Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ ഖുർആൻ: ശാന്തപുരം അൽ ജാമിഅയുടെ സംഭാവനകൾ

ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിലും ഏറെ വിശ്രുതമായ തെന്നിന്ത്യൻ സംസ്ഥാനത്തിലെ ഇസ്ലാമിക കലാലയമാണ് ശാന്തപുരം അൽ ജാമിഅ. പരമ്പരാഗത ഇസ്ലാമിക വിദ്യാഭ്യാസ രംഗത്ത് സമൂല പരിഷ്കരണം സൃഷ്ടിച്ച സ്ഥാപനമാണ് അൽജാമിഅ. ജമാഅത്തെ ഇസ്ലാമി കേരളത്തിൽ രൂപീകൃതമായ ആദ്യനാളുകളിൽ തന്നെ ഇസ്ലാമിന് ബൗദ്ധികമായ ഇന്ധനം നൽകാൻ ഒരു ഉന്നത ഇസ്ലാമിക കലാലയം സ്ഥാപിക്കേണ്ടതിൻറെ അനിവാര്യത പ്രസ്ഥാന നേതാക്കളായ മർഹൂം വി.പി.മുഹമ്മദലി ഹാജി, വി.കെ.ഇസ്സുദ്ദീൻ മൗലവി, കെ.സി.അബ്ദുല്ല മൗലവി എന്നിവർ ബോധവന്മാരായിരുന്നു. അവരുടെ അക്ഷീണ പരിശ്രമത്തിൻറെ ഫലമായിരുന്നു ഇന്നത്തെ ശാന്തപുരം അൽ ജാമിഅ.

മലപ്പുറം ജില്ലയിലെ പെരുന്തൽമണ്ണക്കടുത്ത് 1955 ൽ സ്ഥാപിതമായ ശാന്തപുരം അൽ ജാമിഅ കലാലയം ഇന്ന് വളർന്ന് പന്തലിച്ച് നിൽക്കുമ്പോൾ സ്ഥാപനത്തിൻറെ സാരഥികൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അഭ്യുദകാംക്ഷികൾക്കുമെല്ലാം അഭിമാനിക്കാൻ വക നൽകുന്ന ഒട്ടേറെ നേട്ടങ്ങൾ ഈ സ്ഥാപനം ഇതിനകം കൈവരിച്ചതായി നിസ്സംശയം കാണാൻ കഴിയും. അതിൽ എറ്റവും പ്രധാനം വിശുദ്ധ ഖുർആനിൻറെ വിവർത്തനത്തിനും വ്യാഖ്യാനത്തിനും പ്രചാരണത്തിനും ശാന്തപുരം അൽ ജാമിഅ നൽകിയ സംഭാവനകളാണ്.

ശാന്തപുരം അൽ ജാമിഅയിലെ പാഠ്യപദ്ധതിയിലെ പ്രധാന വിഷയം ഖുർആനാണെന്നത് യാദൃശ്ചികമല്ല. ഇസ്ലാമിൻറെ അടിസ്ഥാനപ്രമാണമായ ഖുർആനിന് പ്രധാന്യം നൽകാതെ എങ്ങനെയാണ് ഒരു കലാലയം ഇസ്ലാമിക കലാലയമാവുക? ഖുർആനെ മനസ്സിലാക്കാനും ഉൾകൊള്ളാനും മുന്തിയ പരിഗണന നൽകിയതോടൊപ്പം, മറ്റ് മത ലൗകിക വിഷയങ്ങളും കൂടി, ശാന്തപുരം അൽജാമിഅ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തീട്ടുണ്ട് എന്നതാണ് അതിൻറെ പ്രത്യേകതകളിൽ ഒന്ന്.

അബുൽ അഅ്ല മൗദൂതിയുടെ വിശ്വവ്യാഖ്യത പരിഭാഷയും വ്യാഖ്യാനവുമായ തഫ്ഹീമുൽ ഖുർആൻ മലയാളത്തിലേക്ക് ഭാഷാന്തരപ്പെടുത്തിയതിൽ ശാന്തപുരം അൽ ജാമിഅയിലെ അധ്യാപകരും വിദ്യാർത്ഥികളും നൽകിയ സംഭാവനകൾ എക്കാലത്തും അനുസ്മരിക്കപ്പെടുന്നതായിരിക്കും. ഏതെങ്കിലും കാലയളവിൽ ശാന്തപുരത്തെ അധ്യാപകരാവാൻ ഭാഗ്യം ലഭിച്ച ഇസ്ഹാഖ് മൗലവിയും ടി.കെ.അബ്ദുല്ല സാഹിബും തഫ്ഹീമുൽ ഖുർആൻ മലയാളത്തിലേക്ക് മൊഴിമാറ്റുന്നതിന് നേതൃപരമായ പങ്ക് വഹിച്ചവരായിരുന്നു. പിന്നീട് ആ ദൗത്യം പൂർത്തിയാക്കുന്നത് അതേ സ്ഥാപനത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ പണ്ഡിതന്മാരായ ടി.കെ.ഉബൈദ് സാഹിബ്, വി.കെ.അലി സാഹിബ്, കെ. അബ്ദുല്ല ഹസൻ സാഹിബ്, കെ.കെ. സുഹ്റ എന്നിവരിലൂടെയാണെന്നത് അൽജാമിഅക്ക് അഭിമാനിക്കതക്കതാണ്.

