Current Date

Search
Close this search box.
Search
Close this search box.

രാജ്യം നേരിടുന്ന ഭീകരാവസ്ഥ

രണ്ടു ദിവസം മുമ്പ് ഒരു സുഹൃത്തിന്റെ കയ്യില്‍ നിന്നും നമ്പര്‍ കിട്ടിയപ്പോള്‍ സഞ്ജീവ് ഭട്ടിനെ നേരില്‍ വിളിച്ചിരുന്നു. പല വര്‍ത്തമാനങ്ങളും പറഞ്ഞ കൂട്ടത്തില്‍ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും സംസാരിച്ചു. ‘വരുമാനം കിട്ടുന്ന എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ അടച്ചിരിക്കുന്നു. ജീവിതം തന്നെ ഇപ്പോള്‍ ഒരു ചോദ്യ ചിഹ്നമാണ്’ എന്ന വാക്കോടെയാണ് സംസാരം അവസാനിച്ചത്. ഇന്ന് അദ്ദേഹത്തെ അറസ്റ്റു ചെയ്തു എന്ന വാര്‍ത്ത എന്നില്‍ അത്ഭുതം ഉളവാക്കിയില്ല. ഏതു സമയത്തും അദ്ദേഹം അത് പ്രതീക്ഷിച്ചിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. 20 കൊല്ലം മുമ്പ് നടന്ന ഒരു കേസിനു ഇപ്പോള്‍ അറസ്റ്റ് എന്നത് ഒരു യാദൃശ്ചികതയായി കാണാന്‍ കഴിയില്ല. ലോകത്തിലെ ഏറ്റവും വലിയ ഭീകരത ഏതെന്ന ചോദ്യത്തിന് നല്‍കാന്‍ കഴിയുന്ന ഉത്തരം ഭരണകൂട ഭീകരത എന്ന് തന്നെയാണ്.

സര്‍ക്കാരുകളെയും ഭരണ കര്‍ത്താക്കളെയും വിമര്‍ശിക്കാനായുള്ള അവകാശം ജനാധിപത്യത്തില്‍ ഭരണ ഘടന നല്‍കുന്നതാണ്. അത് ആരുടേയും ഔദാര്യമല്ല. വിമര്‍ശിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ കാതല്‍ എന്ന് കൂടി മനസ്സിലാക്കണം. സഞ്ജീവ് ഭട്ട് ആധുനിക ജനാധിപത്യത്തിന്റെ രക്തസാക്ഷിയാണ്. അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നും അത് മനസ്സിലായിരുന്നു. അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ മുന്‍കൈയ്യെടുത്തു നടത്തുന്ന ഒരു സാമൂഹിക കൂട്ടായ്മയുടെ ഭാഗമായാണ് അദ്ദേഹത്തെ വിളിച്ചത്. ശേഷം അദ്ദേഹം മെസ്സേജ് അയച്ചിരുന്നു. ഭരണകൂടം എല്ലാ ഭാഗത്തു നിന്നും അമര്‍ത്തി കൊല്ലാന്‍ ശ്രമിച്ചപ്പോഴും അദ്ദേഹവുമായുള്ള സംസാരത്തില്‍ ഒരു ഉറച്ച മനസ്സിന്റെ സാന്നിധ്യം മനസ്സിലായി.

രാജ്യം നേരിടാന്‍ പോകുന്ന ഭീകരമായ അവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പായി ഈ അറസ്റ്റിനെ മനസ്സിലാക്കണം. എതിര്‍ക്കുന്നവരും വിമര്‍ശകരും ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുക എന്നത് മുന്‍കൂട്ടി തീരുമാനിച്ച കാര്യവും. തന്നെ തേടി വരുമ്പോള്‍ മാത്രമേ ഞാന്‍ പ്രതികരിക്കൂ എന്ന് വന്നാല്‍ അത് ജനാധിപത്യത്തിന്റെ അവസാനമാണ്. സഞ്ജീവ് ഭട്ട് ഒരു വ്യക്തിയല്ല ഭരണകൂട ഭീകരതയുടെ ഇരയെന്നേ പറയാന്‍ കഴിയൂ.

Related Articles