Your Voice

ഇമാം ഹസനുല്‍ ബന്ന: ആവേശം പകരുന്ന രക്തസാക്ഷിത്വം

ഇമാം ഹസനുല്‍ ബന്നയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 71 കൊല്ലം തികയുകയാണ്. 1949 ഫെബ്രുവരി 12-നാണ് അദ്ദേഹം കെയ്റോ പട്ടണത്തിന്റെ തെരുവോരത്ത് വെടിയേറ്റ് നിലം പതിച്ചത്. കഴിഞ്ഞ നിരവധി നൂറ്റാണ്ടുകളില്‍ ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച രക്തസാക്ഷിത്വമാണ് ഹസനുല്‍ ബന്നയുടേത്. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയക്ക് ശേഷം ഇസ്ലാമിക ലോകത്തുണ്ടായ ഏറ്റവും ശ്രദ്ധേയനായ നേതാവും അദ്ദേഹം തന്നെ. കേവലം നാല്‍പതത്തിമൂന്ന് വര്‍ഷമാണ് അദ്ദേഹം ഭൂമിയില്‍ ജീവിച്ചത്. ഇന്ന് ലോകമെങ്ങും അലയടിച്ചു കൊണ്ടിക്കുന്ന ഇസ്ലാമിക നവജാഗരണത്തിന്റെ ആദ്യ അലകളിളക്കി വിട്ടത് അദ്ദേഹത്തിന്റെ തോജോമയമായ വ്യക്തിത്വവും പ്രകാശ പൂരിതമായ ജീവിതവുമാണ്. മാനവികതയുടെ സഞ്ചാരപഥത്തിലെ പ്രകാശഗോപുരമാണ് ഇമാം ഹസനുല്‍ ബന്ന.

ഇസ്ലാമിക ഖിലാഫത്തിന്റെ പതനവും സാമ്രാജ്യത്വ ശക്തികളുടെ കടന്നാക്രമണവും സൃഷ്ടിച്ച ഭൗതിക സംസ്‌കാരത്തിന്റെയും നാഗരികതയുടെയും അപ്രധിരോധ്യമെന്ന് കരുതപ്പെട്ടിരുന്ന മുന്നേറ്റത്തില്‍ ചിതറിത്തെറിച്ച മുസ്ലിം മനസ്സുകളെ ഇസ്ലാമികാദര്‍ശാടിത്തറയില്‍ കൂട്ടിയിണക്കുകയെന്ന മഹാദൗത്യമാണ് ശഹീദ് ഹസനുല്‍ ബന്ന നിര്‍വഹിച്ചത്. ഇരിക്കാന്‍ പോലും കരുത്തില്ലാതിരുന്ന ഒരു ജനതയെ അദ്ദേഹം തന്റെ മാസ്മരിക വ്യക്തിത്വത്തിന്റെ ശക്തിയുപയോഗിച്ച് പിടിച്ച് എഴുന്നേല്‍പിച്ചു. മുസ്ലിം ലോകമാകുന്ന കാട്ടില്‍ സൈ്വരവിഹാരം നടത്തിയിരുന്ന വന്യജീവികളെ തുരത്തിയോടിക്കാന്‍ അദ്ദേഹം നടത്തിയ തീവ്രയത്നം ഫലം കണ്ടു. ഇന്ന് ലോകമാകെ പടര്‍ന്നു കയറിയ ആധുനിക ഇസ്ലാമിക ചിന്തയുടെ ചാലക ശക്തികളില്‍ എന്തുകൊണ്ടും അതുല്യനാണ് ഇമാം ബന്ന.

Also read: ഡല്‍ഹി തെരഞ്ഞെടുപ്പ്: ബി.ജെ.പിയെ വഞ്ചിച്ചതാര് ?

കേളികേട്ട കലാശാലകളിലൊന്നും കയറിയിറങ്ങിയിട്ടില്ലാത്ത ശഹീദ് ബന്നയുടെ ചിന്തകള്‍ പ്രകാശിപ്പിക്കുന്ന പുസ്തകങ്ങളില്ലാത്ത ശ്രദ്ധേയമായ ഗ്രന്ഥശാലകള്‍ ലോകത്തെവിടെയും ഉണ്ടാകാനിടയില്ല. ഏകാധിപത്യ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ കടപുഴക്കിയെറിയാന്‍ മാത്രം കരുത്തുള്ള ഇസ്ലാമിക വിപ്ലവത്തിന്റെ വിചാരവേരുകള്‍ ചെന്നെത്തുന്നത് ഹസനുല്‍ ബന്നയിലാണ്. ഇബ്റാഹീം(അ) നംറൂദിന്റെയും മൂസാ നബി(അ) ഫിര്‍ഔനിന്റെയും ഉറക്കം കെടുത്തിയ പോലെ ഇമാം ഹസനുല്‍ ബന്നയുടെ ചോരത്തുള്ളികളില്‍ അലിഞ്ഞു ചേര്‍ന്ന വിപ്ലവ ചിന്തകള്‍ സാമ്രാജ്യത്വ ശക്തികളുടെയും അവരുടെ ആജ്ഞാനുവര്‍ത്തികളുടെയും സൈ്വരനിദ്രക്ക് വിഘാതം വരുത്തികൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ അദൃശ്യ സാന്നിധ്യം അലകള്‍ ഇളക്കി വിടാത്ത നാടോ ഇടമോ വളരെ വിരളമായിരിക്കും. ചടുലമായ സകല സദ്ഗുണങ്ങളുടെയും കാണപ്പെടുന്ന രൂപമായിരുന്നു അദ്ദേഹം.

ജൂതരാഷ്ട്ര പ്രഖ്യാപനത്തിനെതിരെ രംഗത്തുവന്ന ഇമാം ഹസനുല്‍ ബന്ന പ്രതിഷേധ പ്രകടനത്തെ അഭിമുഖീകരിച്ചു കൊണ്ട് പ്രഖ്യാപിച്ചു: ഞങ്ങളുടെ രക്തം ഫലസ്തീന് സമര്‍പ്പിച്ചിരിക്കുന്നു. രക്തസാക്ഷികളാകാന്‍ ഞങ്ങള്‍ പതിനായിരം ഇഖ്വാനികളെ വാഗ്ദാനം ചെയ്യുന്നു. അങ്ങനെ ഇസ്രയേലിനെതിരെ ഇഖ്വാന്‍ രംഗത്തിറങ്ങി. പരാജയത്തിന്റെ വക്കോളമെത്തിയ ഇസ്രയേല്‍ വെടിനിര്‍ത്തലിന് ലോകരാഷ്ട്രങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്തി. ബ്രിട്ടന്റെയും അമേരിക്കയുടെ ഫ്രാന്‍സിന്റെയും സമ്മര്‍ദത്തിനു വഴങ്ങി ഈജിപ്ഷ്യന്‍ ഭരണകൂടം ഇഖ്വാനെ നിരോധിച്ചു. നേതാക്കളെയും പ്രധാന പ്രവര്‍ത്തകരെയും ജയിലലടച്ചു. എന്നാല്‍ പരമോന്നത നേതാവ് ഇമാം ഹസനുല്‍ ബന്നയെ അറസ്റ്റ് ചെയ്യാന്‍ ഭരണകൂടം തയ്യാറായില്ല. കെയ്റോ വിട്ടു പോകുന്നത് വിലക്കുകയും അദ്ദേഹത്തിന്റെ കാര്‍ പിടിച്ചെടുക്കുകയും ചെയ്തു.

ഭരണകൂടം മുഹമ്മദ് നാജിയുടെ മധ്യസ്ഥതയില്‍ ഇമാം ബന്നയെ ചര്‍ച്ചക്ക് ക്ഷണിച്ചു. ഇമാം കൃത്യസമയത്ത് നിശ്ചിത സ്ഥലത്തെത്തി. ഭരണകൂടത്തിന്റെ പ്രതിനിധികളെത്തിയില്ല. മടങ്ങി പോകാനായി വാടക കാറില്‍ കയറവെ 9979 എന്ന നമ്പറിലുള്ള പോലീസ് വാഹനത്തിലെത്തിയ ഭരണകൂടം ചുമതലപ്പെടുത്തിയ ഭീകരര്‍ അദ്ദേഹത്തെ വെടിവെച്ചു വീഴ്ത്തി. രക്തസാക്ഷിയായ ഇമാം ബന്നയുടെ മൃതശരീരം ഏറ്റുവാങ്ങാന്‍ പിതാവിന് മാത്രമാണ് അനുമതി ലഭിച്ചത്. മരണാനന്തര കര്‍മങ്ങളില്‍ ആണുങ്ങളാരും പങ്കെടുക്കരുതെന്ന് ഭരണകൂടം ശഠിച്ചു. അതിനാല്‍ പിതാവ് ശൈഖ് അബ്ദുറഹ്മാനും സ്ത്രീകളും മാത്രമാണ് ആ കൃത്യം നിര്‍വഹിച്ചത്.

Also read: കുഴിച്ച കുഴിയില്‍ വീണ് ബിജെപി

പാശ്ചാത്യന്‍ വിദ്യാഭ്യാസം യുവതയെ എല്ലാ തലത്തിലും സ്വാധീനിച്ചിരുന്നു. ഇസ്ലാമിക സംസ്‌കാരത്തില്‍ നിന്നും അവര്‍ കുറെ ദൂരം സഞ്ചരിച്ചിരുന്നു. വിവിധങ്ങളായ കൊളോണിയല്‍ ഭരണത്തിനു കീഴില്‍ ജീവിക്കുന്ന ഒരു ജനതക്ക് എല്ലാ അര്‍ത്ഥത്തിലും അവരുടെ സംസ്‌കാരം നഷ്ടമായിരുന്നു. മുസ്ലിം ജനതയ്ക്ക് ആത്മവിശ്വാസം നല്‍കുക എന്ന ദൗത്യമാണ് ബന്ന യഥാര്‍ത്ഥത്തില്‍ നിര്‍വഹിച്ചത്. ഇസ്രായേല്‍ രാജ്യസ്ഥാപനത്തിന് വേണ്ടി ബ്രിട്ടന്‍ നടത്തിയിരുന്ന പ്രവര്‍ത്തനങ്ങളെ ലോക ശ്രദ്ധയില്‍ കൊണ്ട് വന്നതില്‍ ബന്നയും അദ്ദേഹത്തിന്റെ പ്രസ്ഥാനവും വഹിച്ച പങ്ക് വലുതാണ്.

നേതാക്കള്‍ കൊല്ലപ്പെട്ടാല്‍ പ്രസ്ഥാനം അവസാനിക്കും എന്ന തെറ്റായ ധാരണയിലായിരുന്നു ഭരണകൂടം. ഹസനുല്‍ ബന്ന വളര്‍ത്തിയ ഒരു സമൂഹം നേതാവില്‍ മാത്രം വിശ്വസിച്ചു മുന്നോട്ടു പോയ പ്രസ്ഥാനമല്ല. നേതാവ് വരികയും പോകുകയും ചെയ്യും. ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകനെ കുറിച്ച് പോലും അങ്ങിനെയാണ് പറഞ്ഞത്. മനസ്സും ശരീരവും ദൈവിക മാര്‍ഗത്തില്‍ സമര്‍പ്പിക്കാന്‍ തയാറായ ജനതയുടെ ഇസ്ലാമിക വീര്യം തകര്‍ക്കാന്‍ ഒരു കൊലക്ക് കഴിയില്ല എന്ന അറിവ് ഇന്നും ഭരണ കൂടത്തെ ഓര്‍മ്മപെടുത്തുന്നതാണ് ശഹീദ് ബന്നയുടെ ജീവിതവും മരണവും.

ഭരണകൂട ഭീകരതയുടെ വെടിയുണ്ടകള്‍ക്കോ ആറടി മണ്ണിനോ തടഞ്ഞു നിര്‍ത്താന്‍ കഴിയുന്നതായിരുന്നില്ല ശഹീദ് ബന്നയുടെ രക്തത്തുള്ളികള്‍. ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ കടന്നു വരുമെന്ന മുദ്രാവാക്യത്തെ ബന്നയുടെ രക്തത്തുള്ളികള്‍ തിരുത്തുന്നു. അദ്ദേഹത്തിന്റെ ഓരോ ചോരത്തുള്ളിയില്‍ നിന്നും കോടിക്കണക്കിന് വിപ്ലവകാരികളാണ് പിറവിയെടുക്കുന്നത്. ലോകത്ത് മനുഷ്യരാശി ഉള്ളിടത്തോളം കാലം അത് തുടരുക തന്നെ ചെയ്യും; തീര്‍ച്ച. രക്തസാക്ഷികള്‍ക്ക് മരണമില്ലെന്ന മഹത്വാക്യത്തിന്റെ എക്കാലത്തെയും എവിടത്തെയും ചേതോഹരമായ ഉത്തമസാക്ഷ്യമാണ് ഇമാം ഹസനുല്‍ ബന്ന.

Facebook Comments
Related Articles

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളും ഉൾപ്പെടെ 84 ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാളുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.
Close
Close