ഖുർആനിനെ ലളിതമായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് മൗദൂതി സാഹിബ് തയ്യാറാക്കിയ ഖുർആൻ ഭാഷ്യത്തിൻറെ വിവർത്തനം നിർവ്വഹിച്ചതും അൽജാമിഅയിൽ നിന്നും പഠനം പൂർത്തിയാക്കിയ തഫ്ഹീമുൽ ഖുർആനിൻറെ വിവർത്തകരിൽ ഒരാൾ കൂടിയായ ടി.കെ.ഉബൈദ് സാഹിബ് തന്നെയാണ്. ഈ രണ്ട് വിവർത്തനങ്ങളും പൂർത്തിയായപ്പോൾ, ഖുർആനിന് കാലികവും ആഴത്തിലുള്ളതുമായ മറ്റൊരു പരിഭാഷയും വ്യാഖ്യാനവും കൂടി ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിൻറെ അടിസ്ഥാനത്തിൽ, ആ മഹത്തായ ദൗത്യം നിർവ്വഹിക്കാൻ ജമാഅത്ത് നേതൃത്വം ചുമതലപ്പെടുത്തിയത് പ്രശസ്ത പണ്ഡിതനും എഴുത്ത്കാരനുമായ ടി.കെ.ഉബൈദ് സാഹിബിനെയാണെന്നത് യാദൃശ്ചികമല്ല.

ഖുർആൻ ആഴത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചേടുത്തോളം നല്ലൊരു വഴികാട്ടിയും മാർഗ്ഗദർശിയുമാണ് ടി.കെ.ഉബൈദ് സാഹിബിൻറെ ഖുർആൻ ബോധനം എന്ന മഹത്തായ ഖുർആൻ പരിഭാഷയും വ്യാഖ്യാനവും. അറബി വാക്കുകളുടെ ഭാഷാവിശകലനം ചെയ്ത്കൊണ്ടുള്ള ഖുർആൻ വ്യാഖ്യാനം മലയാളി വായനക്കാർക്കും ഖുർആനിൽ അവഗാഹം നേടണമെന്ന് ആഗ്രഹിക്കുന്നവർക്കും ഏറെ പ്രയോജനപ്രദമാണ്.

അറബ് ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിക്കുകയും പല ഏകാധിപതികളും സൈനികമേധാവികളും നിരോധിക്കുകയും ചെയ്ത ശഹീദ് സയ്യിദ് ഖുതുബിൻറെ പ്രശസ്ത ഖുർആൻ വ്യാഖ്യാനമായ ഫീ ളിലാലിൽ ഖുർആൻ (ഖുർആനിൻറെ തണലിൽ) പരിഭാഷപ്പെടുത്തിയതിലും അൽജാമിഅക്ക് അഭിമാനിക്കാൻ വകയുണ്ട്. പ്രശസ്ത പണ്ഡിതനും പൂർവ്വ വിദ്യാർത്ഥിയുമായ വി.എസ്.സലീം സാഹിബും ഡോ.കുഞ്ഞിമുഹമ്മദ് പുലവത്തും ചേർന്നാണ് ആ ബൃഹ്ത്തായ ഖുർആൻ വ്യാഖ്യാന പരിഭാഷ പൂർത്തീകരിച്ചിട്ടുള്ളത്. ഇമാം റാസിയുടെ ‘തഫ്സീറുൽ കബീർ’ എന്ന ഖുർആൻ വ്യാഖ്യാനം (സംക്ഷിപ്ത തർജുമ) മലയാളത്തിലേക്ക് ഭാഷാന്തരപ്പെടുത്തിയതിൻറെ എഡിറ്റർ വി.എസ്.സലീം സാഹിബാണ്.

ഖുർആനിനെ ലോക ഭാഷയായ ഇംഗ്ലീഷിലേക്ക് സമ്പൂർണ്ണമായി വിവർത്തനം ചെയ്ത് The Quran standard English translation എന്ന് പേരിൽ പ്രസിദ്ധീകരിച്ചതിൻറെ പിന്നിലും ശാന്തപുരം അൽ ജാമിഅക്ക് അഭിമാനിക്കാം. 1977 ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന പ്രശസ്ത ബഹുഭാഷാ പണ്ഡിതനും എഴുത്ത്കാരനുമായ കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ഖാദർ എന്ന പി.എം.എ.ഖാദറാണ് ആ മഹദ് വ്യക്തിത്വത്തിൻറെ ഉടമ. ഖുർആനിനെ കാരുണ്യത്തിൻറെ ദർപ്പണത്തിലൂടെ നോക്കികാണുന്ന അദ്ദേഹത്തിൻറെ ശ്രമം ഇന്നത്തെ ഇസ്ലാമോഫിയയുടെ വൈതാളിക കാലഘട്ടത്തിൽ ഏറെ പ്രസക്തവും പ്രതിരേധ പ്രവർത്തനവുമാണ്.

