Current Date

Search
Close this search box.
Search
Close this search box.

ആത്മഹത്യയെ എങ്ങിനെ പ്രതിരോധിക്കാം ?

കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. സാംസ്‌കാരിക പ്രബുദ്ധമെന്ന് നാം ഊറ്റം കൊള്ളുന്ന കേരളം രാജ്യത്ത് ആത്മഹത്യയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു ! ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ് ഇവിടെ ആളുകള്‍ ജീവനൊടുക്കുന്നത്. 2020 നെ അപേക്ഷിച്ച് ആത്മഹത്യകളുടെ എണ്ണത്തില്‍ 2.9 ശതമാനത്തിന്റെ വര്‍ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.

2020 ല്‍ 8500 ആണെങ്കില്‍ 2021 ല്‍ 9,549. സംസ്ഥാനത്ത് 2021 ല്‍ നടന്ന ആകെ ആത്മഹത്യകളില്‍ 47.7 ശതമാനവും കുടുംബപ്രശ്‌നങ്ങള്‍ മൂലമായിരുന്നു. ഇവിടെ കഴിഞ്ഞ വര്‍ഷം മാത്രം 12 കുടുംബങ്ങളാണ് കൂട്ട ആത്മഹത്യ ചെയ്തത്. കൂട്ട ആത്മഹത്യയിലും കേരളം 4-ാം സ്ഥാനത്തുണ്ട്. കുടുംബ ശൈഥില്യം, കടക്കെണി, സ്ത്രീധനം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ്, തൊഴിലില്ലായ്മ, പരീക്ഷയിലെ തോല്‍വി, മാറാരോഗങ്ങള്‍, കാരണങ്ങള്‍ പലതുണ്ട്. മയക്കുമരുന്നുകളുടെ ഉപയോഗവും, മദ്യാസക്തിയും ആത്മഹത്യക്ക് പിന്നിലെ മറ്റു പ്രധാന കാരണങ്ങളാണത്രെ.

മാനസികാരോഗ്യത്തിന്റെ ആഭാവമാണ് കേരളത്തില്‍ ആത്മഹത്യാനിരക്ക് ഉയരാന്‍ കാരണമെന്ന് മന:ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. മനോരോഗം മൂലമുള്ള ആത്മഹത്യകള്‍ ദേശീയതലത്തില്‍ 5 ശതമാനം മാത്രമാണെങ്കില്‍ നമ്മുടെ പ്രബുദ്ധ കേരളത്തില്‍ അത് 14.3 ശതമാനമാണത്രെ. ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലയായ ഇടുക്കിയില്‍ ഉയര്‍ന്ന ആത്മഹത്യാ നിരക്ക് രേഖപ്പെടുത്താന്‍ കാരണം മദ്യപാനവും, പലിശ സംഘങ്ങളുടെ നീരാളിപ്പിടുത്തവുമാണെന്നാണ് പഠനറിപ്പോര്‍ട്ട്. 10നും 15നും ഇടയില്‍ പ്രായമുള്ളവരില്‍ 10 ശതമാനം, മദ്യ-മയക്ക് മരുന്ന് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കെട്ടുറപ്പില്ലാത്ത സമൂഹത്തിലാണ് ആത്മഹത്യാനിരക്കുകള്‍ കൂടുതലുള്ളത്. സുദൃഢവും, ആരോഗ്യകരവുമായ മാനുഷിക ബന്ധങ്ങളാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. ഉത്തമകുടുംബ ജീവിത വ്യവസ്ഥിതികള്‍ ഉള്ളിടത്ത് ആത്മഹത്യാ പ്രവണതകള്‍ കുറവാണെന്ന് കാണാം. വ്യക്തികളെ സമൂഹവുമായി ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ചരടുകള്‍ അയഞ്ഞു തുടങ്ങുമ്പോള്‍ വ്യക്തിത്വ ശിഥിലീകരണം സംഭവിക്കുന്നു.

