനം മുൻനിർത്തി പ്രവർത്തിക്കുന്നവരുമായ രണ്ട് തരം മുസ്‌ലിംകളാണ് ദക്ഷിണാഫ്രിക്കയിൽ ഉണ്ടായിരുന്നതെന്ന് ഫരീദ് ഇസ്ഹാഖ് സമർഥിക്കുന്നു. സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഇത്തരത്തിൽ, വിശിഷ്യാ ഉത്തരേന്ത്യയിൽ മുസ്‌ലിം സമുദായത്തിൽപെട്ട യാഥാസ്ഥിതികരായ ധാരാളം പേർ അവരറിയാതെയെങ്കിലും ഹിന്ദുത്വ ഫാസിസത്തിന് വെള്ളം പാരുന്നുണ്ട് എന്നതാണ് വസ്തുത.

ഒരു വശത്ത് അപ്പാർത്തീഡ് ഭരണകൂടത്തിന്റെ കിരാത മർദനങ്ങൾക്കിരകളാകുന്ന കറുത്ത വർഗക്കാരുമായും ക്രിസ്ത്യൻ സമൂഹവുമായും പുരോഗമന ചിന്തയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിസ്റ്റുകൾ പല മേഖലകളിലും യോജിപ്പിന് ശ്രമിക്കുമ്പോൾ, മറുവശത്ത് പരമ്പരാഗത മുസ്‌ലിംകളുടെ പക്ഷത്തു നിന്ന് ശക്തമായ എതിർപ്പുകളും പ്രതിഷേധങ്ങളും അഭിമുഖീകരിക്കേണ്ടിയും വന്നിരുന്നു.

ഇന്ന് ഇന്ത്യൻ പശ്ചാത്തലത്തിൽ മറ്റു മതസ്ഥരുടെ ആഘോഷങ്ങളിൽ ഒരുവിധ പങ്കാളിത്തവും അരുത്, ആശംസകൾ പോലും കൈമാറരുത് തുടങ്ങി യാഥാസ്ഥിതികതയുടെ പരകോടിയിൽ നിന്നുകൊണ്ട് വർത്തമാനങ്ങൾ പറയുന്ന പാരമ്പര്യവാദികൾക്ക് മുസ്‌ലിം സമുദായത്തിൽ പഞ്ഞമില്ല എന്നിരിക്കെ, ഫാസിസത്തിനെതിരെ പ്രയോഗിക്കാവുന്ന ഐക്യപ്പെടുക എന്ന ഏക ആയുധം പ്രയോഗശൂന്യമാകുന്നതിൽ തെല്ലത്ഭുതവുമില്ല.

ഫാസിസത്തെ ഇന്ത്യൻ സാഹചര്യത്തിൽ സായുധമായി നേരിടുക എന്നത് യുക്തിരഹിതമാകുമ്പോൾ വൈകാരികതകൾക്കടിമപ്പെടാതെ ആശയത്തെ ആശയം കൊണ്ട് നേരിടുക എന്ന തന്ത്രമാണ് ഏറെ അഭികാമ്യം. ഇരകളുടെ ഐക്യം എന്നതിൽ കവിഞ്ഞ് ഫാസിസ്റ്റ്‌വിരുദ്ധ ചിന്തകൾക്കുപോലും പ്രസക്തിയില്ല എന്നതാണ് സത്യം.

Also read: അവസാന ചിരി ആരുടേതാവും ?

ദക്ഷിണാഫ്രിക്കയിലെ സമാന സവിശേഷ സാഹചര്യത്തിലാണ് എങ്ങനെ വിശുദ്ധ ഖുർആനെ ആധാരമാക്കിക്കൊണ്ട് സകല മത-വിശ്വാസ വിഭാഗങ്ങളുടെയും വിമോചനം സാധ്യമാക്കാം എന്ന പ്രശ്‌നത്തെ തന്റെ മതാന്തര ഐക്യം (Inter religious solidarity) എന്ന ആശയത്തിലൂടെ ഫരീദ് സാധൂകരിക്കാൻ ശ്രമിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ എൺപതുകളിൽ രൂപീകൃതമായ ഫരീദ് ഇസ്ഹാഖ് നേതൃപരമായി കാർമികത്വം വഹിച്ച ‘കാൾ ഓഫ് ഇസ്‌ലാം’ എന്ന സംഘടനയിലൂടെയാണ് ഇതിന് അനുയോജ്യമായ പ്ലാറ്റ്‌ഫോം രൂപീകരിക്കുന്നത്. മുഴുവൻ മുസ്‌ലിംകളോടും അപ്പാർത്തീഡുകൾക്കെതിരെ കറുത്ത വർഗക്കാരോടും ക്രൈസ്തവ-ജൂത സമൂഹങ്ങളോടും യോജിച്ച് സമര പരിപാടികളിലും പ്രതിരോധ സംഗമങ്ങളിലും ഏർപ്പെടണം എന്നതായിരുന്നു സംഘടനയുടെ പ്രധാന ആഹ്വാനം. വ്യത്യസ്ത മതങ്ങളുടെയും ദർശനങ്ങളുടെയും ആചാരാശയങ്ങൾ ചർച്ചാവിഷയമാക്കുന്ന ഒരു കേവല സംഘമായിരുന്നില്ല ഒരിക്കലും ഈ ‘മതാന്തര സഖ്യം.’ ഓരോ ദർശനങ്ങൾക്കും ആഫ്രിക്കയെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മർദക ഭരണവെറിക്കെതിരെ അടിച്ചമർത്തപ്പെടുന്നവർക്കു വേണ്ടി, അവരുടെ വിമോചന സാക്ഷാത്കാരത്തിനു വേണ്ടി എന്ത് ചെയ്യാനും സമർപ്പിക്കാനും കഴിയും തുടങ്ങിയ ചിന്തകൾക്കും ചർച്ചകൾക്കുമാണ് ഇന്റർ റിലീജ്യസ് സോളിഡാരിറ്റി പ്രാധാന്യം നൽകിയത്.

