ഡിസംബര്‍ 10-ാം തിയ്യതി ലോക മനുഷ്യാവകാശദിനമാണ്. 1948 ഡിസംബര്‍ 10ന് പാരീസില്‍ ചേര്‍ന്ന ഐക്യരാഷ്‌ട്ര സഭയുടെ പ്രത്യേക യോഗമാണ് ആഗോളതലത്തില്‍ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്. ലോകത്ത് ആദ്യമായി മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത് അന്തിമ പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യായിരുന്നു എന്നതാണ് ചരിത്രസത്യം.
ഹിജ്‌റ 9-ാം വര്‍ഷം അദ്ദേഹം തന്റെ ഹജ്ജ് കര്‍മ്മവേളയില്‍ (എ.ഡി. 632 മാര്‍ച്ച് 7) നടത്തിയ അറഫാ പ്രസംഗമായിരുന്നു അത്. ഖുര്‍ആന്‍ ഉയര്‍ത്തിക്കാട്ടിയ മനുഷ്യസമത്വത്തില്‍ ഊന്നിക്കൊണ്ടായിരുന്നു ആ പ്രസംഗം. ചരിത്രം കണ്ട പ്രഥമ മനുഷ്യാവകാശ പ്രഖ്യാപനം അതായിരുന്നു.
ഇസ്‌ലാം മനുഷ്യര്‍ക്കു മൊത്തത്തിലും കുട്ടികള്‍ക്കും, സ്‌ത്രീകള്‍ക്കും പ്രത്യേകമായും അവരുടെ അവകാശ സംരക്ഷണത്തിന് വേദഗ്രന്ഥത്തിലൂടെയും നബി (സ്വ) യുടെ ജീവിതചര്യകളിലൂടെയും ഊന്നൽ നൽകി. സ്ത്രീകൾക്ക് പ്രവാചകൻ പ്രത്യേകം സംരക്ഷണം ഉറപ്പ് വരുത്തി. സ്ത്രീ സുരക്ഷയാണ് സമൂഹസുരക്ഷ എന്ന് അവിടന്ന് പഠിപ്പിച്ചു. പെണ്ണിന് ആരെയും ഭയക്കാതെ അറേബ്യയുടെ ഒരു അറ്റം മുതൽ മറ്റേ അറ്റംവരെ യാത്രചെയ്യാൻ കഴിയുന്ന ലോകം സ്വപ്നം കണ്ടു, അല്ല പ്രവർത്തിക്കുകയും ചെയ്തു. ആ സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുകയും ചെയ്തു.
സ്ത്രീകൾ ഹീറ’യില്‍ നിന്ന് യാത്ര പുറപ്പെട്ട് അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതെ ഒറ്റക്ക് യാത്ര ചെയ്ത് കഅ്ബയെ ത്വവാഫ് ചെയ്യുന്നത് താങ്കള്‍ക്കു കാണാം. അദിയ്യ് പറയുകയാണ്: പിന്നീട് മറയിലിരിക്കുന്ന തരുണികള്‍ അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതെ ഹീറയില്‍നിന്ന് ഒറ്റക്ക് യാത്രചെയ്തു വന്ന് കഅ്ബ ത്വവാഫ് ചെയ്യുന്നത് ഞാന്‍ കാണുകയുണ്ടായി” (ബുഖാരി: 3595).
സ്ത്രീ പീഢനങ്ങൾ പെരുകി കൊണ്ടിരിക്കുന്ന സംന്ദർഭത്തിലാണ് ഈ വിഷയം നാം സംസാരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൂട്ട മാനഭംഗം നടക്കുന്നത് സ്വീഡനിലാണ്.
പിന്നെ അമേരിക്ക, ബല്‍ജിയം, ന്യൂസിലാന്റ്, നോര്‍വെ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളില്‍.
ഒരു കണക്കനുസരിച്ച് അമേരിക്കയില്‍ ഓരോ 90 സെക്കന്റിലും ഒരു സ്ത്രീ മാനഭംഗത്തിനിരയാവുന്നുണ്ട്. പൗരസ്ത്യ രാജ്യങ്ങളില്‍ പൊതുവെയും ഇസ്‌ലാമിക രാജ്യങ്ങളില്‍ പ്രത്യേകിച്ചും ഇത്തരം അതിക്രമങ്ങള്‍ ആപേക്ഷികമായി വളരെ കുറവാണ്. ഇസ്ലാമിൻെറ ശക്തമായ നിയമങ്ങൾ പെണ്ണിൻെറ സംരക്ഷണത്തിന് മതിയായതാണെന്ന് ഈ കണക്കുകൾ പഠിപ്പിക്കുന്നത്.