പ്രശസ്ത മാധ്യമ പ്രവർത്തകനും ബഹുഭാഷാ പണ്ഡിതനും വാഗ്മിയുമായ ഒ.അബ്ദുൽറഹിമാൻ സാഹിബ് രചിച്ച ഖുർആൻ സന്ദേശസാരം എന്ന ഖുർആനിലെ സുപ്രധാന സുക്തങ്ങളെ തെളിമലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിലും അൽജാമിഅക്ക് എക്കാലത്തും അഭിമാനിക്കതക്കതാണ്. ഖുർആൻറെ സന്ദേശസാരം മലയാള അക്ഷരം അറിയുന്ന ആർക്കും ഗ്രഹിക്കാവുന്ന ലളിതഭാഷയിലാണെന്നത് ഈ ലഘുകൃതിയുടെ മാറ്റ് വർദ്ധിപ്പിക്കുന്നു.

അബ്ദുറഹിമാൻ നദ് വി നേതൃത്വത്തിൽ മൗലാന അമീൻ അഹസൻ ഇസ്ലാഹിയുടെ തദബ്ബുറെ ഖുർആൻ എന്ന ഉർദു ഭാഷയിലുള്ള പ്രശസ്ത ഖുർആൻ പരിഭാഷയും വ്യാഖ്യാനവും മലയാളത്തിലേക്ക് ഭാഷാന്തരപ്പെടുത്താൻ തുടക്കംകുറിച്ചതിലും അതിൻറെ ആദ്യ വാല്യം പ്രസിദ്ധീകരിച്ചതിലും ശാന്തപുരം അൽജാമിഅയിലെ അധ്യാപകനായിരുന്ന  അബ്ദുറഹിമാൻ നദ് വി സാഹിബാണെന്നതിൽ അൽജാമിഅയുടെ നെറുകയിൽ മറ്റൊരു പൊൻതൂവൽ കൂടിയാണ് ചാർത്തുന്നത്.

ഇത്കൂടാതെ ശാന്തപുരം അൽ ജാമിഅ:യിൽ നിന്ന് പഠനം പൂർത്തിയാക്കിയ പരശ്ശതം പൂർവ്വ വിദ്യാർത്ഥികൾ, മർഹൂം ജമാൽ മലപ്പുറം ഉൾപ്പടെ, ലോകത്തുടനീളം ഖുർആൻ പഠിപ്പിക്കുന്നതിനും അതിൻറെ സന്ദേശം പ്രചരിപ്പിക്കുന്നതിനും ചെയ്ത്കൊണ്ടിരിക്കുന്ന മഹത്തായ സേവനങ്ങൾ എക്കാലത്തും സ്മരിക്കപ്പെടും. ഒരുപക്ഷെ ലോകത്ത് തന്നെ വിശുദ്ധ ഖുർആനിന് ഇത്രയധികം സംഭാവന നൽകിയ പണ്ഡിതനിരയെ സൃഷ്ടിക്കാൻ മറ്റേതെങ്കിലും സ്ഥാപനത്തിന് സാധിച്ചിട്ടുണ്ടൊ എന്ന കാര്യം അന്വേഷിക്കാവുന്നതാണ്.

ഇസ്ലാമിനെ കാലത്തോടൊപ്പം ചലിപ്പിക്കുന്നതിൽ നിർണ്ണായകമായ പങ്കാണ് അതത് കാലങ്ങളിൽ വിരചിതമാവുന്ന ഖുർആൻ പരിഭാഷകളും വ്യാഖ്യാനങ്ങളും നിർവ്വഹിക്കുന്നത്. പുഴ ഒഴുകുന്നത് പോലെയാണ് കാലം സഞ്ചരിക്കുന്നതെന്ന് പറയാം. ഇന്നലെ ഒഴുകിയ പുഴയല്ലല്ലോ ഇന്ന് ഒഴുകുന്നത്. അതിനാൽ തന്നെ മാറിവരുന്ന കാലത്തിൻറെ പ്രശ്നങ്ങളെ അപഗ്രഥിക്കാനും പരിഹാരം കാണാനും അന്ത്യനാൾവരേയും ഖുർആൻ വ്യാഖ്യാനങ്ങൾ അവിരാമം തുടർന്ന്കൊണ്ടേയിരിക്കും.

Related Articles