ഇന്ന് ഇന്ത്യയിൽ മുസ്‌ലിം ദലിത് ഐക്യത്തെക്കുറിച്ച ചർച്ചകൾ കൊഴുക്കുന്ന പശ്ചാത്തലത്തിൽ വേണം നാമിതിനെ വായിക്കാൻ. ലിബറേഷൻ തിയോളജിയുടെ ആഴത്തിലുള്ള വായനകൾക്ക് പ്രാധാന്യമേറുന്ന സവിശേഷ സാഹചര്യമാണ് സമകാലിക ഇന്ത്യയിൽ നിലനിൽക്കുന്നതെന്നിരിക്കെ ഒരു മുസ്‌ലിം ദളിത് പ്ലാറ്റ്‌ഫോം രൂപീകരണം തികച്ചും സന്ദർഭോചിതവും കാലത്തിന്റെ അനിവാര്യതയുമാണ്.

Also read: ധാർമ്മികതയുടെ സ്രോതസ്സുകൾ

ഫാസിസത്തിനെതിരെ ചുണ്ടനക്കാതെ അതിനെ കണ്ടില്ലെന്ന് നടിക്കാൻ മുസ്‌ലിം എന്ന നിലക്ക് ഒരുവനുമാവില്ല. ‘എന്തുകൊണ്ട് നിങ്ങൾ മർദിതരായ ജനതക്കു വേണ്ടി ദൈവിക പാതയിൽ സമരം ചെയ്യുന്നില്ല…’ എന്ന് തുടങ്ങുന്ന ദൈവിക വചനത്തെയും, ‘മർദിതർക്കു വേണ്ടി നിലകൊള്ളുന്നവന്റെ പാദം ഉറപ്പിച്ചു നിർത്തുന്നതുപോലെ മറ്റാരുടെയും പാദം അന്ത്യനാളിൽ ഉറപ്പിക്കുകയില്ല’ എന്ന പ്രവാചക വചനത്തെയും മുൻനിർത്തി ചിന്തിക്കേണ്ടതുണ്ട്. സായുധ സമരം ഇന്ത്യയിൽ അബദ്ധജടിലമായ തീരുമാനമായിരിക്കെ ആശയസമരം കൊണ്ടും ഐക്യം കൊണ്ടും യുക്തിസഹമായി വേണം ഫാസിസം എന്ന വിപത്തിനെ ഇന്ത്യയിൽനിന്നും തുടച്ചുനീക്കാൻ. ഫാസിസ്റ്റ്‌വിരുദ്ധ പ്രതിരോധത്തിന്റെ മനോജ്ഞ മാതൃകകളിലൊന്നായ ബ്രിട്ടനിലെ ഇടതുപക്ഷം ഉയർത്തിക്കൊണ്ട് വന്ന ‘ഇല്ല, വേദി ഫാഷിസത്തിന്’ (No platform) പോലെയും, കുറച്ചു നാളുകൾക്ക് മുമ്പ് ട്രംപിനെതിരെ ഉയർന്ന് പൊങ്ങിയ ‘They shall not pass’ പോലെയുമുള്ള പ്രകമ്പനങ്ങൾ ഇന്ന് ഇന്ത്യയിൽ തേരോട്ടം നടത്തുന്ന ഹിന്ദുത്വ ഫാഷിസ്റ്റുകൾക്കെതിരെയും ഉയരേണ്ടതുണ്ട്. ഒരേ ലക്ഷ്യത്തിനു വേണ്ടി ചരിക്കുമ്പോഴും അതിന്റെ വേദികൾ സംഘർഷത്തിലാവുന്നത് ഫാഷിസത്തിനെതിരെയുള്ള സംഘടിത പ്രതിരോധ പ്രവർത്തനങ്ങളെ അങ്ങേയറ്റം അശക്തമാക്കും. അതിനാൽ ഫരീദ് ഇസ്ഹാഖ് ചെയ്യാൻ ശ്രമിച്ചത് പോലെ മുഴുവൻ പ്രതിരോധ പ്രവർത്തനങ്ങളുടെയും ഒരു പൊതു അടിത്തറയിലുള്ള ഏകീകരണമാണ്  നടക്കേണ്ടത്.

Related Articles