Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ കേരളത്തിൽ ചര്‍ച്ചചെയ്യുന്ന വിധം ?!

ഒരിക്കല്‍ പ്രവാചക അനുയായി ബിലാല്‍ പള്ളിയിലേക്ക് കയറി വരുമ്പോള്‍ ഇരുട്ടില്‍ ഒരാളുടെ തേങ്ങി കരച്ചില്‍ കേട്ടു. അടുത്ത് വന്നു നോക്കിയപ്പോള്‍ അത് പ്രവാചകനാണെന്ന് മനസ്സിലായി. തന്റെ കരച്ചിലിന്റെ കാരണം പ്രവാചകന്‍ ഇങ്ങിനെ വിശദീകരിച്ചു “ ഇന്നലെ രാത്രി എനിക്ക് ചില വചനങ്ങള്‍ അവതീര്‍ണ്ണമായി. ആ വചനങ്ങള്‍ പാരായണം ചെയ്ത ശേഷം ജിബ്രീല്‍ ഇങ്ങിനെ കൂട്ടിചേര്‍ത്തു. “ ഈ വചനം പാരായണം ചെയ്യുകയും പിന്നീട് ചിന്തിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് നാശം”.

ഖുര്‍ആന്‍ ഇന്ന് കേരള സമൂഹത്തിന്റെ ചര്‍ച്ചാ വിഷയമാണ്. അത് ചര്‍ച്ച ചെയ്യപ്പെടേണ്ട രീതിയിലാണോ ചര്‍ച്ച ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ അല്ല എന്ന് മറുപടി പറയുമ്പോഴും ആ വിഷയകമായി ഒരു ചര്‍ച്ച നടക്കുന്നുണ്ട്. ഖുര്‍ആന്‍ ഒരു വിശുദ്ധ  ഗ്രന്ഥമല്ല എന്നതാണ് അതിലെ ഒരു ചര്‍ച്ച. അത് ശരിയാണ്. ഖുര്‍ആന്‍ ഇറക്കിയയാളെ കൂടി അംഗീകരിക്കുമ്പോള്‍ മാത്രമാണ് അതൊരു വിശുദ്ധ  ഗ്രന്തമാകുന്നത്. ഖുര്‍ആന്‍ ഒരിക്കലും മാറ്റമില്ലാത്ത ഗ്രന്ഥമാണ് എന്നതും അങ്ങിനെ തന്നെയാണ്. വിശ്വാസികള്‍ക്ക് മാത്രമാണ് അത് മാറ്റമില്ലാത്തത്. ഖുര്‍ആന്‍ കാലത്തിന് അനുസരിച്ച് മാറ്റണം എന്ന് അവിശ്വാസികള്‍ വാദിക്കുമ്പോള്‍ ഖുര്‍ആന് അനുസരിച്ച് മാറണം എന്നാണു വിശ്വാസികള്‍ ആഗ്രഹിക്കുന്നതും.

ഹിജ് റ മൂന്നാം നൂറ്റാണ്ട് ഇസ്ലാമിക ലോകത്ത് വലിയ വെല്ലുവിളികള്‍ ഉയര്‍ന്നു വന്ന കാലമാണ്. ഗ്രീക്ക് ഭാഷയില്‍ നിന്നും പല കൃതികളും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട സമയം കൂടിയായിരുന്നു. ഗ്രീക്ക് മിത്തോളജിയില്‍ നിന്നും പല വിശ്വാസങ്ങളും അറബിയിലേക്ക് കടന്നു വന്ന കാലം. ഖുര്‍ആന്‍ സൃഷ്ടിവാദം ആ കാലത്തിന്റെ സൃഷ്ടിയാണ്. ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്. ഖുര്‍ആനെ കുറിച്ച് “ഇറക്കി, അവതരിപ്പിച്ചു, പാരായണം ചെയ്തു കൊടുത്തു….” എന്നിങ്ങനെയാണ് പറയുന്നത്. ഒരിടത്തും “ നാം അതിനെ സൃഷ്ടിച്ചു” എന്നൊരു പ്രയോഗം കാണുക സാധ്യമല്ല. ഈസാ നബി അല്ലാഹുവിന്റെ കലാമാണ്. അതായത് “ ഉണ്ടാവുക” എന്ന വാക്ക്. ഈസാ അല്ലാഹുവിന്റെ സൃഷ്ടിയാണ്. അങ്ങിനെയെങ്കില്‍ ഖുര്‍ആന്‍ എന്ന കലാമും അങ്ങിനെയാകണം.

Also read: നിരീശ്വരവാദത്തിന്റെ പുതിയതലങ്ങള്‍

അബ്ബാസിയ ഖലീഫ മഅമൂന്‍ അതേറ്റു പിടിച്ചു.  ഖുര്‍ആനെ അങ്ങിനെ മനസ്സിലാക്കണം എന്ന നിയമം നാട്ടില്‍ നടപ്പായി. “ ഒറ്റപ്പെട്ടുപോയ’ പലരും അതിനെ ഏറ്റു പിടിച്ചു. അത് കൊണ്ട് എന്ത് എന്ന ചോദ്യത്തിന് അത് വിശ്വാസത്തില്‍ വരുന്ന വ്യതിയാനമാണ്. കുറച്ചു കാലത്തിനപ്പുറം ആ ചിന്തക്ക് നിലനില്‍ക്കാന്‍ കഴിഞ്ഞില്ല. കാരണം ഈ ഗ്രന്ഥത്തെ അല്ലാഹു തന്നെ സംരക്ഷിക്കുന്നു. ഖുര്‍ആന്‍ ആവശ്യപ്പെട്ട ചിന്തകള്‍ പിന്നെയും ഇസ്ലാമിക ലോകത്ത് നിറഞ്ഞു നിന്നിരുന്നു. ചിന്ത എന്നത് “മതപരം” എന്നതിലേക്ക് ഒതുങ്ങിയപ്പോള്‍ മതം ആവശ്യപ്പെട്ട ചിന്ത  ഭൂമിയില്‍ നിന്നും താഴ്ന്നു പോയി.

