Your Voice

ഇന്ത്യയിലെ തെരഞ്ഞെടുപ്പും ഇമ്രാന്‍ ഖാന്റെ പ്രതികരണവും

ാകിസ്ഥാനികള്‍ മോദിയെ കുറിച്ച് എങ്ങിനെ ചിന്തിക്കുന്നു എന്നത് ഈ അവസരത്തില്‍ ഒരു കൗതുകകരമായ കാര്യമായി തോന്നി. വിദേശത്താകുമ്പോള്‍ ഒന്നിച്ചു ജോലി ചെയ്ത ഒരുപാട് പാകിസ്ഥാനികള്‍ ഉണ്ടായിരുന്നു. ‘മോഡിയല്ലേ നിങ്ങളുടെ പ്രധാനമന്ത്രി’ എന്ന സ്ഥിരം ചോദ്യമാണ് അവര്‍ അവസാനം ചോദിക്കാറ്. 2002 ലെ ഗുജറാത്ത് കലാപമാണ് അവര്‍ ആദ്യം പറയുക. നെറ്റില്‍ പരതിയാലും നമുക്ക് മറിച്ചൊരു അഭിപ്രായം കാണില്ല. പാകിസ്ഥാനില്‍ കുഴപ്പമുണ്ടാക്കുന്നതില്‍ ഇന്ത്യയാണ് മുന്നിലെന്നും അത് മോഡി വന്നപ്പോള്‍ വര്‍ധിച്ചു എന്നൊക്കെ പറയുന്ന പാകിസ്ഥാനികളെയാണ് ഞാന്‍ കണ്ടതില്‍ അധികവും. പാകിസ്ഥാന്‍,മുസ്ലിം എന്നിവയാണ് സംഘ പരിവാര്‍ നാട്ടില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മുദ്രാവാക്യങ്ങള്‍.

അതെ സമയം ഇന്ത്യ പാകിസ്ഥാന്‍ ചര്‍ച്ചകള്‍ക്ക് നല്ലത് മോഡി ജയിക്കുന്നതാണ് എന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി പറയുമ്പോള്‍ വലിയ അത്ഭുതം തോന്നുന്നു. അതിനദ്ദേഹം കാരണവും പറയുന്നു. ഹിന്ദു ദേശീയ വാദികളെ പേടിച്ചു അധികാരത്തില്‍ വരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ലത്രേ. അന്താരാഷ്ട്ര രീതിയനുസരിച്ച് മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പില്‍ ഒരു വിദേശ രാജ്യത്തെ ഭരണാധികാരി അഭിപ്രായം പറയാറില്ല. വരുന്ന സര്‍ക്കാരുകളുമായി നല്ല ബന്ധത്തില്‍ തുടര്‍ന്ന് പോകുക എന്നതാണ് സാധാരണ സംഭവിക്കാറ്. ഇന്ത്യയിലെ പൊതു തിരഞ്ഞെടിപ്പിന് ഒരു ദിവസം മുമ്പ് വിദേശ പത്ര പ്രവര്‍ത്തകരോടാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി തന്റെ നിലപാട് അറിയിച്ചത്.

ഇമ്രാന്‍ ഖാന്റെ പ്രതികരണത്തെ കാര്യമായി തന്നെ വിദേശ മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും വിലയിരുത്തുന്നു. എന്ത് കൊണ്ട് ഇത്തരം ഒരു നിലപാട് എന്നതിന് പല വിശദീകരങ്ങളും മാധ്യമങ്ങള്‍ നല്‍കുന്നുണ്ട്. പാകിസ്ഥാന്‍ അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും ലോണിന് അപേക്ഷ നല്‍കിയിട്ടുണ്ടത്രെ. ഭീകര വാദത്തെ പൂര്‍ണമായി തള്ളിപ്പറയണം എന്നാണ് ഒരു നിബന്ധന. ഇന്ത്യന്‍ സര്‍ക്കാര്‍ അടുത്തിടെ നടന്ന ഭീകര പ്രവര്‍ത്തനത്തിന് പാകിസ്ഥാന്‍ സര്‍ക്കാരിനെ പ്രതി സ്ഥാനത്തു നിര്‍ത്തിയിരുന്നു. അതിന്റെ പേരില്‍ പാകിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ചു ഇന്ത്യ ആക്രമണം നടത്തുകയും ചെയ്തിരുന്നു. നാനൂറോളം ഭീകരരെ വധിച്ചു എന്നാണ് ഇന്ത്യ ആദ്യം അവകാശപ്പെട്ടത്. പാകിസ്ഥാന്‍ സൈന്യം തിരിച്ചും ആക്രമണം നടത്തി എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പുല്‍വാമയിലെ ഭീകരാക്രമണം തിരഞ്ഞെടുപ്പിന് വേണ്ടി സംഘ പരിവാര്‍ ഉപയോഗിക്കുകയും ചെയ്യുന്നു.

