Your Voice

ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ മുര്‍സിയുടെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത വിധം?

ചൊവ്വാഴ്ചത്തെ ഈജിപ്ഷ്യന്‍ പത്രങ്ങള്‍ വായിക്കുന്ന ഏതൊരാള്‍ക്കും ചാരക്കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജറാക്കിയ മുഹമ്മദ് മുര്‍സി എന്നൊരാള്‍ കോടതിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചു എന്ന ഒരു വാര്‍ത്ത ഉള്‍പേജുകളില്‍ ഏതെങ്കിലും മൂലയിലായി ഒരുപക്ഷേ കാണാന്‍ കഴിഞ്ഞേക്കും.

മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയുടെ മരണവാര്‍ത്ത അറബ് മാധ്യമങ്ങളും ഒരുപരിധി വരെ അന്താരാഷ്ട്രാമാധ്യമങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ക്ക് അതൊരു വര്‍ത്തയേ അല്ലായിരുന്നു. ഈജിപ്ഷ്യന്‍ ചരിത്രത്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്‍റാണ് തിങ്കളാഴ്ച കോടതിയില്‍ ഹാജറാക്കിയ സമയത്ത് കുഴഞ്ഞു വീഴുകയും ശേഷം കെയ്റോ ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെടുകയും ചെയ്ത ആ 67 വയസ്സുകാരന്‍.

ഹുസ്നി മുബാറക്കിന്‍റെ 30 വര്‍ഷത്തിന്‍റെ ഏകാധിപത്യ പ്രസിഡന്‍റ് ഭരണത്തിന് അന്ത്യം കുറിച്ച അറബ് വസന്തം നടന്ന് ഒരു വര്‍ഷം കഴിഞ്ഞാണ്, 2012 ജൂണില്‍ മുര്‍സി ഈജിപ്തിന്‍റെ പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുന്നത്. പക്ഷേ, സ്ഥാനമേറ്റ് ഒരു വര്‍ഷം മാത്രമേ അദ്ദേഹത്തിന് പ്രസിഡന്‍റ് കസേരയില്‍ ഇരിക്കാന്‍ സാധിച്ചുള്ളു, 2013 ജൂലൈ മാസത്തില്‍ നിലവിലെ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ നേതൃത്വത്തില്‍ നടന്ന പട്ടാള അട്ടിമറി മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കി.

ചൊവ്വാഴ്ച, പ്രധാനപ്പെട്ട ഈജിപ്ഷ്യന്‍‍ പത്രങ്ങളുടെ ഫ്രണ്ട് പേജിലൊന്നും തന്നെ മുര്‍സിയുടെ മരണവാര്‍ത്ത ഉണ്ടായിരുന്നില്ല. പകരം സാധാരണ ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഉള്‍പേജുകളിലെ ഒരു മൂലയില്‍ ഈജിപ്ഷ്യന്‍ ചരിത്രത്തില്‍ ആദ്യമായി ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിന്‍റെ മരണവാര്‍ത്ത ഒതുങ്ങി. കൂടാതെ, മുര്‍സി ഈജിപ്തിന്‍റെ മുന്‍ പ്രസിഡന്‍റായിരുന്നു, അല്ലെങ്കില്‍ അദ്ദേഹം സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതാണ് എന്ന വിവരങ്ങളൊന്നും തന്നെ പ്രസ്തുത റിപ്പോര്‍ട്ടുകളില്‍ കാണാന്‍ കഴിയില്ല.

