Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യ-പാക് നയതന്ത്രവും സൗദി കിരീടാവകാശിയുടെ സന്ദര്‍ശനവും

ഇന്ത്യയും പാകിസ്ഥാനും യുദ്ധ സമാനമായ രീതിയിലേക്ക് എത്തി നില്‍ക്കുന്ന സമയത്താണ് സഊദി കിരീടാവകാശി പാകിസ്താനിലും ഇന്ത്യയിലും ചൈനയിലും സന്ദര്‍ശനം നടത്തുന്നത്. കാശ്മീര്‍ ഭീകരാക്രമണത്തെ അതിശ്കതമായി തന്നെ സഊദി അപലപിച്ചിട്ടുണ്ട്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന് പറയപ്പെടുന്ന സംഘടനയെയും നേതാവിനെയും സഊദി നേരത്തെ തന്നെ ഭീകര ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. പാകിസ്ഥാനും ഇന്ത്യയും പ്രസ്തുത വിഷയത്തില്‍ പരസ്പരം നടത്തുന്ന ആരോപണങ്ങളില്‍ സഊദി എന്ത് നിലപാട് സ്വീകരിക്കുമെന്നത് നയതന്ത്ര ലോകം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

സ്‌ഫോടനം നടന്ന രണ്ടാം ദിനമാണ് മുഹമ്മദ് സല്‍മാന്‍ പാകിസ്ഥാനില്‍ എത്തിയത്. വളരെ കരുതലോടെയാണ് അദ്ദേഹം പ്രതികരണം നടത്തിയതും. ഇന്ത്യക്കും പാകിസ്താനും ഇടയിലുള്ള വിഷയങ്ങള്‍ രാഷ്ട്രീയമായി പരിഹരിക്കണം എന്നതാണ് സഊദി നിലപാട്. അതെ സമയം കാശ്മീര്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഷയമല്ല എന്നതില്‍ സഊദിക്ക് കൃത്യതയുണ്ട് എന്നും മനസ്സിലാക്കാം. പാകിസ്ഥാന്റെ സഊദി അംബാസിഡര്‍ എന്നാണ് സല്‍മാന്‍ സ്വയം പരിചയപ്പെടുത്തിയത്. സഊദിയില്‍ ജീവിക്കുന്ന രണ്ടര മില്യണ്‍ പാക്കിസ്ഥാനികളുടെ കാര്യത്തില്‍ കൂടുതല്‍ ഇടപെടല്‍ വേണമെന്നാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. അത് പോലെ സഊദി ജയിലില്‍ കഴിയുന്ന പാകിസ്ഥാനികളെ കുറിച്ചും ചര്‍ച്ച ചെയ്തു എന്നാണ് വിവരം. പാകിസ്ഥാനുമായി ഇരുപതു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം സഊദി ആഗ്രഹിക്കുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു.

പാകിസ്താനില്‍ നിന്നും തിരിച്ച സല്‍മാന്‍ ഇന്നലെ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. യാത്രയുടെ ഉദ്ദേശം എണ്ണ സംബന്ധമായ നിക്ഷേപമാണ് എന്നാണ് വിവരം. ഇറാന്‍- ഇറാഖ് കഴിഞ്ഞാല്‍ ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുന്നത് സഊദിയില്‍ നിന്നാണ്. അത് കൂടാതെ മറ്റു പല മേഖലകളിലും ഇന്ത്യയുമായി സഹകരിക്കാന്‍ സഊദി ആഗ്രഹിക്കുന്നു. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന ഗള്‍ഫ് രാജ്യവും സഊദി തന്നെയാണ്. അത് കൊണ്ട് തന്നെ മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും ഗൗരവമായി തന്നെ കാണുന്നു. അതിലപ്പുറം അടുത്തിടെ നടന്ന കാശ്മീര്‍ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരായി സഊദി എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് നയതന്ത്ര ലോകം നോക്കുന്നത്.

