Current Date

Search
Close this search box.
Search
Close this search box.

മുസ് ലിം നേതാക്കളുടെ പ്രസ്താവന നൽകുന്ന പ്രതീക്ഷ

പീഡിപ്പിച്ച് ഫോട്ടോ എടുത്ത് ബ്ലാക്മെയില്‍ ചെയ്യുക എന്ന് കേട്ടിട്ടില്ലേ?. അതാണു മുസ്ലിം സമുദായത്തോട് സി പി എം ചെയ്തു കൊണ്ടിരിക്കുന്നത്. അത് ചെയ്യാന്‍ മറ്റുള്ളവരെ കൂടി പ്രാപ്തരാക്കുന്ന തിരക്കിലാണ് അവരിപ്പോള്‍. അതിനെ മുസ്ലിം സമുദായം മറികടക്കുന്ന വാര്‍ത്തകളാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.

സര്‍ക്കാരിന്റെ വികല വികനസനത്തെയും മറ്റു പ്രീണനങ്ങളെയും എതിര്‍ത്താല്‍ അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്ന ഒന്നാണ് തീവ്രവാദവും ഭീകരവാദവും. ഇത് ഒറ്റപ്പെട്ട സംഭവമായി നാം കാണരുത്. അമേരിക്കയിലെ 9/11 ആക്രമണത്തിന് ശേഷം ബുഷ്‌ മുന്നോട്ടു വെച്ച ആടിനെ പട്ടിയാക്കള്‍ രീതി അവസരം പോലെ ലോകത്തുള്ള മറ്റു ഭരണകൂടങ്ങളും സ്വീകരിച്ചു പോന്നു. അങ്ങിനെയാണ് വിമര്‍ശനങ്ങളെ ഭരണ കൂടങ്ങള്‍ നേരിട്ടത്. പോലീസും അനുബന്ധ സ്ഥാപനങ്ങളും പൊതു ജനത്തെ സഹായിക്കാന്‍ എന്നിടത്തു നിന്നും ഭരണ കൂടങ്ങളുടെ തെറ്റുകള്‍ മൂടി വെക്കാനുള്ള ഉപകരണങ്ങളായി മാറുന്നു എന്നതും ഈ കാലത്തെ പ്രത്യേകതയാണ്. ബിഷപ്പിനെതിരെ നടപടിയില്ല പകരം ബിഷപിനെ കുറിച്ച് പറഞ്ഞാല്‍ നടപടിക്കു കാരണമാകും എന്നത് ഒരു ഭയപ്പെടുത്തല്‍ കൂടിയാണ്.

ആടിനെ പട്ടിയാക്കുന്ന ഇടപാട് തന്നെ ബിഷപ്പ് വിഷയത്തിലും സി പി എം സ്വീകരിച്ചു. ഇടത് ഹിന്ദുത്വ സാമ്രാജത്വ അജണ്ടകള്‍ സമം ചേര്‍ത്തു പ്രയോഗിക്കാന്‍ ഇടത് പക്ഷത്തെ പലരും ഇന്ന് മിടുക്കരാണ്. അതിന്റെ ഒന്നാം ഉദാഹരണമയി വിജയരാഘവനെ കാണാം. അതിന്റെ മറ്റൊരു പതിപ്പായി രംഗത്ത് വരാനുള്ള ശ്രമമാണ് മന്ത്രി വാസവന്‍ നടത്തിയത്. പക്ഷെ സി പി എമ്മിന്റെ കുരുട്ടു ബുദ്ധിയില്‍ മുസ്ലിം സമുദായം വീണില്ല എന്നതിന്റെ തെളിവാണ് ഇന്നലത്തെ സമസ്ത നേതാക്കളുടെ പ്രതികരണങ്ങള്‍. മാന്യത വിശ്വാസത്തിന്റെ അടയാളമാണ്. അത് കൊണ്ടാണ് ബിഷപ്പിന്റെ അതെ രീതിയില്‍ തിരിച്ചടിക്കാന്‍ കഴിയാത്തത് എന്ന സമസ്ത നേതാക്കളുടെ പ്രസ്താവന ഈ കാലത്ത് കൂടുതല്‍ പ്രസക്തമാകുന്നു.

വിഷയത്തിന്റെ മര്‍മ്മത്തില്‍ നിന്നും ചര്‍ച്ച മാറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. കേരള സമൂഹത്തില്‍ അനാവശ്യ ചര്‍ച്ചകള്‍ കൊണ്ടുവരരുത് എന്ന് പറയുമ്പോഴും അത് കൊണ്ട് വന്ന ബിഷപ്പിനെ തിരുത്തിക്കാന്‍ ഒരു ശ്രമവും നാം കാണുന്നില്ല. പകരം ബിഷപ്പിന് പിന്തുണ നല്‍കാനുള്ള ശ്രമത്തിലാണ് എല്ലാവരും. അവിടെയും ആക്രമിക്കപ്പെട്ട മുസ്ലിം സമുദായത്തെ വിമര്‍ശിക്കാനും തീവ്രവാദികളാക്കാനുമാണ് സി പി എം ബി ജെ പി കക്ഷികള്‍ തുനിഞ്ഞത്. അതെ സമയം ബിഷപ്പ് തുടങ്ങിവെച്ച ചര്‍ച്ചകള്‍ സമൂഹത്തിനു ഗുണകരമല്ല എന്ന അഭിപ്രായം ഉയര്‍ന്നു വന്നത് കൃസ്ത്യന്‍ സമൂഹത്തില്‍ നിന്ന് തന്നെയാണ്. അത്രപോലും പറയാന്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ സജ്ജരായില്ല.