മുര്‍സിയുടെ മരണവാര്‍ത്ത ഫ്രണ്ട് പേജില്‍ കൊടുത്ത ഏകപത്രം ‘അല്‍മസ്രി അല്‍യൗം’ മാത്രമാണ്, അവര്‍ മുര്‍സിയെ ഈജിപ്തിന്‍റെ മുന്‍പ്രസിഡന്‍റ് എന്നു തന്നെ അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിച്ചു. അതേസമയം മറ്റുപത്രങ്ങളില്‍ ഭൂരിഭാഗവും ഏതോ സര്‍ക്കാര്‍ സ്ഥാപനം വാട്സപ്പ് വഴി അയച്ചു കൊടുത്ത 42 വാക്കുകളുള്ള വാര്‍ത്ത അതേപടി പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്ന് പ്രധാനപ്പെട്ട പത്രങ്ങള്‍ മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്‍റിനെ “കുറ്റാരോപിതന്‍” എന്ന വിശേഷണത്തില്‍ ഒതുക്കിയപ്പോള്‍, ചില സ്വകാര്യ പത്രസ്ഥാപനങ്ങള്‍ വാര്‍ത്ത നല്‍കുക പോലും ചെയ്തില്ല.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ‘അല്‍ അഹ്റം’ പത്രം, നാലാം പേജിലെ ഒരു മൂലയിലാണ് മുര്‍സിയുടെ മരണവാര്‍ത്ത കൊടുത്തത്, ഇതായിരുന്നു തലക്കെട്ട്; “ചാരക്കേസ് വിചാരണക്കിടയില്‍ മുഹമ്മദ് മുര്‍സി മരണപ്പെട്ടു”.

നിലവിലെ ഈജിപ്ഷ്യന്‍ പ്രസിഡന്‍റായ അല്‍സീസി ഇതുവരെ ഔദ്യോഗിക പ്രസ്തവാനകളൊന്നും തന്നെ നടത്തിയിട്ടില്ല.

അല്‍വഫാ വല്‍അമല്‍ സെമിത്തേരിയില്‍, പുലര്‍ച്ചെ വളരെ തിരക്കിട്ടായിരുന്നു മുര്‍സിയുടെ ഖബറടക്കം നടന്നത്. ഏതാനും ചില കുടുംബാംഗങ്ങള്‍ക്കു മാത്രമാണ് ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കപ്പെട്ടിരുന്നത്. സെമത്തേരിക്കു പുറത്ത് സൈനിക കാവലും ഏര്‍പ്പെടുത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരും മറ്റും ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കപ്പെട്ടിരുന്നു.

ശര്‍ഖിയ്യ പ്രവിശ്യയിലെ തന്‍റെ ഗ്രാമത്തില്‍ തന്നെ ഖബറടക്കണം എന്നായിരുന്നു മുന്‍ പ്രസിഡന്‍റിന്‍റെ ആഗ്രഹം, പക്ഷേ കെയ്റോയിലെ മെദിനത്ത് നസ്റിലെ സെമിത്തേരിയില്‍ മറമാടാനായിരുന്നു ഈജിപ്ഷ്യന്‍ അധികൃതരുടെ തീരുമാനം, മുര്‍സിയുടെ അഭിഭാഷകന്‍ പറഞ്ഞു.

സീസി ഭരണത്തിലേറിയതിനു ശേഷം, ഈജിപ്തില്‍ മീഡിയ സെന്‍സര്‍ഷിപ്പ് വര്‍ധിച്ചിരിക്കുകയാണ്. അസോസിയേഷന്‍ ഫോര്‍ ഫ്രീഡം ഓഫ് തോട്ട് ആന്‍റ് എക്സ്പ്രഷന്‍ (എ.എഫ്.ടി.ഇ)ന്‍റെ റിപ്പോര്‍ട്ട് പ്രകാരം, 500-ലധികം വെബ്സൈറ്റുകളാണ് ഈജിപ്ഷ്യന്‍ പട്ടാളഭരണകൂടം ബ്ലോക്ക് ചെയ്തിരിക്കുന്നത്, അതില്‍ ഭൂരിഭാഗവും മീഡിയ ഓര്‍ഗനൈസേഷനുകളാണ്. അതിലുപരി, ഏകദേശം 35 ഓളം വരുന്ന മാധ്യമപ്രവര്‍ത്തകരും സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകളും ബ്ലോഗര്‍മാരും നിലവില്‍ ഈജിപ്ഷ്യന്‍ ജയിലുകളില്‍ കഴിയുന്നുണ്ട്.

അവലംബം : aljazeera, mada masr

Facebook Comments
Related Articles
Show More

Check Also

Close
Close
Close