മോദിയും മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ ഒരു സംയുക്ത വാര്‍ത്താ സമ്മേളനം നടത്തും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണ് ഇന്ത്യ നേരിടുന്ന മുഖ്യ വിപത്ത്. അതിന്റെ പിന്നില്‍ പാകിസ്ഥാന്‍ എന്ന് വരികില്‍ പാകിസ്ഥാനെതിരെ സഊദി എന്ത് നിലപാടെടുക്കും എന്നതാണ് കൗതുകകരമായ ചോദ്യം. ആക്രമണത്തെ അപലപിച്ച സഊദി പക്ഷെ പാകിസ്ഥാന്റെ ഈ വിഷയത്തിലുള്ള പങ്കിനെകുറിച്ചു എടുത്തു പറഞ്ഞില്ല. അപ്പോഴും ഇരു രാജ്യങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്ന് പറഞ്ഞു നിര്‍ത്തുകയാണ് ചെയ്തത്.

ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയത്തില്‍ ഇടപെടാന്‍ സഊദി തയാറായില്ല എന്നുറപ്പാണ്. രാഷ്ട്രീയം എന്നതിനേക്കാള്‍ സാമ്പത്തിക വാണിജ്യ കാര്യത്തിലാണ് സഊദിക്ക് താല്പര്യം. രണ്ടു രാജ്യങ്ങളെയും പിണക്കുന്ന ഒരു നിലപാടും അവരില്‍ നിന്നും ആരും പ്രതീക്ഷിക്കുന്നില്ല. ഏഷ്യന്‍ രാജ്യങ്ങലേക്കുള്ള യാത്രയില്‍ മുഹമ്മദിന്റെ അടുത്ത ഊഴം ചൈനയാണ്. ഇന്ത്യ-പാകിസ്ഥാന്‍ വിഷയത്തില്‍ പലപ്പോഴും ഇന്ത്യക്കു തടസ്സം പാകിസ്താന് ചൈന നല്‍കുന്ന സഹായമാണ്. ഈ ഭീകരാക്രമണത്തില്‍ പോലും അവരുടെ നിലപാട് പാകിസ്ഥാന്‍ അനുകൂലമാണ്. വീറ്റോ അധികാരമുള്ള രാജ്യം എന്ന നിലക്ക് ചൈനയുടെ നിലപാടുകള്‍ക്ക് പ്രാധാന്യമുണ്ട്. അവിടെയും സഊദിയുടെ വിഷയം വാണിജ്യം തന്നെ. സഊദി ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിച്ചാലും പ്രസക്തമല്ല എന്നുറപ്പാണ്. എങ്കിലും പ്രത്യേക സാഹചര്യത്തില്‍ തീവ്രവാദത്തോടും അതിന്റെ കാരണത്തോടും അവര്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നതാണ് ചോദ്യം.

അതിനിടയില്‍ ഇന്ത്യ-പാകിസ്ഥാന്‍ വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്ന നിലപാടുമായി ചൈനയും രംഗത്തു വന്നിട്ടുണ്ട്. മേഖലയിലെ രണ്ടു ശക്തികളായ ഇരു രാജ്യങ്ങളുടെ നിലപാടുകളാണ് മേഖലയിലെ മൊത്തം പുരോഗതിക്കു കാരണമെന്നാണ് ചൈനയുടെ നിലപാട്. സഊദി പാകിസ്താന് നല്‍കിയ വാണിജ്യ സഹായത്തേയും ചൈന പ്രകീര്‍ത്തിച്ചു. ചൈന-പാകിസ്ഥാന്‍ സഹകരണം ശക്തമാണെങ്കിലും ഈ വിഷയത്തില്‍ ഒരു പരസ്യ നിലപാടെടുക്കാന്‍ ചൈന തയ്യാറല്ല എന്നതാണ് പ്രസ്താവന സൂചിപ്പിക്കുന്നത്. ഈ വിഷയത്തില്‍ ഇത്തരം ഒരു നിലപാട് തന്നെയാകും സഊദി-ചൈന സംയുക്ത പ്രസ്താവനയില്‍ വരിക. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ ഇരകളാണ് ഇന്ത്യയും പാകിസ്താനും. അവര്‍ തന്നെയാണ് അവരുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് എന്ന നിലപാടിലാണ് ചൈനയും.

Related Articles