Current Date

Search
Close this search box.
Search
Close this search box.

ഇരുട്ടു കൊണ്ട് ഓട്ടയടക്കരുത്

ജയവും തോല്‍വിയും ജനാധിപത്യത്തില്‍ മാത്രമല്ല നിത്യ ജീവിതത്തിലും സാധാരണമാണ്. തോല്‍വിയില്‍ ഭൂമിയോളം താഴെ പോയവര്‍ തിരിച്ചു കയറിയ ചരിത്രം നാം പലവുരു വായിച്ചിട്ടുണ്ട്. ഒരു തോല്‍വി കൊണ്ട് തീരുന്നതല്ല ജീവിതവും തിരഞ്ഞെടുപ്പും. തോല്‍വി കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഒരു പുത്തരിയല്ല. തോല്‍വിയെ പെട്ടെന്ന് തന്നെ മറികടന്ന ചരിത്രമാണ് കോണ്‍ഗ്രസ്സിനുള്ളത്.

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടിരുന്നു. ആ പരാജയം പാര്‍ട്ടി വിളിച്ചു വരുത്തിയ ദുരന്തമായിരുന്നു എന്ന കാഴ്ചപ്പാടിലാണ് അന്ന് ചര്‍ച്ചകള്‍ മുന്നോട്ടു പോയത്. അതെ പോലെ ഒരു അനിവാര്യതയായിരുന്നു ഇപ്രാവശ്യം സംഘ പരിവാറിന്റെ തോല്‍വി. തോല്‍ക്കാനുള്ള കാരണങ്ങള്‍ മോഡി സര്‍ക്കാര്‍ ജയിക്കാനുള്ള കാരണങ്ങളെക്കാള്‍ മേലെയായിരുന്നു. എന്നിട്ടും കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ മൂലയ്ക്കിരുത്തി സംഘ പരിവാര്‍ മികച്ച വിജയം കൊയ്തു. കോണ്‍ഗ്രസ്സ് മാത്രമല്ല ഏതാണ്ടെല്ലാ മതേതര പാര്‍ട്ടികളും പരാജയത്തിന്റെ രുചി അറിഞ്ഞു കൊണ്ടിരിക്കുന്നു.

രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതാവ് എന്ന നിലയില്‍ നേരിട്ട് നയിച്ച ആദ്യത്തെ പൊതു തിരഞ്ഞടുപ്പ് എന്നതായിരുന്നു ഇക്കൊല്ലത്തെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. സംഘ പരിവാറിനെതിരെ സാമാന്യം തരക്കേടില്ലാത്ത മുന്നേറ്റം അദ്ദേഹം നടത്തിയിരുന്നു. രാഹുലിന്റെ മുന്നില്‍ പലപ്പോഴും മോദിയും കൂട്ടരും ഉത്തരം മുട്ടുന്ന അവസ്ഥ പലപ്പോഴും നാം കണ്ടിരുന്നു. ദേശീയ മാധ്യമങ്ങള്‍ക്കുമപ്പുറം അന്തര്‍ദേശീയ മാധ്യമങ്ങള്‍ വരെ ആ രീതിയിലാണ് രാഹുലിനെ കണ്ടത്. എല്ലാ കണക്കു കൂട്ടലുകളും മറികടന്നു മോഡി വീണ്ടും അധികാരത്തില്‍ വന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് പാര്‍ട്ടിക്ക് ആകെ എട്ടു സീറ്റുകള്‍ മാത്രമാണ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത്. കേരളത്തില്‍ മാത്രമാണ് പാര്‍ട്ടിക്ക് രണ്ടക്കം മറി കടക്കാന്‍ കഴിഞ്ഞതും.

കഴിഞ്ഞ തവണത്തെ തോല്‍വി കോണ്‍ഗ്രസ്സ് അംഗീകരിച്ചു. ഇത്തവണ അതംഗീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല. ഭരണ പക്ഷത്തിന്റെ കുറവുകള്‍ മുതലെടുക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല എന്ന് വന്നാല്‍ യഥാര്‍ത്ഥത്തില്‍ പരാജയപ്പെട്ടത് പ്രതിപക്ഷമാണ് എന്ന് തോന്നും. ആ ഒരു പരാജയമാണ് കോണ്‍ഗ്രസിനുള്ളില്‍ ആളിക്കത്തുന്നതും. പരാജയ ഉത്തരവാദിത്വം ഏറ്റെടുത്തു പാര്‍ട്ടി അധ്യക്ഷന്‍ തന്നെ പുറത്തു പോകുന്ന അവസ്ഥയാണ് നാം കാണുന്നത്. വാസ്തവത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി അവര്‍ക്ക് ജനകീയ മുഖമുള്ള രണ്ടാം നിര നേതാക്കളില്ല എന്നത് തന്നെയല്ലേ?.

കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ ദേശീയ തലത്തില്‍ യുവാക്കളുടെ നിര വളരെ കുറവാണ്. പാര്‍ട്ടി പ്രവര്‍ത്തക സമിതി ഒരു വൃദ്ധ സദനമാണ്. അതില്‍ അധികം പേരുടെയും ജനകീയത വട്ടപ്പൂജ്യം വരും. എന്ത് കൊണ്ട് നെഹ്റു കുടുംബം എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ കുറവാണ് എന്നതു തന്നെയാണ്. രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നു എന്നതിനേക്കാള്‍ പാര്‍ട്ടിയെ കുഴക്കുന്ന വിഷയം ഇനി ആര് എന്നതാണ്.

മക്കള്‍ രാഷ്ട്രീയം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്. അതിനു വേണ്ടി മാത്രം ജീവിക്കുന്നവര്‍ നാട്ടില്‍ ധാരാളം. അത് കൊണ്ട് മാത്രമാണ് കോണ്‍ഗ്രസ് തോറ്റത് എന്ന് പറയാന്‍ കഴിയില്ല. അതും ഒരു കാരണമാകാം. ഒരു വേള രാഹുല്‍ പോലും ഈ അവസ്ഥയില്‍ എത്തിപ്പെട്ടത് പ്രവര്‍ത്തന മികവാണ് എന്നുറപ്പാണ്. പ്രിയങ്ക രംഗത്ത് വരുന്നതിന്റെ പിന്നിലെ കാരണവും മറ്റൊന്നല്ല. ഹിന്ദി മേഖലയില്‍ കോണ്‍ഗ്രസ്സ് പൂര്‍ണമായി വേരറ്റു പോയിരിക്കുന്നു. തിരിച്ചു വരും എന്നത് പ്രതീക്ഷയാണ്. അതിനുള്ള എന്ത് നടപടി എന്ന ചോദ്യത്തിന് ഉത്തരമില്ല എന്നതാണ് വാസ്തവം. പാര്‍ട്ടി മിഷനറികള്‍ പല സംസ്ഥാനത്തും തീരെ നിര്‍ജീവം. തിരഞ്ഞെടുപ്പു സമയത്തു തട്ടിക്കൂട്ടേണ്ട ഒന്നല്ല പാര്‍ട്ടി. അത് നിരന്തരം ചലിച്ചു കൊണ്ടിരിക്കണം. അതില്ല എന്നതാണ് കിട്ടുന്ന വിവരം.

അതെ സമയം പുറമെ നടക്കുന്ന ചര്‍ച്ചകള്‍ മറ്റു പലതുമാണ്. വോട്ടിങ് മെഷിനിലെ തട്ടിപ്പുകളെ കുറിച്ച് പാര്‍ട്ടി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അപ്പോള്‍ പാര്‍ട്ടിയുടെ പരാജയം എന്ന് കോണ്‍ഗ്രസ് തന്നെ സമ്മതിക്കുന്നു. രാഹുല്‍ മാറിയാല്‍ പാര്‍ട്ടിയില്‍ വിഭാഗീയത ശക്തിപ്പെടും എന്നല്ലാതെ മറ്റൊരു ഗുണവും ഉണ്ടാവുമെന്നു തോന്നുന്നില്ല. കോണ്‍ഗ്രസ്സ് തിരിച്ചു വരിക എന്നത് ഇന്ത്യന്‍ മതേതരത്വം നിലനില്‍ക്കാനുള്ള കാരണമാണ്.

ഇന്ത്യയുടെ ഹൃദയത്തില്‍ നിന്നും കേരളത്തിലേക്ക് രാഹുല്‍ വന്നു എന്നത് തന്നെ ഒരു തെറ്റായ തീരുമാനമായിരുന്നു. മന്‍മോഹന്‍ സിങ് മന്ത്രിസഭയുടെ തെറ്റായ പോക്ക് തിരുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല എന്നതായിരുന്നു ആദ്യ പരാജയത്തിന് കാരണം. മോഡി മന്ത്രിസഭയുടെ മോശപ്പെട്ട വശങ്ങള്‍ തങ്ങള്‍ക്കു അനുഗുണമാക്കാന്‍ കഴിഞ്ഞില്ല എന്നതാണ് പുതിയ പരാജയ കാരണം. രാഷ്ട്രീയമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ അടിത്തറ. അവിടേക്കാണ് കോണ്‍ഗ്രസ്സ് തിരിച്ചു വരേണ്ടത്. ചുരുക്കത്തില്‍ ഇരുട്ട് കൊണ്ട് ഓട്ട അടക്കാനുള്ള ശ്രമം എന്നെ ഇപ്പോഴത്തെ നിലപാടുകളെ കുറിച്ച് പറയാന്‍ കഴിയൂ.

Related Articles