ഭീകരവാദം എന്നത് എതിര്‍ക്കുന്നവരെ ഭയപ്പെടുത്താന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷ്‌ കണ്ടുപിടിച്ച മാര്‍ഗമാണ്. ഇസ്ലാമിലെ സാങ്കേതിക പദങ്ങളെ പൊതുജന സമക്ഷം തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനമായി മാത്രമേ ബിഷപ്പിന്റെ പ്രവര്‍ത്തനത്തെ കാണാന്‍ കഴിയൂ. ഒരാളുടെ നെഞ്ചത്ത് കത്തി കുത്തിയിറക്കി ഞാന്‍ കൊല്ലാന്‍ ഉദ്ദേശിച്ചില്ല എന്ന് പറയുന്നത് പോലെ മാത്രമേ ബിഷപ്പിന്റെ നീക്കത്തെ കാണാന്‍ കഴിയൂ എന്നിരിക്കെ പീഡനം ഏറ്റു വാങ്ങാന്‍ വിധിക്കപ്പെട്ട സമുദായത്തിന്റെ മുറിവില്‍ കൂടുതല്‍ മുളക് പുരട്ടുക എന്നതാണ് സി പി എം ചെയ്തത്. പുതിയ രാഷ്ട്രീയ നീക്കത്തില്‍ ബിഷപ്പിനെ രക്ഷിക്കുക എന്നതിന്റെ ഭാഗം കൂടിയാണ് എതിര്‍ക്കുന്നവരെ : ചാപ്പ കുത്തുക” എന്നതും.

പാര്‍ട്ടിയുടെ ഈ നീക്കത്തെ മറികടക്കാന്‍ സമുദായത്തിന് കഴിഞ്ഞു എന്നത് ഒരനുഗ്രഹമാണ്‌. ഇരു സമസ്തകള്‍ക്ക് സമുദായത്തിലുള്ള സ്വാധീനം വളരെ വലുതാണ്. രാഷ്ട്രീയത്തിന് അതീതമായി മുസ്ലിം സമുദായം ചിന്തിച്ചു തുടങ്ങുന്നു എന്ന സൂചനയാണ് സമസ്ത നേതാക്കളുടെ പ്രസ്താവനകള്‍ നല്‍കുന്ന സൂചന. സമസ്ത നേതാക്കള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചില്ല എന്നതാണ് മുന്‍ മന്ത്രി അടക്കം പലരും മുന്നോട്ടു വെക്കുന്ന ആശ്വാസം. സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നതല്ല വിഷയത്തിലെ മര്‍മം. മാറേണ്ടത് ബിഷപ്പ് പോലുള്ള നേതാക്കളുടെ മനോഭാവമാണ്. നിലവിലെ സര്‍ക്കാര്‍ പോയി മറ്റൊന്ന് വന്നത് കൊണ്ട് നിലവിലുള്ള വിഷയത്തിനു പരിഹാരമാകില്ല. കേരളത്തില്‍ മുസ്ലിം കൃസ്ത്യന്‍ സമൂഹങ്ങള്‍ ഒന്നിച്ചു ജീവിക്കുന്നു. അവരെ പരസ്പരം തെറ്റിക്കാന്‍ പലരും പണ്ടേ ശ്രമം ആരംഭിച്ചിരുന്നു. ബിഷപ്പിലൂടെ ശത്രുക്കള്‍ വിജയിക്കുന്നു എന്ന് മാത്രമേ പറയാന്‍ കഴിയൂ. ഒരു ദുരന്തം ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരുന്നില്ല എന്നത് ഒരു സത്യമായി നിലനില്‍ക്കുന്നു. തെറ്റുകള്‍ക്കെതിരെ മൗനം എന്നത് തെറ്റുകളെ അംഗീകരിക്കുക എന്നതിന് തുല്യം എന്നാണ് പ്രമാണം.

മുസ്ലിം സമുദായത്തെ ഒറ്റതിരിഞ്ഞു ആക്രമിക്കാനുള്ള ശ്രമം ആരംഭിച്ചിട്ട് കാലമേറെയായി. കുരുടന്റെ വടിപോലെയാണു പല ആരോപണങ്ങളും ഉന്നയിക്കപ്പെടാര്. എല്ലാം കഴിഞ്ഞു എന്ന മന്ത്രി വാസവന്റെ പ്രസ്താവന വന്നത് പഴയ പോലെ തീവ്രവാദ ആരോപണം കൊണ്ട് മുസ്ലിം സമുദായത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ നിന്നാണ്. അക്രമിക്കപ്പെട്ടവനെ വഴിയില്‍ ഉപേക്ഷിച്ച് ആക്രമിക്ക് സംരക്ഷണം നല്‍കുന്ന കാടന്‍ നിയമമാണ് സര്‍ക്കാരും ഭരണ പ്രതിപക്ഷ കക്ഷികളും സ്വീകരിച്ചത് എന്ന് കൂടി പറയണം. ശരീഅത്ത് വിവാദം മുസ്ലിം സമുദായത്തിന് പുതിയ ദിശാബോധം നല്‍കിയിരുന്നു. ഇവിടെയും നാം അത് പ്രതീക്ഷിക്കുന്നു.

Related Articles