വ്യക്തിക്ക് സമൂഹത്തില്‍ നിന്ന് ആശ്വാസവും, പ്രതീക്ഷയും ലഭിക്കാതെ വരുമ്പോള്‍ വന്‍തോതില്‍ വ്യക്തിത്വ ശിഥിലീകരണം നടക്കുകയും അതിന്റ മൂര്‍ധന്യത്തില്‍ അയാള്‍ക്ക് ആത്മഹത്യയാണ് പോംവഴിയെന്ന് തോന്നുകയും ചെയ്യുന്നുവെന്നാണ് മന:ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. ആധുനിക നാഗരികത മനുഷ്യബന്ധങ്ങളില്‍ വരുത്തിയിരിക്കുന്ന വ്യതിയാനവും, മൂല്യത്തകര്‍ച്ചയും ആത്മഹത്യയോട് ബന്ധപ്പെട്ട് നില്‍ക്കുന്നു. സുഖാഡംബര വസ്തുക്കള്‍ വിറ്റഴിക്കാന്‍ ഏത് അവിഹിതമാര്‍ഗവും അവലംബിക്കുന്ന ബഹുരാഷ്ട്ര കുത്തകകള്‍ മൂല്യത്തകര്‍ച്ചയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു.

മതപരമായ കാര്‍കശ്യം ആത്മഹത്യകള്‍ക്ക് കടിഞ്ഞാണിടുന്നതായി മന:ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തുന്നു. മുസ്്‌ലിംകള്‍ക്കിടയില്‍ ആത്മഹത്യാനിരക്ക് കുറവായി കാണുന്നത് മതപരമായ വിലക്ക് കൊണ്ടാണെന്നും, ഭൗതിക പ്രശ്‌നങ്ങളുടെ പേരില്‍ ജീവനൊടുക്കിയാല്‍ പരലോകവും നഷ്ടപ്പെടുമെന്ന മതവിശ്വാസം ആത്മഹത്യക്ക് തടയിടുന്നുവെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ സൈക്യാട്രി വിഭാഗം തലവന്‍ പറയുന്നു. സാമ്പത്തിക പരാധീനതയുള്ള പ്രദേശങ്ങളില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നതായി പാശ്ചാത്യപഠനങ്ങള്‍ തെളിയിക്കുന്നുവെന്നും, എന്നാല്‍ മലപ്പുറം ജില്ല ദരിദ്ര ജില്ലയായിരുന്നിട്ടും ഈ വിഷമതകളെ അതിജീവിക്കാനുള്ള കരുത്ത്, ഈശ്വരപ്രാര്‍ത്ഥനയും, ഖുര്‍ആന്‍ ബോധനവും നല്‍കുന്നതാണ് മലപ്പുറത്ത് ആത്മഹത്യ കുറയുന്നതെന്ന് ഡോ.അലക്‌സാണ്ടര്‍ പറയുന്നു.

‘ആത്മഹത്യകളും, കുടുംബഹത്യകളും ഏറെയുണ്ടാകുന്നത് ഹിന്ദു സമുദായത്തിലാണെന്നാണ് കേസരി ലേഖകന്‍ ഈശ്വരന്റെ വിലയിരുത്തല്‍. (കേസരി 2003 മാര്‍ച്ച് 2). നൂറ്് ശതമാനം മുസ്്‌ലിംകളുള്ള ലക്ഷദ്വീപില്‍ ഇതേവരെ ഒറ്റ ആത്മഹത്യയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആത്മഹത്യയില്‍പോലും സ്ത്രീകളുടെ എണ്ണം കൂടിവരുന്നുണ്ടെന്നും, ഇതിന്നൊരപവാദം മലപ്പുറം ജില്ലയാണെന്ന് കാണുമ്പോള്‍, മുസ്്‌ലിം സമുദായത്തില്‍ വികാരപരമായ സുരക്ഷിതത്വം കൂടുതല്‍ ഉണ്ടെന്ന് തെളിയുന്നുവെന്നാണ് പ്രശസ്ത കോളമിസ്റ്റായിരുന്ന ലീലാ മേനോന്റെ വിലയിരുത്തല്‍. മതങ്ങള്‍ മാനവ സമൂഹത്തിന് നല്‍കിയ ജീവിത വിജയത്തിന്റെ മാനുഷിക മൂല്യങ്ങളുടെ തിരസ്‌കാരമാണ് ഒട്ടനവധി സാമൂഹ്യ പ്രശ്‌നങ്ങളുടെ തായ്‌വേര്. ‘കൂട്ട ആത്മഹത്യകള്‍, ഒരു സാമൂഹ്യ പ്രശ്‌നം’ എന്ന ശീര്‍ഷകത്തില്‍ ദേശാഭിമാനി പത്രം ഒരിക്കല്‍ എഴുതിയ മുഖപ്രസംഗം മനുഷ്യന്‍ അഭിമുഖീകരിക്കുന്ന മൂല്യനിരാസത്തെ ചൂണ്ടിക്കാണിക്കുകയും, ആത്മഹത്യയെ പ്രതിരോധിക്കാന്‍ നഷ്ടപ്പെട്ട മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ആഹ്വാനം ചെയ്യുകയുമുണ്ടായി.