മതങ്ങളുടെ സ്ത്രീകളോടുള്ള നിലപാട് എന്നും ചര്‍ച്ചയാണ്. സ്ത്രീ പുരുഷ സമത്വം എന്നത് പുതിയ കാലത്തെ ചര്‍ച്ചയാണ്. സ്ത്രീയും പുരുഷനും സമൂഹത്തില്‍ നിര്‍വ്വഹിക്കുന്നത് ഒരേ ധര്‍മ്മമല്ല. ഖുര്‍ആന്‍ സ്ത്രീകളെ കുറിച്ച് നിരന്തരം ചര്‍ച്ച ചെയ്തിട്ടുണ്ട്. ആ പേരില്‍ ഒരു അദ്ധ്യായം തന്നെ ഖുര്‍ആനിലുണ്ട്. സ്ത്രീയുടെ അസ്ഥിത്വം പോലും ചോദ്യം ചെയ്യപ്പെട്ട കാലത്താണു ഖുര്‍ആന്‍ അവര്‍ക്കും കടമ മാത്രമല്ല അവകാശം കൂടിയുണ്ട് എന്ന് പറഞ്ഞത്‌. ആര്‍ക്കും ഇഷ്ടംപോലെ ഉപയോഗിക്കാനും കളയാനും കഴിയുന്ന ഒന്നാണ് സ്ത്രീ എന്ന നിലപാടിനെ ഖുര്‍ആന്‍ തിരുത്തി. അനന്തരാവകാശ സ്വത്തില്‍ സ്ത്രീക്കും അവകാശം നല്‍കി. വിവാഹത്തില്‍ പുരുഷനെ പോലെ സ്ത്രീക്കും അവകാശം നല്‍കി. ഇസ്ലാമിലെ സ്ത്രീ വീടിനുള്ളില്‍ അടഞ്ഞിരുന്നില്ല. അവര്‍ യുദ്ധ രംഗത്തും വൈജ്ഞാനിക രംഗത്തും നിറഞ്ഞു നിന്നു.

പൌരോഹിത്യം പലപ്പോഴും മതങ്ങളെ ഹൈജാക്ക് ചെയ്തിട്ടുണ്ട്. അവിടങ്ങളില്‍ ആദ്യം അരികു വല്‍ക്കരണം നടന്നത് സ്ത്രീകളുടെ കാര്യത്തിലാണ്. നമ്മുടെ കാലത്തും സ്ത്രീകള്‍ക്ക് പൊതു സ്ഥലങ്ങളില്‍ പ്രത്യേക ആനുകൂല്യം നല്‍കേണ്ടി വരുന്നു. സ്ത്രീയുടെയും പുരുഷന്റെയും കടമകള്‍ ഒന്നല്ല എന്ന് മനസ്സിലാക്കുന്നിടത്ത് രണ്ടു പേര്‍ക്കും സമൂഹത്തില്‍ ഒരേ സ്ഥാനം ആവശ്യമില്ല എന്നത് ഇസ്ലാമിന്റെ കണ്ടെത്തലായി കാണരുത്. അതൊരു പൊതു ബോധമാണ്. സ്ത്രീയുടെ കാര്യത്തില്‍ സമത്വം എന്നതിനേക്കാള്‍ അവള്‍ക്ക് വേണ്ടത് പരിരക്ഷയാണ്. അത് ആധുനിക ലോകവും സമ്മതിക്കുന്നു. സ്ത്രീയുടെ വസ്ത്രമാണ് പലപ്പോഴും വിമര്‍ശകരെ ചൊടിപ്പിക്കുന്നത്. വ്യക്തിയുടെ വസ്ത്രധാരണത്തിലെ ജനാധിപത്യ ബോധം ഉള്‍ക്കൊണ്ടാല്‍ തീരുന്നതാണ് ആ വിഷയം. സ്ത്രീ പുരുഷന്റെ അടിമയാണ് എന്നല്ല ഇസ്ലാം പറയുന്നത്. സ്ത്രീയും പുരുഷനും പരസ്പരം ഇണകളാണ് എന്ന നിലപാടിലാണ് ഇസ്ലാം നിലകൊള്ളുന്നത്.

Also read: നമുക്കൊന്ന് മാറിയാലോ?

ഖുര്‍ആന്‍ ചര്‍ച്ചയാകുന്ന കാലത്ത് ഇത്തരം ചിന്തകള്‍ പ്രസക്തമാണ്‌ എന്ന് തോന്നുന്നു. ആദ്യം പറഞ്ഞ “ വായനയും ചിന്തയും” നഷ്ടമായ കാലത്ത് പ്രവാചകന്‍ ഭയപ്പെട്ട ആ “ നാശം” സമുദായത്തെ മൊത്തം പിടികൂടി എന്നത് ഒരു അനിവാര്യത മാത്രമാണ്. ചിന്തയുടെ വാതായനം അടച്ചപ്പോള്‍ സമൂഹം മറ്റുള്ളവരുടെ അടിമത്തം സ്വയം അംഗീകരിക്കേണ്ടി വന്നു. ജ്ഞാനവും ചിന്തയും നഷ്ടമായ ഒരു ജനത എന്നും ഭൂമിയില്‍ ഭാരമാണ്. 

Related Articles