ജാഹിലിയ്യത്തിൻെറ അവസ്ഥ ഖുർആൻ പറഞുതരുന്നുണ്ട് وَإِذَا بُشِّرَ أَحَدُهُم بِالْأُنثَىٰ ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ
അവരിലൊരാള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നതായി സന്തോഷവാര്‍ത്ത ലഭിച്ചാല്‍ ദുഃഖത്താല്‍ അവന്റെ മുഖം കറുത്തിരുളും. (Sura 16 : Aya 58)
يَتَوَارَىٰ مِنَ الْقَوْمِ مِن سُوءِ مَا بُشِّرَ بِهِ ۚ أَيُمْسِكُهُ عَلَىٰ هُونٍ أَمْ يَدُسُّهُ فِي التُّرَابِ ۗ أَلَا سَاءَ مَا يَحْكُمُونَ തനിക്കു ലഭിച്ച സന്തോഷവാര്‍ത്തയുണ്ടാക്കുന്ന അപമാനത്താല്‍ അവന്‍ ആളുകളില്‍ നിന്ന് ഒളിഞ്ഞുമറയുന്നു. അയാളുടെ പ്രശ്‌നം, അപമാനം സഹിച്ച് അതിനെ നിലനിര്‍ത്തണമോ അതല്ല മണ്ണില്‍ കുഴിച്ചുമൂടണമോ എന്നതാണ്. അറിയുക: അവരുടെ തീരുമാനം വളരെ നീചം തന്നെ! (Sura 16 : Aya 59)
ഇവിടെയാണ് ഇസ്ലാം പെണ്ണിന് സുരക്ഷനൽകിയത് സമ്പാതിക്കാനും, അനന്തരമെടുക്കാനും അവകാശമില്ലാത്തകാലത്ത് ഇസ്ലാം പെണ്ണിനൊപ്പം നിന്നു . لِّلرِّجَالِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ وَلِلنِّسَاءِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ ۚ نَصِيبًا مَّفْرُوضًا മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട്. സ്വത്ത് കുറവായാലും കൂടുതലായാലും ശരി. ഈ വിഹിതം അല്ലാഹു നിശ്ചയിച്ചതാണ്. (Sura 4 : Aya 7)
പുരുഷൻെറ അടിയും തൊഴിയും കൊണ്ട് അടിമയായി ജീവിക്കാൻ പെണ്ണിനോട് ഇസ്ലാം പറയുന്നില്ല. ഖുൽഅും ഫസ്ഖും അനുവദിച്ചു. ഭർത്താവിന് മഹർ തിരിച്ചു കൊടുത്തു കൊണ്ട് വിവാഹമോചനം ആവശ്യപ്പെടുന്ന രീതിയാണ് ഖുൽഅ്. നിയമ നടപടികളിലൂടെ വിവാഹമോചനം ആവശ്യപ്പെടുന്നരീതിയെ ഫസ്ഖ് എന്നും പറയുന്നു. സ്ത്രിയുടെ സമ്മദത്തോടെ ഖാദിക് വിവാഹം റദ്ദ് ചെയ്യാവുന്നതാണ്.ത്വലാഖിന് വേണ്ടി പുരുഷൻെറ പിന്നാലെ യാചിച്ചു നടക്കേണ്ടതില്ല.
മനുഷ്യമഹത്വം ഉൽഘോഷിച്ച പ്രഭാഷണമായിരുന്നു അറഫയിൽ പ്രവാചകൻ നടത്തിയത്. “ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അഭിമാനവും അന്ത്യനാള്‍ വരെയും പവിത്രമാണ്. ഈ ദിനത്തിന്റെ, ഈ മാസത്തിന്റെ, ഈ നാടിന്റെ പവിത്രത എത്രമാത്രമാണോ അത്രതന്നെ നിങ്ങളുടെ ജീവനും സ്വത്തും പവിത്രമായിരിക്കും. അതിനാല്‍, അവയുടെ മേല്‍ നിങ്ങള്‍ പരസ്പരം കൈയേറ്റം നടത്തരുത്. നിങ്ങളുടെ നാഥനുമായി നിങ്ങളൊരിക്കല്‍ സന്ധിക്കും. അന്നേരം നിങ്ങളുടെ ചെയ്തികളെപ്പറ്റി അവന്‍ ചോദ്യം ചെയ്യും. അതുകൊണ്ട് ആരുടെയെങ്കിലും കൈവശം സൂക്ഷിപ്പുമുതലുകളുണ്ടെങ്കില്‍ അവ അവകാശികള്‍ക്ക് തിരിച്ചേല്പിച്ചുകൊള്ളട്ടെ. ജനങ്ങളേ! സ്ത്രീകൾക്ക് നിങ്ങളോടുള്ളതുപോലെ നിങ്ങള്‍ക്ക് അവരോടും ചില ബാധ്യതകളുണ്ട്. അവര്‍ അവരുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നിടത്തോളം കാലം അവര്‍ക്ക് സംതൃപ്തിയോടുകൂടി ഭക്ഷണവും വസ്ത്രവും കൊടുക്കേണ്ടത് നിങ്ങളുടെ കടമയാണ്. നിങ്ങള്‍ അവരോട് നല്ല നിലയില്‍ പെരുമാറുകയും സ്‌നേഹശീലരായിരിക്കുകയുംവേണം”. ….