രോഗാതുരമായ മനുഷ്യമനസ്സിന്റെ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ഫലപ്രദമായ നടപടികളാണ് നാം കണ്ടെത്തേണ്ടത്. നഷ്ടമൂല്യങ്ങളുടെ വീണ്ടെടുപ്പിലൂടെ ധാര്‍മിക പുന:സംവിധാനത്തിനുള്ള വഴികള്‍ ആരായേണ്ടിയിരിക്കുന്നു. ജീവിതത്തിന് ലക്ഷ്യബോധമുണ്ടാവണം. നിസ്സാരങ്ങളായ ജീവിതപ്രയാസങ്ങളോട് വൈകാരികമായി സമീപിക്കുകയും, ലാഘവ ബുദ്ധിയോടെ ജീവനൊടൊക്കുകയും ചെയ്യുന്ന പ്രവണത വിവേകത്തിന്റെ മാര്‍ഗമല്ലെന്ന് തിരിച്ചറിയപ്പെടണം, ജീവിതം ഒരു പൂമെത്തയല്ലെന്നും, പ്രശ്‌നങ്ങളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച് മുന്നേറുമ്പോള്‍ മാത്രമേ ജീവിതം സാര്‍ഥകമാവൂ എന്ന ഉത്തമ ബോധ്യം കൈവരിക്കാനാവണം.-ജീവിത പ്രയാണത്തിനിടയില്‍ പരാജയം ഒരിക്കല്‍ നേരിട്ടാല്‍, തനിക്കിനി ഒരിക്കലും വിജയം കൈവരിക്കാനാവില്ലെന്ന് വിധിയെഴുതരുത്. ആത്മവിശ്വാസം കൈവിടാതെ ശ്രമം തുടര്‍ന്നാല്‍ വിജയം പുല്‍കാനാവുമെന്ന് ഉറപ്പിച്ച് മുന്നോട്ട് നീങ്ങണം. പ്രയാസത്തിനൊപ്പം, എളുപ്പമുണ്ടാവുമെന്ന വേദവാക്യം വിസ്മരിക്കരുത്.

ഒരു വഴി അടയുമ്പോള്‍ ഒമ്പത് വഴി തുറക്കും എന്ന് കേട്ടിട്ടില്ലേ. സാമ്പത്തികമോ, മറ്റേത് വിധത്തിലോ പ്രയാസം നേരിടുമ്പോള്‍, ഭൂമിയില്‍ തന്നെ പോലെയുള്ള നിര്‍ഭാഗ്യവാന്‍മാര്‍ ആരുമുണ്ടാവില്ലെന്ന് ധരിക്കരുത്. നിങ്ങളേക്കാള്‍ നൂറുമടങ്ങ് കഷ്ടപ്പെടുന്ന പതിനായിരങ്ങള്‍ ഇവിടെയുണ്ടെന്ന സത്യം വിസ്മരിക്കരുത്’ – ഭൗതിക കാര്യങ്ങളില്‍ തന്നെക്കാള്‍ പ്രയാസപ്പെടുന്ന, തന്നെക്കാള്‍ താഴെയുള്ളവരെക്കുറിച്ച് ചിന്തിക്കാന്‍ പ്രവാചകന്‍ ഉദ്‌ബോധിപ്പിച്ചതിന്റെ മന:ശാസ്ത്രം മറ്റൊന്നല്ല. ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല; പിടിച്ചു നില്‍പാണ് ധീരത. ‘തന്നാല്‍ കരേറേണ്ടവരെത്രപേരോ താഴത്ത് പാഴ്‌ചേറിലമര്‍ന്നിരിപ്പുണ്ടെന്നതിക്ത യാഥാര്‍ത്ഥ്യം, ജീവിക്കാനും, മറ്റുള്ളവര്‍ക്ക് ജീവിതം നല്‍കാനും നമുക്ക് പ്രചോദനമാവണം.

Related Articles