മറ്റൊരു നിരീക്ഷണം ഇങ്ങിനെയാണ്. മുസ്ലിം ഇന്ത്യ,ഹിന്ദു ഇന്ത്യ എന്ന രീതിയില്‍ ഇന്ത്യയെയും പാകിസ്ഥാനെയും കാണാന്‍ ആഗ്രഹിക്കുന്ന പലരും പാക്കിസ്താനിലുണ്ട്. അവരുടെ കൂടി വോട്ടു വാങ്ങിയാണ് ഇമ്രാന്‍ അധികാരത്തില്‍ വന്നത്. അവരെ കൂടി സുഖിപ്പിക്കാനാണ് ഇത്തരം ഒരു പ്രഖ്യാപനമത്രെ. മറ്റൊരു നിലപാട് പറയുന്നത് കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനുമായി ചര്‍ച്ച പാടില്ല എന്നതാണ് ഇന്ത്യന്‍ നയം. കാശ്മീര്‍ ഇന്ത്യയുടെ അകത്തുള്ള വിഷയമാണ്. അതെ സമയം അതൊരു അന്തര്‍ദേശീയ വിഷയമാണ് എന്നതാണ് പാകിസ്ഥാന്‍ നയം. അപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരുകള്‍ ഇതുവരെ എതിര്‍ത്തു വന്ന കാര്യം മോഡി സര്‍ക്കാര്‍ അംഗീകരിക്കുന്നു എന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നു എന്നും വായിക്കാം. പുല്‍വാമ അക്രമത്തിന്റെ പേരില്‍ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര വിജയം നേടാന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യ പറയുന്ന കാര്യങ്ങള്‍ ശരിയല്ല എന്ന് കൂടി ഈ പ്രഖ്യാപനത്തോടെ പാകിസ്ഥാന്‍ ലക്ഷ്യം വെക്കുന്നു. ആരാണോ തങ്ങളെ ഭീകരര്‍ എന്ന് വിളിക്കുന്നത് അവര്‍ തന്നെ അധികാരത്തില്‍ തിരിച്ചു വരണമെന്ന ആഗ്രഹം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മോഡി കാലത്തു പോലും കാര്യമായ പ്രശ്‌നമില്ല എന്ന് ലോകത്തെ കാണിക്കല്‍ കൂടിയാണ്.

മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ടു ഇറക്കാനും വയ്യ എന്ന അവസ്ഥയില്‍ മോഡിയെ ഇമ്രാന്‍ കൊണ്ടെത്തിച്ചു എന്ന് വേണം പറയാന്‍. ഇന്ത്യയിലെ ഫാസിസം ന്യൂനപക്ഷങ്ങളെ തല്ലിയും കത്തിച്ചും ഇല്ലാതാക്കുമ്പോള്‍ അതൊന്നും അറിയാത്തവരാണ് അയല്‍പക്കക്കാര്‍ എന്ന് ആരും കരുതുന്നില്ല. അതിന്റെ പിന്നിലെ രാഷ്ട്രീയം പുറത്തു വരുമെന്നുറപ്പാണ്. അത് സമയത്തിന്റെ വിഷയം മാത്രമാണ്.

Facebook Comments
Related Articles
Show More
Close
Close