ഭീകരതയുടെ ലോകത്ത്, മനുഷ്യൻെറ ജീവനും സ്വത്തിനും അഭിമാനത്തിനും വിലയില്ലാത്ത കാലത്ത് ഇത് ഏറെ പ്രസക്തമാണ്. ലോകത്ത് ആദ്യമായി നടത്തിയ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു ആ പ്രഭാഷണം. ലോക മനുഷ്യാവകാശ പ്രസ്ഥാനങ്ങളായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്നിവ ജനിക്കുന്നതിന് എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പാണ് ഇസ്‌ലാം മനുഷ്യാവകാശം പ്രാവര്‍ത്തികമാക്കിയത്. മനുഷ്യാവകാശത്തിന് മുന്നില്‍ വിലങ്ങ് നിന്ന തന്റെ ഗവര്‍ണറോട് രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബ്(റ) പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു متى استعبدتم الناس وقد ولدتهم أمهاتهم أحرارا
മാതാക്കള്‍ സ്വതന്ത്രരായി പ്രസവിച്ച ജനങ്ങളെ നിങ്ങള്‍ എപ്പോള്‍ മുതലാണ് അടിമകളാക്കി തുടങ്ങിയത്?).
പ്രധാനമായും രണ്ട് അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിന്റെ മനുഷ്യാവകാശ വീക്ഷണം നിലകൊള്ളുന്നത്. എല്ലാ മനുഷ്യര്‍ക്കിടയിലും സമത്വം പുലര്‍ത്തുക, എല്ലാ മനുഷ്യര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക തുടങ്ങിയവയാണവ. മനുഷ്യവംശത്തിന്റെ പ്രാരംഭം, എല്ലാ മനുഷ്യര്‍ക്കുമുള്ള ആദരവ് എന്നിവയാണ് മനുഷ്യര്‍ക്കിടയിലെ സമത്വത്തെക്കുറിക്കുന്ന ഘടകങ്ങള്‍. അല്ലാഹു എല്ലാ മനുഷ്യരെയും ഒരു ആത്മാവില്‍ നിന്നാണ് സൃഷ്ടിച്ചതെന്ന വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനമാണ് സമത്വത്തിന്റെ ഏറ്റവും മൂര്‍ത്തമായ പ്രതീകം.
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. (Sura 4 : Aya 1)
എല്ലാവരും മനുഷ്യവംശത്തിലെ സഹോദരന്മാരാണെന്നും, അവിടെ വര്‍ഗീയതെക്കോ, വര്‍ണവിവേചനത്തിനോ, ജാതിവ്യവസ്ഥക്കോ യാതൊരു വിധ സ്ഥാനവുമില്ല. ഭൗതികമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള വ്യത്യാസം പരിഗണനീയമല്ലെന്ന് മാത്രമല്ല, അവ പരസ്പരം തിരിച്ചറിയാനും, മനസ്സിലാക്കാനുമുള്ള സംവിധാനം മാത്രമാണെന്നും ഖുര്‍ആന്‍ പറയുന്നു. يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ
മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ ഭയഭക്തിയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. (Sura 49 : Aya 13)
നീതിയിൽ അതിഷ്ടിതമായ നിയമങ്ങൾ വേണം അപ്പോൾ മാത്രമേ മനുഷ്യാവകാശങൾ സംമ്പൂർണ്ണമായി പുലരൂ. നാലാം ഖലീഫ അലി(റ)യുടെ ഭരണകാലം. അദ്ദേഹത്തിന്റെ അങ്കി കളവ് പോയി. ഒരു ജൂതനെയായിരുന്നു സംശയം. അലി(റ) ജൂതനെതിരെ ഖാദി ശുറൈഹിന്റെ കോടതിയില്‍ കേസ് കൊടുത്തു. ജഡ്ജി വാദിയായ അലി(റ)യോട് ജൂതന്റെ കൈയിലുള്ള അങ്കി സ്വന്തമാണെമന്നതിന് സാക്ഷിയുണ്ടോ എന്നാരാഞ്ഞു. അലി(സ) സ്വന്തം മകന്‍ ഹുസൈ(റ)നെയാണ് സാക്ഷിയായി ഹാജരാക്കിയത്. പക്ഷേ, ജഡ്ജി അത് സ്വീകരിച്ചില്ല. അദ്ദേഹം ജൂതന് അനുകൂലമായി വിധി പ്രസ്താവിച്ചു. പക്ഷേ, അത് ജൂതനെ അത്ഭുതസ്തബ്ധനാക്കി. മുസ്‌ലിംകളുടെ ഭരണാധികാരി കോടതിയില്‍ ഹാജരായി കേസ് തോല്‍ക്കുന്നു! ഇസ്‌ലാമിന്റെ ഈ നീതിബോധം, തന്റെ തെറ്റ് ഏറ്റുപറഞ്ഞ് അങ്കി അലി(റ)ക്ക് തിരിച്ചുനല്‍കാനും ഇസ്‌ലാമാശ്ലേഷിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു.